UPDATES

ട്രെന്‍ഡിങ്ങ്

യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം: അന്തിമചിത്രം ഇങ്ങനെ

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ 2012ലും 2017ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളുടെ താരതമ്യം

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ 2012ലും 2017ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളുടെ താരതമ്യമാണ് ഇന്‍ഫോഗ്രാഫിക്‌സ് ആയി ചുവടെ കൊടുക്കുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയും പഞ്ചാബില്‍ കോണ്‍ഗ്രസും വ്യക്തമായ മേധാവിത്തത്തോടെ അധികാരം പിടിച്ചപ്പോള്‍ മണിപ്പൂരിലും ഗോവയിലും ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ കക്ഷിയായി മാറിയ കോണ്‍ഗ്രസിന് മൂന്ന് സീറ്റിന്‍റെ കുറവിലാണ് ഇരു സംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷം നഷ്ടമായത്.

ഉത്തര്‍പ്രദേശ്

യുപിയില്‍ 2012ല്‍ 47 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി സഖ്യം ഇത്തവണ 312 സീറ്റിലേയ്ക്കുയര്‍ന്നു. ബിജെപി സഖ്യത്തിന് 325 സീറ്റാണ് കിട്ടിയത്. 2012ല്‍ 15 ശതമാനം വോട്ട് നേടിയ ബിജെപി ഇത്തവണ 41.4 ശതമാനം വോട്ട് നേടി. 26.4 ശതമാനം വോട്ടാണ് ബിജെപി ഇത്തവണ അധികം നേടിയത്. സമാജ് വാദി പാര്‍ട്ടി 224ല്‍ നിന്ന് 47ലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ ഏഴ് സീറ്റടക്കം എസ്പി സഖ്യം നേടിയത് 54 സീറ്റ്. വോട്ട് വിഹിതം 29.1ല്‍ നിന്ന് 21.8ലേയ്ക്ക് ചുരുങ്ങി. 7.3 ശതമാനത്തിന്റെ കുറവ്. ബിഎസ്പിയും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 2012ല്‍ 80 സീറ്റുണ്ടായിരുന്ന അവര്‍ക്ക് ഇത്തവണ കിട്ടിയത് 19 സീറ്റ് മാത്രം. വോട്ട് വിഹിതം 25.9ല്‍ നിന്ന് 22.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണ 28 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏഴ് സീറ്റിലേക്ക് ചുരുങ്ങി. 2012ല്‍ 11.7 ശതമാനം വോട്ടുണ്ടായിരുന്നത് 2017ല്‍ 6.2 ശതമാനമായി കുറഞ്ഞു.



ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ ആകെയുള്ള 70ല്‍ 51 സീറ്റ് നേടിയാണ് ബിജെപി അധികാരം നേടിയത്. 2012ല്‍ 31 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 26 സീറ്റ് അധികം നേടി. വോട്ട് വിഹിതം 33.1 ശതമാനത്തില്‍ നിന്ന് 46.5ലേയ്ക്ക് ഉയര്‍ത്തി. 13.4 ശതമാനത്തിന്‌റെ വര്‍ദ്ധന. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 32ല്‍ നിന്ന് 11ലേയ്ക്ക് ചുരുങ്ങി. 21 സീറ്റിന്റെ കുറവ്. മുഖ്യമന്ത്രിയെ ഹരീഷ് റാവത്ത് മല്‍സരിച്ച രണ്ട് സീറ്റിലും തൊറ്റു. വോട്ട് വിഹിതത്തില്‍ അവര്‍ക്ക് വലിയ നഷ്ടമുണ്ടായിട്ടില്ല. 0.3 ശതമാനത്തിന്റെ കുറവ് മാത്രമാണ് 2012ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2017ലെത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചാബ്

10 വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. അതിശക്തമായ ഭരണവിരുദ്ധ വികാരം മുതലെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 31 സീറ്റ് അധികം നേടിയപ്പോള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ അവര്‍ക്ക് 1.6 ശതമാനം വോട്ട് കുറയുകയാണ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2012ല്‍ കോണ്‍ഗ്രസിന് 46 സീറ്റും 40.1 ശതമാനം വോട്ടുമാണ് ലഭിച്ചത്. 2017ല്‍ 77 സീറ്റും 38.5 ശതമാനം വോട്ടും. അകാലിദള്‍ – ബിജെപി സഖ്യം 68ല്‍ നിന്ന് 18 സീറ്റിലേയ്ക്ക് ചുരുങ്ങി. അവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ശിരോമണി അകാലി ദള്‍ 56ല്‍നിന്ന് 15 സീറ്റിലേയ്ക്കും ബിജെപി 12ല്‍ നിന്ന് മൂന്ന് സീറ്റിലേയ്ക്കുമാണ് ഒതുങ്ങിപ്പോയത്. 2012ല്‍ അകാലിദളിന് കിട്ടിയത് 34.7 ശതമാനം വോട്ടാണ്. 2017ല്‍ ഇത് 25.2 ശതമാനമായി കുറഞ്ഞു. 9.5 ശതമാനത്തിന്റെ കുറവ്. അതേസമയം 2012ല്‍ 7.2 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 5.4 വോട്ടാണ് കിട്ടിയിരിക്കുന്നത്. ഇത്തവണ പഞ്ചാബില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ ആം ആദ്മ പാര്‍ട്ടി 22 സീറ്റും 24.9 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.


മണിപ്പൂര്‍

മണിപ്പൂരില്‍ ഭരണവിരുദ്ധ വികാരം അത്ര ശക്തമായിരുന്നില്ല. ഇത്തവണ ഭൂരിപക്ഷം നേടാനായില്ലെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് ഏറ്റവും വലിയ കക്ഷി. 28 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവ്. 2012ല്‍ ആകെയുള്ള 60ല്‍ 42 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇത്തവണ 14 സീറ്റ് കുറഞ്ഞു. അതേസമയം 7.3 ശതമാനം വോട്ട് കുറഞ്ഞു. 2012ല്‍ 42.4 ശതമാനം വോട്ട് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു ഇത്തവണ അത് 35.1 ആയി. മണിപ്പൂരില്‍ ഇത്തവണ അക്കൗണ്ട് തുറന്ന ബിജെപിയുടേതാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം. 21 സീറ്റ്് നേടിയാണ് ബിജെപി കരുത്ത് തെളിയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 2.1 ശതമാനം വോട്ടുണ്ടായിരുന്നത്് അവര്‍ ഇത്തവണ 36.3 ആക്കി ഉയര്‍ത്തി.

ഗോവ

ഗോവയില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ അടി തെറ്റി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അടക്കമുള്ളവര്‍ തോറ്റു. 2012ലെ 21 സീറ്റ് ഇത്തവണ 13 ആയി കുറഞ്ഞു. എട്ട് സീറ്റ് നഷ്ടം. അതേസമയം കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ല. കഴിഞ്ഞതവണത്തെ ഒമ്പത് സീറ്റ് 18 ആയി കൂട്ടാന്‍ അവര്‍ക്ക് കഴിഞ്ഞു. ആകെയുള്ള 40 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീ്റ്റ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മൂന്ന് സീറ്റിന്റെ കുറവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍