UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വളരുന്ന ബിജെപിക്ക് ഇനി കോണ്‍ഗ്രസല്ല മുഖ്യ വെല്ലുവിളി

Avatar

ടീം അഴിമുഖം

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം ഒരേപോലെ വിലയിരുത്താന്‍ ഒരു നിശ്ചിത മാതൃകകളുമില്ല. പല ഘടകങ്ങളുടേയും ആകെത്തുകയാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ എന്നതാണ് അതിനു കാരണം. എന്നാല്‍ ചില വ്യാപക പ്രവണതകള്‍ ഇതില്‍ നിന്നൊക്കെ കുതറിമാറുന്നുവെന്നു വേണം കരുതാന്‍. വ്യാഴാഴ്ച പുറത്തു വന്ന തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്. ഭൂമിശാസ്ത്രപരമായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയെ വളര്‍ത്താനുള്ള ബിജെപിയുടെ അഭിലാഷവും അതിനുള്ള പദ്ധതിയും കുടുതല്‍ കരുത്താര്‍ജ്ജിക്കുന്നുവെന്ന് ഉറപ്പിക്കുന്നതാണ് ഈ ഫലങ്ങള്‍. 2014 നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷമാണ് ഈ വളര്‍ച്ചയ്ക്ക് വേഗം കൂടിയത്.

2015-ല്‍ നാടകീയമായാണ് ബിജെപി തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളോട് ഒട്ടു യോജിപ്പില്ലാത്ത പിഡിപിയുമായി സഖ്യമുണ്ടാക്കുകയും ഒരു വര്‍ഷത്തിനു ശേഷം ജമ്മുകശ്മീരില്‍ ഒരു ഭരണ കക്ഷിയാകുകയും ചെയ്തത്. വീണ്ടും ഒരു വര്‍ഷത്തിനു ശേഷം വടക്കു കിഴക്കന്‍ മേഖലയില്‍ തങ്ങളുടെ പ്രഥമ സര്‍ക്കാരുണ്ടാക്കുകയും കേരളത്തില്‍ ആദ്യമായി നിയമസഭാ പ്രാതിനിധ്യം നേടിയെടുക്കുയും ചെയ്ത പുതിയ മേച്ചില്‍പുറങ്ങള്‍ വെട്ടിപ്പിടിച്ചിരിക്കുന്നു.

തീര്‍ച്ചയായും ദല്‍ഹിയിലും ബിഹാറിലും ബിജെപിക്ക് കാര്യമായ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യക്തമായി വരുന്നത് പരാജയങ്ങളില്‍ നിന്ന് ആ പാര്‍ട്ടി പാഠമുള്‍ക്കൊണ്ടിട്ടുണ്ട് എന്നതാണ്. പ്രത്യേകിച്ച് ബിഹാറില്‍ നിന്ന്. മോദിയെ മാത്രം ആശ്രയിക്കുകയും പ്രാദേശിക നേതൃത്വത്തേയും പ്രശ്‌നങ്ങളേയും അവഗണിക്കുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അവിടെ നിന്ന് പഠിച്ചത്. അസമില്‍ അങ്ങനെയാണ് ആദിവാസി നേതാവായ സര്‍ബാനന്ദ സോനൊവാളിനെ ബിജെപി സഖ്യത്തിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടിയത്. അസമില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ഇറക്കുമതി ചെയ്ത് ബിജെപി പ്രായോഗികമായി പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്തു. ഹിമാനന്ദ ബിസ്വ ശര്‍മയെ പോലുള്ളവരെ പാര്‍ട്ടിയിലെത്തിച്ച് എജിപി, ബോഡോലാന്റ് പീപ്പ്ള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിലും കണക്കു തെറ്റിച്ചില്ല. ഇതെല്ലാം തങ്ങളുടെ പ്രത്യയശാസ്ത്ര അന്തസത്തയില്‍ ഉറച്ചു നിന്നു കൊണ്ടുതന്നെയായിരുന്നു.

മറുവശത്ത് കോണ്‍ഗ്രസ് തങ്ങളുടെ മുന്‍കാല പരാജയങ്ങളില്‍ നിന്നും പതനത്തില്‍ നിന്നും ഒരു പരിഹാരമാര്‍ഗവും പഠിച്ചെടുത്തില്ല എന്നുവേണം കരുതാന്‍. പുതിയ ഇടങ്ങളിലേക്ക് ബിജെപി വ്യാപിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ചുരുങ്ങി ചുരുങ്ങി വന്നുകൊണ്ടിരിക്കുന്നു. ബിജെപി ഒരു പ്രാദേശിക പാര്‍ട്ടിയേക്കാള്‍ വലുതാണെങ്കിലും ശരിക്കുമൊരു ദേശീയ പാര്‍ട്ടിയല്ല എന്ന് നേരത്ത പറയാമായിരുന്നു. കാരണം രാജ്യത്തിന്റെ വലിയൊരു ഭൂപ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും വടക്കു കിഴക്കന്‍ മേഖലയിലും അവര്‍ക്ക് കാര്യമായ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസാണ് ചില പ്രാദേശിക പോക്കറ്റുകളിലേക്ക് ഒതുങ്ങുകയും ഒരു ദേശീയ പാര്‍ട്ടി സ്വഭാവം കൈവെടിയുകയും ചെയ്യുന്നത്.

കര്‍ണാടക മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ള വലിയ സംസ്ഥാനം. അവിടെയും സ്ഥിതിഗതികള്‍ ആശാവഹമല്ല, വഷളായിക്കൊണ്ടിരിക്കുകയാണ്. വാസ്തവത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും നിരവധി സംസ്ഥാനങ്ങളില്‍ വലിയൊരു വോട്ട് ഓഹരിയുണ്ട്. എന്നാല്‍ ജാഗരൂകരും കരുത്തുറ്റതുമായ ഒരു കേന്ദ്ര നേതൃത്വത്തിന്റേയും സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജസ്വലമായ സംഘടനയുടേയും അധികാരത്തിലെത്തണമെന്ന ഇച്ഛാശക്തിയുടേയും അഭാവം മൂലം പാര്‍ട്ടിക്ക് ഈ വോട്ടുകളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാനാവില്ല. ഈ വോട്ടുകളെ ഏകീകരിക്കാനും അടിത്തട്ടില്‍ ഇപ്പോഴുമുള്ള ഈ ശക്തിയെ തെരഞ്ഞെടുപ്പിലൂടെ മുതലെടുക്കാനും കഴിയുന്നില്ല.

സമീപഭാവിയില്‍ തന്നെ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മത്സരങ്ങള്‍ അരങ്ങേറുക ഒരു ഭാഗത്ത് പ്രാദേശിക പാര്‍ട്ടികളും മറുവശത്ത് മികച്ച ദേശീയ നേതൃത്വ സംവിധാനവും സ്വയം പ്രാദേശികവല്‍ക്കരിക്കാനുള്ള നൈപുണ്യവും കൗശലവുമുള്ള  ദേശീയ പാര്‍ട്ടിയായ ബിജെപിയും തമ്മിലായിരിക്കും. കോണ്‍ഗ്രസിനെ ഈ രംഗത്തു നിന്ന് വിജയകരമായി തുടച്ചുനീക്കപ്പെടുന്നതോടെ നമ്മുടെ രാഷ്ട്രീയ രംഗം കൂടുതല്‍ വിഷലിപ്തമായിക്കൊണ്ടിരിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍