UPDATES

സയന്‍സ്/ടെക്നോളജി

മാറാന്‍ അസ്യുസും തയാറാണ്; ലക്ഷ്യം ഇന്ത്യന്‍ മാര്‍ക്കറ്റ്; വരുന്നത് പുതിയ നാല് ഫോണുകളുമായി

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ പുതിയ നാല് സ്മാര്‍ട്ട്ഫോണുകളുമായി അസ്യുസ് എത്തിയിരിക്കുകയാണ്. സെന്‍ഫോണ്‍ സീരിസിന്റെ തന്നെ സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 ഡ്യൂലക്സ്‌ , സെന്‍ഫോണ്‍ 3 അള്‍ട്രാ, സെന്‍ഫോണ്‍ 3 ലേസര്‍ എന്നീ ഫോണുകള്‍ ആണ് അസ്യുസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സെന്‍ബുക്ക് 3 എന്ന നെറ്റ്ബുക്കും ട്രാന്‍സ്ഫോര്‍മര്‍ 3 പ്രോ എന്ന ടു ഇന്‍ വണ്‍ പി സിയും ഇതോടൊപ്പം ലോഞ്ച് ചെയ്തു. തായ്വാനില്‍ നടന്ന കമ്പ്യൂട്ടെക്സ് കോണ്‍ഫറന്‍സിലാണ് ഈ പ്രൊഡക്റ്റുകള്‍ അസ്യുസ് ലോകത്തിനു പരിചയപ്പെടുത്തിയത്.

സെന്‍ഫോണ്‍ സീരിസിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ മാര്‍ക്കറ്റില്‍ അത്രത്തോളം ക്ലച്ച് പിടിക്കാറില്ലായിരുന്നു ഇതുവരെ. കോണ്‍ഫിഗറേഷന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ മുടക്കുന്ന പണത്തിനു മൂല്യം ഉണ്ടെങ്കിലും പെര്‍ഫോമന്‍സ് അത്ര മെച്ചമല്ല എന്നാണ് ഇതുവരേ കേട്ടിരുന്നത്. പ്രത്യേകിച്ചും എന്‍ട്രി ലെവല്‍ ഫോണുകള്‍. സെന്‍ഫോണ്‍ ശ്രേണിയിയില്‍ ഇപ്പോള്‍ അസ്യൂസ് ഇറക്കിയിരിക്കുന്ന ഫോണുകള്‍ അതിനെ മാറ്റിമറിക്കും എന്നാണ് പറയപ്പെടുന്നത്‌.

സെന്‍ഫോണ്‍ 3 ഡ്യൂലക്സ് 3

സെന്‍ഫോണ്‍ ഡ്യൂലക്സ് 3 വിപണിയില്‍ എത്തുക 6 ജിബി റാമുമായാണ്. 5.7 ഇഞ്ച്‌ ഫുള്‍ എച്ച്ഡി സൂപ്പര്‍ AMOLED ഡിസ്പ്ലേ (1920×1080) ആണ് ഫോണിന് അസ്യൂസ് നല്‍കിയിരിക്കുന്നത്. മിഴിവേകുന്ന കാഴ്ചകള്‍ പകര്‍ത്താനായി 23 എംപി മെയിന്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഡ്യൂലക്സ് 3യിലുണ്ട്. പ്രൈമറി ക്യാമറ യില്‍ ഉപയോഗിച്ചിരിക്കുന്നത് സോണിയയുടെ ഐഎംഎക്സ്318 ഇമേജ് സെന്‍സര്‍ ആണ്. 4 ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും f/2.0 അപ്പാര്‍ച്ചര്‍ ഉം നല്‍കുന്ന ക്യാമറ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ നല്‍കും എന്ന് കമ്പനി അവകാശപ്പെടുന്നു. 4കെ വീഡിയോകളും ഡ്യൂലക്സ് 3യില്‍ റെക്കോര്‍ഡ് ചെയ്യാനാകും.

പുതുതലമുറ ഫോണുകളിലെ ടൈപ് സി യുഎസ്ബി ചാര്‍ജര്‍ ആണ് ഡ്യൂലക്സ് 3യ്ക്ക് അസ്യൂസ് നല്‍കിയിരിക്കുന്നത്. ക്വിക് ചാര്‍ജ്ജ് 3.0 ടെക്നോളജി ഉപയോഗപ്പെടുത്തിട്ടുള്ള ഫോണ്‍ ചാര്‍ജിംഗ് എളുപ്പമാക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഡ്യൂലക്സ് 3നു ജീവന്‍ പകരുക.

256 ഇന്‍ബില്‍റ്റ് സ്റ്റോറേജും ഫോണ്‍ നല്‍കുന്നു. ഫോണിനു കരുത്ത് പകരുന്നത് പുതിയ ഖ്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍  821 ഉം ആണ്. 2.4 ജിഗാഹെര്‍ട്സ് ക്ലോക്ക്സ്പീഡ് നല്‍കുന്ന 821ഉം ആയി എത്തുന്ന ഈ ഫോണിന്റെ വില  ‘വെറും’ 62,999 രൂപ മാത്രം. 6ജിബി റാം, 64 ജിബി സ്റ്റോറേജും സ്നാപ്ഡ്രാഗണ്‍ 820 പ്രോസസറും ഉള്ള മറ്റൊരു മോഡല്‍ കൂടി സെന്‍ഫോണ്‍ ഡ്യൂലക്സ് 3ക്ക് ഉണ്ട്. വില 49,999 രൂപ.

സെന്‍ഫോണ്‍ 3 അള്‍ട്രാ

അസ്യൂസ് ഇപ്പോള്‍ ഇറക്കിയ ഫോണുകളില്‍ ഏറ്റവും വലിയ ഡിസ്പ്ലേ ആണ് അള്‍ട്രായ്ക്ക് ഉള്ളത്. 6.8 ഇഞ്ചുള്ള ഈ ഡിസ്പ്ലേ ഫോണിനെ ഒരു ഫാബ്ലറ്റ് ആയി കണക്കാക്കാം. സ്നാപ്ഡ്രാഗണ്‍ 652 പ്രോസസ്സറും 4ജിബി റാമും ഉള്ള അള്‍ട്ര 64 ജിബി സ്റ്റോറേജില്‍ മാത്രമേ ലഭ്യമാകൂ.

23 എംപി പ്രൈമറി ക്യാമറയും 8എംപി ഫ്രണ്ട് ക്യാമറയും ആണ് സെന്‍ഫോണ്‍ അള്‍ട്രയ്ക്ക് നല്‍കിയിരിക്കുന്നത്. മുന്‍വശത്താണ് ഫോണിന്റെ ഫിംഗര്‍പ്രിന്റ്‌ സ്കാനര്‍. 4600 എംഎഎച്ച് നോണ്‍ റിമൂവെബിള്‍ ബാറ്ററിയുള്ള ഫോണില്‍ ക്വിക് ചാര്‍ജ്ജ് ഓപ്ഷനും ഉണ്ട്.

സെന്‍ഫോണ്‍ 3

1080×1920 റസൊല്യൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച്‌ സൂപ്പര്‍ ഐപിഎസ് പ്ലസ് ഡിസ്പ്ലേ ആണ് സെന്‍ഫോണ്‍ 3യില്‍. 2.0 ജിഗാഹെര്‍ട്സ് ഒക്റ്റാ കോര്‍സ്നാപ്ഡ്രാഗണ്‍ 625 പ്രോസസ്സറും അഡ്രീനോ 506 ഗ്രാഫിക്സ് പ്രോസ്സസ്സിംഗ് യൂണിറ്റും ഈ ഫോണിനുണ്ട്. നാലു ജിബി റാമും 64ജിബി ഇന്‍റേണല്‍ സ്റ്റോറേജും ഉള്ള മോഡലില്‍ 16 എംപി പ്രൈമറി ക്യാമറയും എട്ട് എംപി ഫ്രണ്ട് ക്യാമറയും ആണ് ഉള്ളത്.

മൂന്നു ജിബി റാമും 32ജിബി സ്റ്റോറേജും ഉള്ള മറ്റൊരു മോഡലില്‍ 5.2 ഇഞ്ച്‌ സൂപ്പര്‍ ഐപിഎസ് പ്ലസ് ഡിസ്പ്ലേയും കമ്പനി നല്‍കിയിട്ടുണ്ട്. ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തുള്ള ഈ ഫോണിന്റെ പിന്‍ഭാഗത്തായാണ്‌ ഫിംഗര്‍പ്രിന്റ്‌ സ്കാനര്‍. യഥാക്രമം 27,999ഉം 21,999 ആണ് മോഡലുകളുടെ വില.

സെന്‍ഫോണ്‍ 3 ലേസര്‍

ബഡ്ജറ്റ് ഫോണ്‍ എന്ന പേരിലാണ് ഈ മോഡല്‍ വിപണിയില്‍ എത്തുന്നത് എങ്കിലും വില 18,999 ആണ്. ജൂലൈ പകുതിയോടെയാണ് അസ്യൂസ് സെന്‍ഫോണ്‍ 3 ലേസറിനെപ്പറ്റി വിയറ്റ്‌നാമില്‍ വച്ച് കമ്പനി അനൌണ്‍സ് ചെയ്യുന്നത്.

0.03 സെക്കന്ഡ് ലേസര്‍ ഓട്ടോഫോക്കസ് കപ്പാസിറ്റിയുള്ള 13 എംപി പ്രൈമറി ക്യാമറയില്‍ സോണി ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 4 നാല് ജിബി റാമും 32 ജിബി സ്റ്റോറേജും നല്‍കുന്ന ഫോണിന്റെ വില 18,999 രൂപയാണ്.

അസ്യൂസ് സെന്‍ബുക്ക് 3

ആറാം തലമുറ ഇന്റല്‍ കോര്‍ ഐ സെവന്‍ പ്രോസസ്സറും 16ജിബി ഡിഡിആര്‍3 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഒക്കെയുള്ള ഒരു ഹൈ എന്‍ഡ് നോട്ട്ബുക്ക് ആണ് സെന്‍ബുക്ക് 3. ആപ്പിള്‍ മാക്ബുക്കുകളില്‍ ഉള്ളതു പോലെ ഇതിലും ടൈപ് സി യുഎസ്ബി പവര്‍ പോര്‍ട്ട് തന്നെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഖ്വഡ് എച്ച്ഡി റസൊല്യൂഷന്‍ നല്‍കുന്ന 12.5 ഇഞ്ച്‌ ഡിസ്പ്ലേയ്ക്ക് കാവലായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 കോട്ടിംഗും നല്‍കിയിട്ടുണ്ട്. 11.9 എംഎം കനത്തിലും 910 ഗ്രാം ഭാരത്തിലുമാണ് സെന്‍ബുക്കിനെ അസ്യൂസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഫുള്‍സൈസ് ബാക്ലിറ്റ് കീബോര്‍ഡ്, ഗ്ലാസ് കവചമുള്ള ടച്ച്‌പാഡ്, ബില്‍റ്റ് ഇന്‍ ഫിംഗര്‍പ്രിന്റ്‌ റീഡര്‍ എന്നീ സൗകര്യങ്ങള്‍ ഉള്ള സെന്‍ബുക്ക് 3 ബ്ലൂ, റോസ് ഗോള്‍ഡ്‌, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാവും. വിന്‍ഡോസ് ഹലോ സപ്പോര്‍ട്ട് ചെയ്യുന്ന ഈ നോട്ട്ബുക്ക് വാഗ്ദാനം നല്‍കുന്നത് 9 മണിക്കൂര്‍ ബാറ്ററിലൈഫ് ആണ്. ഇത്രയും ഫീച്ചറുകള്‍ നല്‍കുമ്പോള്‍ വിലയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാലും പറഞ്ഞേക്കാം. 1,44,990 രൂപയാണ് അസ്യൂസ് സെന്‍ബുക്ക് 3യ്ക്ക് വിലയിട്ടിരിക്കുന്നത്.

ട്രാന്‍സ്ഫോര്‍മര്‍ 3 പ്രോ

പേരില്‍ പറയുന്നതുപോലെ നോട്ട്ബുക്ക് ആയും ടാബ്ലറ്റ് ആയും ഉപയോഗിക്കാവുന്ന വിധത്തിലാണ് അസ്യൂസ് ഈ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിന്‍ഡോസ് സര്‍ഫസ് പ്രോയോടാണ് ട്രാന്‍സ്ഫോര്‍മര്‍ 3 പ്രൊയ്ക്ക് യുദ്ധം ചെയ്യേണ്ടി വരിക.

കോര്‍ ഐ5,ഐ7 എന്നീ രണ്ടു പ്രൊസസറുകളോടൊപ്പവും ചേര്‍ന്നു പോകുന്ന ട്രാന്‍സ്ഫോര്‍മര്‍ 16ജിബി റാമും ഒരു ടിബി എസ്എസ്ഡി വരെ കപ്പാസിറ്റിയും ഓഫര്‍ ചെയ്യുന്നു. 2880×1920 എന്ന റസൊല്യൂഷന്‍ നല്‍കുന്ന 12.6 ഇഞ്ച്‌ ഡിസ്പ്ലേയുള്ളതാണ് ഈ ടുഇന്‍ വണ്‍ പിസി. 13എംപി പ്രൈമറി ക്യാമറയും  2 എംപി ഫ്രണ്ട് ക്യാമറയും പുറമേ വിന്‍ഡോസ് ഹലോ എന്ന ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്നോളജി സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫ്രാറെഡ് ക്യാമറയും ഇതിലുണ്ട്.  

വൈഫൈ, ബ്ലൂടൂത്ത് 4.1 എന്നിവ കൂടാതെ യൂണിവേഴ്സല്‍ ഡോക്ക്, റോഗ് സ്റ്റേഷന്‍ 2, ഓഡിയോ പോഡ്, അസ്യൂസ് പെന്‍ എന്നിവയും ട്രാന്‍സ്ഫോര്‍മര്‍ 3 പ്രൊ യ്ക്കൊപ്പം ലഭിക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍