UPDATES

വായന/സംസ്കാരം

ആതിരാ സൈക്കിളിലേറി ഒരു പെണ്‍ സഞ്ചാരം

Avatar

ജിസാ ജോസ്

”പതുങ്ങിത്തുമ്പിച്ചിറകു തൊടാനായുന്ന കുട്ടി” യെപോലെ സൂക്ഷ്മതയോടെ, കരുതലോടെ അനുഭവങ്ങളെ പിന്തുടരുന്ന കഥകളാണ് വി എച്ച് നിഷാദിന്‍റെ ‘ആതിരാ – സൈക്കിൾ’ എന്ന സമാഹാരത്തിലുള്ളത്. നേർവഴിയിലൂടെയുള്ള യാത്രകൾ. മിതമായും സൗമ്യമായും ലോകത്തെയും ജീവിതത്തെയും നിരീക്ഷിക്കുന്നതു കൊണ്ടു മാത്രം സാധ്യമാവുന്ന സുതാര്യതയും സംയമനവും അവിടെയുണ്ട്. അതിസാധാരണതകളിൽ നിന്ന് അപരിചിതത്വങ്ങളും അപൂർവ്വതകളുമന്വേഷിക്കുന്ന രചനാകൗശലമാണ് ആതിരാ സൈക്കിളിനെ വ്യത്യസ്തമാക്കുന്നത്.

പെൺ സഞ്ചാരങ്ങളുടെ കഥകളാണ് ആതിരാ സൈക്കിളിലെ മിക്കവാറും കഥകൾ. അത് നീണ്ട യാത്രകളല്ല. പയ്യന്നൂരുനിന്ന് കണ്ണൂരു വരയൊക്കെയാണ് ഈ സ്ത്രീകൾ പരമാവധി യാത്ര ചെയ്യുന്ന ദൂരം. ചെറിയ ചെറിയ സഞ്ചാരങ്ങൾ. വളരെ ചെറിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ. പക്ഷേ ഓരോ സ്ത്രീയും ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന രീതിയിൽ അനുഭവങ്ങളെ, ജീവിതത്തെ സവിശേഷമായി ആവിഷ്കരിക്കാൻ കഴിഞ്ഞിരിക്കുന്നു. മിക്കവാറും കഥകളിൽ പുരുഷൻ ഒരു നിഷ്ക്രിയ സാന്നിധ്യമാവുന്നതിനും കൃത്യമായ രാഷ്ട്രീയമുണ്ട്. സ്ത്രീകളുടെ കഥ എന്ന് എല്ലാ അർത്ഥത്തിലും പറയാവുന്ന കഥകളാണിവ.

ദൽഹി 2013 ഡോക്യുമെന്‍റേഷൻ ശൈലി പിന്തുടരുന്ന കഥയാണ്. ദൽഹി റേപ്പ് കേസിന്‍റെയും വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലുള്ള കഥ. സമാനസംഭവങ്ങളോട്, സമകാല ജീവിതത്തോട് മധ്യവർഗ്ഗ സ്ത്രീ സമൂഹത്തിന്‍റെ പ്രതികരണങ്ങളുടെ രാഷ്ട്രീയമാണ് കഥ തിരയുന്നത്. നിഷ എന്ന ഇരുപത്തിമൂന്നുകാരി കലാപത്തിന്‍റെ കടലുകൾ ഉള്ളിൽത്തന്നെ കെട്ടി നിർത്തേണ്ടി വരുന്ന ആയിരക്കണക്കിനു  പെൺകുട്ടികളുടെ പ്രതിനിധിയാണ്. സുരക്ഷിതമായ താവളങ്ങളിലിരുന്ന് ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിക്കേണ്ടി വരുന്നവരിലൊരുവൾ. ദൽഹിയിലെ ക്ഷുഭിത യൗവ്വനങ്ങൾ തെരുവിലിറങ്ങി സ്ത്രീ നീതിക്കുവേണ്ടി ശബ്ദിക്കുമ്പോൾ നിഷയെപ്പോലെ അനേകർ ആത്മനിന്ദയോടെ ഫെയ്സ് ബുക്ക് പോസ്റ്റുകളിലും ലൈക്കുകളിലും കമന്റുകളിലും അവരുടെ വിദ്വേഷമൊതുക്കുന്നു. അക്കാദമിക് ബിരുദങ്ങളുടെ, അംഗീകാരങ്ങളുടെ, ക്രിയാത്മകമായിരുന്ന ഭൂതകാലത്തിന്റെ, നേട്ടക്കണക്കുകൾ നിരത്തിയ ബയോഡാറ്റയിൽ അവൾക്കു മാത്രം വായിക്കാവുന്ന അദൃശ്യാക്ഷരങ്ങളിൽ ‘ഒന്നിനും കൊള്ളാത്തവൾ’ എന്നുകൂടി എഴുതിയിട്ടുണ്ട് നിഷ. പ്രതികരിക്കാനാവാതെ, ലോകത്തെ മാറ്റി മറിക്കാനാവാതെ, ഇരകളോടു നിഷ്ഫലമായി സഹതപിക്കാൻ മാത്രം സാധിക്കുന്നതിലെ നിസഹായതയും ദൈന്യതയുമാണ് ദൽഹി 2013 ലുള്ളത്. എല്ലാ സ്ത്രീകളും ആത്മാവിലനുഭവിക്കുന്നത്, കാഴ്ചക്കാരിയായി മാത്രം ഒതുങ്ങി നിൽക്കാനാണവർ പരിശീലിക്കപ്പെട്ടിട്ടുള്ളത്. സ്വയം ഹിംസയോടടുപ്പമുള്ള നിഷ്ക്രിയത്വത്തിന്റെ ഭാരം താങ്ങുന്ന നിഷയും അവസാനം സമർത്ഥമായൊരു കെണിയിൽ കുരുങ്ങി ഇരയായി മാറുന്നു. സ്ത്രീയുടെ പരിധികളെക്കുറിച്ചോ  പീഢനങ്ങളെക്കുറിച്ചോ ആക്രോശങ്ങളൊന്നുമില്ലാതെ തന്നെ സമകാലീന സ്ത്രീയവസ്ഥകളെ നിശിതമായി പിന്തുടരുന്നു ഈ കഥ.

വീട്ടിൽ നിന്നു പുറത്തു കടക്കാനിച്ഛിക്കുന്ന, ‘പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ’  എങ്ങനെയായിരിക്കുമെന്നു വിസ്മയിക്കുന്ന സ്ത്രൈണ വ്യഗ്രതയുടെ ആവിഷ്കാരമാണു ആതിരാ സൈക്കിൾ എന്ന കഥ. രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം  മകന്‍റെ സൈക്കിളിൽ കയറിയുള്ള പാതിരാ സഞ്ചാരത്തിന്‍റെ കൗതുകം. പകൽ ഒരു പെണ്ണിന്‍റെ, അതും ടീച്ചറിന്‍റെ സൈക്കിൾ യാത്ര അത്രയൊന്നും സ്വീകാര്യമാവണമെന്നില്ല. രാത്രിയിലാവട്ടെ, അവൾ കാഴ്ചക്കാരുടെ മുമ്പിൽ ജിന്നായും ദേവതയായും പോലീസായും രൂപാന്തരപ്പെടുന്നു. “രാത്രികളിൽ സൈക്കിൾ എന്തെല്ലാം കാണുന്നു. എന്തെല്ലാം സാധ്യതകൾ “. വെളിച്ചത്തിലുള്ള  തുറന്ന ആത്മ പ്രകാശനങ്ങൾ വിലക്കപ്പെട്ട സ്ത്രീകളുടെ നിഗൂഢമായ മാനസിക സഞ്ചാരങ്ങളുടെ ആഖ്യാനമാണീകഥ. ഇരുട്ടും സൈക്കിൾ പോലൊരു വാഹനവും തുറന്നു തരുന്ന വിസ്മയ സാധ്യതകൾ. പക്ഷേ ഇത്തരം സഞ്ചാരങ്ങൾ നിയന്ത്രിക്കപ്പെടും. കാണാതാവുന്ന സൈക്കിൾ ആതിരയുടെ രഹസ്യ സ്വാതന്ത്ര്യത്തിന്‍റെ അവസാനം കൂടിയാണ്. ഇനി രാത്രിയാത്രകളില്ല.

ഇരട്ടപ്പെണ്ണുങ്ങളായി, അകത്തും പുറത്തും വ്യത്യസ്തരായി ജീവിക്കുന്നവരാണ് മിക്കവാറും സ്ത്രീകൾ. ജീവിതം ദേ ഇതു വഴി,  ഷൈലജയും ശൈലജയും, ഞാൻ ഒരു സ്ത്രീയായി മാറിയ ദിവസം തുടങ്ങിയ കഥകളിൽ സ്ത്രീകളുടെ ഈ ഇരട്ട ജീവിതത്തിന്‍റെ പ്രതിസന്ധിയാണു കാണുക. തന്നോടു തന്നെ കലഹിക്കുന്നവർ. ഏകാന്തതയെ അതിജീവിക്കാനുള്ള പ്രാണസഞ്ചാരങ്ങൾ. ദാമ്പത്യ ജീവിതത്തിലെ വൈരസ്യമാണ് പ്രമീളയെ മൊബൈൽ സൗഹൃദത്തിലേക്കു വശീകരിച്ചത്. പ്രണയവും സൗഹൃദവും രതിയുമെല്ലാം ഇടകലർന്ന അനവധി മെസേജുകളിലൂടെ പ്രമീള അവളുടെ വിരസത മറികടക്കുന്നു. ഒടുവിൽ മൊബൈൽ കാമുകനെ നേരിൽ കാണാനുള്ള ആസക്തിയോടെ ഓടിച്ചെല്ലുമ്പോൾ കാണുന്നത് മറ്റൊരു സ്ത്രീയെ. അവളും പ്രമീളയെപ്പോലെ  സ്നേഹ ശൂന്യമായ ദാമ്പത്യത്തിന്‍റെ  ഇരയായിരിക്കാമെന്നു പറയാതെ പറയുകയാണ് ജീവിതം ദേ ഇതുവഴി.

ഏകാന്തതയിൽ നിന്ന്, മുറിവുകളിൽ നിന്ന്, ദാരിദ്ര്യത്തിൽ നിന്ന് മോചനം തേടാനായി രണ്ടാമതൊരു ഫോൺ കൂടി വാങ്ങുന്ന ഷൈലജ യാണ് ഷൈലജയും ശൈലജയും എന്ന കഥയിലുള്ളത്.  നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതു പോലെ ആഹ്ളാദത്തോടെ അവൾ രണ്ടാമത്തെ ഫോണിന് ശൈലജ യെന്നു പേരിട്ട് പരസ്പരം സന്ദേശങ്ങളയച്ചു തുടങ്ങുന്നു. ഷൈലജയുടെ വേദനകളിൽ, ഒറ്റപ്പെടലുകളിൽ, നിരാശകളിൽ ശൈലജ തുണയും സാന്ത്വനവുമാവുന്നു. മനുഷ്യർക്കിടയിൽ വറ്റിപ്പോവുന്ന മമതയും സ്നേഹവും യന്ത്രങ്ങൾക്കിടയിൽ ഉറന്നൊഴുകുന്നതിന്‍റെ വൈരുദ്ധ്യമാണ് ഈ കഥയുടെ പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്.


വര: എന്‍ പി ഹാഫിസ് മുഹമ്മദ്

ആത്മക്ഷോഭത്തിന്റെ വൻചിറകളാണ് ഓരോ സ്ത്രീയും ഉള്ളിൽ തടഞ്ഞു നിർത്തിയിരിക്കുന്നതെന്നും പുറമേക്കു കാണുന്നതല്ല അവരുടെ യാഥാർത്ഥ്യമെന്നും വെളിപ്പെടുത്തുന്ന മറ്റൊരു കഥയാണ് ‘ഞാൻ ഒരു സ്ത്രീയായി മാറിയ ദിവസം’. മർസിയ മെഷ്കിനിയെന്ന  ഇറാനിയൻ സംവിധായികയുടെ ഇതേ പേരിലുള്ള സിനിമയിൽ നിന്നാണ് കഥയുടെ ശീർഷകം സ്വീകരിച്ചിരിക്കുന്നത്. ആബിദ പർവീൺ എന്ന പതിനേഴുകാരി നാലു തലമുറ പെൺജീവിതങ്ങളെ തന്‍റെ മൊബൈൽ കാമറയിൽ പകർത്തി ‘അവൾ’ എന്ന പേരിലൊരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. സ്വന്തം വീടിന്റെ അടുക്കളയിൽ നിന്നു തന്നെ അവൾക്ക് തന്റെ കഥാപാത്രങ്ങളെയും ലഭിക്കുന്നുണ്ട്. പക്ഷേ ഷൂട്ട് തുടങ്ങിയതോടെയാണ് അവൾ കണ്ടെടുക്കുന്ന സ്ത്രീ ജീവിതം, അധികം വൈകാതെ അവളെയും കാത്തിരിക്കുന്ന ജീവിതം, അതുവരെ അറിഞ്ഞതൊന്നുമല്ല എന്നു ആബിദയ്ക്കു മനസിലാവുന്നത്. “താനിതുവരെ എടുത്തതല്ല സിനിമ. താനിതുവരെ കരുതിയതുമല്ല യഥാർത്ഥ തിരക്കഥ. ഈ വീട്ടിലെ എല്ലാ പെണ്ണുങ്ങളും മറ്റൊരു ജീവിതം ഗൂഢമായി ജീവിക്കുന്നുണ്ട്.” സിനിമയും ജീവിതവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാവുന്നു. സ്ത്രീയുടെ ജീവിതം അവൾ മാത്രം കാണുന്ന നിഗൂഢമായൊരു സിനിമ പോലെ നാടകീയതയും അവിചാരിതങ്ങളും നിറഞ്ഞതാവുന്നു. പാരമ്പര്യത്തോട്, ബന്ധങ്ങളോട്, മൂല്യങ്ങളോട് ഒക്കെയുള്ള പ്രതിരോധത്തിന്‍റെ ചെറുത്തുനില്പിന്‍റെ അടയാളവും പ്രഖ്യാപനവുമാണ് ആബിദയുടെ സിനിമ.

തകരുന്ന പിതൃബിംബവും ബന്ധ ശൈഥില്യങ്ങളും മൂല്യബോധത്തിലെ വ്യതിചലനങ്ങളും സമകാല രചനകളിലെ തീവ്രമായ പ്രതിപാദ്യം തന്നെയാണ്. അമ്മയില്ലാത്ത സമയത്തു പുറത്തു പോകുമോ എന്ന് അച്ഛനോടുള്ള ഇ മെയിൽ, എന്ന കഥയിലെ മകളുടെ ചോദ്യത്തിന് മൂർച്ചയേറിയ അനേകം അർത്ഥ തലങ്ങളുണ്ട്. പരിമിതമായ വാക്കുകളിൽ ക്രൂരയാഥാർത്ഥ്യങ്ങൾ ധ്വനിപ്പിക്കുന്ന ‘മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്’ എന്ന കഥയും സവിശേഷമാണ്. ‘ഡയറിയുടെ ആത്മകഥ’ എന്ന കഥയും പെൺജീവിതത്തിന്‍റെ രഹസ്യാത്മകതകളിലേക്ക് എത്തി നോക്കുന്നു. ഒളിപ്പിച്ചു വെച്ച ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ തുടങ്ങിയവയുടെ നിഗൂഢ ശേഖരമാണ് സ്ത്രീകളുടെ ജീവിതം. പെൺ വിലക്കുകളെ മറികടന്ന് ചെയ്യുന്ന സാഹസങ്ങൾ ജാസ്മിൻ ഡയറിയിലെഴുതുന്നു. പക്ഷേ ആ ഡയറിക്കുറിപ്പുകൾ പരിശോധിക്കപ്പെടുമെന്നും താൻ പിടിക്കപ്പെടുമെന്നും തോന്നുമ്പോഴൊക്കെ അവളാ പേജുകൾ കീറി തലയിണയുറയ്ക്കുള്ളിൽ ഒളിപ്പിക്കും. ആ കീറിയൊളിപ്പിച്ച പേജുകൾ തുന്നിക്കൂട്ടിയുണ്ടാക്കുന്ന പുസ്തകത്തിനാണ് യഥാർത്ഥത്തിൽ ഡയറിയെന്നു പേരിടേണ്ടത്. എല്ലാ സിനിമകളും ആളുകൾക്കു കാണാനുള്ളതല്ല എന്ന് ആബിദ വിചാരിക്കുന്നതു പോലെ എല്ലാ ഡയറിക്കുറിപ്പുകളും പരസ്യ വായനയ്ക്കുള്ളതുമല്ല. ലേഡി ലൈബ്രേറിയൻ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തിക്കഥ തുടങ്ങിയ കഥകളിലും സ്വന്തം വഴികൾ സ്വയം തെരഞ്ഞെടുക്കുന്ന അതേ വഴിയിലൂടെ തങ്ങളുമായി ബന്ധമുള്ള പുരുഷന്മാരെയും നടത്തിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കണ്ടെത്താം.

സാമൂഹികവും സാംസ്കാരികവുമായ സമ്മർദ്ദങ്ങളുടെ ഇരകളാവുന്ന, പക്ഷേ മിക്കപ്പോഴും അതിനെ അതിജീവിക്കുന്ന പെൺജീവിതങ്ങളാണ് ആതിരാ – സൈക്കിളിലെ കഥകളിലുള്ളത്. സ്ത്രീയവസ്ഥകളുടെ സങ്കീർണതകളുടെ  നിസഹായതകളുടെ, ഏകാന്തതകളുടെ ആഖ്യാനം. ജീവിതം ഒരു കൊച്ചുവിളക്കു പോലെ അത്ര പെട്ടന്നങ്ങു കെടുത്തിക്കളയാനുള്ളതല്ല എന്നു രണ്ട് ഏകാന്തതകൾ എന്ന കഥയിലെ ദിവ്യയെപോലെ തന്‍റെടത്തോടെ ലോകത്തെ അഭിമുഖീകരിക്കുന്നവരുടെ വേറിട്ട ലോകമാണ് ഈ കഥകളിൽ തെളിയുന്നത്.

(ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍