UPDATES

നടക്കാവ് സ്‌കൂളിലെ അസ്‌ട്രോടര്‍ഫ് മൈതാനം തീയിട്ട് നശിപ്പിച്ചു

അഴിമുഖം പ്രതിനിധി

കോഴിക്കോട് നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച അസ്‌ട്രോടര്‍ഫ് മൈതാനം തീയിട്ട് നശിപ്പിച്ച നിലയില്‍. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. മൈതാനത്തിന്റെ മധ്യഭാഗം ഏതാണ്ട് ഭൂരിഭാഗവും കത്തിക്കരിഞ്ഞിട്ടുണ്ട്. മൈതാനത്തുനിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും പോലീസും എത്തി പരിശോധിച്ചപ്പോള്‍ മധ്യഭാഗം കരിഞ്ഞനിലയിലായിരുന്നു. നാട്ടുകാരാണ് തീയണച്ചത്.

നടക്കാവ് സ്‌കൂളിന്റെ വികസനപദ്ധതിപ്രകാരം ഒരു കോടി രൂപ മുടക്കിയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അസ്‌ട്രോടര്‍ഫ് സ്ഥാപിച്ചത്. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ പ്രിസം പദ്ധതിയില്‍പ്പെടുത്തിയാണിത് ഒരുക്കിയത്. സ്‌കൂള്‍ കെട്ടിടത്തിനുപിന്നില്‍ 16,500 ചതുരശ്രയടിയിലാണ് ഈ കൃത്രിമ പുല്‍ത്തകിടി. ഹോക്കി, ഫുട്‌ബോള്‍ കളികളില്‍ വിദ്യാര്‍ഥിനികള്‍ നേടിയ മികച്ച നേട്ടം കണക്കിലെടുത്താണ് സ്‌കൂളില്‍ അസ്‌ട്രോടര്‍ഫ് മൈതാനം ഒരുക്കിയത്. ദേശീയഗെയിംസിനായി കൊല്ലത്ത് ഇത്തരത്തില്‍ മൈതാനം നിര്‍മിച്ചിട്ടുണ്ട്. കെ. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ സഹായത്തോടെ നിര്‍മിച്ച ടര്‍ഫിനായി ഡല്‍ഹിയില്‍നിന്ന് വിദഗ്ധതൊഴിലാളികള്‍ എത്തിയിരുന്നു. ന്യൂസീലന്‍ഡില്‍നിന്നാണ് ടര്‍ഫ് ഇറക്കുമതിചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് മൈതാനം കത്തിച്ച സംഭവത്തെക്കുറിച്ച് നടക്കാവ് പോലീസ് അന്വേഷിക്കുന്നുണ്ട്. കൃത്രിമ പുല്‍ത്തകിടി കത്തിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സ്‌കൂള്‍ പി.ടി.എ.യും പ്രതിഷേധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍