UPDATES

ആതിര പഠിക്കും; സിഇടിയില്‍ തന്നെ

തന്റെതല്ലാത്ത കാരണങ്ങളാല്‍ സിഇടിയിലെ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഇടുക്കി സ്വദേശിയായ ആദിവാസി പെണ്‍കുട്ടി ആതിരയുടെ കഥ അഴിമുഖമാണ് പുറത്തുകൊണ്ടുവന്നത്

ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; ആതിര എന്ന ആദിവാസി വിദ്യാര്‍ത്ഥിനി അത്ര ഉറപ്പോടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. ആ നിശ്ചയദാര്‍ഢ്യം തന്നെ ഒടുവില്‍ ഈ പെണ്‍കുട്ടിക്ക് വിജയം നേടിക്കൊടുത്തിരിക്കുന്നു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ(സിഇടി) ബി സി വിദ്യാര്‍ത്ഥിനിയായിരുന്ന ആതിരക്ക് അതേ കോളേജില്‍ തന്നെ തുടര്‍ പഠനത്തിനു സാധ്യമായിരിക്കുകയാണ്. നാളെ മുതല്‍ ആതിര സിഇടിയില്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായി തന്റെ എഞ്ചിനീയറിംഗ് പഠനം പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടായതായി ആതിര അഴിമുഖത്തോട് പറഞ്ഞു.

തന്റെതല്ലാത്ത കാരണങ്ങളാല്‍ സിഇടിയിലെ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു ഇടുക്കി സ്വദേശിയായ ആതിരയ്ക്ക്. ചില അധ്യാപകരുടെ ഭാഗത്തു നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സിഇടിയില്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ വരുന്ന കുട്ടികളോട് അവഗണനയുണ്ടെന്നു ധ്വനിപ്പിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് Cetiasn എന്ന എഫ്ബി ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ആതിര ഇട്ടിരുന്നു. What is your opinion about reservation for students in CET? എന്നായിരുന്നു ആതിര ചോദിച്ചത്. എന്നാല്‍ ആ ഒരു ചോദ്യം ആതിരയ്ക്ക് നല്‍കിയ തിരിച്ചടികള്‍ ചെറുതല്ലായിരുന്നു. ഒടുവില്‍ മാനസികപ്രശ്‌നം വരെ ഈ കുട്ടിയുടെമേല്‍ ആരോപിക്കപ്പെട്ടു. ഇല്ലാത്ത രോഗത്തിനു ചികിത്സ തേടേണ്ടിവരികയും അതുവഴി ഹാജര്‍ നഷ്ടപ്പെടുകയും ചെയ്തതോടെ സിഇടിയില്‍ നിന്നും ഇയര്‍ ഔട്ടാവേണ്ടിയും വന്നു ആതിരയ്ക്ക്. റിസര്‍വേഷനില്‍ വന്ന കുട്ടികള്‍ പഠിക്കാന്‍ കഴിവില്ലാത്തവരും പരീക്ഷയില്‍ പരാജയമടയുന്നവരും ആയിരിക്കുമെന്നു പ്രവചിക്കാന്‍ കഴിയുന്ന അധ്യാപകര്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രവചനങ്ങളെ വെല്ലുവിളിക്കുന്ന റിസള്‍ട്ട് ഉണ്ടാക്കാന്‍ ആതിരയ്ക്കു കഴിഞ്ഞിരുന്നെങ്കിലും ഹാജര്‍ ഇല്ലാത്ത കാരണത്താല്‍ കോളേജില്‍ നിന്നും പുറത്താകേണ്ടി വരികയായിരുന്നു.

‘മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യ, ജീവിതം കൊണ്ട് ജയിക്കണം’; സിഇടിയില്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം

എന്നാല്‍ ഈ തിരിച്ചടിയില്‍ തളര്‍ന്നിരിക്കാന്‍ ആതിര തയ്യാറായില്ല. വിദ്യാഭ്യാസം തന്റെ അവകാശമാണെന്ന് ഉറച്ചു വിശ്വസിച്ചു ആതിര. സിഇടിയില്‍ തന്നെ തുടര്‍ പഠനത്തിന് അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നിന്നും സാങ്കേതിക സര്‍വകലാശാലയുടെ കീഴിലേക്ക് സിഇടി മാറിയതിനാല്‍ അഡ്മിഷന്‍ കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു വൈസ് ചാന്‍സിലര്‍ക്ക്. കേരള സാങ്കേതിക സര്‍വകലാശാലയുടെ ഏതു കോളേജില്‍ പഠിക്കാന്‍ ആഗ്രഹിച്ചാലും ഒന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കേണ്ടി വരുമെന്നായിരുന്നു വൈസ് ചാന്‍സിലര്‍ അറിയിച്ചത്. ഇതേ തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രിക്കും എംഎല്‍എയ്ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും എല്ലാം പരാതി നല്‍കിയതിന്‍ പ്രകാരം മറ്റൊരു കോളേജിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കാമെന്ന തീരുമാനം ഉണ്ടായി. തുടര്‍ന്ന് ഒരു അധ്യാപിക നിര്‍ദേശിച്ച പ്രകാരം കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടി പഠനം തുടരാന്‍ ആതിരയ്ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായി. അവിടെയാകുമ്പോള്‍ നാലാം സെമസ്റ്റര്‍ തൊട്ട് പഠനം പുനരാരംഭിക്കുകയയും ചെയ്യാം. സിഇടി പോലെ പ്രഗത്ഭമായൊരു സ്ഥാപനത്തില്‍ നിന്നും വിട്ടുപോകാന്‍ താത്പര്യമില്ലാതിരുന്നിട്ടും പഠനം മുടങ്ങിപ്പോകുന്നതിന്റെ വിഷമം കാരണം കാര്യവട്ടം കോളേജിലേക്ക് മാറാന്‍ ആതിര തയ്യാറായി. എന്നാല്‍ വീണ്ടും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മെല്ലെപ്പോക്ക് ട്രാന്‍സ്ഫര്‍ ഓഡര്‍ കൈയില്‍ കിട്ടുന്നതു വൈകുന്നതിനു കാരണമായി. കൂടുതല്‍ ദിവസങ്ങള്‍ വൈകിയാല്‍ കാര്യവട്ടത്തെ പ്രവേശനവും അവതാളത്തിലാകുമെന്ന സംശയം വന്നതോടെയാണ് ആതിര ഈ സംഭവങ്ങളെല്ലാം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പ്രശ്‌നത്തില്‍ ഇടപെടുകയു ആതിരയെ നേരില്‍ കണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ട്രാന്‍സ്ഫര്‍ ഓഡര്‍ വൈകുന്നതിനിടയില്‍ ആതിര ഗവര്‍ണറെ നേരില്‍ കണ്ട് തന്റെ വിഷയം അവതരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഓഫിസില്‍ നിന്നും സര്‍വകലാശാലയിലേക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ഉത്തരവു പോയി. ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉറപ്പൊന്നും കിട്ടിയില്ലെങ്കിലും സിഇടിയില്‍ തന്നെ തുടര്‍ന്നു പഠിക്കാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷ ഇതിനിടയില്‍ ആതിരയില്‍ ഉണ്ടായി. എന്നാല്‍ മൂന്നുനാലു ദിവസം അനിശ്ചിചിതത്വത്തില്‍ തന്നെ കടന്നുപോയി. ഗവര്‍ണറുടെ ഓഫിസില്‍ നിന്നും മെയില്‍ വന്നിട്ടില്ലെന്നായിരുന്നു അറിയിപ്പ് കിട്ടിക്കൊണ്ടിരുന്നത്. ഒടുവില്‍ സിഇടി പ്രിന്‍സിപ്പല്‍ വൃന്ദ, അധ്യാകരായ ആശ മുരളി, ബൈജു എന്നിവരുടെ ആത്മാര്‍ത്ഥ ഇടപെടല്‍ നിമിത്തം വൈസ് ചാന്‍സിലര്‍ തന്റെ പിടിവാശി ഉപേക്ഷിച്ച് ആതിരയ്ക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ തന്നെ പഠനം നടത്താനുള്ള അനുവാദം നല്‍കുകയായിരുന്നു. രണ്ടാം സെമസ്റ്റര്‍ മുതല്‍ വീണ്ടും പഠിക്കേണ്ടി വരുമെങ്കിലും ഇത്രയും നിലവാരമുള്ള ഒരു കോളേജില്‍ തന്റെ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ആതിര പറയുന്നു. സാങ്കേതിക സര്‍വകലാശാലയുടെ സിലബസാണ് ഇനി പഠിക്കേണ്ടതെന്നതിനാല്‍ രണ്ടാം സെമസ്റ്ററിര്‍ സര്‍വകലാശാല പാനല്‍ തെരഞ്ഞെടുക്കുന്ന മൂന്നു വിഷയങ്ങളില്‍ പരീക്ഷ എഴുതണം. അതിനായി താന്‍ തയ്യാറെടുക്കുകയാണെന്നും തന്റെ ലക്ഷ്യം ഉന്നതമായ വിദ്യാഭ്യാസം തേടുക എന്നതുമാത്രമാണെന്നും ആതിര പറയുന്നു.

സിഇടിയില്‍ നിന്നും ബിടെക് പൂര്‍ത്തിയാക്കണം. പിന്നെ ഐഐടിയില്‍ നിന്നും എംടെക്കും. അതു കഴിഞ്ഞ് ഒരു ജോലി. എന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ കിട്ടുന്ന റിസര്‍വേഷന്‍ ക്വാട്ടയില്‍ എനിക്കു ജോലി വേണ്ട. അഹങ്കാരം പറയുകയാണെന്നു ധരിക്കരുത്. എന്റെ കഴിവിനാണ് എന്നെ എവിടെയാണെങ്കിലും പരിഗണിക്കേണ്ടത്. ഞാനൊരു ആദിവാസിയായതുകൊണ്ട് എനിക്ക് ജോലി കിട്ടി എന്ന് ആരും പറഞ്ഞു കേള്‍ക്കരുത്. എന്റെ കഴിവുകൊണ്ട് ഞാന്‍ എന്തെങ്കിലും നേടട്ടെ. അതിനെക്കുറിച്ചു മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കുന്നതിലാണ് അഭിമാനം. സിഇടിയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഞാനൊരിക്കലും ആ സ്ഥാപനത്തെ മൊത്തം കുറ്റപ്പെടുത്തിയിട്ടില്ല. ചിലരുടെ മനോവിചാരങ്ങളെ കുറിച്ചു മാത്രമാണ് പ്രതികരിച്ചത്. അതിന്റെ പേരില്‍ കുറെ മനോവിഷമം അനുഭവിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ അതെല്ലാമോര്‍ത്ത് അഭിമാനമെ തോന്നുന്നുള്ളൂ- നാളെ മറ്റൊരു ആതിര ഉണ്ടാകാതിരിക്കാന്‍ എന്റെയീ ചെറിയ പോരാട്ടം കാരണമാകും. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍