UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബഹിരാകാശ യാത്രികനും ലണ്ടന്‍ മാരത്തണ്‍ ഓടുന്നുണ്ട്; സ്പേസില്‍ നിന്ന്

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

മാരത്തണ്‍ പരിശീലനം ചെയ്യാതിരിക്കാന്‍ എത്ര വേണമെങ്കിലും ഒഴിവുകഴിവുകള്‍ നമ്മള്‍ പറയാറുണ്ട്. ജോലി തിരക്ക്, മുട്ടുവേദന അല്ലെങ്കില്‍ നെറ്റ്ഫ്ലിക്സില്‍ ‘ദി ഓഫീസ്’ സീരിയല്‍ കാണാനുള്ള കൊതി ഒക്കെ. ഇതൊക്കെ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍. ഇനി നിങ്ങള്‍ ഇന്‍റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ ആണെങ്കില്‍? അതിനെക്കാള്‍ വലിയൊരു കാരണമുണ്ടോ മാരത്തണ്‍ ഓടാതിരിക്കാന്‍?

എന്നാല്‍ ബഹിരാകാശ ദൌത്യത്തിലുള്ള ബ്രിട്ടീഷുകാരനായ ടിം പീകിന് ഇതൊന്നും ഒരു കാരണമേയല്ല. അദ്ദേഹത്തിനു മുന്നില്‍ രണ്ടു ദൌത്യങ്ങള്‍ ആണ്; ബഹിരാകാശത്തു ജീവിക്കുന്ന യാത്രികന്‍ എന്ന നിലയിലും പിന്നെ മാരത്തണ്‍ ഓട്ടക്കാരന്‍ എന്ന നിലയിലും. 

പീക് ഡിസംബര്‍ 15നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. അടുത്ത ഏപ്രിലില്‍ മാരത്തണില്‍ പങ്കെടുക്കണം. നിലയത്തിലെ ട്രെഡ്മില്ലില്‍ ആവും പരിശീലനം. ബാഹ്യാകാശത്തിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ ജീവിക്കുന്ന സഞ്ചാരികള്‍ക്ക് ദിവസം രണ്ടു മണിക്കൂര്‍ നേരത്തെ പതിവ് വ്യായാമത്തിനുള്ളതാണ് ആ ട്രെഡ്മില്‍. ശേഷം പീക് മറ്റ് ഓട്ടക്കാരുടെ പോലെ അതേ സമയത്ത് അവിടെ മാരത്തണ്‍ ഓട്ടം ആരംഭിക്കും. മാരത്തണ്‍ ദൂരമായ 26 മൈലും ചില്ല്വാനവും മുഴുവനും ഓടുകയെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെങ്കിലും 1999ല്‍ ഓടിയപ്പോഴത്തെ തന്‍റെ സമയമായ 3:18:50 നിലനിര്‍ത്താകുമെന്ന പ്രതീക്ഷയില്ല. കാരണം അന്ന് മറ്റെല്ലാ ഓട്ടക്കാരെയും പോലെ  അദ്ദേഹം ഭൂമിയില്‍ ആണല്ലോ ഓടിയത്. 

“എനിക്കു യാത്രാസഞ്ചി പോലെയുള്ള ഒരു ഹാര്‍നെസ്സ് (harness) ധരിക്കണം. അരയിലും ചുമലുകളിലും ബെല്‍റ്റ് പോലെയാണത്. ഇതു എന്നെ ട്രെഡ്മില്ലില്‍ ഉറപ്പിച്ചു നിര്‍ത്താനാവശ്യമായ, താഴേക്കുള്ള ബലം നല്കുന്നു. അത് കൊണ്ട് തന്നെ ഒരു 40 മിനിറ്റു കഴിയുമ്പോള്‍ ഇതു വളരെ ബുദ്ധിമുട്ടായി തീരും. എന്‍റെ ഇതു വരെയുള്ള മികച്ച സമയം കണ്ടെത്താനാവും എന്ന പ്രതീക്ഷയൊന്നുമില്ല മൂന്നര മുതല്‍ നാലു മണിക്കൂര്‍ വരെയാണ് എന്‍റെ ലക്ഷ്യം.” പീക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ശരിക്കും ബഹിരാകാശ നിലയത്തിലെ ട്രെഡ്മില്‍ വളരെ അസൌകര്യപ്രദമായ ഒന്നായി തോന്നും കണ്ടാല്‍. 

“ഭൂമിയില്‍ എനിക്കു ഒരു മാരത്തണ്‍ ഓടി തീര്‍ക്കാന്‍ വേണ്ടതിലും കുറഞ്ഞ സമയമാണതെന്നു സംശയമില്ല.”

ഒരു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനല്ല പീക്. ആ ബഹുമതി നാസയുടെ സുനിത “സുനി” വില്ല്യംസിലാണ്. സുനിത വില്ല്യംസ് 2007ലെ ബോസ്റ്റണ്‍ മാരത്തണ്‍ ഓടിയിരുന്നു. പിന്നീട് മറ്റാരും ഇതുവരെ അതിനായി ശ്രമിച്ചിട്ടില്ല.  

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍