UPDATES

സിനിമാ വാര്‍ത്തകള്‍

ഇതല്ല ഞങ്ങളെടുത്ത സിനിമ; ലക്ഷ്യം തിയറ്ററില്‍ കണ്ട അസോ. ക്യാമറമാന്‍ ചങ്ക് തകര്‍ന്നു പറയുന്നു

അറുപതില്‍പ്പരം ദിവസങ്ങള്‍ കാട്ടിലും മേട്ടിലും അലഞ്ഞ് തങ്ങള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ എങ്ങനെ തിയറ്ററില്‍ തെളിയുന്നുവെന്ന ആകാംഷയോടെ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ഈ അനുഭവമുണ്ടായത്‌

ബിജുമേനോനും ഇന്ദ്രജിത്തും മുഖ്യകഥാപാത്രങ്ങളാകുന്ന ലക്ഷ്യം എന്ന ചിത്രം തിരുവനന്തപുരത്തെ അജന്ത തിയറ്ററില്‍ ആദ്യ ഷോയ്ക്ക് തന്നെ കയറി കണ്ട ചിത്രത്തിന്റെ അസോസിയേറ്റ് ക്യാമറാമാന്‍ ബിനു ഊന്നിന്‍മൂടിന് അതിന്റെ ഞെട്ടല്‍ മാറുന്നില്ല. അറുപതില്‍പ്പരം ദിവസങ്ങള്‍ കാട്ടിലും മേട്ടിലും അലഞ്ഞ് തങ്ങള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ എങ്ങനെ തിയറ്ററില്‍ തെളിയുന്നുവെന്ന ആകാംഷയോടെ എത്തിയപ്പോഴാണ് അദ്ദേഹത്തിന് മോശം തിയറ്ററുകള്‍ ചിത്രത്തെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് വ്യക്തമായത്. ബിനുവിന്റെ വാക്കുകളിലൂടെ.

ലക്ഷ്യം സിനിമയുടെ അസ്സോസിയേറ്റ് ക്യാമറാമാന്‍ കൂടിയായ ഞാന്‍ വളരെ പ്രതീക്ഷയോടെയാണ് റിലീസ് ദിവസം ഫസ്റ്റ് ഷോ കാണാന്‍ എത്തിയത്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ അജന്താ തിയേറ്ററില്‍ ആയിരുന്നു, ബുക്ക്‌മൈഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. അറുപതില്‍പരം ദിനങ്ങള്‍ കാട്ടിലും മേട്ടിലും അലഞ്ഞു ഞങ്ങള്‍ ഒപ്പിയെടുത്ത സുന്ദര ദൃശ്യങ്ങള്‍ എങ്ങനെ തിയേറ്ററില്‍ തെളിയുന്നു എന്ന പ്രതീക്ഷയോടെ കാണാനിരുന്ന ഞാന്‍ പ്രദര്‍ശനമാരംഭിച്ചതും നടുങ്ങിപ്പോയി.

മനോഹരമായിരിക്കാന്‍ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചു ഒപ്പിയെടുത്ത രംഗങ്ങള്‍ പഴയ ദിനപ്പത്രത്തിലെ വെള്ളം നനഞ്ഞു പിരുന്നു പോയ ചിത്രങ്ങള്‍ പോലെ അതാ സ്‌ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കുന്നു. ശബ്ദവും തെളിവില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികള്‍, ഇതാണ് ‘ലക്ഷ്യം’ സിനിമ എന്ന് കണ്ടു കൊണ്ടിരിക്കുന്നു.

ക്യാമറയില്‍ വര്‍ക്ക് ചെയ്ത എനിക്ക് പോലും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ സമയമെടുത്തപ്പോള്‍, സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. ഇതായിരിക്കും ഇതിന്റെ ക്വാളിറ്റി എന്നൂഹിച്ചു തെളിച്ചമില്ലാത്ത ആ നിഴലുകള്‍ അവര്‍ കാണുന്നു. എനിക്കൊന്നു മനസിലായി, മൊബൈലില്‍ ഇട്ടു കാണാന്‍ പോലും കൊള്ളില്ലാത്ത അത്രയും മോശം റെസലൂഷന്‍ ക്വാളിറ്റിയില്‍ സിനിമ തിയേറ്ററില്‍ വലുതായി കാണിച്ചു കൊണ്ടിരിക്കുകയാണ്.

ദൈവമേ നമ്മുടെ നാട് ഇങ്ങനായിപ്പോയല്ലോ…. ഇങ്ങനെ എച്ച്ഡി ക്വാളിറ്റി പോലും ഇല്ലാതെ പ്രദര്‍ശിപ്പിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണോ ഞങ്ങള്‍ 4 കെയിലും 5കെയിലും എല്ലാം ഷൂട്ട് ചെയ്യാന്‍ ലോകോത്തര നിലവാരമുള്ള Cinealtaയും Red Epic ഉം ഉള്‍പ്പെട്ട crain യൂണിറ്റ് എല്ലാം ചുമലില്‍ വലിച്ചു കയറ്റി വനാന്തരങ്ങളില്‍ കഷ്ടപ്പെട്ടു നടന്നത്. വെറുതെ ഒരു വീഡിയോ കാമറയുമായി പോകേണ്ട കാര്യമേയുണ്ടായിരുന്നല്ലോ എന്നാലോചിച്ചു പോയി.

ഇതിനോടൊപ്പം സിനിമ തീറ്റയില്‍ റിലീസ് ചെയ്യുന്നതിലെ ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പറഞ്ഞോട്ടെ. ഷൂറ്റിങ്ങും മറ്റു ജോലികളും കഴിഞ്ഞു പ്രദശനത്തിനു തയാറാക്കുന്ന സിനിമ QUBE, PXD, UFO തുടങ്ങിയ കമ്പനികള്‍ ആണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്. ഇതില്‍ QUBE, PXD തുടങ്ങിയവ സിനിമ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തീയേറ്ററുകളില്‍ എത്തിക്കുകയും അവിടെയുള്ള പ്രോജെക്ടറില്‍ കാണിക്കുകയും ചെയ്യുന്നു. നമ്മള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പോലെ ഇത്ര തവണ കാണിക്കാന്‍ എന്ന് ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ കിട്ടുന്ന കോഡ് ഉപയോഗിച്ചു അത്രയും തവണ മാത്രമേ ആ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നും സിനിമ കാണിക്കാന്‍ പറ്റുകയുള്ളു.

പ്രൊജക്റ്റ് ചെയ്യുന്നത് 2048 (2കെ) അല്ലെങ്കില്‍ 4096 (4കെ) റെസൊല്യൂഷനില്‍ ആയിരിക്കും. ഉപയോഗിക്കുന്ന പ്രോജെക്ടറും സൗണ്ട് സിസ്റ്റവും അതിനുതക്കം നല്ലതായിരിക്കണം എന്ന നിര്‍ബന്ധവും ഉണ്ട്. എങ്കില്‍ മാത്രമേ കാഴ്ചക്ക് മിഴിവുണ്ടാകൂ. UFO ആകട്ടെ സാറ്റലൈറ്റ് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ചു തീയേറ്ററിലേക്ക് നേരിട്ട് സിനിമ ടെലികാസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതും 720 റെസൊല്യൂഷനില്‍ (പഴയ ദൂരദര്‍ശന്‍ ടെലികാസ്റ്റിന്റെ ക്വാളിറ്റി). അതും നല്ല പ്രൊജക്ടര്‍ വച്ചു പ്രൊജക്റ്റ് ചെയ്താല്‍ അത്യാവശ്യം മോശമല്ലാത്ത രീതിയില്‍ കാണാന്‍ പറ്റും.

QUBE, PXD തുടങ്ങിയവര്‍ BARCO അല്ലെങ്കില്‍ CHRISTIE തുടങ്ങിയ പ്രത്യേകം പ്രോജെക്ടറുകളാണ് ഉപയോഗിക്കാന്‍ തീയേറ്ററുകളോട് ആവശ്യപ്പെടുന്നത്. അജന്താ തീയേറ്ററിലെ പോലെ റെസൊല്യൂഷന്‍ കുറഞ്ഞ ട്രാന്‍സ്മിഷനൊപ്പം കാലഹരണപ്പെട്ട തീയേറ്ററിനനുയോജ്യമല്ലാത്ത പ്രോജെക്ടറും കൂടിയാകുമ്പോള്‍ സിനിമ ആസ്വാദനം ഒരു ദുരവസ്ഥയായി പരിണമിക്കും..

കബാലി സിനിമ പ്രദര്‍ശിപ്പിച്ചപ്പോഴും ഇതേ പ്രശനം അജന്ത തിയേറ്ററില്‍ കാണികള്‍ ഉന്നയിച്ചിരുന്നു എന്ന് പിന്നീടറിയാന്‍ കഴിഞ്ഞു. ഇപ്പോ ‘അതുക്കും മേലെ’ മൂന്നു ബള്‍ബുകള്‍ ഉള്ള പ്രോജെക്ടറില്‍ ഒരെണ്ണം ഫ്യൂസ് ആയിരിക്കുക കൂടിയാണ് എന്ന് ufo-ല്‍ അനേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എന്തായാലും മറ്റു തിയേറ്ററുകളിലും ഇങ്ങനാണോ എന്നറിയാന്‍ ‘ശ്രീയിലും’ ‘ഏരീസ് പ്ലസിലും ‘പോയി അടുത്തടുത്ത ഷോകള്‍ കണ്ടു. ഭാഗ്യം.. അവിടെ മനോഹരമായി തന്നെ ദൃശ്യങ്ങള്‍ തെളിയുന്നു.

സുഹൃത്തുക്കളെ, തിരുവനന്തപുരത്തു നിങ്ങള്‍ ആരെങ്കിലും ലക്ഷ്യം കാണുന്നുണ്ടെങ്കില്‍ ദയവായി എന്റെ അനുഭവം ശ്രദ്ധിക്കുമല്ലോ.

സസ്‌നേഹം.
ബിനു ഊന്നിന്‍മൂട്

പണ്ടേ ദുര്‍ബല പോരെങ്കില്‍ ഗര്‍ഭിണ.. ഒന്നാമത് UFO അതും പ്രൊജെക്ടര്‍ ലാമ്പ് മാറാത്ത അജന്തയില്‍ ഇതാണ് പ്രേക്ഷകരുടെ അവസ്ഥ.
ഒരുപാടു കൂലിവേലക്കാര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ആണ് നിങ്ങള്‍ക്ക് കൊണ്ട് തരുന്നത്. എന്ന് പറഞ്ഞാണ് ബിനു കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍