UPDATES

ട്രെന്‍ഡിങ്ങ്

ആതിര ഒറ്റപ്പെട്ട അനുഭവമല്ല; ഐഐറ്റിയിലടക്കം ഇതാണ് യാഥാർത്ഥ്യം

കുടുതൽ അറിയണം എന്നുണ്ടെങ്കില്‍ നേരിട്ട് ബോധ്യമുള്ള ഈയുള്ളവനോട് ചോദിക്കാവുന്നതാണ്

ഇടുക്കി സ്വദേശിയായ ആദിവാസി പെണ്‍കുട്ടി ആതിരയുടെ കഥ മാധ്യമങ്ങളില്‍ കൂടി വായിച്ചറിയാന്‍ ഇടയായി. തിരുവനന്തപുരം CET എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ആ പെണ്‍കുട്ടിക്ക് ആദ്യ വര്‍ഷത്തെ ഹാജര്‍നിലയുടെയും മറ്റും കാരണത്താല്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിതിയായിരുന്നു. സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ടും ഒപ്പം നിന്ന ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ പ്രവര്‍ത്തനം കൊണ്ടും ആതിരയ്ക്ക് അതേ കോളേജില്‍ തുടര്‍ന്ന് പഠിക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.  ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ നടത്തുന്ന ക്രിയാത്മകമായ സാമൂഹിക മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ ഈ സംഭവം ചേര്‍ത്ത് വായിക്കപ്പെടും.

വിദ്യാഭ്യാസം എന്നാല്‍ പാഠപുസ്തകങ്ങളിലെ അറിവുകള്‍ മാത്രമല്ല. ദൈനംദിന ജീവിതത്തില്‍ നാം ഇടപെടുന്ന മനുഷ്യരില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ കൂടിയാണ്; താന്‍ മറ്റുള്ളവരേക്കാള്‍ താഴെയല്ല എന്ന ആത്മവിശ്വാസമാണ്. ഒരു സാധാരണ മധ്യേതര വര്‍ഗ കുടുംബത്തില്‍ നിന്നും വരുന്ന ഒരു വിദ്യാര്‍ഥിക്ക് ഊണ് മേശകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നു ലഭിക്കുന്ന കാഴ്ചപ്പാടും കുടുംബഭദ്രതയില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും ആര്‍ജിക്കുന്ന ആത്മവിശ്വാസവും, താഴേക്കിടയില്‍ നിന്നും വരുന്ന ജനവിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥിക്ക് ലഭിക്കാനിടയില്ല. ഇതിനെയാണ് നാം പ്രിവിലേജ് എന്ന് പറയുന്നത്. ഉപരിപഠനത്തിന്റെ മൂല്യമറിയുന്ന മധ്യവര്‍ഗ കുടുംബം മക്കളെ അതിനെ പറ്റി ബോധവാന്‍മാരാക്കുകയും സ്വപ്‌നങ്ങൾ കാണാൻ പ്രാപ്തരാക്കുകയും പ്രയ്ത്നിക്കുകയും ചെയ്യുമ്പോള്‍, പാവപെട്ടവരുടെയും അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ടവരുടെയും മക്കള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിത്തം അവസാനിപ്പിക്കുന്നത് അത് പോലുള്ള സ്വപ്നങ്ങളുടെ അഭാവം കൊണ്ടു കൂടിയാണ്.

ആതിര പഠിക്കും; സിഇടിയില്‍ തന്നെ

അതുകൊണ്ട് തന്നെ ഇത്തരം വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്ത് സ്വപ്‌നങ്ങള്‍ കാണുകയും അവ പ്രാവര്‍ത്തികമാക്കാന്‍ അധ്വാനിക്കുകയും ചെയ്യുന്ന ആതിരമാര്‍ ഇനിയും സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്.

ആതിര ഒരു തരത്തില്‍ ഭാഗ്യവതിയാണ്. ഇങ്ങനെ ഒരു പ്രശ്നം വന്നു പെട്ടപ്പോള്‍ അത് കേരളം പോലുള്ള ഒരു സ്ഥലത്താവുകയും, ഒപ്പം നില്‍ക്കാന്‍ അനേകം പേരുണ്ടാവുകയും ചെയ്തതിനാല്‍. വടക്കേ ഇന്ത്യയിലും പ്രത്യേകിച്ച് പ്രീമിയർ ഇൻസ്റ്റിറ്റ്യൂഷനുകൾ എന്ന് അവകാശപ്പെടുന്ന IIT-കളിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന സമാനമായ പുറത്താക്കലുകളെ പറ്റി സമൂഹം അറിയുന്നത് പോലുമില്ല. (ഇതിനെ പറ്റി കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ നേരിട്ട് ബോധ്യമുള്ള ഈയുള്ളവനോട് ചോദിക്കാവുന്നതാണ്).

അവിടങ്ങളില്‍ ആദ്യത്തെ സെമെസ്റ്ററില്‍ ഒരു ശരാശരി വിദ്യാര്‍ഥി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പ്രവചനാതീതമാണ്. അപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളോ? അതിന്റെ കാൽപ്പനികവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ മാത്രമാണ് ത്രീ ഇഡിയറ്റ്സ് എന്ന സിനിമയില്‍ നമ്മള്‍ കണ്ടത്. ഇവിടങ്ങളില്‍ ഓരോ വിഷയത്തിലും മിക്കവാറും ഗ്രൂപ്പ് അസൈൻമെന്റുകളും പ്രോജക്റ്റ്‌കളും ഉണ്ടായിരിക്കും. ഇവയുടെ weightage ഏകദേശം 20-50 ശതമാനം വരെയാകാം. അതായത് അവ കാര്യമായ പങ്കു വഹിക്കുന്നുണ്ട് ഫൈനല്‍ അസ്സെസ്സ്മെന്റില്‍. ഈ ഗ്രൂപ്പ് പ്രൊജക്റ്റ്‌കളില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നും വരുന്ന കുട്ടികളുടെ കൂടെ കൂടാന്‍ മറ്റു വിഭാഗക്കാര്‍ സ്വതവേ വിമുഖരായിരിക്കും. ഇതിനു പുറമെയാണ് ഉള്ളില്‍ ജാതിചിന്തയും വച്ച് പെരുമാറുന്ന പ്രൊഫസര്‍മാര്‍. എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശമില്ല. (എന്നാല്‍ നിങ്ങള്‍ ഈ ആര്‍ട്ടിക്കിള്‍ വായിക്കുന്നുണ്ടെങ്കില്‍ അത്തരം അധ്യാപകരെ പറ്റി നിങ്ങള്‍ക്ക് ന്യായമായ ബോധ്യം ഉണ്ടായിരിക്കും). ഈ കടമ്പകളെല്ലാം കഴിഞ്ഞു വേണം ഒരു വിദ്യാര്‍ഥി പഠിച്ചു പരീക്ഷ പാസാകുവാന്‍. ഈ വിധമുള്ള പരീക്ഷണങ്ങള്‍ക്കിടയില്‍ കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ഥികളുടെ കണക്കു ആരുടെയെങ്കിലും പക്കല്‍ ഉണ്ടോ എന്ന് അറിയില്ല. ഇല്ലെങ്കില്‍ ഒന്ന് സംഘടിപ്പിച്ചു നോക്കാവുന്നതാണ്.

‘മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യ, ജീവിതം കൊണ്ട് ജയിക്കണം’; സിഇടിയില്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം

ഇങ്ങനെ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഡല്‍ഹി കേന്ദ്രമാക്കി ഒരു ഹെല്‍പ് ലൈന്‍ ഒരു നാല് വര്‍ഷം മുന്‍പ് വരെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫണ്ട്‌ പ്രശ്നം കാരണം നിന്ന് പോയി എന്നാണു അറിവ്. അത് പുനരുജീവിപ്പിക്കുകയോ അത് പോലെ വേറൊന്നു തുടങ്ങുകയോ ചെയ്യുമെങ്കില്‍ സഹായിക്കാന്‍ സന്നദ്ധരായി ഒരുപാട് പേര്‍ മുന്നോട്ട് വരും. സോഷ്യല്‍ മീഡിയ എന്നത്തേക്കാളും പോപ്പുലര്‍ ആയിട്ടുള്ള ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.

ആതിരയുടെ വിഷയം അത് പോലുള്ള അനേകം പേര്‍ക്ക് ഉപകാരപ്പെടട്ടെ. ഈയുള്ളവനും കഴിയുന്ന പോലെ ഉണ്ടാകും.

(മെയ്മോൻ സോഫ്റ്റ്വേർ മേഖലയിൽ ജോലി ചെയ്യുന്നു)

 

മെയ്മോന്‍ മഠത്തിങ്ങല്‍

മെയ്മോന്‍ മഠത്തിങ്ങല്‍

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍