UPDATES

വായന/സംസ്കാരം

അതിജീവനത്തിന്റെ കാലൊച്ചകൾ; സ്ത്രീകള്‍ കേരളത്തോട് സംവദിക്കുമ്പോള്‍

ജ്യോതി കെ.ജി എഡിറ്റു ചെയ്ത അതിജീവനത്തിന്റെ കാലൊച്ചകൾ – ഒരു വായന

ജിസ ജോസ്

ജിസ ജോസ്

അതിജീവനത്തിന്റെ കാലൊച്ചകൾ
എഡിറ്റർ: ജ്യോതി കെജി
പായൽ ബുക്സ്, കണ്ണൂർ 
വില: 100 രൂപ

പുരുഷാധിപത്യപരമായ സംസ്കാരവും വ്യവസ്ഥകളും ജീവിത ശൈലി തന്നെയായി മാറിക്കഴിഞ്ഞ സാമൂഹിക സാഹചര്യങ്ങളാണ് നൂറ്റാണ്ടുകളായി നില നിൽക്കുന്നത്. കുടുംബം, മതം, രാഷ്ട്രീയം തുടങ്ങി ഓരോ സാമൂഹിക ഘടനയിലും സ്ത്രീകളുടെ രണ്ടാം കിട സ്ഥാനം ഭദ്രമായി നിലനിർത്താൻ ആൺകോയ്മാ സംസ്കാരം സവിശേഷം ശ്രദ്ധിക്കുന്നുമുണ്ട്. പൊതു മനസ്സിൽ രൂഢമായ മൂല്യവ്യവസ്ഥ പൂർണമായും പുരുഷാധികാരത്തിലൂന്നിയതാണ്. അടിസ്ഥാന രഹിതമായ ആദർശ സംഹിതകളുടെ, പ്രത്യയശാസ്ത്രങ്ങളുടെ, വിശ്വാസ പ്രമാണങ്ങളുടെ പിൻബലത്തോടെ സ്ത്രീകളുടെ വിധേയത്വം എന്ന അവസ്ഥ സദാ പരിപോഷിപ്പിക്കപ്പെട്ടു. സ്ത്രീകൾ സംഘടിത ശക്തിയല്ല, അവർക്കു ഭൂതവും ചരിത്രവും മതവുമില്ല. ഐക്യബോധമോ പൊതുവായ താല്പര്യങ്ങളോ ഇല്ല. പുരുഷന്മാരുടെ ലോകത്ത് അവർ ചിതറിക്കിടക്കുന്നു. പിതാവ്, ഭർത്താവ് തുടങ്ങിയ പുരുഷന്മാരെ ആശ്രയിച്ചും അവരുടെ സാമ്പത്തിക സാമൂഹിക നിലവാരത്തിനനുസൃതമായ ജീവിതചര്യകൾ സ്വീകരിച്ചും കുടുംബം, വീട്ടുജോലി ഇവയുമായി മാത്രം ബന്ധപ്പെട്ടുമാണ് സ്ത്രീകളുടെ അസ്തിത്വമെന്ന് “സിമോങ് ദ ബുവ്വാർ പറയുന്നതും ഈ അർത്ഥത്തിലാണ്.

സ്ത്രീകൾക്കു മേൽ അധികാരം സ്ഥാപിക്കാൻ പുരുഷനെ സഹായിക്കുന്ന ഘടകങ്ങളെയെല്ലാം ആൺകോയ്മ എന്നതുകൊണ്ടു വ്യവഹരിക്കാം. ലിംഗഭേദപരമായ വ്യത്യാസങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ബോധ്യങ്ങളെ പരാമർശിക്കുന്ന ജെൻഡർ (ലിംഗഭേദ പദവി / ലിംഗ പദവി ) എന്ന പദവും സ്ത്രീപഠനങ്ങളിൽ വളരെ പ്രസക്തമാണ്. ശരീരശാസ്ത്രപരമായ ലിംഗഭേദം സാംസ്കാരികമായ സ്ത്രീ പുരുഷ ഭേദമായി മാറുന്ന മാർഗ്ഗങ്ങളും ക്രമീകരണങ്ങളും ലൈംഗികമായ തൊഴിൽ വിഭജനങ്ങളും ജെൻഡറിന്‍റെ പരിധിയിൽ വരുന്നു. പൗരുഷം / സ്ത്രൈണം/മൂന്നാം ലിംഗം ഇവയുടെ സാമൂഹികവും സാംസ്കാരികവുമായ നിർമ്മിതി സവിശേഷതകൾ വ്യക്തമാക്കുന്നു ലിംഗഭേദ പഠനങ്ങൾ. സ്ത്രീവാദത്തിന്റെ വ്യത്യസ്ത പഠനമേഖലകൾ കൂടുതൽ വ്യാപ്തിയും ആഴവും കൈവരിക്കുമ്പോൾ കേരളത്തിലെ സാംസ്കാരികാന്തരീക്ഷം സ്ത്രീകളോടെങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചാണ് ജ്യോതി കെജി എഡിറ്റു ചെയ്ത അതിജീവനത്തിന്‍റെ കാലൊച്ചകൾ എന്ന പുസ്തകം സംസാരിക്കുന്നത്. ലിംഗനീതി സംബന്ധമായി സ്ത്രീ അഭിമുഖീകരിക്കുന്ന, അവൾ മറികടക്കേണ്ടുന്ന കാലിക പ്രശ്നങ്ങളെക്കുറിച്ച് സവിശേഷമായി ചർച്ച ചെയ്യുന്ന 17 ലേഖനങ്ങളുടെ സമാഹാരമാണ് അതിജീവനത്തിന്‍റെ കാലൊച്ചകൾ.

സ്ത്രീക്ഷേമപരമായ നിയമങ്ങളുടെ ആധിക്യത്തിനിടയിലും നിരന്തരമായി നീതി നിഷേധത്തിനിരയാവുന്ന സ്ത്രീകളെക്കുറിച്ച് ആശങ്കപ്പെടുന്നു മീനാക്ഷി തമ്പാന്റെ ‘തുല്യതയ്ക്കു വേണ്ടിയുള്ള സമരം’ ശക്തിപ്പെടുത്തുക എന്ന ലേഖനം. സ്ത്രീകളുടെ ജാഗ്രത, നയരൂപീകരണത്തിൽ, ഭരണ നിർവ്വഹണ രംഗത്ത് സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം തുടങ്ങി ഒരിക്കലും പ്രായോഗികതലത്തിലെത്താത്ത സ്ഥിരം ഒറ്റമൂലികളാണ് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമായി മീനാക്ഷി തമ്പാൻ മുന്നോട്ടു വെയ്ക്കുന്നത്. ജിഷമോൾ കേരളത്തിന് ആര് എന്ന സുജ സൂസൻ ജോർജിന്റെ ലേഖനമാവട്ടെ ഉപരിപ്ലവവും കക്ഷി രാഷ്ട്രീയത്തിലൂന്നിയതുമായ ബാലിശ പരാമർശങ്ങൾ കൊണ്ടാണ് സമ്പന്നമായിരിക്കുന്നത്. അസ്തമിക്കുന്ന കേരളപ്പെരുമകൾ, മാറിപ്പോയ കേരളം തുടങ്ങിയ പ്രയോഗങ്ങളിലൂടെ സ്ത്രീവിരുദ്ധതയും ഹിംസയും സമകാലികമായ പ്രശ്നങ്ങളെന്നു ലളിതവൽക്കരിക്കാനും കഴിയുന്നു. ആൺകോയ്മയുടെ ആഴത്തിലുള്ള വ്യാപനം കാലികമായി സംഭവിച്ചതല്ല. കേരളീയ സമൂഹത്തിന്‍റെ ഹിംസാ പരമായ സ്ത്രീവിരുദ്ധതയും പെട്ടന്നുണ്ടായതല്ല.

‘മതാധികാരം സ്ത്രീവിരുദ്ധമാവുമ്പോൾ’ എന്ന ആർ പാർവതീദേവിയുടെ  ലേഖനം മതത്തിന്‍റെ സ്ഥാപനവൽകൃത സ്വഭാവവും സ്ത്രീവിരുദ്ധതയും വളരെ സൂക്ഷ്മമായല്ലെങ്കിലും വിലയിരുത്താൻ ശ്രമിക്കുന്നു. ലിംഗസമത്വം ഒരു ജനാധിപത്യ മൂല്യമായി അംഗീകരിക്കപ്പെട്ട പുതിയ നൂറ്റാണ്ടിലും സ്ത്രീകൾ മതഭേദമില്ലാതെ ആൺകോയ്മയുടെ ഇരകളാണ്. അവർക്ക് പൗരോഹിത്യാവകാശങ്ങളില്ല. ലിംഗനീതിക്കു വേണ്ടി നിലകൊള്ളാതെ ഒരു മതത്തിനും മുന്നോട്ടു പോവാനാവില്ലെന്ന സമകാലിക യാഥാർത്ഥ്യം ചൂണ്ടിക്കാണിച്ചാണ് പാർവ്വതീദേവി അവസാനിപ്പിക്കുന്നതെങ്കിലും അത് എത്രത്തോളം സംഭവ്യമാണ് എന്ന ആശങ്ക അവശേഷിക്കുന്നു.

‘സമത്വത്തിലേക്ക് ഇനിയെത്ര ദൂരം’ എന്ന ശാരദക്കുട്ടിയുടെ ലേഖനം സ്ത്രീപുരുഷ ബന്ധത്തെ ഒരു രാഷ്ട്രീയ പ്രശ്നമായി വിലയിരുത്താത്ത സാമൂഹിക വ്യവസ്ഥയെയാണ് പരിശോധിക്കുന്നത്. ആദ്യത്തെ വർഗ്ഗ ചൂഷണം ലിംഗാധിപത്യത്തിലൂടെ പുരുഷൻ സ്ത്രീക്ക് മേൽ നടത്തുന്നതാണെന്നും കുടുംബമാണ് സ്ത്രീചൂക്ഷണത്തിന്‍റെ ആദി പ്രഭവകേന്ദ്രമെന്നും എംഗൽസ് വളരെ മുമ്പേ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ സ്ത്രീയുടെ അധ്വാനത്തെയും ലൈംഗികതയെയും ചൂഷണം ചെയ്യുന്ന  കുടുംബഘടന അഭംഗുരമായും അഭേദ്യമായും തുടരുന്നു. കുടുംബത്തിനുള്ളിൽ സ്ത്രീ നേരിടുന്ന സ്വത്വപ്രശ്നങ്ങൾ, യാഥാസ്ഥിതികമായ സ്ത്രീപദവി, സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ബൗദ്ധികവും ശാരീരികവും മാനസികവുമായ പലതരം ആക്രമണങ്ങൾ ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്നുണ്ട് ശാരദക്കുട്ടിയുടെ ലേഖനം.

മാനസി, ബബിതമെറീന ജസ്റ്റീൻ എന്നിവർ ചർച്ച ചെയ്യുന്ന വിഷയം സമകാലിക കേരളത്തിൽ ഏറെ വിവാദമായ ആർത്തവത്തിന്‍റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ആർത്തവത്തിന് അശുദ്ധി കൽപ്പിക്കുന്ന പാരമ്പര്യത്തെയും അനുഷ്ഠാനത്തെയും വിമർശിക്കുന്ന മാനസി യുക്തിരഹിതവും അശാസ്ത്രീയവുമായ ദുരാചാരമാണ് ആർത്തവ കാലത്തെ അശുദ്ധി സങ്കല്പമെന്നവസാനിപ്പിക്കുമ്പോൾ, സ്ത്രീവാദ മുന്നേറ്റങ്ങളുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ആർത്തവത്തിന്‍റെ  രാഷ്ട്രീയവും സാധ്യതകളും അന്വേഷിക്കുന്ന ലേഖനമാണ് ബബിതയുടേത്. ആർത്തവ രാഷ്ട്രീയം ആർത്തവവുമായി ബന്ധപ്പെട്ട നിരോധനങ്ങളിലും വിലക്കുകളിലുമുള്ള സ്ത്രീ വിരുദ്ധതയും വിദ്വേഷവും വെളിപ്പെടുത്തുന്നുണ്ട്. സൈദ്ധാന്തിക മേഖലകളിൽ നിന്ന് എല്ലാത്തരം സ്ത്രീകളുമനുഭവിക്കുന്ന വിവേചനങ്ങളുടെ പ്രായോഗിക തലത്തിലേക്കിറങ്ങി വരുന്നുവെന്നതു തന്നെയാണ് ആർത്തവ രാഷ്ട്രീയത്തിന്റെ പ്രസക്തിയും.

കേരളീയ സമൂഹത്തെ ഗാഢമായി ഗ്രസിച്ചിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ ചരിത്രവും  രാഷ്ട്രീയവും സംസ്കാരവും ആഴത്തിൽ വിശകലനം ചെയ്യുന്ന ലേഖനമാണ് രേഖാരാജിന്റെ – ‘തെറ്റുകൾ: കണ്ടു പിടിച്ചവ, കണ്ടു പിടിക്കാത്തവ.’ അമ്മ/സഹോദരി/ഭാര്യ/മകൾ തുടങ്ങിയവയൊഴികെയുള്ള ആൺ പെൺ ബന്ധങ്ങൾ അനിവാര്യമായും കിടക്കപ്പായിലേക്കെത്തുമെന്നും അതു തടയേണ്ടത് മറ്റു പുരുഷന്മാരുടെ ധാർമ്മികമായ ഉത്തരവാദിത്വമാണെന്നുമുള്ള അബദ്ധധാരണ  മലയാളിപുരുഷ മനസുകളിൽ വേരുറപ്പിച്ചിരിക്കുന്നു. ആരോഗ്യകരമായ ആൺ പെൺ സൗഹൃദങ്ങളെക്കുറിച്ചു ചിന്തിക്കാനോ ഉഭയസമ്മതപ്രകാരമെങ്കിൽ രണ്ടു പേരുടെ രതി മറ്റൊരാളെ ബാധിക്കില്ലെന്നു തിരിച്ചറിയാനോ സാധ്യമാവാത്ത വിധം അന്ധവും ജടിലവും ആകുന്നു നമ്മുടെ സദാചാരബോധം. ‘പെണ്ണുടൽ ഭേദിക്കുന്ന ശിക്ഷകൻ’ എന്ന വിയു അമീറയുടെ ലേഖനം ബലാൽക്കാരത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മാനങ്ങൾ കണ്ടെത്താനുളള ശ്രമമാണ്. ലൈംഗികവാഞ്ഛകളുടെ പൂർത്തീകരണമല്ല, അതിക്രമത്തിലൂടെയുള്ള അധികാരം നിലനിർത്തലാണ് ഓരോ ബലാൽക്കാരവും. മാനഭംഗം, മാനത്തിനു വില പറയൽ, മാനം കാക്കൽ തുടങ്ങിയ പ്രയോഗങ്ങൾ സ്ത്രീകളെ മാത്രം ലക്ഷ്യം വെയ്ക്കുന്നതിന്‍റെ അപകടവും അമീറ എടുത്തുകാട്ടുന്നു.

സ്ത്രീ ജീവിതത്തിന്‍റെ എല്ലാ അവസ്ഥാന്തരങ്ങളെയും സ്പർശിക്കുന്ന, ഷീബ ഇകെയുടെ ‘പെണ്ണ് ഒരു ചരക്കല്ല’ എന്ന ലേഖനം ഓരോ അവസ്ഥകളിലും അവളനു ഭവിക്കേണ്ടി വരുന്ന, നിരാസങ്ങൾ പീഡനങ്ങൾ,വിവേചനങ്ങൾ എന്നിവയിലേക്ക് സൂക്ഷ്മമായിത്തന്നെ കടന്നു ചെല്ലുന്നുണ്ട്. സ്ത്രീയുടെ ജീവിതം കടന്നു പോവുന്ന വ്യത്യസ്ത സന്ധികളിലെല്ലാം അവളുടെ  വസ്തുവൽക്കരണവും സാധ്യമാവുന്നു.  ആൺകുട്ടിയും പെൺകുട്ടിയും രണ്ടുതരം പൗരന്മാരായി രൂപാന്തരപ്പെടുന്നത്, ലിംഗവിവേചനത്തിന്‍റെ ദൃശ്യവും അദൃശ്യവുമായ ഇടപെടലുകൾ എന്നിവ സമഗ്രമായി കൈകാര്യം ചെയ്യുന്ന ലേഖനമാണ് ഷീബയുടേത്. കളിക്കളത്തിലും ഗാലറിയിലുമെത്താനാവാതെ ഇടയ്ക്ക് വെച്ച് തടഞ്ഞു നിർത്തപ്പെടുന്ന പെൺജീവിതത്തെക്കുറിച്ചാണ്  വിനയയുടെ കൗതുകകരമായ നിരീക്ഷണങ്ങൾ. കുഞ്ഞ് ജനിച്ചു കഴിഞ്ഞാലുടനെ അതിനെ ആണ്/പെണ്ണ് എന്ന ക്രമീകരിക്കുന്നതിലെ വ്യഗ്രത, കൃത്യമായൊരു ലിംഗപദവി അതിനാരോപിക്കുന്നതിലെ യാഥാസ്ഥിതികത്വം തുടങ്ങിയവയെക്കുറിച്ചു യുക്തിഭദ്രമായി പ്രതിപാദിക്കുന്നു വിനയ. ആദില കബീറിന്റെ ‘നവ മാധ്യമങ്ങളിലെ പെണ്ണിടങ്ങൾ’ ഏറെ പ്രസക്തമായ വിഷയമാണ്. സോഷ്യൽ മീഡിയയിലെ പെണ്ണിടങ്ങളും അതിന്റെ സാധ്യതകളും പ്രതിസന്ധികളും, മറ്റു പൊതുവിടങ്ങളെന്ന പോലെ സൈബർ സ്പെയിസിനുമുള്ള സ്ത്രീ വിരുദ്ധത,ആക്രമണോത്സുകത തുടങ്ങി ആദിലയുടെ ലേഖനം നവ മാധ്യമങ്ങളുടെ എല്ലാ മേഖലകളെയും സ്പർശിക്കുന്നുമുണ്ട്.

അതിജീവനത്തിന്‍റെ  കാലൊച്ചകൾ  സൂക്ഷ്മമായും നിശിതമായും കേരളത്തിലെ സമകാലികസ്ത്രീ ജീവിതത്തെയാണു പിന്തുടരുന്നത്. നിർമ്മിതമായ, ആരോപിതമായ സ്ത്രൈണതയുടെ അടയാളങ്ങൾ മായ്ച്ചു കളഞ്ഞ് സ്ത്രീയുടെ കർത്തൃത്വം, സ്വത്വബോധം, ലിംഗനീതി ഇവയെ സ്ഥാപിച്ചെടുക്കാനുള്ള പ്രതിരോധത്തിന്‍റെ ഭാഷയാണ് ഇതിലെ പതിനേഴു ലേഖനങ്ങളിലേറെയും ഉപയോഗിച്ചിരിക്കുന്നത്. വൈരുദ്ധ്യങ്ങളുടെയും സംഘർഷങ്ങളുടെയും ഇടമായ ലിംഗ രാഷ്ട്രീയത്തിന്‍റെ വിവേചനപ്രത്യയ ശാസ്ത്രത്തെ ചോദ്യം ചെയ്യാനുള്ള ഉൾക്കരുത്ത് അവയ്ക്കുണ്ട്.

(ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിസ ജോസ്

ജിസ ജോസ്

ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍