UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത്താഴ പഷ്ണിക്കാരുണ്ടോ? കാതോര്‍ക്കാം അത്താഴക്കൂട്ടത്തിന്‍റെ ഈ വിളിക്ക്

Avatar

ഉണ്ണികൃഷ്ണന്‍ വി

തൃശൂര്‍, മലപ്പുറം ജില്ലകളിലൂടെ യാത്ര ചെയ്യുമ്പോള്‍ പാതവക്കുകളിലും ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും അശരണരായ അനവധി ആളുകള്‍ കഴിയുന്നത് കാണാം. അവരില്‍ സമനില തെറ്റിയവരുണ്ട്, പലവിധ വ്യാധികളുള്ളവരുണ്ട്. പലരും സ്വന്തം കുടുംബത്താല്‍  തന്നെ തെരുവിലേക്കു വലിച്ചെറിയപ്പെട്ടവര്‍. ഒരു നേരത്തെ അന്നത്തിനായി പലരുടെയും മുന്നില്‍ കൈ നീട്ടേണ്ടിവരുന്ന, കുപ്പക്കൂനയിലെ അവശിഷ്ടങ്ങളില്‍ അന്നം കണ്ടെത്തേണ്ടി വരുന്ന ഇവര്‍ വൈകിട്ടാവുമ്പോള്‍ വഴിക്കണ്ണുമായി കാത്തിരിക്കും. പലപ്പോഴും വെറും വയറോടെയാവും ആ കാത്തിരിപ്പ്. അത്താഴക്കൂട്ടം എന്ന ബാനര്‍ കെട്ടിയ ഒരു മഹിന്ദ്രാ മാക്സോ വണ്ടി ദൂരെ നിന്നും കാണുമ്പോഴേക്കും അവരുടെ കണ്ണില്‍ പ്രതീക്ഷയുടെ നാളം തെളിയും. തങ്ങള്‍ക്കു വേണ്ടിയാണ് ആ വണ്ടി കാതങ്ങള്‍ താണ്ടി എത്തുന്നത് എന്നവര്‍ക്കറിയാം. തെരുവിന്‍റെ മക്കള്‍ക്ക്‌ ഒരു നേരമെങ്കിലും ആരുടേയും മുന്നില്‍ കൈ നീട്ടാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ഗുരുവായൂരിലെ തൊഴിയൂരില്‍ നിന്നും ആ വണ്ടി വരുന്നത്.

എല്ലാ ദിവസവും അശരണര്‍ക്ക് അന്നവുമായി എത്തുന്ന ഈ കൂട്ടായ്മയ്ക്ക് അത്താഴക്കൂട്ടം എന്നാണ് പേര്. തൊഴിയൂരിലെ അഞ്ഞൂര്‍ എന്ന സ്ഥലത്തു നിന്നാണ് ഈ കൂട്ടായ്മയുടെ ഉദയം. തയ്യല്‍ ഷോപ്പ് നടത്തുന്ന ഷബീര്‍ എന്ന ചെറുപ്പക്കാരന്റെ മനസില്‍ തോന്നിയ ആശയമാണ് പിന്നീട് അത്താഴക്കൂട്ടം എന്ന സന്നദ്ധസംഘടനയായി മാറിയത്. 2014 ഡിസംബര്‍ 14ന് സുഹൃത്തുക്കളോടോത്ത് ഷബീര്‍ തുടക്കമിട്ട അത്താഴക്കൂട്ടത്തിനു പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനു പേരുണ്ട്. ചിലര്‍ ഭക്ഷണം ശേഖരിക്കുന്നതിനും മറ്റുമായി ഫീല്‍ഡില്‍ ഇറങ്ങുമ്പോള്‍ അതിനു പറ്റാത്ത ചിലര്‍ ആവശ്യമായ ധനസഹായവുമായി പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

ഷബീര്‍, ഫറൂഖ്, സുനില്‍, സാദിഖ്, അര്‍ജ്ജുന്‍, അരുണ്‍, അസീസ്‌, മോയിനുദീന്‍, ഉസ്മാന്‍ എന്നിവരാണ് അത്താഴക്കൂട്ടത്തിന്‍റെ നിലവിലെ സാരഥികള്‍. ഇവരില്‍ വിദ്യാര്‍ഥികളുണ്ട്, വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുണ്ട്. എല്ലാവരും വൈകിട്ട് നിശ്ചിത സമയമാവുമ്പോള്‍ അഞ്ഞൂര്‍ ഉള്ള ഓഫീസില്‍ ഒരുമിക്കും. അവിടന്നാണ് ഭക്ഷണം വിതരണം ചെയ്യാനുള്ള യാത്രകളുടെ തുടക്കം. എന്തൊക്കെ തിരക്കുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചുകൊണ്ട് അവര്‍ വൈകുന്നേരം ഒരുമിച്ചു കൂടും.

തൃശൂര്‍, മലപ്പുറം ജില്ലകളിലും സമീപപ്രദേശങ്ങളിലും വിവാഹം, ജന്മദിനം പോലെയുള്ള വിശേഷാവസരങ്ങളുണ്ടാവുമ്പോള്‍ ഇവര്‍ക്കു ഫോണ്‍കോളുകള്‍ എത്തും. തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്കാന്‍ സന്നദ്ധരായ  ചിലര്‍ ചടങ്ങുകളില്‍ അധികം വരുന്ന ഉപയോഗിക്കാത്ത ഭക്ഷണവും  മറ്റു ചിലര്‍  നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണവും  നല്‍കും. ചിലര്‍ ഭക്ഷണം നല്‍കുന്നതിനു പകരമായി ആവശ്യമുള്ള തുക നല്‍കും. ഇതിനുപുറമേ പ്രദേശത്തെ സ്കൂളുകളില്‍ നിന്നും ഭക്ഷണം ദാനം ചെയ്യുന്ന ഒരു പദ്ധതിക്കു കൂടി ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് ഓരോ വിദ്യാര്‍ത്ഥികളും ഒരു പൊതി ഭക്ഷണം അധികമായി കൊണ്ടുവരാറുണ്ട്. ഇങ്ങനെ  പലയിടത്തു നിന്നായി ശേഖരിക്കുന്ന ഭക്ഷണം ഷബീറിന്റെ തയ്യല്‍ ഷോപ്പിനടുത്തുള്ള മുറിയില്‍ വച്ചു പാക്കറ്റുകളിലാക്കുകയും തുടര്‍ന്ന് വാടകയ്ക്ക് വിളിക്കുന്ന വാഹനത്തില്‍ ഭക്ഷണം കിട്ടാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് എത്തിക്കുകയുമാണ് പതിവ്.

ആവശ്യത്തിലധികം ഭക്ഷണം പാഴാക്കിക്കളയുന്ന നമ്മള്‍ ഒരു നേരത്തെ ആഹാരം കിട്ടാത്ത അനേകം പേര്‍ നമുക്കു ചുറ്റും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നുണ്ടെന്നതാണ് സത്യം എന്ന് ഈ കൂട്ടായ്മയുടെ പിറവിക്കു കാരണക്കാരനായ ഷബീര്‍ പറയുന്നു.



‘ചപ്പുചവറുകള്‍ക്കിടയില്‍ നിന്നും  ഒരാള്‍ ഭക്ഷണം കഴിക്കുന്നത് കണ്ടതാണ് ഇങ്ങനെ ഒരാശയത്തിന്റെ വിത്ത് എന്‍റെ ഉള്ളില്‍ പാകിയത്‌. പണ്ട് വീടുകളില്‍ സന്ധ്യ സമയത്ത് അത്താഴ പഷ്ണിക്കാരുണ്ടോ എന്നു വിളിച്ചു ചോദിക്കാറുണ്ടായിരുന്നല്ലോ, അതില്‍ നിന്നാണ് അത്താക്കൂട്ടം എന്ന പേര് സ്വീകരിച്ചത്. സമാനചിന്താഗതിക്കാരായ കൂട്ടുകാരുടെ പിന്തുണ കൂടിയായപ്പോള്‍ അത്താഴക്കൂട്ടം പിറന്നു. തുടക്കത്തില്‍ ഞങ്ങളുടെ തുച്ഛമായ വരുമാനം കൊണ്ടാണ് ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരുന്നത് പിന്നീടു സഹൃദയരായ ഒരുപാടു പേര്‍ ഞങ്ങളുടെ കൂട്ടായ്മയ്ക്ക് പിന്തുണ തന്നു. ഇപ്പോള്‍ ദിവസം മിനിമം 200 പേര്‍ക്കെങ്കിലും ഒരു നേരം ഭക്ഷണം നല്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്’, ഷബീര്‍ കൂട്ടിച്ചേര്‍ത്തു.

അത്താഴക്കൂട്ടത്തിന്‍റെ പ്രവര്‍ത്തനം ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇവര്‍ ഭക്ഷണം നല്‍കുന്നത് തെരുവില്‍ കഴിയുന്നവര്‍ക്കു മാത്രമല്ല. സമീപത്തുള്ള വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലും  ഹര്‍ത്താല്‍ , പണിമുടക്ക്‌ ദിവസങ്ങളില്‍ കൈയ്യില്‍ പണമുണ്ടായിട്ടും വിശന്നിരിക്കുന്നവരെയും അത്താഴക്കൂട്ടം തേടിയെത്തും.

അത്താഴ സമൃദ്ധി എന്ന പദ്ധതിയിലൂടെ ഇവര്‍  സഹായിക്കുന്നത് നിത്യവൃത്തിക്കുപോലും വകയില്ലാതെ കഷ്ടപ്പെടുന്ന കുടുംബംങ്ങളെയാണ്. ഒരു കുടുംബത്തിന് ഒരുമാസത്തേക്ക് ആവശ്യമായ നിത്യോപയോഗ സാമഗ്രികള്‍ ഇവര്‍ എത്തിച്ചു നല്‍കുന്നു. ഇത്തരത്തില്‍ പത്തിലധികം കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ആഹാരത്തിനു വകനല്‍കുന്നു.

ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന ഒരുപാടു കുടുംബങ്ങള്‍ നമ്മള്‍ക്കിടയിലുണ്ടെന്ന് കൂട്ടായ്മയുടെ സാരഥികളില്‍ ഒരാളായ ഫാറൂഖ് പറയുന്നു.

‘കഴിഞ്ഞ ദിവസം തന്നെ  പ്രായമുള്ള  ഒരുഅമ്മയുടെ വീട്ടില്‍ പോകേണ്ടിവന്നു. അവരും മാനസികവൈകല്യമുള്ള മകളുമാണ് ആ വീട്ടിലുണ്ടായിരുന്നത്.സഹായിക്കാന്‍ പോലും ആരുമില്ല. അവര്‍ പ്രാര്‍ത്ഥിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ ചെന്നത്. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങള്‍ നല്‍കിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അവരെപ്പോലെ സഹായമാവശ്യമുള്ളവരെ കണ്ടെത്തുവാനുള്ള പ്രയാസമാണ്. സഹായിക്കാന്‍ മനസ്സുള്ളവരെ കണ്ടെത്തുന്നതിന് ഇത്ര പ്രയാസമില്ല. പക്ഷേ
പലയിടങ്ങളില്‍ നിന്നായി സമാന ചിന്താഗതിക്കാര്‍ അത്താഴക്കൂട്ടത്തിനു വേണ്ടി ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതു കൊണ്ടാണ് എല്ലാം വലിയ തടസ്സങ്ങള്‍ ഇല്ലാതെ നടന്നു പോകുന്നത്,’ ഫാറൂഖ് തുടര്‍ന്നു.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലേക്കും ഇവരുടെ സഹായ ഹസ്തങ്ങള്‍ നീളുന്നുണ്ട്. അവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രവും ഇവര്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുകയും വിതരണം ചെയ്യുകയുമുണ്ടായി. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളും പഠനത്തിനുള്ള സഹായവും ഇവര്‍ നല്‍കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ അനവധി ആള്‍ക്കാര്‍ ഇവരുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇത്രയോക്കെയുണ്ടെങ്കിലും ഇവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം സ്വന്തമായി ഒരു വാഹനമില്ല എന്നുള്ളതാണ്. വാടകയിനത്തില്‍ ആയിരം രൂപവരെ ഒരു ദിവസം ഇവര്‍ക്ക് ചെലവാകുന്നുണ്ട്. ആ പണം കൂടിയുണ്ടായിരുന്നെങ്കില്‍ രണ്ടാള്‍ക്കുകൂടി ഭക്ഷണം നല്‍കാമായിരുന്നു എന്ന് ഫാറൂഖ് പറയുന്നു.

‘ചില ദിവസം വാടകയ്ക്ക് വാഹനം ലഭിക്കാറില്ല. നമ്മള്‍ കഴിച്ചില്ലെങ്കിലും അവര്‍ക്ക് ഒരു ദിവസം ഭക്ഷണം കൊടുക്കാന്‍ പറ്റാതാവുമ്പോ  വല്ലാത്ത വിഷമമാണ്. മൂന്നു നേരം കഴിക്കുന്ന നമ്മളെപ്പോലെയല്ലല്ലോ ഒരു നേരം പോലും കഴിക്കാന്‍ പറ്റാത്ത അവര്‍. സുഹൃത്തുക്കളൊക്കെ സഹായിച്ചാല്‍ അധികം താമസിയാതെ തന്നെ ഒരു വാഹനം വാങ്ങാമെന്നു കരുതുന്നു’,
ഫാറൂഖ് അത്താഴക്കൂട്ടത്തിന്‍റെ ആശങ്ക പങ്കുവച്ചു.

ഈ കൂട്ടായ്മയിലുള്ള ആരും കനത്ത ശമ്പളം വാങ്ങുന്നവരല്ല. ഇവരില്‍ പലരുടെയും കുടുംബങ്ങളും സാമ്പത്തിക ബാധ്യത അനുഭവിക്കുന്നവരാണ്.  പക്ഷേ തുച്ഛമായ ദിവസ ശമ്പളം വാങ്ങുന്നവരായാലും തങ്ങളുടെ പങ്ക്, അത് പണമായാലും സമയമായാലും സന്തോഷത്തോടെ നല്‍കുന്നു. ബാങ്ക് ബാലന്‍സും ഫ്രീ ടൈമും ഉണ്ടെങ്കില്‍ മാത്രമേ സഹജീവിയെ സഹായിക്കാനാവൂ എന്ന നമ്മുടെ തെറ്റിധാരണ ഇവര്‍  മാറ്റിത്തരുന്നു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ എന്നിവിടങ്ങളിലും അത്താഴക്കൂട്ടം എത്തുന്നുണ്ട്. പതിയെ മറ്റു ജില്ലകളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി. താമസിയാതെ തന്നെ അത് നടപ്പിലാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.

അത്താഴക്കൂട്ടത്തിനെ സഹായിക്കാം (+919633995273,+919809519840)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍