UPDATES

‘മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യ, ജീവിതം കൊണ്ട് ജയിക്കണം’; സിഇടിയില്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം

What is your opinion about reservation for students in CET? ഈ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ആതിരയുടെ വിദ്യാഭ്യാസ ജീവിതം തകിടം മറിച്ചത്

ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; എന്നാലത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം. ഇതൊരു ജനാധിപത്യരാജ്യമല്ലേ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിരി വരുന്നു, ഇതേ രാജ്യത്തു തന്നെയല്ലേ ‘എന്റെ ജനനമാണ് എന്റെ മരണകാരണം’ എന്നു പറഞ്ഞു രോഹിത് വെമൂല ആത്മഹത്യ ചെയ്തത്. പക്ഷേ ഞാനവഴി തെരഞ്ഞെടുക്കില്ല. മരിച്ചാല്‍ ഞാന്‍ തോല്‍ക്കും…

ആതിര എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ഈ വാക്കുകളില്‍, ഊരാളി എന്ന ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍പ്പെട്ട ഈ പെണ്‍കുട്ടി അനുഭവിക്കുന്ന പ്രശ്‌നം വ്യക്തമാകുന്നുണ്ട്. രോഹിത് പറഞ്ഞതും, ഇന്ത്യയിലെ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ നേരിടുന്നതുമായ, അതേ പ്രശ്‌നം; ജനിച്ചുപോയ ജാതി, വളര്‍ന്നു വന്ന സാഹചര്യം ഇതെല്ലാം തന്നെയാണ് ആതിരയുടെയും പ്രശ്‌നം.

ഇടുക്കി വണ്ടിപ്പെരിയാറിലെ വഞ്ചിവയലില്‍ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാളാണ് ആതിര. ജീവിതം കഷ്ടപ്പാടാണെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച അച്ഛനമ്മമാര്‍ വഞ്ചിവയലില്‍ സ്‌കൂള്‍ ഇല്ലാതിരുന്നിട്ടും ആതിരയെ വാളാടിയിലെ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. ഒന്നും രണ്ടും ക്ലാസുകള്‍ അവിടെ പഠിച്ചശേഷം മൂന്നു മുതല്‍ അഞ്ചുവരെ അമരാവതി സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. അവിടെ വച്ച് എം ആര്‍ എസ് (മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍) പ്രവേശനം നേടി. പത്താംക്ലാസ് പൂര്‍ത്തിയാകുന്നവരെ ഇടുക്കിയില്‍ എംആര്‍എസില്‍ പഠിച്ചു. ഹയര്‍സെക്കന്‍ഡറി ആയപ്പോള്‍ അവിടെ നിന്നും തിരുവനന്തപുരം അംബേദ്കര്‍ സ്‌കൂളിലേക്ക് അയച്ചു. അവിടെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കോച്ചിംഗും നല്‍കിയിരുന്നു. സകൂളില്‍ നിന്നു തന്നെ എന്‍ട്രന്‍സ് പരീക്ഷയ്ക്കും പങ്കെടുപ്പിച്ചു. എഞ്ചിനീയറിംഗിനു കിട്ടിയാല്‍ സിഇടി (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്) യില്‍ പോണമെന്നായിരുന്നു ആതിരയുടെ ആഗ്രഹം. അവിടെ കിട്ടിയില്ലെങ്കില്‍ മറ്റൊരിടത്തും ശ്രമിക്കേണ്ട, പകരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്കു പോകാനായിരുന്നു തീരുമാനം.

യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശനം ശരിയായ സമയത്താണ് എഞ്ചിനീയറിംഗ് പഠനം എന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമായത്. അതും സിഇടിയില്‍. റാങ്കില്‍ പിന്നില്‍ ആയിരുന്നെങ്കിലും റിസര്‍വേഷന്‍ കാറ്റഗറിയില്‍ പ്രവേശനം സാധ്യമായി. ഫോര്‍ത്ത് അലോട്ട്‌മെന്റില്‍ ഫസ്റ്റ് ഓപ്ഷനായി വച്ചിരുന്ന ഇലക്‌ട്രോണിക്‌സില്‍ തന്നെ ആതിരയ്ക്ക് അഡ്മിഷന്‍ കിട്ടി. ആഗ്രഹിച്ച വഴിയിലൂടെ നടക്കാന്‍ കഴിയുന്നതിന്റെ സന്തോഷവുമായാണ് ആതിര സിഇടിയിലേക്ക് എത്തിയത്.

റിസര്‍വേഷന്‍കാര്‍ എന്നും പിറകില്‍ തന്നെ
2014 ല്‍ ആണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ചേരുന്നത്. റിസര്‍വേഷന്‍ ഉള്ളതുകൊണ്ടു തന്നെയാണു പ്രവേശനം കിട്ടിയത്. അതുപക്ഷേ ആരുടെയെങ്കിലും ഔദാര്യം ആണെന്നു ഞാന്‍ കരുതിയില്ല. പിറകില്‍ നിന്നാണു വരുന്നതെങ്കിലും അവിടെ നിന്നും മുന്നേറണമെന്നതു തന്നെയായിരുന്നു വാശി. ഒരുപാടു കാശുകൊടുത്തു എന്‍ട്രന്‍സ് കോച്ചിംഗിനൊന്നും പോകാന്‍ എന്നെപോലുള്ള കുട്ടികള്‍ക്കു വഴിയില്ല. എന്നാല്‍ അത്തരത്തില്‍ പരിശീലിനം കിട്ടിവരുന്ന കുട്ടികളോടുമായിട്ടുവേണം ഞങ്ങള്‍ക്കു മത്സരിക്കാനും. അതുകൊണ്ടാണ് പലപ്പോഴും എന്നെപ്പോലുള്ളവര്‍ക്ക്, ആഗ്രഹമുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ പടികള്‍ ചവിട്ടാന്‍ കഴിയതെപോകുന്നത്. അവിടെ തുണയാകുന്നതാണ് റിസര്‍വേഷന്‍ സംവിധാനം. റിസര്‍വേഷനില്‍ വന്നതുകൊണ്ട് ഒരു കുട്ടിയും ഒരു കോഴ്‌സും വിജയിച്ചു പുറത്തിറങ്ങണമെന്നില്ല. പരീക്ഷകള്‍ പാസാകണമെങ്കില്‍ പഠിക്കുക തന്നെ വേണം. കഴിവു തന്നെയാണു പ്രധാനം. എന്നാല്‍ റിസര്‍വേഷന്‍ വിദ്യാര്‍ത്ഥികളെ പലപ്പോഴും കഴിവിന്റെ മാനദണ്ഡത്തില്‍ വിലയിരുത്താന്‍ അധ്യാപകരെ സഹപാഠികളോ പോലും തയ്യാറാകില്ല. ഒരുതരം അവഗണന ഞങ്ങള്‍ക്കുനേരെയുണ്ടാകും. അര്‍ഹതിയില്ലാത്തിടത്ത് കയറിക്കൂടി വന്നവരായി ഞങ്ങളെ കാണുന്നു.

ഇങ്ങനെയൊരു അവഗണനയുടെ ഇരയാവുകയായിരുന്നു ഞാനും. പിറകില്‍ നിന്നും വന്നൊരാളല്ലേ, അതുകൊണ്ട് പിറകില്‍ തന്നെ നില്‍ക്കണ്ട എന്നു കരുതിയാണ് ക്ലാസില്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ ആഗ്രഹിച്ചത്. പക്ഷേ അതില്‍ തന്നെ നേരത്തെ പറഞ്ഞ അവഗണന എനിക്കു നേരിടേണ്ടി വന്നു. ഓരോ ബാച്ചിനും ഒരു സ്റ്റാഫ്  അഡ്വൈസര്‍ ഉണ്ടാകും. ഞങ്ങളുടെ സ്റ്റാഫ് അഡ്വൈസറുടെ ആദ്യ ഉപദേശം ക്ലാസിലെ റിസര്‍വേഷന്‍ വിദ്യാര്‍ത്ഥികളോടായിരുന്നു. ഇങ്ങനെ വരുന്ന കുട്ടികള്‍ പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ നന്നായി പഠിക്കണമെന്നുമുള്ള ആ ഉപദേശത്തിനു പിന്നിലെ വികാരം എന്തായിരുന്നുവെന്നു അധികമൊന്നും ആലോചിക്കേണ്ടതില്ലായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന എന്നെയും മറ്റൊരു കുട്ടിയേയും (അവളും എന്നെപ്പോലെ റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെട്ട കുട്ടിയായിരുന്നു) അവിടെ നിന്നും മാറ്റിയിരുത്തിയതിലൂടെ തന്നെ ഞങ്ങളോടുള്ള വിവേചനം വ്യക്തമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ മാനസികമായി തകര്‍ക്കാന്‍ ഇതിലും മികച്ച ഉപായം വേറെയില്ലല്ലോ. ഞങ്ങളുടെ സ്ഥാനം എവിടെയാണെന്നു ബോധ്യപ്പെടുത്തുന്നതുപോലെ.

ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇന്റേണല്‍ മാര്‍ക്ക് എന്ന വജ്രായുധം വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ എങ്ങനെയാണു പ്രയോഗിക്കുന്നതെന്നതിന് ഇപ്പോള്‍ കുറെ അനുഭവങ്ങള്‍ പുറത്തുവരുന്നുണ്ടല്ലോ. അതിന്റെ ഇരയാകേണ്ടി വന്നവരില്‍ ഒരാളാണു ഞാനും. ഇന്റേണല്‍ മാര്‍ക്ക് മിനിമം 35 ആണെങ്കിലും എനിക്ക് തന്നത് 28. ആദ്യം ഇട്ടത് അതിലും കുറച്ചായിരുന്നു. എനിക്കൊപ്പമുള്ള കുട്ടിക്ക് കൃത്യം 35 കൊടുത്തെങ്കിലും എനിക്കുമാത്രം ആവശ്യം വേണ്ട മാര്‍ക്ക് തരാന്‍ സ്റ്റാഫ് അഡ്വൈസര്‍ തയ്യാറായില്ല. ഞാന്‍ പക്ഷേ അതേക്കുറിച്ച് ചോദിക്കാനൊന്നും പോയില്ല. ഇന്റേണല്‍ കുറവാണെങ്കിലും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ വിജയിക്കാന്‍ പറ്റുമല്ലോ എന്ന വാശിയായിരുന്നു. വിജയിക്കുമെന്നു തന്നെയായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ഇന്റേണല്‍ മാര്‍ക്കിന്റെ അഭാവം കൊണ്ട് എഴു സബ്ജക്ടുകള്‍ എനിക്ക് സപ്ലി വന്നു. ഞാന്‍ റിവാല്യൂവേഷനു കൊടുത്തു. മൂന്നു സബ്ജക്റ്റുകള്‍ മാത്രമെ റീവാല്യുഷേനു നല്‍കാന്‍ കഴിയൂ എന്ന തെറ്റിദ്ധാരണകൊണ്ടാണു ഞാന്‍ ഏഴും കൊടുക്കാതിരുന്നത്. പക്ഷേ റിവാല്യൂവേഷനു കൊടുത്ത സബ്ജക്ടുകളില്‍ എല്ലാം ഞാന്‍ വിജയിച്ചു. ബാക്കിയുള്ളവയില്‍ രണ്ടെണ്ണം സപ്ലിയെഴുതി ജയിച്ചു.

എന്റെ പരാജയങ്ങള്‍ക്ക് ഞാനല്ല ഉത്തരവാദിയെന്നു തോന്നി. മറ്റരുടെയൊക്കെയോ ബോധപൂര്‍വമുള്ള ഇടപെടല്‍ പോലെ. അങ്ങനെയൊരു തോന്നല്‍ ഉണ്ടായതാണു Cetiasn എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ (സിഇടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെ ആ ഗ്രൂപ്പില്‍ ഉണ്ട്) ഒരു പോസ്റ്റ് ഇടാന്‍ പ്രേരണയായത്. What is your opinion about reservation for students in CET? എന്നായിരുന്നു ആ പോസ്റ്റ്. മനസില്‍ തട്ടി തന്നെയാണ് അങ്ങനെ ചോദിച്ചത്. പക്ഷേ അതുവളരെ വലിയൊരു അപരാധമായി പോയി എന്നതുപോലെയായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍ എന്ന തോന്നിപ്പിച്ചത്.

എന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ എല്ലാം വിയോജിച്ചുകൊണ്ടുള്ളതായിരുന്നു. ചിലര്‍ ഉപദേശിച്ചു, ചിലര്‍ വഴക്കിട്ടു. എല്ലാവരുടെയും കണ്ണില്‍ ഞാന്‍ അക്ഷന്തവ്യമായ ഏതോ അപരാധം ചെയ്തതെന്നപോലെ. അധ്യാപകരില്‍ പലരും എന്റെ പ്രവര്‍ത്തി ധിക്കാരപരമായി കണ്ടു. സഹപാഠികള്‍ പോലും എന്നെ മനസിലാക്കാന്‍ തയ്യാറായില്ല. 400 ഓളം പേര്‍ താമസിക്കുന്ന കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ഞാന്‍ ഒറ്റപ്പെട്ടു. സീനിയേഴ്‌സ് ആയ ചേച്ചിമാര്‍ ഉപദേശരൂപേണയും ചോദ്യം ചെയ്യുന്ന ഭാവത്തിലും എന്റെ തെറ്റ് വ്യക്തമാക്കാന്‍ ശ്രമിച്ചു. ഇത്രയായിട്ടും തങ്ങളാരും ആ ഗ്രൂപ്പില്‍ പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല എന്ന തരത്തില്‍ താക്കീതുകള്‍. അവരെല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നതുപോലെ. ഹോസ്റ്റല്‍ വാര്‍ഡനു മുന്നിലും ഞാന്‍ അഹങ്കാരിയായ ഒരു പെണ്‍കുട്ടിയായി മാറി. എന്നാല്‍ ഇതൊന്നും വീട്ടില്‍ അറിയിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കാരണം, അവര്‍ പേടിക്കും. എന്നെ വന്നു കൂട്ടിക്കൊണ്ടുപോകും. പഠനം മുടങ്ങും. എന്നാല്‍ ഭയന്നതാണു നടന്നത്. വാര്‍ഡന്‍ തന്നെ വീട്ടുകാരെ വിളിച്ചു. എനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണു വാര്‍ഡന്‍ വീട്ടുകാരെ അറിയിച്ചത്. പിറ്റേദിവസം ഇടുക്കിയില്‍ നിന്നും വണ്ടിയും വിളിച്ചു അച്ഛനും അമ്മയും എത്തി. അവര്‍ വാര്‍ഡനെ കണ്ടു സംസാരിച്ചു. പിന്നെ സ്റ്റാഫ് അഡ്വൈസറുടെ അടുക്കലേക്കു പോയി. എന്നെ വെളിയില്‍ നിര്‍ത്തിയാണു സ്റ്റാഫ് അഡൈ്വസര്‍ അച്ഛനോടും അമ്മയോടും സംസാരിച്ചത്. സംസാരം കഴിഞ്ഞു പുറത്തിറങ്ങിയ അമ്മയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അമ്മ കരഞ്ഞിട്ടുണ്ടെന്നു മനസിലായി. പുസ്തകങ്ങളും തുണികളുമെല്ലാം എടുത്തു കൂടെപ്പോന്നാളാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്.

കഴക്കൂട്ടത്ത് എന്റെയൊരു അമ്മാവനുണ്ട്. ആദ്യം അവര്‍ എന്നെ അവിടെയുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തുകൊണ്ടുപോയി. സ്റ്റാഫ് അഡ്വൈസറും വാര്‍ഡനുമൊക്കെ എന്നെ കുറിച്ച് ഏതുതരത്തിലുള്ള ചിത്രമാണ് അച്ഛനും അമ്മയ്ക്കും കൊടുത്തിരിക്കുന്നതെന്ന് അപ്പോളെനിക്കു മനസിലായി. പക്ഷേ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സ്വന്തം മാതാപിതാക്കള്‍ പോലും തയ്യാറായില്ല. കാരണം അവര്‍ അധ്യാപകരെ ദൈവത്തിനു തുല്യം ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ളിടത്ത് എന്റെ വാക്കുകള്‍ക്ക് വിലയില്ല. പക്ഷേ പരിശോധിച്ച ഡോക്ടറോടു എനിക്കു സംസാരിക്കാന്‍ കഴിഞ്ഞു. എന്നെ മനസിലായിട്ടോ എന്തോ അദ്ദേഹം മരുന്നുകളൊന്നും കുറിച്ചു തരാതെയാണ് അച്ഛനമ്മമാര്‍ക്കൊപ്പം എന്നെ യാത്രയാക്കിയത്. പക്ഷേ ഞാന്‍ വീണ്ടും മറ്റൊരു ഡോക്ടറുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം എനിക്കെന്തോ അസുഖം കണ്ടുപിടിച്ചു. ഹൈപ്പര്‍ ആക്ടീവ് ആണു ഞാനെന്നു സ്ഥിരീകരണം. മരുന്നുകള്‍ കുറിച്ചു. കൂടുതല്‍ പരിശോനയ്ക്കു മറ്റൊരു ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നു കട്ടപ്പനയിലെ മിഷന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. കുറെ മരുന്നുകള്‍. ആ മരുന്നുകള്‍ എന്നെ മയക്കത്തിലേക്കു തള്ളിവീഴ്ത്തി. ഒന്നു രണ്ട് ആഴ്ചയോളം ഏതാണ്ട് പൂര്‍ണസമയവും ഉറക്കത്തില്‍ തന്നെയായിരുന്നു. സൈക്യാട്രിസ്റ്റുകളെ വിശ്വാസം പോരാഞ്ഞിട്ടാകാം, ജോത്സ്യന്മാരുടെ സഹായവും എന്റെ മാതാപിതാക്കള്‍ തേടി. കുറെ കാശ് ആ വഴി പോയി. എന്റെ ഓര്‍മകള്‍ നഷ്ടപ്പെട്ടു പോകുന്നതുപോലെ എനിക്കു തോന്നി. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ സൗകര്യമില്ല. എന്റെ ഫോണ്‍ എവിടെയോ മാറ്റിവച്ചിരിക്കുകയാണ്. ഒടുവില്‍ ഡയറിയാണ് തുണയായത്. അതില്‍ ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും കുറിച്ചുവയ്ക്കുമെങ്കിലും അതെല്ലാം എന്റെതായൊരു ഭാഷയിലായിരുന്നു. മറ്റൊരാള്‍ വായിച്ചാല്‍ മനസിലാകണമെന്നില്ല. ആ ഡയറി താളുകളില്‍ നിന്നാണ് ഞാന്‍ എത്തിപ്പെട്ടിരിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ മനസിലാക്കിയെടുക്കുന്നത്.

നിഷേധിക്കപ്പെടുന്ന അവകാശം
പഠനം മുടക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. വീട്ടുകാരുടെ മുന്നില്‍ നിര്‍ബന്ധം പിടിച്ചതോടെ അവര്‍ വീണ്ടും കോളേജില്‍ കൊണ്ടുവന്നു വിട്ടു. 2015 നൊടുവിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. 2016 ജനുവരി ആദ്യം മൂന്നാം സെമസ്റ്ററിന്റെ റഗുലര്‍ പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കണമായിരുന്നു. വീട്ടുകാര്‍ അതടച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനാല്‍ പരീക്ഷ എനിക്ക് എഴുതാന്‍ കഴിഞ്ഞു. എസ് 3 യുടെ ഇടയ്ക്കായിരുന്നു എസ്എസ്2 സപ്ലികളുടെ പരീക്ഷയും. പരീക്ഷ കഴിഞ്ഞാണു റീവാല്യുവേഷന്‍ ഫലം വന്നത് അതിനാല്‍ സപ്ലി എക്‌സാമിനു വേണ്ടി ഫീസ് അടച്ച വഴിയും എനിക്കു കുറച്ചു പണം നഷ്ടമായി.
വീണ്ടും കോളേജില്‍ എത്തിയപ്പോഴും നേരത്തെ എന്നോട് എങ്ങനെയായിരുന്നോ ഇവിടെ നിന്നുള്ള പെരുമാറ്റം അതുതന്നെയായിരുന്നു തുടര്‍ന്നും ഉണ്ടായത്. ആരും എന്നോട്ടു മിണ്ടാന്‍ തയ്യാറാവുന്നില്ല. എല്ലാവരുമായി വളരെ അടുത്ത് ഇടപഴകിയിരുന്ന ഒരാളെന്ന നിലയില്‍ പിന്നീടുണ്ടായ ഒറ്റപ്പെടുത്തല്‍ തങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒരുദിവസം ഞാന്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോയി. കഴക്കൂട്ടത്തുള്ള അമ്മാവന്റെ വീട്ടിലേക്കാണു പോകാന്‍ ഉദ്ദേശിച്ചതെങ്കിലും വെറുതെ നഗരത്തിലൂടെ നടന്നു. ഇതേസമയം ഞാന്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോയെന്ന രീതിയില്‍ അന്വേഷണം തുടങ്ങിയിരുന്നു. രാത്രി ഒമ്പതു മണിക്കു മുന്നേ തിരിച്ചെത്തിയതിനാല്‍ ആര്‍ക്കും എനിക്കെതിരേ നടപടിയെടുക്കാനൊന്നും കഴിഞ്ഞില്ല.
പക്ഷേ വീണ്ടും എന്റെ വീട്ടുകാരെ വിവരമറിയിച്ചു. സ്റ്റാഫ് അഡ്വൈസര്‍  വീട്ടില്‍ പറഞ്ഞത് ഞാന്‍ മുന്‍വര്‍ഷങ്ങളിലെ പല പരീക്ഷകള്‍ക്കും പരാജയപ്പെട്ടതാണെന്നും ഇനി എഴുതാന്‍ പോകുന്ന പരീക്ഷകളില്‍ എല്ലാം തന്നെ പരാജയപ്പെടുമെന്നും ആയിരുന്നു. അതുകൊണ്ട് ഇനിയും തുടര്‍ന്നു പഠിക്കുന്നതില്‍ കാര്യമില്ലെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചു. എസ്3 യുടെ റിസള്‍ട്ട് വന്നിട്ടുപോലുമില്ല, അതിനു മുന്നേ എനിക്കു സമ്പൂര്‍ണ തോല്‍വി പ്രവചിക്കാന്‍ സ്റ്റാഫ് അഡ്വൈസര്‍ക്കു സാധിച്ചു. പക്ഷേ അവരുടെ വാക്കുകള്‍ പൂര്‍ണമായി ഫലിച്ചില്ല. കഴിച്ച മരുന്നുകളുടെ എഫക്ട് വിട്ടുപോകാത്ത അവസ്ഥയിലും ഞാന്‍ എഴുതിയ പരീക്ഷകളില്‍ പരാജയപ്പെട്ടത് മൂന്നു പേപ്പറുകള്‍ക്കുമാത്രമായിരുന്നു. പക്ഷേ ടീച്ചര്‍മാരുടെ വാക്കുകളില്‍ വിശ്വസിച്ച മാതാപിതാക്കള്‍ എന്നെ വീണ്ടും വീട്ടിലേക്കു കൊണ്ടുപോയി. സിഇടിയില്‍ തുടര്‍ന്നു പഠിക്കേണ്ട നിലപാടായിരുന്നൂ വീട്ടില്‍. ഡിഗ്രിക്കു പോയാല്‍ മതിയെന്നായിരുന്നു തീരുമാനം. എംജി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളേജില്‍ മാത്സിനു ചേരാന്‍ തയ്യാറെടുക്കുന്നത് അങ്ങനെയാണ്. ഈ സമയത്താണ് നാലാം സെമസ്റ്ററിലെ ഞങ്ങളുടെയൊരു അധ്യാപിക എന്നെ ഫോണ്‍ ചെയ്യുന്നത്. ഞാന്‍ പെര്‍മനന്റ് ആയി ആബ്‌സന്‍സ് ആയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണു മാഡം വിളിച്ചത്. പഠനം നിര്‍ത്തരുതെന്നും വെല്ലുവിളികള്‍ നേരിടണമെന്നും കിട്ടിയ അവസരം കളഞ്ഞിട്ടുപോകരുതെന്നും ടീച്ചര്‍ ഉപദേശിച്ചു. ടീച്ചര്‍ സംസാരിച്ചതോടെ വീട്ടുകാരും അയഞ്ഞു.

പക്ഷേ പ്രതിസന്ധികള്‍ എനിക്കു മുന്നില്‍ ശക്തമായിരുന്നു. സിഇടി ഈ സമയം കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ആയി കഴിഞ്ഞിരുന്നു. എനിക്കു വീണ്ടും സിഇടിയില്‍ പഠിക്കണമെങ്കില്‍ ഒന്നാം സെമസ്റ്റര്‍ മുതല്‍ വീണ്ടും തുടങ്ങണമെന്നായിരുന്നു നിബന്ധന. അതായത് രണ്ടുവര്‍ഷത്തോളം എനിക്ക് വെറുതെ നഷ്ടമാകും. ആ നിബന്ധന അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. അപ്പോള്‍ അവര്‍ മറ്റൊരു നിര്‍ദേശംവച്ചു. ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും പരീക്ഷകള്‍ വീണ്ടും എഴുതിയെടുത്താല്‍ 2016 ഓഗസ്റ്റില്‍ വീണ്ടും അഡ്മിഷന്‍ തരാമെന്ന്. പക്ഷേ ആ പരീക്ഷകള്‍ സമയത്ത് നടന്നില്ല. അതുകൊണ്ട് ഓഗസ്റ്റില്‍ പ്രവേശനം നേടാനും കഴിഞ്ഞില്ല. പിന്നീട്, വിദ്യാഭ്യാസ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എ തുടങ്ങി പലരേയും കണ്ടു ഞാനെന്റെ ആവശ്യം അവതരിപ്പിച്ചു. എന്നാല്‍ ഓട്ടോണിമസ് സ്ഥാപനമായ സര്‍വകലാശാല എനിക്കു പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചത്. രണ്ടു സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിക്കു പഠിക്കാന്‍ സാധ്യമല്ലെന്നു വി സി വാദിച്ചു (ഞങ്ങളുടേത് കേരള സര്‍വകലാശാലയുടെ അവസാന ബാച്ചായിരുന്നല്ലോ). സ്വന്തമായ റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സോ പോളിസികളോ ഇല്ലാത്ത സര്‍വകലാശാലയാണ് ഇപ്പോഴും സാങ്കേതിക സര്‍വകലാശാലയെന്നു എനിക്കു തോന്നുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രശ്‌നവുമായി സര്‍വകലാശാലയെ സമീപിച്ചാല്‍ അകാദമിക്ക് കൗണ്‍സിലൊക്കെ കൂടി തീരുമാനം എടുത്തുവരുമ്പോഴേക്കും ആ വിദ്യാര്‍ത്ഥി ഇയര്‍ ഔട്ടായിരിക്കും. അത്തരം ഉദാഹരണങ്ങള്‍ പലതുണ്ട്. ആറാം സെമസ്റ്ററായ ഒരു വിദ്യാര്‍ത്ഥി ഏതെങ്കിലും കാരണത്താല്‍ അവധിയില്‍ പോകേണ്ടി വന്നാല്‍ വീണ്ടും എസ്1 ല്‍ പോയി ഇരിക്കണമെന്നു പറഞ്ഞാല്‍ അതൊരു വിദ്യാര്‍ത്ഥിയുടെ അവകാശം നിഷേധിക്കലല്ലേ? എതത്ര വര്‍ഷങ്ങളാണ് ആ കുട്ടിക്ക് നഷ്ടമാകുക? അതു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്.

പിന്നെയും നിര്‍ഭാഗ്യം എന്റെ കാര്യത്തില്‍ സംഭവിച്ചു. സര്‍വകലാശാല പുതിയ നിയമം കൊണ്ടുവന്നു, ആബ്‌സന്‍സോ മറ്റു പ്രശ്‌നങ്ങളോട സംഭവിച്ചു സമയം നഷ്ടപ്പെട്ടു പോയ ഓള്‍ഡ് സെമസ്റ്റര്‍കാര്‍ക്കും ഈവന്‍ സെമസ്റ്റര്‍കാര്‍ക്കും വര്‍ഷം നഷ്ടപ്പെടാതെ തന്നെ വീണ്ടും പ്രവേശനം നല്‍കാമെന്നു തീരുമാനിച്ചപ്പോഴേക്കും എന്റെ അഡ്മിഷനുള്ള സമയം കഴിഞ്ഞുപോയിരുന്നു. തുടര്‍ന്നു ചെയ്യാവുന്ന ഒരേയൊരു കാര്യം സിഇടിയില്‍ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരു കോളേജില്‍ പോവുക എന്നതായിരുന്നു. ട്രാന്‍സ്ഫര്‍ വാങ്ങുവാണെങ്കില്‍ ഇടുക്കിയിലെ ഗവ.എന്‍ജിനീയറിങ് കോളേജിലേക്ക് മതി എന്നായിരുന്നു എന്റെ നിലപാട്. എന്നാല്‍ മിസ് ആണ് കാര്യവട്ടം എന്‍ജിനീയറിങ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എന്നെ നിര്‍ബ്ബന്ധിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ട്രാന്‍സ്‌ഫെറിന് അപേക്ഷ കൊടുക്കുന്നത്.

ഇടുക്കിയിലെ കോളേജ് സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ആയതിനാല്‍ അവിടെ അഡ്മിഷന്‍ കിട്ടിയാലും ഒന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കേണ്ടിരുമെന്നും തിലും നല്ലതു കാര്യവട്ടത്തു ചേരുന്നതാണെന്നും മിസ് ഓര്‍മിപ്പിച്ചു. കാര്യവട്ടത്തു ഫോര്‍ത്ത് സെമസ്റ്ററില്‍ എനിക്കു പ്രവേശനം കിട്ടും.

പക്ഷേ മൂന്നുമാസത്തോളമായി ട്രാന്‍സ്ഫര്‍ ഓഡറിനായി ഞാന്‍ അലയുന്നു. വിദ്യാഭ്യാസമന്ത്രിയുടെ പി എ യെതൊട്ട് പലരെയും കണ്ടു. പക്ഷേ ഫയലുകള്‍ ഒച്ചിഴയുന്ന വേഗതയിലാണു നീങ്ങുന്നത്. ആദ്യം എന്റെ ട്രാന്‍സ്ഫര്‍ ഓഡര്‍ അംഗീകരിക്കാനായി വൈസ് ചാന്‍സിലര്‍ക്ക് നേരിട്ടാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അയച്ചുകൊടുത്തത്. എന്നാല്‍ വി സി അംഗീകരിച്ചില്ല. പിന്നെ സിന്‍ഡിക്കേറ്റ് കമ്മിറ്റിക്ക് അയച്ചു. അങ്ങനെ തന്നെ ഒരു മാസം നഷ്ടപ്പെട്ടു. സിന്‍ഡിക്കേറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയശേഷം അവരിപ്പോള്‍ അഫിലിയേറ്റ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ആദ്യം പറഞ്ഞത് ഫെബ്രുവരി ആറിനു ട്രാന്‍സ്ഫര്‍ നല്‍കുമെന്നായിരുന്നു. ഇപ്പോള്‍ പറയുന്നു. പത്താം തീയതി കഴിഞ്ഞു പറയാമെന്ന്.

സിഇടിയിലെ ഹോസ്റ്റലിലേക്ക് ഞാന്‍ തിരിച്ചു പോയപ്പോള്‍ ഡിപ്രഷന്‍ ആയ പിള്ളേര്‍ക്ക് ഇവിടെ നില്‍ക്കാന്‍ പറ്റില്ലാ എന്നു വാര്‍ഡന്‍ പറഞ്ഞു ഇറക്കി വിട്ടു. ഞാന്‍ ഇപ്പോഴും ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തിട്ടില്ല, ഹോസ്റ്റലിലെ അന്തേവാസി ആണ്. എന്നാല്‍ എനിക്ക് അവിടെ നില്‍ക്കാനും പറ്റില്ല. ഞാന്‍ ഇപ്പോള്‍ പുറത്തെ ഒരു പ്രൈവറ്റ് ഹോസ്റ്റലില്‍ ആണ് നില്‍ക്കുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെ കുറ്റപ്പെടുത്തിയോ അവിടെയുള്ള എല്ലാ അധ്യാപകരും മോശക്കാരാണെന്നോ പറയാനല്ല എന്റെ വിഷയം ഞാന്‍ പറഞ്ഞത്. ചിലര്‍ ഉണ്ട്, എല്ലായിടത്തുമെന്നപോലെ മനുഷ്യരെ വേര്‍തിരിച്ചു കാണുന്നവരായിട്ട് സിഇടിയിലും. അവരുടെ ശ്രമഫലമായാണ് ഞാനിപ്പോള്‍ ഈ അവസ്ഥയില്‍ എത്തിയത്. ഞാന്‍ എന്തുതെറ്റാണ് ചെയ്തതെന്നു മനസിലായിട്ടില്ല. പഠിക്കാന്‍ ആഗ്രഹിച്ചതോ? അതോ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതോ?

രോഹിത് വെമൂലയ്ക്ക് കടന്നുപോകേണ്ടി വന്ന സാഹചര്യങ്ങള്‍ ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നൂവെന്നതിന് ഉദാഹരണമാണ് ഞാനും. പക്ഷേ ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യാ, ജീവിതം കൊണ്ട് ജയിക്കണം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍