UPDATES

പ്രതിപക്ഷം നടത്തിയത് ക്രിമിനല്‍ കുറ്റം; ഭരണപക്ഷത്തിന്റെ നടപടി സ്വാഭാവികം-സ്പീക്കര്‍ എന്‍ ശക്തന്‍

കഴിഞ്ഞ വെള്ളിയാഴ്ച കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സ്പീക്കറുടെ ഡയസ് തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷി അംഗങ്ങളെ അവരുടെ സീറ്റില്‍ പോയി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും സ്വന്തം വീട്ടില്‍ കയറി അക്രമം നടത്തിയാല്‍ ആരും കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും എന്‍ ശക്തന്‍ അഭിപ്രായപ്പെട്ടു.

വാച്ച് ആന്‍ഡ് വാര്‍ഡ് എംഎല്‍എമാരെ ആക്രമിച്ചിട്ടില്ല. സഭയിലെ ലഡു വിതരണം കണ്ടില്ലെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു. വാച്ച് ആന്റ് വാര്‍ഡ് ചീഫ് മാര്‍ഷല്‍ ആന്‍വിന്‍ ആന്റണിയുടെ വീട് അജ്ഞാതര്‍ ആക്രമിച്ചതറിഞ്ഞ് അവിടെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

ഇതിനിടെ വെള്ളിയാഴ്ച നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുക്കുന്നതായി സൂചനയുണ്ട്. ഭരണപക്ഷ എംഎല്‍എമാര്‍ ധനമന്ത്രി കെ എം മാണിയെ സംരക്ഷിക്കാന്‍ തുനിയേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അത് വാച്ച് ആന്റ് വാര്‍ഡിന്റ് പണിയാണെന്നും ഒരു വിഭാഗം ഭരണപക്ഷ എംഎല്‍എമാര്‍ വാദിക്കുന്നു.

ഇതിനിടെ സഭയില്‍ മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ വി ഡി സതീശനും വിടി ബലറാമും ശ്രമിച്ചില്ലെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ചീഫ് വിപ്പ് ടിഎന്‍ പ്രതാപന്‍ വെള്ളിയാഴ്ച സഭയില്‍ ഹാജരാവാതിരുന്നതിനെതിരെയും അവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടെന്നും കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് പാസാക്കലും മറ്റ് നടപടികളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ തല്‍ക്കാലം സംയമനം പാലിക്കാനാണ് തീരുമാനം.

തന്റെ മാതാവിന്റെ നില ഗുരുതരമായതിനാല്‍ നേതൃത്വത്തെ അറിയിച്ച ശേഷമാണ് അവധി എടുത്തതെന്ന് ടിഎന്‍ പ്രതാപന്‍ അറിയിച്ചു. സഭയില്‍ ലഡു വിതരണം ചെയ്ത സംഭവം അല്‍പം കടന്ന നടപടിയായി പോയി എന്നും പ്രതാപന്‍ അഭിപ്രായപ്പെട്ടു. ലഡു വിതരണം ചെയ്ത സംഭവത്തിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും രംഗത്തെത്തി. സംഭവം ശുദ്ധ പോക്രിത്തരം ആയിപ്പോയി എന്ന് ജോര്‍ജ്ജ് പ്രതികരിച്ചു. ജി കാര്‍ത്തികേയന്റെ വേര്‍പ്പാടില്‍ ദുഃഖം ആചരിക്കുന്ന ഘട്ടത്തില്‍ നടന്ന അത്തരമൊരു സംഭവത്തില്‍ കേരള ജനതയോട് മാപ്പ് ചോദിക്കുന്നതായും പിസി ജോര്‍ജ്ജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍