UPDATES

വായന/സംസ്കാരം

അശ്വത്ഥാമാവിന്റെ തീരം; കാലബോധം അടയാളപ്പെടുത്തുന്ന കഥകള്‍

ഈ ആഴ്ചയിലെ പുസ്തകം
അശ്വത്ഥാമാവിന്റെ തീരം (കഥകള്‍)
രമേശ്ബാബു
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
വില – 70 രൂപ

കഥാസാഹിത്യത്തില്‍ രമേശ്ബാബു പുതുമുഖമല്ല. എന്നാല്‍ പുതുമയുള്ള കഥ പറയുന്ന ചെറുപ്പക്കാരനായ എഴുത്തുകാരനാണ് രമേശ്ബാബു. വായനക്കാരും വിമര്‍ശകരും വളരെയേറെ ശ്രദ്ധിക്കപ്പെട്ടേണ്ട കഥാകൃത്താണ്. കാരണം, കഥയില്‍ കൃത്യമായ കാലബോധം അടയാളപ്പെടുത്തുന്ന അപൂര്‍വ്വം കഥാകൃത്തുകളില്‍ ശ്രദ്ധേയനാണ് രമേശ്ബാബു. ജീവിതത്തെ അതിന്റെ പാരുഷ്യങ്ങളോടെ തിരഞ്ഞെടുക്കുകയും അനുഭവങ്ങളെ ആസക്തിയോടെ ഹൃദയത്തിലേയ്ക്ക് ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു ഈ എഴുത്തുകാരന്‍.

പ്രശസ്ത കവിയും സംഗീതനിരൂപകനുമായ പി രവികുമാര്‍ അവതാരികയില്‍ പറയുന്നതു നോക്കുക:

”നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് രമേശ്ബാബു. നമ്മുടെ എഴുത്തുകാരില്‍ ഏറെപ്പേരും നിന്ന സ്ഥലത്തുനിന്ന് അനങ്ങാത്തവരാണ്. സ്വയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, മടുപ്പിക്കുന്ന രചനകളാണ് മലയാള ചെറുകഥയില്‍ നാം കാണുന്നത്. അവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ് രമേശ്ബാബുവിന്റെ കഥകള്‍.

രമേശ്ബാബുവിന്റെ ആദ്യകഥാസമാഹാരമായ ‘ജനിതക വിധി’ നമ്മുടെ കഥാസാഹിത്യത്തിലെ ഒറ്റപ്പെട്ട സംഭവമാണ്. ധ്വനിസാന്ദ്രമായ കഥകളാണ് അവ. ഏതാനും വാക്യങ്ങളില്‍ ഒരു കഥ, ആ കഥയിലൂടെ സമഗ്രവും സൂക്ഷ്മവുമായ ഒരു വലിയ ജീവിതദര്‍ശനം – ഇതാണ് ‘ജനിതകവിധി’ യുടെ സവിശേഷത.

ജനിതക വിധിയുടെ സ്വാഭാവികമായ തുടര്‍ച്ചയും വികാസവുമാണ് രമേശ്ബാബുവിന്റെ രണ്ടാമത്തെ കഥാസമാഹാരമായ ‘അസൂറയുടെ കുഞ്ഞുവിരല്‍’. കഥകള്‍ കുറേക്കൂടി തീവ്രമായിത്തീരുന്നു. ജീവിതദര്‍ശനത്തിന് കുറേക്കൂടി ആഴം കൈവരുന്നു.

മൂന്നാമത്തെ കഥാസമാഹാരമായ ‘അശ്വത്ഥാമാവിന്റെ തീര’ ത്തെത്തുമ്പോള്‍, രമേശ്ബാബു തീവ്രമായ ഉള്‍ക്കാഴ്ചയുടെ ദീര്‍ഘദൂരങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇതിലെ കഥകളുടെ പ്രമേയങ്ങള്‍ സമകാലികമായിരിക്കുന്നു; അതേസമയം കാലത്തിനപ്പുറത്തേയ്ക്ക് കടന്നു ചെല്ലുകയും ചെയ്തിരിക്കുന്നു. ഈ സമാഹാരത്തിലെ മറ്റെല്ലാ കഥകളും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയാലും ‘കരടി’യും ‘അശ്വത്ഥാമാവിന്റെ തീര’ വും ‘പ്രദക്ഷിണ വഴിയും’, ‘അച്ഛനും’ നാം ഒരിക്കലും മറക്കുകയില്ല. അവ നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. അവ നമ്മുടെ സംസ്‌ക്കാരത്തെ നവീകരിച്ചുകൊണ്ടേയിരിക്കും”.

‘അശ്വത്ഥാമാവിന്റെ തീരം’ എന്ന കഥാസമാഹാരത്തില്‍ 12 കഥകളുണ്ട്. ഇവ ഓരോന്നും വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍കൊണ്ട് വേറിട്ടുനില്‍ക്കുന്നു. പി. രവികുമാര്‍ നിരീക്ഷിച്ചപോലെ ധ്വനി സാന്ദ്രമാണ് രമേശ്ബാബുവിന്റെ കഥകള്‍. ഓരോ കഥയുടെ ആഴത്തില്‍ നിന്നും സൂക്ഷ്മസംഗീതത്തിന്റെ സ്വരം കേള്‍ക്കാന്‍ സഹൃദയനായ വായനക്കാരന് കഴിയും. അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചവയാണ് ഇതിലെ കഥകള്‍.

ഒന്നാമത്തെ കഥയായ ‘കരടി’ ആദ്യവായനയില്‍ തന്നെ വിസ്മയം ജനിപ്പിക്കുന്നതാണ്. മനുഷ്യമനസിന്റെ നിഗൂഢവും ഭയാനകവുമായ ഇരുണ്ടതലങ്ങള്‍ ഈ കഥയില്‍ കണ്ട് നാം സ്തംഭിച്ചുപോകും. ‘അച്ഛാ കഥ മതി….. മോള്‍ക്ക് ഉറക്കം വരുന്നു…… ഇനി കരടിയും പോയി ഉറങ്ങട്ടെ….. എന്ന് അതിലളിതമായി തുടങ്ങുന്ന കഥ അവസാനിക്കുന്നത് ഇങ്ങനെ:

‘അച്ഛന്റെ ചൂടുകിട്ടാതെ വന്നപ്പോള്‍ അവള്‍ കണ്‍ മിഴിച്ചു. ഭയത്തോടെ മുറിയാകെ അച്ഛനെ പരതി. ഭദ്രമായി പൂട്ടിയ മുറിക്കപ്പുറം എന്തെന്നറിയാതെ അവള്‍ വിഷമിച്ചു. നേരം പുലര്‍ന്നപ്പോള്‍ ആരൊക്കെയോവന്നു. അച്ഛന്‍ തിരിച്ചുവരുമെന്ന് എല്ലാവരും അവളെ ആശ്വസിപ്പിച്ചു. മടങ്ങുമ്പോള്‍ അവര്‍ അവളോട് മുറി പൂട്ടുവാനും പറഞ്ഞു. പൂട്ടിയ മുറിക്കുള്ളില്‍ അവള്‍ അച്ഛനെ കാത്തിരുന്നു”.

സമകാലിക ജീവിത യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന ഒരു പ്രശ്‌നത്തിന്റെ തീവ്രമായ ആവിഷ്‌ക്കാരമാണ് ഇക്കഥ. കരടി മനുഷ്യമനസിന്റെ നിഗുഢതയിലെ പല വിതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ധ്വനി സാന്ദ്രതയുടെ ആഴങ്ങള്‍ ഇക്കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ അറിയപ്പെടാത്ത സന്ദേഹങ്ങളിലേയ്ക്കും സന്ദിഗ്ധതകളിലേയ്ക്കും ഇക്കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. രചനയുടെ കൈയ്യടക്കവും ഇവിടെ പ്രകടമാകുന്നു. കരടിയെക്കുറിച്ച് കഥാകൃത്ത് എഴുതുന്നത് നോക്കുക: ”അനാദിയായ ഇരുട്ടും ഗന്ധങ്ങളുമായി ഒരു രൂപം എവിടെ നിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഉള്ളില്‍ നിറയുകയാണെന്ന് അയാള്‍ നടുക്കത്തോടെ അറിഞ്ഞു: അതിന്റെ കണ്ണുകള്‍ക്ക് കാലാതീതമായൊരു ആഴമുണ്ടായിരുന്നു. എപ്പോള്‍, എവിടെ ചൂഴ്ന്നുപതിക്കും എന്നു പ്രവചിക്കാനാവാത്ത ഒരു നിഗൂഢതയും അതിന്റെ പുറംമേനിക്ക് വൈകൃതങ്ങളുടെ സൗന്ദര്യമായിരുന്നു. രൂപത്തെ കരടി എന്നുവിളിക്കാനാണ് തോന്നിയത്”.

ഈ സമാഹാരത്തിലെ പ്രധാന കഥ  എന്നു വിശേഷിപ്പിക്കാവുന്നത് ‘അശ്വത്ഥാമാവിന്റെ തീര’മാണ്. കോവളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഇക്കഥ മനുഷ്യമനസ്സുകളുടെ വിഭിന്നഭാവങ്ങളേയും വികാരങ്ങളേയും അനാവരണം ചെയ്യുന്നു. ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചലയുന്ന അവധൂത സഞ്ചാരത്തിലേയ്ക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു. നൈമിഷിക വികാരങ്ങളുടെ വ്യര്‍ത്ഥതയും ആസക്തികളുടെ വന്യതയും കെട്ടിപ്പുണര്‍ന്ന് കഥയുടെ കുത്തൊഴുക്കില്‍ അലിഞ്ഞില്ലാതാകുന്നത് അറിയുന്നു. രചനാസൗഭഗംകൊണ്ട് സമ്പന്നമാണ് ഇക്കഥ. കഥ പറച്ചിലിന്റെ വ്യത്യസ്തത ഇതിനെ സമ്മോഹനമാക്കുന്നു. നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച് കഥ പറയുന്ന ഒരു രീതി ഇതില്‍ പിന്തുടരുന്നു.

സിദ്ധാര്‍ത്ഥനിലൂടെ, ഇമയിലൂടെ ഇതള്‍ വിരിയുന്ന കഥ അഗാധമായൊരു ജീവിതാനുഭവത്തിന്റെ ആഴങ്ങളിലേയ്ക്കാണ് നമ്മെ കൊണ്ടുപോകുന്നത്. വെയ്റ്ററായും ഗൈഡായും കാമുകനായും കാമപാരവശ്യം തീര്‍ത്തുകൊടുക്കുന്ന പുരുഷനായുമൊക്കെ പകര്‍ന്നാടുന്ന സിദ്ധാര്‍ത്ഥന്‍ മനുഷ്യബന്ധങ്ങളുടെ പൊള്ളത്തരംകണ്ട് പകച്ചുനില്‍ക്കുന്നു; ചിലപ്പോള്‍ ഹാസ്യത്തില്‍ പൊതിഞ്ഞ ഒരുചിരിയുമായി.

സിദ്ധാര്‍ത്ഥന്റെയും ഇമയുടെയും സാമീപ്യത്തെകുറിച്ചും അതിലൂടെ ഉരുവംകൊള്ളുന്ന സെക്‌സിനെയും കഥാകൃത്ത് അതിമനോഹരമായി അവതരിപ്പിക്കുന്നത് നോക്കുക:

‘സിദ്ധാര്‍ത്ഥന്‍ അവളെ താങ്ങി പാറകള്‍ക്ക് മുകളിലേയ്ക്ക് കൊണ്ടുപോയി. അവള്‍ അവനെ മുറുകെപ്പുണര്‍ന്നു. അവളുടെ നനഞ്ഞ ടീ ഷര്‍ട്ടും ജീന്‍സും ഊരിപ്പിഴിഞ്ഞ് അവന്‍ അവളുടെ നനവ് ഒപ്പി. ചന്ദ്രകിരണങ്ങള്‍ ചന്ദനം പൂശിയ അവളുടെ ശരീരം അവന്റെ ചൂടറിഞ്ഞു. ചുണ്ടുകളാല്‍ അവളുടെ മേലാസകലം അവന്‍ ചൂടുപകര്‍ന്നു.

നിലാവിനെ നോക്കി അവന്റെ മാറില്‍ ശയിക്കുമ്പോള്‍ അവള്‍ പറഞ്ഞു: ‘ഒഹിയോയ്ക്കുള്ളത് നീ കവര്‍ന്നു സിദ്ധാര്‍ത്ഥാ’.

സിദ്ധാര്‍ത്ഥന്‍ അവളുടെ നഗ്നമേനിയെ വീണ്ടും തഴുകി ഉണര്‍ത്തി. നമുക്കുപിരിയാറായി…. സിദ്ധാര്‍ത്ഥന്‍ അവളുടെ കാതില്‍ മൊഴിഞ്ഞു”.

‘പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ താന്തരായ്ക്കൂടി വിയോഗംവരുംപോലെ’ എന്ന എഴുത്തച്ഛന്റെ വരികളാണ് ഇവിടെ ഓര്‍മ്മവരുന്നത്. ജീവിതമെന്ന വഴിയമ്പലത്തില്‍ എത്തിച്ചേരുന്നവര്‍ ഒരു രാത്രി തങ്ങി പല വഴികളിലേയ്ക്ക് പിരിയുംപോലെ ഇമ എന്ന മറ്റാരുടെയോ കാമുകി പുരുഷനില്‍ നിന്ന് അറിയേണ്ടതെല്ലാം അറിഞ്ഞ് പിന്‍വാങ്ങുന്നു. നിയോഗത്തിന് അടിപ്പെട്ട സിദ്ധാര്‍ത്ഥന്‍ മൂകസാക്ഷിയായി എല്ലാം കാണുന്നു; കേള്‍ക്കുന്നു, അനുഭവിക്കുന്നു. ഒരു ഘട്ടത്തില്‍ സിദ്ധാര്‍ത്ഥന്‍ പറയുകയാണ്: ‘ഈ സീസണില്‍ ഇതാണെന്റെ നിയോഗം. ഉദയസൂര്യന്റെ നാട്ടില്‍ നിന്നെത്തിയ ഒരു പെണ്‍കൊടി എന്റെ വാക്കുകളില്‍ വിശ്വസിച്ച് മടിയില്‍ മയങ്ങുന്നു. കഴിഞ്ഞ സീസണിലെ ഒരു വെളുത്തവാവില്‍ കടപ്പുറത്ത് ചന്ദ്രനെ നോക്കി നിവര്‍ന്നു കിടക്കുന്ന എന്നെ, നഗ്നനാക്കി ലണ്ടന്‍കാരി ജമൈക്ക തവിട്ടുനിറക്കാരനെ അറിയുകയായിരുന്നു. ഒരു വള്ളത്തിന്റെ മറപറ്റി കടലും ചന്ദ്രനും സാക്ഷിനില്‍ക്കെ തുറസുകളില്‍ രമിക്കുന്നതിന് അവള്‍ തന്നെ പ്രതിഫലം കൊണ്ടായിരുന്നല്ലോ അമ്മയുടെ ചികിത്സയും അനുജത്തിയുടെ പഠനവും തടസമില്ലാതെ തുടര്‍ന്നിരുന്നത്”- എത്ര ഹൃദയസ്പര്‍ശിയാണ് ഈ വാചകം.

വിദേശവനിതയുടെ കാമം ശമിപ്പിച്ച് കിട്ടുന്ന പ്രതിഫലം കൊണ്ട് സ്വന്തം മാതാവിന്റെ ദൈന്യം പരിഹരിക്കാന്‍ നിയോഗിക്കപ്പെടുന്നതിലെ ഹൃദയവേദന സിദ്ധാര്‍ത്ഥനിലൂടെ കഥാകൃത്ത് ആവിഷ്‌ക്കരിക്കുമ്പോള്‍ നമ്മുടെ കാലത്തിന്റെ, സമൂഹത്തിന്റെ ഒരു നേര്‍ച്ചിത്രമാണ് തെളിയുന്നത്.

ആധുനിക കഥാസാഹിത്യത്തിലെ കരുത്തരായ ഏതൊരു കഥാകൃത്തുക്കളോടും തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ ബലമുള്ള ഒരു കഥാകൃത്തിനെയാണ് രമേശ് ബാബു ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്. രചനയുടെ ശക്തി സൗന്ദര്യങ്ങളും നാടകീയ മൂഹൂര്‍ത്തങ്ങളുടെ സന്നിവേശവും പ്രതീകങ്ങളുടെ പ്രത്യാനയിപ്പിക്കലും കഥപറച്ചിലിന്റെ നൈരന്തര്യവും ഇക്കഥയെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച കഥകളുടെ കൂട്ടത്തില്‍ ‘അശ്വത്ഥാമാവിന്റെ തീര’ വും ഇടം പിടിക്കും.

‘പ്രദക്ഷിണ വഴി’ എന്ന കഥയില്‍ പ്രണയം നിരുപാധികമായ ഒന്നാണെന്ന് അറിയുന്നു. പ്രണയികള്‍ എത്ര വിദൂരങ്ങളിലിരുന്നാലും എത്രകാലം തമ്മില്‍ കാണാതിരുന്നാലും അവരുടെ പ്രണയപാശം മുറുകിക്കൊണ്ടേയിരിക്കും. മരണംവരെ ആ പ്രണയം അവരെ വേദനിപ്പിക്കും.

‘അച്ഛന്‍’ എന്ന കഥയാകട്ടെ മലയാളത്തില്‍ ഇങ്ങനെ ഒരു രചന വന്നിട്ടില്ലതന്നെ. ബന്ധങ്ങളുടെ നിഗൂഢമായ ഭാവതീവ്രത അനാവരണം ചെയ്യപ്പെടുന്ന ഇക്കഥ രമേശ്ബാബുവിന്റെ കഥനവൈഭവത്തിന്റെ സാക്ഷ്യപത്രമാണ്.

‘മാതളപ്പൂവും മാങ്ങാനാറിയും’ എന്ന അവസാനത്തെ കഥയും മികച്ച രചനയാണ്. ശിവശങ്കരന്‍ എന്ന കവിയും വിമലാദേവിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്ന കഥ. വിമലാദേവിയുടെ അനുസ്മരണ ചടങ്ങിന് എത്തുന്ന ശിവശങ്കരന്റെ മാനസികവ്യാപാരങ്ങളാണ് കഥയിലുടനീളം.

‘വിമലയുടെ ശയ്യയിലേയ്ക്ക് അയാള്‍ അവസാനമായി നോക്കി. ശോഭയറ്റിരുന്ന മൂക്കുത്തി ഇപ്പോള്‍ പ്രോജ്ജ്വലിക്കുന്നുവോ? അതിന്റെ രജതകിരണങ്ങള്‍ പ്രജ്ഞയോട് എന്തൊക്കെയോ പ്രതിവചിക്കുന്നു. ജീവിതത്തില്‍ നമ്മളറിഞ്ഞ സ്‌നേഹത്തെക്കാള്‍ വലിയ ഒരു സ്‌നേഹം നമ്മെ കാത്തിരിക്കുന്നു.

പരന്നൊഴുകുന്ന രജതകിരണങ്ങളില്‍ അദ്വൈതത്തിന്റെ ഓങ്കാരധ്വനികള്‍ പ്രതിദ്ധ്വനിക്കുന്നത് കവിക്ക് അനുഭവപ്പെട്ടു. പ്രതിദ്ധ്വനികള്‍ അയാളുടെ കേള്‍വിയേയും പുറംകാഴ്ചകളേയും കൊട്ടിയടച്ചു. ആള്‍ക്കൂട്ടത്തിന്റെ നിശ്ശബ്ദ നെടുവീര്‍പ്പുകള്‍ ശാന്തിമന്ത്രങ്ങളായി ചുറ്റും നിറയുമ്പോള്‍ അവര്‍ക്കിടയില്‍ ശിവശങ്കരനെ കാണാതായി….”

കഥ അവസാനിക്കുകയാണ്.

സംഗീതത്തിന്റെയും ചിത്രകലയുടെയും ജേണലിസത്തിന്റെയും സൂക്ഷ്മഭാവങ്ങളും സ്പര്‍ശവും ഉള്‍ക്കൊണ്ടതാണ് രമേശ്ബാബുവിന്റെ കഥാലോകത്തിന്റെ അന്തര്‍ധാര. അതിന്റെ അതിവിദഗ്ധമായ സന്നിവേശം പലപ്പോഴും കഥകളുടെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നുണ്ട്. കഥയുടെ ക്രാഫ്റ്റും കാലത്തിന്റെ ശീലങ്ങളും സ്വായത്തമാക്കിയ ഈ യുവകഥാകൃത്ത് ഈ രംഗത്തെ പ്രതീക്ഷയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ടി കെ സന്തോഷ് കുമാര്‍

ഡോ. ടി കെ സന്തോഷ് കുമാര്‍

എഴുത്തുകാരനും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനും മാധ്യമ അദ്ധ്യാപകനുമാണ് ഡോ. ടി കെ സന്തോഷ് കുമാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍