UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളിയില്‍ തുടക്കം; എല്‍ ഡി എഫ് എല്ലാം ശരിയാക്കുമോ?

Avatar

എംകെ രാമദാസ്

അഴിമതിയും അഹങ്കാരവും തുടങ്ങി സകലവൃത്തികേടുകളും കൈമുതലായുള്ള ഭരണസംവിധാനത്തെ ചവിട്ടി പുറത്താക്കിയ കേരള ജനത ഒന്ന് ആശ്വസിക്കുന്നതിന് ഇടയിലാണ് ഇടിത്തീപോലെ അതിരപ്പിള്ളിയുടെ പുനര്‍ എഴുന്നള്ളിപ്പ്. തെരഞ്ഞെടുപ്പ് ഫല വിശകലനത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പാരിസ്ഥിതിക വിഷയങ്ങളില്‍ വ്യവസ്ഥാപിത ഇടതുപക്ഷം പുലര്‍ത്തുന്ന അബദ്ധ ധാരണങ്ങളെ ഭയപ്പെടണമെന്നായിരുന്നു പങ്കുവയ്ക്കപ്പെട്ട ആശങ്ക. പ്രകൃതിയോട് കൂറ് പ്രഖ്യാപിക്കുക ഇനിമേല്‍ അനായാസകരമായിരിക്കില്ലെന്ന് സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണനും ചൂണ്ടിക്കാണിച്ചു. അതിരപ്പിള്ളി വൈദ്യുത പദ്ധതി വിഷയത്തില്‍ ഇത് സത്യമായിരിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഉണ്ടായ പ്രസ്താവനകള്‍ കേട്ട് അന്തംവിട്ടുപോയ സാധാരണ കര്‍ഷകനായ രാജേട്ടന്‍ ഉന്നയിച്ച വിഷയങ്ങള്‍ പിന്നീട് മറ്റുപലരും ചോദിച്ചു. എവിടെയോ രൂപപ്പെട്ട അന്തരീക്ഷ മര്‍ദ്ദ വ്യതിയാനത്തിന്റെ കനിവില്‍ ശമനമായ കൊടുംചൂടും കുടിവെള്ള ക്ഷാമവും ആസ്വദിച്ച് അവശേഷിക്കുന്ന പച്ചപ്പിന്റെ ഒരു തുരുത്തുകൂടി നശിപ്പിക്കാന്‍ ഒരുക്കം നടത്തുന്നവരുടെ ഒടുക്കത്തെ ലക്ഷ്യം എന്താകുമെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും സംശയം.

തെരഞ്ഞെടുപ്പ് വിജയത്തില്‍ നവമാധ്യമങ്ങളോടാണ് പിണറായി പ്രധാനമായും നന്ദി പറഞ്ഞത്. യുവത്വത്തിന്റെ ക്രിയാത്മക അനുഭാവം കൂടിയായിരുന്നു ഇടതുപക്ഷത്തിന്റെ തിളക്കമുള്ള വിജയം എന്നതായിരുന്നു വിജയ പ്രശംസയുടെ പൊരുള്‍. മുന്‍ തലമുറകളുടെ അയവിറക്കലുകളിലൂടെ മാത്രം കേരളത്തിലെ പ്രകൃതിയുടെ സൗമ്യത അനുഭവിച്ച യുവാക്കള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഉത്കണ്ഠാകുലരാണ്. വയലും ചതുപ്പും തണ്ണീര്‍ത്തടങ്ങളും നികത്തി അംബര ചുംബികളായ കെട്ടിടങ്ങള്‍ പണിതപ്പോഴും കായല്‍ കരയാക്കിയപ്പോഴും ഇക്കൂട്ടര്‍ പ്രതിഷേധിച്ചു. പിന്തുണച്ചവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാകില്ല പ്രവര്‍ത്തനങ്ങള്‍ എന്ന സൈന്യാധിപന്റെ വാഗ്ദാനവും ഇവര്‍ വിശ്വസിച്ചു. പ്രതീക്ഷയുടെ തുരുത്തു നശിപ്പിച്ചാണ് അതിരപ്പിള്ളി പദ്ധതിയുമായി നവകേരള സൃഷ്ടാക്കള്‍ പണി തുടങ്ങുന്നത്. തത്വജ്ഞാനിയെ പോലെ കാര്യങ്ങള്‍ എല്ലാം അറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചവരുടെ പ്രതിഷേധം രൂക്ഷമാകുമെന്ന് അറിഞ്ഞിട്ടും ഈ സാഹസത്തിന് മുതിരുന്നത് എന്തിനാണെന്ന് സംശയം. പ്രതിഷേധങ്ങളെ വകവയ്ക്കാതെ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആര്‍ക്ക് എന്ത് നേട്ടമെന്ന ചോദ്യവും ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ വെള്ളം അതിരുകവിഞ്ഞകാലത്തെ സംഭവം. അവിടെ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി വനഭൂമി നല്‍കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പെരിയാര്‍ കടുവ സംരക്ഷണ തലവന് അപേക്ഷ നല്‍കുന്നു. നിശ്ചിത മാതൃകയില്‍ കേന്ദ വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കേണ്ടതെന്ന് മറുപടി. ആവശ്യപ്പെടുന്ന വനങ്ങളുടെ സ്വഭാവം, മരങ്ങളുടെ വിവരങ്ങള്‍, മറ്റു ജീവജാലങ്ങളുടെ സാന്നിദ്ധ്യം എന്നിവ സംബന്ധിച്ച വിവരങ്ങളും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായി. ഇക്കാര്യങ്ങള്‍ കണ്ടെത്താനായി പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തേയാണ് കെ എസ് ഇ ബി നിയോഗിച്ചത്. കെ എഫ് ആര്‍ ഐ സംഘാംഗമാണ് വിവരങ്ങള്‍ അഴിമുഖത്തോട് പങ്കുവച്ചത്.

പരിശോധകര്‍ക്കായി താമസം, ഭക്ഷണം സൗകര്യങ്ങള്‍ ഒരുക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെയാണ് പ്രദേശികമായി ചുമതലപ്പെടുത്തിയത്. അടുത്തിടപഴകിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വരാനിരിക്കുന്ന പദ്ധതിയെ കുറിച്ച് വാചാലനായി. ‘നല്ലൊരു പദ്ധതി വന്നിട്ട് കാലമെത്രയായി. ഒരു പദ്ധതിയില്‍ പോലും പങ്കാളിയാകാതെ നിരവധി ഉദ്യോഗസ്ഥര്‍ വിരമിച്ചു. ഇതെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരായ ഞങ്ങളെല്ലാം.‘ ഉദ്യോഗസ്ഥരുടെ മിടുക്ക് തെളിയിക്കാനുള്ള അവസരമാണ് വന്‍കിട പദ്ധതികള്‍ നല്‍കുന്നത്. ഒരു വലിയ പദ്ധതിയുടെ ഭാഗമായാല്‍ വ്യക്തിപരമായി വരുംതലമുറയ്ക്കുള്ള നിക്ഷേപമായാണ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും കാണുന്നത്.

നവകേരള സൃഷ്ടിക്കായി നിയോഗിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഇടത് മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന ഒരു പ്രസ്താവന വഴിയൊരുക്കിയത് വലിയൊരു വിവാദത്തിനാണ്. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയെ കുറിച്ചായിരുന്നു പ്രസ്തുത അഭിപ്രായം. പദ്ധതി പുനരാലോചിക്കുമെന്ന വകുപ്പ് മന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി പിന്തുണച്ചതോടെ ജനകീയ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന പദ്ധതി പുനര്‍ അവതരിപ്പിക്കുമോയെന്ന ആശങ്ക ശക്തമായി. പരിസ്ഥിതി പ്രവര്‍ത്തകരുടെ മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പൗരന്‍മാരും ഈ പദ്ധതിക്ക് എതിരാണ്.

സൈലന്റ് വാലി പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നുള്ള ഊര്‍ജ്ജമാണ് അതിരപ്പിള്ളിയുടെ ബലം. സൈലന്റ് വാലിക്ക് എതിരെ രംഗത്തു വന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. പ്രകൃതി അനുകൂല ചിന്തകളുള്ള യുവതലമുറയുടെ അകമഴിഞ്ഞ പിന്തുണ അതിരപ്പിള്ളിയെ രക്ഷിക്കുമെന്നതില്‍ സംശയമില്ല.

പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ സ്ഥിതി വിവരങ്ങളെ ആശ്രയിച്ചാണ് സൈലന്റ് വാലിയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അതേ പദ്ധതിയെ എതിര്‍ത്ത്. അതിരപ്പിള്ളിയുടെ കാര്യത്തില്‍ സ്വതന്ത്ര പഠനങ്ങള്‍ യഥേഷ്ടമുണ്ട്. വിവരങ്ങള്‍ എല്ലാം പരസ്യമാണ്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത തകരുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളതെന്ന പിണറായിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് പരിസ്ഥിതി ഗവേഷകനായ ഡോക്ടര്‍ ടി വി സജീവ് പറയുന്നു. പദ്ധതിയുടെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്കയുണ്ട്. ഉദ്ദേശിക്കുന്ന അളവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. വെള്ളത്തിന്റെ അപര്യാപ്തയാണ് പ്രധാനകാര്യം. പ്രകൃതി നാശത്തിന്റെ തോത് ഗണ്യമായി കുറച്ച് ബദല്‍ പദ്ധതികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വന്‍തോതില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഉപഭോഗവും ഉല്‍പാദനവും ക്രമീകരിച്ചാല്‍ വൈദ്യുതി ലാഭിക്കാനാകും. സംസ്ഥാനത്തെ മുഴുവന്‍ ബള്‍ബുകളും എല്‍ഇഡിയാക്കി മാറ്റിയാല്‍ വൈദ്യുതി ലാഭിക്കാനാകും. ഉപഭോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതേയില്ല. അതിരപ്പിള്ളിയുടെ കാര്യത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കെ എസ് ഇ ബിക്ക് കഴിയുന്നില്ല.

നാട്ടിലെവിടെയാണ് ആസൂത്രണം എന്ന് അന്വേഷിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്നതാണ് പ്രധാനം. ഗുണഭോക്താക്കള്‍ സാധാരണ പൗരന്‍മാരല്ല എന്നുറപ്പ്.

പദ്ധതി സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് താഴെ

ചാലക്കുടിക്ക് കിഴക്ക് വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലാണ് അണകെട്ടുന്നത്. 1979-ല്‍ 1500 കോടി രൂപ മുടക്കി പ്രതിവര്‍ഷം 21.2 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദനം ലക്ഷ്യം. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമാണ് നിര്‍ദ്ദിഷ്ട അണക്കെട്ടിന്റേത്. 1982-ല്‍ നിര്‍ദ്ദേശം സമര്‍പ്പിച്ച പദ്ധതിക്ക് 1989-ല്‍ അനുമതി ലഭിച്ചു. പ്രകൃതി സ്‌നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നു.

1998-ല്‍ പിണറായി വൈദ്യുതി മന്ത്രിയായിരിക്കേ പദ്ധതി പൊടിത്തട്ടിയെടുത്തു. 2007-ല്‍ കേന്ദ്ര വനം പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. എന്നാല്‍ 2011-ല്‍ മന്ത്രാലയം അനുമതി പിന്‍വലിച്ചു.2015-ല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക് വീണ്ടും അനുമതി നേടിയെടുത്തു. പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഇക്കൊല്ലം വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നവകേരളയാത്രയില്‍ ചാലക്കുടിയില്‍ എത്തിയ പിണറായി വിജയന്‍ പദ്ധതിയെ അനുകൂലിച്ചു സംസാരിച്ചിരുന്നു. മറ്റുവിഷയങ്ങളുടെ മഴവെള്ള പാച്ചിലില്‍ അതിരപ്പിള്ളി മുങ്ങിപ്പോയി. പദ്ധതി പുനരാലോചിക്കണം എന്നു തന്നെയായിരുന്നു വിജയന്റെ വാദം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആഴ്ച പിന്നിടും മുമ്പേ ഈ പദ്ധതിക്കുവേണ്ടി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. അതിരപ്പിള്ളി പദ്ധതിയോട് നേരത്തേ വിയോജിപ്പ് പ്രകടിപ്പിച്ച സിപിഐ ഇപ്പോഴും തുടരുമെന്ന് തന്നെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ തെളിയിക്കുന്നത്. മന്ത്രിയായ വിഎസ് സുനില്‍കുമാറിനും ഇതേ നിലപാടാണ്. ഏതാണ്ട് പത്തിലധികം എംഎല്‍എമാര്‍ പദ്ധതി വിരുദ്ധ ആശയമുള്ളവരാണ്. ചില പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും പൊതു സമൂഹവും പദ്ധതിക്കെതിരായ സമീപനമുള്ളവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍