UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി: പ്രകൃതിയെ വര്‍ഗശത്രുവാക്കുന്ന ഭരണകൂടവികസനവാദം

Avatar

അഴിമുഖം പ്രതിനിധി

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം എന്ന പ്രചരണം മുന്നോട്ടുവച്ച സിപിഐഎം ഭരണത്തിലെത്തിയപ്പോള്‍ പരിസ്ഥിതിയെ മറന്നുള്ള വികസനത്തിനാണോ ശ്രമിക്കുന്നതെന്ന ആശങ്ക സമൂഹം ഏറ്റെടുക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള ജനാഭിപ്രായം രൂപപ്പെടുത്താന്‍ ഇടതു മുന്നണി ഉപയോഗിച്ച ആയുധങ്ങളില്‍ പ്രാധനമായതൊന്നായിരുന്നു പരിസ്ഥിതിയെ കൊള്ളയടിക്കുന്ന ഭരണകൂട നിലപാട്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ കാര്യത്തിലും ഇടതു മുന്നണി സര്‍ക്കാരിലെ മുഖ്യമന്ത്രിടയക്കമുള്ള സിപിഐഎം മന്ത്രിമാരുടെ നാലപാടുകള്‍ അവരുടെ മുന്‍നിലപാടുകളെ തിരസ്‌കരിക്കുന്നതാണ്.

വൈദ്യതി മന്ത്രി കടകംപള്ളി സുരേന്ദ്രനിലൂടെ തുടങ്ങിവയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാണിച്ചതിലൂടെ ചര്‍ച്ചയാവുകയും ചെയ്ത ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സ്വന്തം മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും മാത്രമല്ല സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാക്കുകയാണ്. ഇടതുപക്ഷത്തെ അനൂകൂലിച്ചു നിന്നവര്‍ പോലും സര്‍ക്കാരിന്റെ ഈ നിലപാടിനെ എതിര്‍ത്തു രംഗത്തുവരികയാണ്. സിപിഐ മന്ത്രിമാരും ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും വൈദ്യുതി മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നതു തന്നെയാണ് വിവാദം കൂടുതല്‍ ചൂടുപിടിപ്പിച്ചത്. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കു പുറമെ ഇപ്പോള്‍ സാംസ്‌കാരിക രംഗത്തു നിന്നും അതിരിപ്പിള്ളി പദ്ധതിക്കെതിരെ നിലപാടുകള്‍ ഉയരുന്നു. അതില്‍ പ്രധാനം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഒരു കവിതയാണ്. ശത്രു എന്ന തലക്കെട്ടില്‍ കവി കുറിച്ച വരികള്‍ ഇപ്രകാരമാണ്; 

മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്‌നേഹത്തണുപ്പാല്‍ ച്ചെടികളെ,
പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേര്‍ക്കുന്നൊരതി ജീവനത്തിന്റെ
യതിരപ്പിളളീ നീയെന്‍ ജന്മശത്രു.

വികസനത്തിന്റെ ശത്രുവായി പരിസ്ഥിതിയെ കാണുന്നവര്‍ ഭരണകൂടത്തിന്റെ നിയന്ത്രിതാക്കളാകുന്ന കാലത്ത് വെള്ളവും വായുവും സംരക്ഷിക്കണമെന്നാഗ്രിക്കുന്ന ഏതൊരാളിന്റെയും നിരാശയാണ് റഫീക്ക് അഹമ്മദിന്റെ കവിതയിലും കാണുന്നത്. കേരളത്തിന്റെ വൈദ്യുത ക്ഷാമത്തിനുള്ള ഒറ്റമൂലിയെന്ന നിലയിലേക്ക് അതിരപ്പിള്ളി പദ്ധതിയെ സൃഷ്ടിക്കാന്‍ വെമ്പുന്നവര്‍ കേരളത്തിന്റെ നിലവിലെ പരിസ്ഥിതിക ദുര്‍ബലതയെക്കുറിച്ച് അജ്ഞത നടിക്കുകയാണ്. പ്രകൃതിയില്ലാതെ ജീവനും മനുഷ്യനുമില്ലെന്ന സാമാന്യധാരണപോലും വികസനവാദികള്‍ വിസ്മരിക്കുകയാണിവിടെ എന്നാണ് പൊതുമണ്ഡലത്തില്‍ നിന്നുയരുന്ന ആകുലത.

നാലുതവണ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടും നടപ്പിലാക്കാന്‍ കഴിയാതെ പോയൊരു പദ്ധതിയാണ് അതിരപ്പിള്ളി. വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു കുറുകെ പണിയുന്ന അണക്കെട്ടിലൂടെ 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നു പറയുമ്പോഴും ഇതൊരു ലാഭകരമായ പദ്ധതിയാകില്ലെന്ന വിവിധ പഠനങ്ങളുടെ റിപ്പോര്‍ട്ട് മാത്രമല്ല ഈ പദ്ധതിയെ എതിര്‍ക്കാന്‍ കാരണമാകുന്നത്. മറിച്ച് പരിസ്ഥിതിക്കും കേരളത്തിന് പ്രകൃതി നല്‍കിയ അഭിമാനകരമായൊരു സ്വത്ത് പാടെ നശിച്ചുപോകുന്നതുകൊണ്ടും കുറെ മനുഷ്യജീവിതങ്ങള്‍ കുടിയിറക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാനായാല്‍ ഇപ്പോള്‍ വികസനവാദികള്‍ പറയുന്നതുപോലെയൊന്നുമാകില്ല കാര്യങ്ങള്‍. അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എന്നന്നേക്കുമായി നശിച്ചുപോകും എന്നത് മാത്രമല്ല പശ്ചിമഘട്ടത്തിന്റെ മധ്യഭാഗത്തുള്ള ആവാസവ്യവസ്ഥയും പാടെ തകര്‍ന്നുപോകും. ഇതൊന്നും ഒരു ഹൈടെക് ടെക്‌നോളജിക്കും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നതല്ല. ഇതിനെല്ലാം പുറമെ അണക്കെട്ടില്‍ മുങ്ങിയില്ലാതെയാകുന്നത് 200 ഹെക്ടര്‍ വനപ്രദേശമായിരിക്കും. അതോടെ കുടിയിറങ്ങേണ്ടി വരുന്നത് നൂറുകണക്കിന് ആദിവാസികളും. മനുഷ്യനെയും പ്രകൃതിയേയും ഒരുപോലെ ദ്രോഹിക്കുന്ന ഒരു പദ്ധതിയിലൂടെ എന്തു വികസനം ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതാര്‍ക്കുവേണ്ടിയാണ്. മനുഷ്യനുവേണ്ടി മനുഷ്യനെ ദ്രോഹിച്ചുള്ള ഉപകാരം ചെയ്യല്‍ ആരെയാണ് സന്തോഷിപ്പിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍