UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി പദ്ധതി; മരണത്തിന് തൊട്ട് മുന്‍പ് ഭൂമി തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരം

Avatar

അഡ്വ. കെ.പി രവിപ്രകാശ്

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലേ ഏത് വികസനപദ്ധതിയെയും വിശകലനം ചെയ്ത് ആത്യന്തികമായി പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയൂ. കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി ഉല്‍പാദിപ്പിക്കണമെന്നും അതിന് ജലവൈദ്യുതി തന്നെ വേണമെന്നും മുന്‍കൂട്ടിതീരുമാനിച്ച് കഴിഞ്ഞാല്‍ മേല്‍പ്പറഞ്ഞ പാരസ്പര്യവും, പരിസ്ഥിതിയും വികസനവും തമ്മിലുണ്ടാകേണ്ട ബന്ധവും, ആദിവാസികളുടെ സംരക്ഷണവും, ജൈവവൈവിധ്യസംരക്ഷണവും, പദ്ധതിയുമായി ബന്ധപ്പെട്ട് വേണ്ടവിധം പരിശോധിക്കപ്പെട്ടുവെന്ന് വരില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ അത്തരത്തില്‍ പരിശോധിക്കുന്നില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് 1982 മുതല്‍ ആരംഭിച്ച ആതിരപ്പിള്ളി പദ്ധതി വിവാദം.

പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലൂടെ അറബിക്കടലില്‍ പതിക്കുന്ന 144 കിലോമീറ്റര്‍ നീളമുള്ള സാമാന്യം വലിയ പുഴയാണ് ചാലക്കുടിപ്പുഴ. വടക്ക് നെല്ലിയാംപതി മലനിരകള്‍, കിഴക്ക് ആനമല, തെക്ക് ഇടമല, പടിഞ്ഞാറ് അറബിക്കടല്‍ വരെയുള്ള സമതലങ്ങളാണ് പുഴയുടെ അതിരുകള്‍. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുന്ന 300 ചതരുരശ്ര കിലോമീറ്റര്‍ ഉള്‍പ്പടെ 1700 ചതുരശ്ര കിലോമീറ്ററാണ് പുഴയുടെ വൃഷ്ടിപ്രദേശം. പുഴയുടെ 80 ശതമാനവും ഉയര്‍ന്ന മലനിരകളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഔഷധഗുണമുള്ള ശുദ്ധജലത്തിനും അത്യപൂര്‍വങ്ങളായ ജൈവസമ്പത്തിനും മൃഗസമ്പത്തിനും മത്സ്യസമ്പത്തിനും പേരുകേട്ടതാണ് ഈ പുഴ. കഴിഞ്ഞ 150 വര്‍ഷത്തെ മനുഷ്യ ഇടപെടലിന്റെ ഫലമായി അമിതവിഭവ ചൂഷണത്തിലൂടെ, മലിനീകരണത്തിലൂടെ നാശോന്മുഖമായ ചരിത്രമാണ് പുഴക്ക് പറയാനുള്ളത്. 1980 കള്‍ക്ക് മുമ്പേതന്നെ മണല്‍ പൂര്‍ണമായും ഖനനം ചെയ്ത് ചെളിക്കുണ്ടുകളാക്കി മാറ്റിയ വേദനാജനകമായ ചരിത്രവും പുഴയ്ക്കുണ്ട്. പരിയാരം, കാടുകുറ്റി പഞ്ചായത്തുകളിലെ വന്‍ വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യവും, കക്കൂസ്, ഗാര്‍ഹിക, ടൂറിസ്റ്റ് മാലിന്യവും ജലത്തിന്റെ ഗുണനിലവാരത്തെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. പുഴയുടെ വിവിധ കൈവഴികള്‍ക്കു കുറുകെ 6 വന്‍ പദ്ധതികളാണ് നിലവിലുള്ളത്. ഇതില്‍ 4 എണ്ണം നിര്‍മിച്ചതും നിയന്ത്രിക്കുന്നതും തമിഴ്‌നാടാണ്. ഇതുകൂടാതെ 48 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും 650ലധികം സ്വകാര്യ പമ്പുകളും മറ്റു കുടിവെള്ള പദ്ധതികളും പുഴയിലുണ്ട്. ഏകദേശം 10 ലക്ഷം ജനങ്ങളാണ് പുഴയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നത്. ഇവരുടെ ആരോഗ്യവും പുഴയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പുഴയുടെ ആരോഗ്യം നശിച്ചതിന്റെ ഒട്ടേറെ ലക്ഷണങ്ങള്‍ ചുറ്റുപാടും കാണാന്‍ കഴിയും. മത്സ്യബന്ധനത്തില്‍ വന്നിട്ടുള്ള കുറവ്, ഉയര്‍ന്ന രോഗാതുരത, സമതലപ്രദേശങ്ങളിലെ ഓര് കയറ്റം, കൃഷിനാശം എന്നിവ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. ദിനംപ്രതി ശോഷിച്ചുവരുന്ന കാടിനെ സംരക്ഷിച്ച് പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിന് പകരം നക്കാപ്പിച്ച ഊര്‍ജ്ജത്തിനായി 140 ഹെക്ടര്‍ വനപ്രദേശം ഇല്ലാതാക്കി നിര്‍മിക്കുന്ന ഏഴാമത് അണക്കെട്ടിനെ സാമാന്യ യുക്തിയില്‍നിന്നുപോലും ന്യായീകരിക്കാനാവില്ല. മരിക്കുന്നതിന് മുമ്പേ ഭൂമി മുഴുവന്‍ തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരമായി മാത്രമേ പദ്ധതി അനുകൂലികളെ കാണാന്‍ കഴിയൂ.

പദ്ധതി നിലവില്‍വന്ന വര്‍ഷം  ലക്ഷ്യം സംഭരണശേഷി നിര്‍മാണം, നിയന്ത്രണം
പെരിങ്ങള്‍കുത്ത്  1957   വൈദ്യുതോല്പാദനം 32 കേരള വൈദ്യുത ബോര്‍ഡ്
തൂണക്കടവ് 1965  ഡൈവേര്‍ഷന്‍   തമിഴ്‌നാട്, കേരള
ഷോളയാര്‍ 1966  വൈദ്യുതോല്പാദനം 15.77  കേരള വൈദ്യുത ബോര്‍ഡ് 
പറമ്പിക്കുളം 1967  ഡൈവേര്‍ഷന്‍ 153.49 തമിഴ്‌നാട്
പെരുവാരിപ്പള്ളം  1971 ഡൈവേര്‍ഷന്‍  504.66  തമിഴ്‌നാട്
ഷോളയാര്‍ 1971 വൈദ്യുതോല്പാദനം, ഡൈവേര്‍ഷന്‍ 17.56  തമിഴ്‌നാട്
ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്‌കീം                  1952  ജലസേചനം 152.7  കേരള ജലവകുപ്പ്
ഇടമലയാര്‍ ഓഗ്മെന്റേഷന്‍ 1990  ഡൈവേര്‍ഷന്‍    കേരള വൈദ്യുത ബോര്‍ഡ്  


അതിരപ്പിള്ളി പദ്ധതി
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് ഏകദേശം നാനൂറ് മീറ്റര്‍ മുകളില്‍ അണകെട്ടി വൈകീട്ട് 6 മുതല്‍ 10 വരെ പ്രവര്‍ത്തിപ്പിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണ് ആതിരപ്പിള്ളി. ഇവിടെ നിര്‍മിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്. വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണമായ 104 ഹെക്ടറുള്‍പ്പെടെ മൊത്തം വനമേഖലയുടെ 138 ഹെക്ടര്‍ സ്ഥലം ഡാം നിര്‍മിക്കുന്നതിന് ആവശ്യമായി കണക്കാക്കുന്നു. അണക്കെട്ടില്‍ നിന്നുള്ള ജലം 6.4 മീറ്റര്‍ വ്യാസവും 4.69 കിലോമീറ്റര്‍ നീളവുമുള്ള ടണലിലൂടെ പ്രവഹിപ്പിച്ചാണ് ഡാം സൈറ്റിന് വടക്കുപടിഞ്ഞാറ് കണ്ണന്‍കുഴി തോടിനു പുറകിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നത്. പവര്‍ഹൗസില്‍നിന്ന് കണ്ണന്‍കുഴി തോടിലെത്തുന്ന ജലം ഒന്നരകിലോമീറ്റര്‍ വീണ്ടും സഞ്ചരിച്ച് ചാലക്കുടി പുഴയില്‍ എത്തും. 3.4 മീറ്റര്‍ വ്യാസവും 50 മീറ്റര്‍ നീളവുമുള്ള 2 പെന്‍സ്റ്റോക്ക് ആണ് പവര്‍ഹൗസിലേക്ക് നല്‍കുന്നത്. ഇവയുടെ ശേഷി 2.80 മെഗാവാട്ടാണ്. ഇതിനു പുറമെ അണക്കെട്ടിനോട് ചേര്‍ന്ന് 50 മീറ്റര്‍ താഴെ 1.5 മെഗാവാട്ട് ശേഷിയുള്ള 2 ജെനെറേറ്റര്‍ കൂടി സ്ഥാപിച്ചാണ് പദ്ധതിയുടെ മൊത്തം ഉല്‍പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്.

പഠനങ്ങള്‍, പോരായ്മകള്‍

1986 ലെ പരിസ്ഥിതിനിയമം, വലിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് 1996ല്‍ കേരളസംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് ആതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടാന്‍ തീരുമാനിക്കുന്നത്. പരിസരാഘാത പഠനം നടത്തുന്നതിനായി തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (TBGRI) ഏല്‍പ്പിച്ചു. അവര്‍ 6 മാസംകൊണ്ട് ദ്രുതപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഒരുവര്‍ഷത്തെ ഹൈഡ്രോളജി റിപ്പോര്‍ട്ട് എടുക്കാന്‍ പോലും അവര്‍ മെനക്കെട്ടില്ല. എങ്കിലും വൈദ്യുതിബോര്‍ഡ് ഉറച്ചുതന്നെ മുന്നോട്ടുനീങ്ങി. എന്നാല്‍ പരിസ്ഥിതി ആഘാതപഠനത്തിന്റ പ്രാഥമികലക്ഷ്യം പോലും അട്ടിമറിക്കപ്പെട്ട റിപ്പോര്‍ട്ട് കോടതിയും പൊതുജനങ്ങളും തള്ളിക്കളഞ്ഞു.

പ്രസ്തുത സാഹചര്യത്തില്‍ 2002ല്‍ ഹരിയാനയിലെ വാട്ടര്‍ പവര്‍ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (ഇന്ത്യ) ലിമിറ്റഡ് (WAPCOS)  എന്ന സ്ഥാപനത്തെ പരിസരാഘാതപഠനം നടത്താന്‍ ഏല്‍പ്പിച്ചു. അവര്‍ ഒരു വര്‍ഷമെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യഥാര്‍ത്ഥത്തില്‍ വാപ്‌കോസ് അല്ല പഠനം നടത്തിയത്. അവരത് ഉപ കരാര്‍ കൊടുത്തു. അവര്‍ക്കുവേണ്ടി തിരുവനന്തപുരത്തെ ഇ.ആര്‍.ആര്‍.സി ( എന്‍വിയേണ്‍മെന്റ് റിസോഴ്‌സ് റിസര്‍ച്ച് സെന്റര്‍) ആണ് പഠനം നടത്തിക്കൊടുത്തത്. അവര്‍ക്ക് ഇത്തരം പഠനം നടത്തുന്നതിനാവശ്യമായ സാങ്കേതികജ്ഞാനം ഉണ്ടായിരുന്നില്ല എന്നത് റിപ്പോര്‍ട്ട് മനസ്സിരുത്തി വായിച്ചാല്‍ ബോധ്യപ്പെടും. 2006 ജൂണ്‍ 15ന്  WAPCOSന്റെ  പരിസരാഘാതപഠനത്തിന്മേലുള്ള പൊതു തെളിവെടുപ്പ് ചാലക്കുടിയില്‍ വച്ച് നടന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന തെളിവെടുപ്പില്‍ KSEB ഒഴികെ മറ്റെല്ലാവരും വാപ്‌കോസ് പഠനത്തിലെ പോരായ്മകളും യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാട്ടി പദ്ധതി തള്ളിക്കളയാനാവശ്യപ്പെട്ടു. പാനലിന് ലഭിച്ച 252 നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ പാനലിലെ 5ല്‍ 3 പേരും പദ്ധതിക്കെതിരെ നിലപാടെടുത്തു. ചാലക്കുടി പുഴയോരത്തെ മുഴുവന്‍ പഞ്ചായത്തുകളും പദ്ധതിക്കെതിരെ പ്രമേയം പാസ്സാക്കി. ജനകീയ വികാരത്തെ ശാസ്ത്രീയമായി  എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട KSEB, ഭരണകൂട അധികാരം ഉപയോഗിച്ച് ദാര്‍ഷ്ട്യത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പദ്ധതിപ്രദേശത്തെ വനവൈവിധ്യം
1952ലെ ദേശീയ വനനിയമത്തില്‍ വ്യക്തമാക്കിയ 33 ശതമാനം വനവിസ്തൃതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരു പ്രദേശത്തെ പാരിസ്ഥിതി ധര്‍മം നിര്‍വഹിക്കപ്പെടണമെങ്കില്‍ 33 ശതമാനം വന സാന്നിധ്യം ഉണ്ടാകണമെന്നാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത് 10 ശതമാനത്തില്‍ താഴെയെ വരികയുള്ളൂ. കേവലം 115 വര്‍ഷങ്ങള്‍ക്കു മുമ്പ് 60 ശതമാനമായിരുന്നു നമ്മുടെ വനവിസ്തൃതി. അതാണ് ഇപ്പോള്‍ 10ല്‍ താഴെയായി നില്‍ക്കുന്നത്. ഈ വനശോഷണം നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. അപ്പോഴാണ് വൈദ്യുതിക്ക് ബദല്‍മാര്‍ഗങ്ങളന്വേഷിക്കാതെ 138 ഹെക്ടര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

ചാലക്കുടി പുഴത്തടത്തില്‍ ഒരുക്കൊമ്പന്‍കുട്ടിയ്ക്കും പെരിങ്ങല്‍കുത്ത് റിസര്‍വോയറിനും ഇടയില്‍ 6 കി.പ്രദേശത്തും പെരിങ്ങല്‍കുത്തിനും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും ഇടയ്ക്കുള്ള പ്രദേശത്തും മാത്രമെ പുഴയോര വനങ്ങള്‍ ബാക്കിയുള്ളൂ. തോട്ടവല്‍ക്കരണവും മനുഷ്യഇടപെടലും കൊണ്ട് പെരിങ്ങള്‍കുത്തിനു മുകളില്‍ ഇത് നാശോന്മുഖമാണ്. പെരിങ്ങല്‍കുത്ത് പവര്‍ഹൗസിന് താഴെ വാഴച്ചാല്‍ വെള്ളച്ചാട്ടം വരെ ബാക്കി നില്‍ക്കുന്ന ഈ നിത്യഹരിത വനമാണ് അതിരപ്പിള്ളി പദ്ധതിയില്‍ മുങ്ങിപ്പോകുന്നത്. കണക്കുപ്രകാരം 22 ഹെക്ടര്‍ വരുന്ന പുഴയോരക്കാടുകളാണ് മുങ്ങിപോകുക. മറ്റു പല പദ്ധതികളേയും അപേക്ഷിച്ച് വളരെ കുറവാണെന്നത് KSEB വിലയിരുത്തുന്നുണ്ടെങ്കിലും ഈ വനത്തിന്റെ അപൂര്‍വ്വതയും ജൈവവൈവിദ്യ സമ്പന്നതയും അപാരമാണെന്ന് WAPCOS പഠനം തന്നെ വ്യക്തമാക്കുന്നുണ്ട്. വര്‍ഷകാലങ്ങളില്‍ ഉയര്‍ന്നുവരുന്ന വെള്ളക്കെട്ടിനെ അതിജീവിയ്ക്കാന്‍ കഴിവുള്ള സസ്യ സമൂഹമാണ് പുഴയോര വനങ്ങളുടെ പ്രത്യേകത. അനിതസാധാരണമായ സൂക്ഷ്മകാലാവസ്ഥയെ ഉപയോഗിച്ചു കൊണ്ടാണ് 1000 കണക്കിന് വര്‍ഷമെടുത്ത് ഈ ആവാസ രൂപം പ്രാപിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേക പരിസ്ഥിതിക്കനുകൂലമായി വളരുന്ന മറ്റെ വിടെയും കാണാത്ത (endemic) ധാരാളം സസ്യങ്ങള്‍ പുഴയോരക്കാടുകളുടെ പ്രത്യേകതയാണ്. കേരളത്തിന്റെ മറ്റൊരു പുഴയോരത്തും കാണാത്ത തരത്തില്‍ തുടര്‍ച്ചയായി വളര്‍ന്നുവികസിച്ച പല സസ്യഇന ങ്ങളും ഈ ജൈവസമൂഹത്തില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഈ ജീവവ്യവസ്ഥകളെയും ജീവിവര്‍ഗ്ഗ സവിശേഷതകളേയും വിശദമായി പഠിക്കാനോ വിലയിരുത്താനോ EIAക്ക് കഴിഞ്ഞിട്ടില്ല. സൂക്ഷ്മജീവികള്‍ തൊട്ട് സസ്തനികള്‍വരെയും ഏകകോശ സസ്യങ്ങള്‍ തൊട്ട് പുഷ്പിത സസ്യങ്ങള്‍ വരെയും വളര്‍ന്നു വികസിച്ച ഒരു ആവാസവ്യവസ്ഥയെ കുറെ വൃക്ഷങ്ങളെയും കാണാന്‍ സാധിക്കുന്ന സസ്യജന്തുവൈവിദ്ധ്യത്തെയും മാത്രം പരിഗണിക്കുന്നത് പഠനം സമ്പൂര്‍ണ്ണമായ ഒന്നല്ല എന്നതിന് തെളിവാണ്. WAPCOS സബ്‌കോണ്‍ട്രാക്ട് കൊടുത്ത ERRC എന്ന സ്ഥാപനത്തിന് പഠനം നടത്തുവാനുള്ള വിദഗ്ദ്ധരില്ല എന്നത് പഠനറിപ്പോര്‍ട്ടില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ മുങ്ങിപ്പോകുന്ന പുഴയോരത്തിലെ സസ്യജന്തുജാലങ്ങള്‍ പുറത്തുകാണുന്ന വനത്തിലുണ്ട് എന്ന് അശാസ്ത്രീയ വിലയിരുത്തല്‍ നടത്താനെ അവര്‍ക്ക് കഴിയുന്നുള്ളു. എന്നാല്‍ പുറത്ത് ഉണ്ട് എന്നു പറയുന്നതോടൊപ്പം അതിന് തെളിവു നിരത്തി കാണിക്കുന്ന ഒന്നും തന്നെ അവരുടെ  EIA പഠനത്തില്‍ കാണുന്നില്ല.

പുഴയോരക്കാടുകളില്‍ മൊത്ത 508 ഇനം സസ്യങ്ങള്‍ കണ്ടെത്തിയെന്നും അതില്‍ 103 എണ്ണം (21.25%) പുഴയോരക്കാടുകളില്‍ മാത്രം കാണുന്നവയാണെന്ന് പഠനം പറയുന്നു. ഇതില്‍ തന്നെ 22 എണ്ണം അപൂര്‍വ്വമായതും, നാശോന്മുഖങ്ങളായി കൊണ്ടിരിക്കുന്നതാണെന്നും EIA വിശദീകരിക്കുന്നു. ഇങ്ങനെ അപകടനിലയിലുള്ള സസ്യങ്ങളുടെ സ്വഭാവഘടന, ജനിതക വൈവിദ്ധ്യം, അവാസവ്യവസ്ഥ, പ്രത്യേകത തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. നഷ്ടപ്പെടുന്നതിനു മുമ്പ് പഠിച്ച് വെളിപ്പെടുത്തേണ്ട ഈ സസ്യജാലങ്ങളുടെ വിവിധ ധര്‍മ്മങ്ങളും ഉപയോഗ സാധ്യതയും അറിയുന്നതിന് മുമ്പേ നഷ്ടപ്പെടുന്നു എന്നതാണ് വസ്തുത. 1947ല്‍ പെരിങ്ങല്‍ കുത്ത് ഡാമിന്റെ നിര്‍മ്മാണത്തോടെ 130 കി.മീ ഉണ്ടായിരുന്ന പുഴയോരക്കാടാണ് 60 കി.മീ ആയി ശോഷിച്ചത്. അവശേഷിച്ച പുഴയോരക്കാടാണ് അതിരപ്പിള്ളി പദ്ധതിയോടെ ഇല്ലാതാവുന്നത്.

ജന്തുവൈവിദ്ധ്യം
മുങ്ങിപ്പോകുന്നതും അല്ലാത്തതുമായ പ്രദേശത്ത് ജന്തുജാലങ്ങള്‍ സമൃദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. പദ്ധതി പ്രദേശത്തിനു പുറത്ത് പഠനം എവിടെയാണ് നടന്നതെന്ന് പറയുന്നില്ല. ജന്തുവൈവിദ്ധ്യത്തെ സംബന്ധിച്ച പഠനത്തിനായി ഒരു കിലോമീറ്റര്‍ നീളമുള്ള അഞ്ചു സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു എന്നു പറയുന്നു. ഇത് വിശദമായ പഠനത്തിന് പര്യാപ്തമായ സാമ്പിള്‍ പ്രദേശമല്ല. റിപ്പോര്‍ട്ടില്‍ മുങ്ങിപ്പോകുന്ന പ്രദേശത്തെ ജന്തുവൈവിധ്യം പറഞ്ഞിട്ടുണ്ട്. ജന്തുജാലങ്ങളിലെ ദൃഷ്ടിഗോചാരമായ ഇനങ്ങളെ മാത്രം കണക്കിലെടുക്കുന്ന, ഈ പഠനത്തിന്റെ രീതിശാസ്ത്രം തന്നെ അപൂര്‍ണ്ണമാണ്. പഠനത്തില്‍ പറയുന്ന ജന്തു വൈവിധ്യം പട്ടിക 2ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 2-അതിരപ്പിള്ളി  വാഴച്ചാല്‍ പ്രദേശത്തെ ജന്തുവൈവിധ്യം

ജന്തുജാലങ്ങള്‍ എണ്ണം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നത്
സസ്തനികള്‍ 22 11
പക്ഷികള്‍ 98 12
ഉരഗങ്ങള്‍ 19 12
ഉഭയജീവികള്‍ 17 9
ശലഭങ്ങള്‍ 58 8

       

മത്സ്യ വൈവിധ്യം

മത്സ്യസമ്പത്തിന് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുഴയാണ് ചാലക്കുടി പുഴ, (NBPGRI, 2000) ഈ പുഴയില്‍ കണ്ടെത്തിയിട്ടുള്ള ഉയര്‍ന്ന മത്സ്യ വൈവിദ്ധ്യത്തില്‍ (154 Spp) 9 ഇനം അതീവ വംശ നാശഭീഷണി നേരിടുന്നവയും 22 ഇനം വംശനാശഭീഷണിയുള്ളതും 11 ഇനം ‘ഭാവിയില്‍ വംശനാശഭീഷ ണിയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ളവയുമാണ് (ICUN2000). അഞ്ച് പുതിയ മത്സ്യ ഇനങ്ങള്‍ ചാലക്കുടി പുഴയില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. WAPCOS പഠനം സൂചിപ്പിക്കുന്നത് 30 ഇനം മത്സ്യങ്ങളെയാണ്. എന്നാല്‍ അവര്‍ തന്നെ സൂചിപ്പിക്കുന്ന ഇവയില്‍ അപൂര്‍വ്വമായത് 8 എണ്ണം വരും. വളരെ അപൂര്‍വ്വമായതും വംശ നാശഭീഷണി നേരിടുന്ന ഇനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അജിത് കുമാര്‍ (2000) പഠനം സൂചിപ്പിക്കുന്നത് ചാലക്കുടി പുഴയില്‍ 98 ഇനങ്ങള്‍ ഉള്ളതില്‍ 25 എണ്ണത്തോളം അപൂര്‍വ്വവുമാണ് എന്നാണ് വിശദമായ ഒരു പഠനം WAPCOS നടത്തിയിട്ടില്ല എന്നാണ് NBPGRIയുടെയും അജിത് കുമാറിന്റേയും പഠനത്തില്‍ നിന്ന് വ്യക്തമാവുന്നത്. താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക. 

പട്ടിക 2- അതിരപ്പിള്ളിവാഴച്ചാല്‍ പ്രദേശത്തെ മത്സ്യവൈവിദ്ധ്യത്തെ സൂചിപ്പിക്കുന്ന വിവിധ പഠനങ്ങള്‍

Studies Endangered Threatened Vulnerable
WAPCOS 30    
Ajith Kumar 22    
NFGRI  104 9 11

ഇത്തരത്തില്‍ മത്സ്യങ്ങളുടെ കാര്യത്തില്‍ അതിവിപുലമായ വൈവിദ്ധ്യമുള്ള കേരളത്തിലെ ഏക പുഴയാണ് ചാലക്കുടി പുഴ.  ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മത്സ്യ ജനിതക വിഭവ കേന്ദ്രം (National Beauro of Fish Genetic Resources) ചാലക്കുടിയെ പുഴയെ ഒരു മത്സ്യ സംരക്ഷണ കേന്ദ്രം (fish sanctuary) ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 244 കിലോമീറ്റര്‍ നീളമുള്ള പെരിയാറില്‍ 77 ഇനങ്ങളാണ് ഉള്ളതെങ്കില്‍ 144 കിമീറ്ററുള്ള ചാലക്കുടി പുഴയില്‍ 104 ഇനം മത്സ്യങ്ങള്‍ ഉണ്ട്. ചാലക്കുടി പുഴയ്ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ധാരാളം മത്സ്യ ഇനങ്ങള്‍ (54.3%) വിവിധ പഠനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജലജീവികളുടെ നിലനില്‍പ്പിന് അന്ത്യാപേക്ഷിതമാണ് ജലത്തിന്റെ തുടര്‍ച്ചയായ ലഭ്യത. വൈദ്യുതി ഉല്‍പ്പാദനം നടക്കാത്ത പകല്‍ സമയത്ത് കണ്ണന്‍കുഴി തോടിനും ഡാമിനും ഇടയില്‍ ജലത്തിന്റെ ലഭ്യത വളരെ കുറവായിരിക്കും. അതുകൊണ്ട് മത്സ്യങ്ങളടക്കം ജലജീവികളുടെ ജീവവ്യവസ്ഥയെ ഇത് സാരമായി ബാധിക്കും. പഠനത്തില്‍ പോലും വിശദമാക്കാത്ത ജലസസ്യങ്ങളും മറ്റു ജലജീവികളുടേയും നാശമാണ് ഇതുമൂലം സംഭവിക്കുക. ഇതിനെ മറികടക്കാന്‍ കഴിയുന്ന യാതൊരു നിവാരണ മാര്‍ഗ്ഗങ്ങളും EIAയില്‍ വ്യക്തമാക്കിയിട്ടില്ല.

പക്ഷി വൈവിധ്യം
പുഴയും പുഴയോരക്കാടുകളും പക്ഷികളുടെ വലിയ സങ്കേതമാണ്. ജലജീവികളുടെയും മത്സ്യങ്ങളുടെയും ലഭ്യതയും വൃക്ഷസമുച്ചയത്തിന്റെ സാമീപ്യവും വലിയ തോതില്‍ വാഴച്ചാല്‍ അതിരപ്പിള്ളി മേഖലയെ പക്ഷികളുടെ വൈവിധ്യ കേന്ദ്രമാക്കുന്നു. 413 സ്‌ക്വയര്‍ കി.മീ ഓളം വരുന്ന ഈ മേഖലയില്‍ 225 പക്ഷി ഇനങ്ങളെ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2007ല്‍ വനംവകുപ്പ് നടത്തിയ സര്‍വ്വേയില്‍, അര മണിക്കൂറില്‍ 70 ഇനം പക്ഷികളെ കണ്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത് ഈ മേഖലയിലെ പക്ഷി വൈവിധ്യത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ WAPCOS പഠനത്തില്‍ 98 ഇനങ്ങളെയാണ് തിരിച്ചറിഞ്ഞത്. ഇത് ഈ പഠനത്തിന്റെ അപര്യാപ്തത സൂചിപ്പിക്കുന്നു. എന്നിട്ടും അതിരപ്പിള്ളി മേഖല വലിയ പക്ഷി സങ്കേതമെന്നാണ് റിപ്പോര്‍ട്ട് തന്നെ സൂചിപ്പിക്കുന്നത്. സംസ്ഥാന പക്ഷിയായ വേഴാമ്പലിന്റെ 4 ഇനങ്ങളും കാണുന്ന അപൂര്‍വ്വ മേഖലകളിലൊന്നാണ് അതിരപ്പള്ളി. നാശോന്മുഖമാകുന്ന മലബാര്‍ പൈഡ് ഇനത്തിന്റെ ആവാസകേന്ദ്രമാണ് പുഴയോരക്കാടുകള്‍. ആവാസവ്യവസ്ഥയും പക്ഷി വൈവിധ്യവും വിലയിരുത്തി കൊണ്ടുള്ള പഠനം നടന്നതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല. ശാസ്ത്രീയമായി ഇവയുടെ എണ്ണം പോലും തിട്ടപ്പെടുത്താത്ത തരത്തില്‍ അപൂര്‍ണ്ണമായ വിലയിരുത്തലേ പക്ഷികളെ സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ളൂ.

അതിരപ്പിള്ളിയിലെ പുഴയും പുഴയോര കാടുകളും അപൂര്‍വ്വമായ ആമകളുടെ സങ്കേതമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമിന്റെ നിര്‍മ്മാണം ആമകളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും എന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വളരെ സൂക്ഷ്മമായ ആവാസവ്യവസ്ഥ സന്തുലനത്തിന്റെ ‘ഭാഗമായിട്ടാണ്. അപൂര്‍വ്വമായ ജീവികള്‍ പലതും രൂപപ്പെട്ടു വരുന്നത്. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങള്‍ അവയുടെ നിലനില്‍പ്പിനെ സാരമായിതന്നെ ബാധിക്കും. പ്രത്യേകിച്ച് പദ്ധതിയില്‍ ജലം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴും ആവാസവ്യവസ്ഥയായ പുഴയോരക്കാടുകള്‍ ഇല്ലാതാകുമ്പോഴും ഇത്തരം ചെറുജീവികളും നാശോന്മുഖമാകുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (1982) കൊച്ചിന്‍ ചുരലാമയെ അതിരപ്പള്ളി മേഖലയിലെ പുഴയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യതത്. പദ്ധതി വരുന്നതോടെ ഇത്തരം അപൂര്‍വ്വ ജനുസ്സുകളും അവയുടെ ആവാസവ്യവസ്ഥയും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുന്നു.

കുടിവെള്ള, കാര്‍ഷികപ്രശ്‌നങ്ങള്‍
വൈകിട്ട് 6 മുതല്‍ 10 വരെയാണ് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക. ഈ സമയത്ത് 36-36 ക്യുമെക് വെള്ളം തുറന്നുവിടുകയും ബാക്കിയുള്ള 20 മണിക്കൂര്‍ തുടര്‍ച്ചയായി 7.65 ക്യുമെക് തുറന്നുവിടും എന്നാണ് വൈദ്യുതി ബോര്‍ഡ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ചാലക്കുടി പുഴയില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ ശരാശരി 14.92 ക്യുമെക് ജലമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ ഒഴുക്ക് പദ്ധതി വന്നുകഴിഞ്ഞാല്‍ 20 മണിക്കൂര്‍ നേര്‍പകുതിയായി കുറയുകയും ബാക്കി സമയങ്ങളില്‍ (4 മണിക്കൂര്‍) ഇരട്ടിയിലധികമായി വര്‍ദ്ധിക്കുകയും ചെയ്യും. ഡാം സൈറ്റിനും പവര്‍ഹൗസിനും ഇടയിലുള്ള 7.89 കിലോമീറ്റര്‍ ദൂരം എല്ലാസമയങ്ങളിലും 7.65 ക്യുമെക് എന്ന തോതിലായിരിക്കും ഒഴുകുക. അതിരപ്പിള്ളി വെള്ളച്ചാട്ടം ഈ മേഖലയിലാണ് ഉള്‍പ്പെടുന്നത്. അതായത് 7.65 ക്യുമെക് നീരൊഴുക്കിന്റെ സൗന്ദര്യമേ ഇനിമേല്‍ അതിരപ്പിള്ളിയില്‍ ഉണ്ടാവുകയുള്ളൂ എന്നര്‍ത്ഥം. നീരൊഴുക്കിലൂടെ ഉണ്ടാകുന്ന ഈ വ്യതിയാനം പുഴയുടെ ജൈവസമ്പത്തിനെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് കൃത്യമായ ഒരുത്തരം നല്‍കാന്‍ WAPCOSന് കഴിഞ്ഞിട്ടില്ല. 20 മണിക്കൂറിലെ നീരൊഴുക്ക് 7.65 ക്യുമെക് ആയാല്‍ തുമ്പൂര്‍മൊഴി ഡൈവേര്‍ഷന്‍ സ്‌കീമിലെ ജലസേചനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെവരും. നീരൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ് കുറയ്ക്കുകയും സമീപപ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ള പ്രശ്‌നം രൂക്ഷമാകുകയും ചെയ്യും. പുഴയുടെ സമതലപ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അത് രൂക്ഷമാകും. മാത്രമല്ല, തീരപ്രദേശങ്ങളിലെ ഓര് കയറ്റ ഭീഷണി മലമ്പ്രദേശത്തേക്കു കൂടി വ്യാപിക്കുന്നതിന് ഇടയാകും. വൈദ്യുതി ബോര്‍ഡിന്റെ ഉറപ്പ് പലപ്പോഴും കുറുപ്പിന്റെ ഉറപ്പു പോലെ എന്ന പഴമൊഴി ആകാനുള്ള സാധ്യത ഏറെയാണ്. വൈദ്യുതിക്കാവശ്യമായ വെള്ളം ഡാമില്‍ ഇല്ലാതായാല്‍ ഷട്ടറടക്കാന്‍ അവര്‍ മടിക്കില്ല. ഇത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും അമ്പതുകിലോമീറ്ററോളം വരുന്ന പുഴയെയും അതിലെ ആവാസവ്യവസ്ഥയെയും കര്‍ഷകരെയും ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കും എന്നത് പകല്‍പോലെ വ്യക്തമാണ്.

ആദിവാസി പ്രശ്‌നങ്ങള്‍
കേരളത്തിലെ കാടര്‍ സമുദായത്തില്‍പെട്ട ആദിവാസികളില്‍ ആകെയുള്ള 2736 പേരില്‍ 1844 പേരും താമസിക്കുന്നത് ചാലക്കുടി റിവര്‍ബേസിനിലാണ്. ഇവരില്‍ 60 കുടുംബങ്ങളെ (320 പേര്‍) പദ്ധതിപ്രദേശത്തുനിന്ന് മാറ്റിതാമസിപ്പിക്കേണ്ടതായി വരും. കാടിനെ ഉപവജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നവരാണ് ഇവര്‍. ഏറെക്കാലത്തെ താമസം കൊണ്ടും ജീവിതം കൊണ്ടുമാണ് അവര്‍ ആ പ്രദേശത്ത് ഇണങ്ങി ജീവിക്കാന്‍ കെല്‍പ്പുള്ളവരായി മാറുന്നത്. പ്രത്യേക സാമൂഹ്യ, സാംസ്‌കാരിക സാഹചര്യം നിലനിര്‍ത്തിപ്പോകുന്നവരാണ് കാടര്‍ സമുദായത്തില്‍ ഉള്ളവര്‍. വനാവകാശ നിയമപ്രകാരം ഇവരുടെ അംഗീകാരത്തോടെ മാത്രമേ ഏതു പദ്ധതിയും നടപ്പിലാക്കാന്‍ കഴിയൂ. അതിരപ്പിള്ളി പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യത്തിന് 320 പേരില്‍ 316 പേരും വേണ്ട എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. (ഡോ. സിനിത സേവിയാര്‍ & ഡോ. സി.സി.ബാബു എന്നിവര്‍ നടത്തിയ പഠനം). ചാലക്കുടി പുഴയിലെ ഡാം നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് പലവുരു മാറിത്താമസിച്ചവരാണ് ഇവര്‍. പരിഷ്‌കൃതസമൂഹത്തിന്റെ അനാവശ്യ വികസനത്തിനുവേണ്ടി ഞങ്ങളെ എന്തിന് ഇല്ലാതാക്കണമെന്നാണ് അവര്‍ ചോദിക്കുന്നത്.

അതിരപ്പിള്ളി പദ്ധതിയും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടും
പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് രൂപരേഖ തയ്യാറാക്കുന്നതിനും നിയമം നിര്‍മ്മിക്കുന്നതിനും 2011 ല്‍ കേന്ദ്രസര്‍ക്കാര്‍ ഡോ.മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി വിദഗ്ധസമിതിയെ നിയമിച്ചു. അവരോട് പശ്ചിമഘട്ട പ്രദേശത്ത് നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെയും കര്‍ണാടകത്തിലെ ഗുണ്ഡിയ ജലവൈദ്യുത പദ്ധതിയെയും സംബന്ധിച്ച് പ്രത്യേക ശുപാര്‍ശകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ ഒട്ടേറെ പഠന റിപ്പോര്‍ട്ടുകളുടെയും സ്ഥലസന്ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കരുത് എന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയുണ്ടായി.

സമിതിയുടെ കണ്ടെത്തലും ശുപാര്‍ശയും ഇപ്രകാരമായിരുന്നു:

ചാലക്കുടിപ്പുഴയിലെ നദീതീര-വന-ജൈവ വ്യവസ്ഥ പശ്ചിമഘട്ടത്തില്‍ പ്രത്യേകിച്ചും കേരളത്തില്‍ അത്യപൂര്‍വമാണ്. ഇവിടെ മാത്രം കാണുന്നതും അത്യപൂര്‍വവുമായ 155 ഇനം സസ്യങ്ങളില്‍ 33 ഇനം സസ്യങ്ങളും RET(Rare, Endangerade and Threatenad) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പദ്ധതിപ്രദേശം തദ്ദേശീയമായ നിരവധി അപൂര്‍വ സസ്യജീവജാലങ്ങളാല്‍ സമൃദ്ധമാണ്. 21 ശതമാനം സസ്യങ്ങളും (508 ഇനങ്ങളില്‍) 16 ശതമാനം ചിത്രശലഭങ്ങളും (54 ഇനങ്ങളില്‍) 53ശതമാനം ഉഭയജീവികളും (17 ഇനങ്ങളില്‍) 21 ശതമാനം ഉരഗങ്ങളും (19 ഇനങ്ങളില്‍) 13ശതമാനം പക്ഷികളും (98 ഇനങ്ങളില്‍) 14 ശതമാനം സസ്തനികളും (22 ഇനങ്ങളില്‍) ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. syzygium occidentalias, atunaTravancorica  എന്നീ വംശനാശം നേരിടുന്ന വൃക്ഷങ്ങള്‍ ഇവിടെയുണ്ട്. gymnema Khandaense, Lagendra nairi  എന്നീ സസ്യങ്ങള്‍ കേരളത്തില്‍ അതിരപ്പിള്ളിയില്‍ മാത്രമേ ഉള്ളൂ. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിനുവേണ്ടി തയ്യാറാക്കിയ ജൈവവൈവിധ്യ സംരക്ഷണവും കര്‍മ്മപദ്ധതിയും അനുസരിച്ച് പദ്ധതിപ്രദേശത്തെ സംരക്ഷണമൂല്യം 75 ശതമാനത്തോളം ഉയര്‍ന്നതാണ്. കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠന പ്രകാരം വളരെ ഉയര്‍ന്ന ജൈവവൈവിധ്യ മൂല്യമുള്ള പ്രദേശമാണ് വാഴച്ചാല്‍. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള 486 ഇനം പക്ഷികളില്‍ 234 എണ്ണവും വാഴച്ചാല്‍ അതിരപ്പിള്ളി മേഖലയിലാണ് ഉള്ളത്. മലബാര്‍ പൈഡ് ഹോണ്‍ബില്ലിന്റെ വംശ വര്‍ധനവ് നടക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. അതിലൊന്ന് അതിരപ്പിള്ളിയിലെ നദീതീരക്കാടുകളാണ്. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന തദ്ദേശീയമായ 16 ഇനം പക്ഷികളില്‍ 12 ഇനവും അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയിലുണ്ട്. വാഴച്ചാല്‍ ഷോളയാര്‍ മേഖലയെ 1995 ല്‍ തന്നെ ആഗോളാടിസ്ഥാനത്തില്‍ പ്രമുഖ പക്ഷികേന്ദ്രമായി കേംബ്രിഡ്ജിലെ ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ തെരഞ്ഞെടുത്തിട്ടുള്ളതാണ്.

കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള 210 ഇനം മത്സ്യങ്ങളില്‍ 104 ഇനങ്ങള്‍ ചാലക്കുടി പുഴയിലുണ്ട്. ഇവയില്‍ കടുത്ത വംശനാശഭീഷണി നേരിടുന്ന 9 ഇനങ്ങളും വംശനാശ ഭീഷണിയുള്ള 22 ഇനങ്ങളും ഉള്‍പ്പെടുന്നു. പുതിയ 5 ഇനം മത്സ്യങ്ങള്‍ ആദ്യമായി ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയിട്ടുണ്ട്. ചിലയിനം മത്സ്യങ്ങള്‍ പുഴയില്‍ ഒഴുക്കിനെതിരെ മുകളിലേക്കും മറ്റുചിലവ താഴേക്കും കുടിയേറി അവയുടെ ജീവിതചംക്രമണം പൂര്‍ത്തിയാക്കുന്നു. ആകയാല്‍ അണക്കെട്ട് നിര്‍മാണം അവയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കും. 68 ഇനം മത്സ്യങ്ങളും പദ്ധതിപ്രദേശത്ത് സമൃദ്ധമായി കാണുന്നവയാണ്. ടോറന്റ് തവളയെപ്പോലെ വെള്ളം കയറിക്കിടക്കുന്ന പൊത്തുകളിലും മറ്റും ജീവിക്കുന്ന ചില ഉഭയജീവികള്‍ക്ക് പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ അവയുടെ വാസസ്ഥലം നഷ്ടമാകും. കേന്ദ്രപരിസ്ഥിതി മന്ത്രാലയം പ്രൊജക്ട് എലിഫന്റായി നിര്‍ണയിച്ചിട്ടുള്ള എലിഫെന്റ് റിസര്‍വ് 9ല്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി പ്രദേശം. പറമ്പിക്കുളത്തില്‍നിന്ന് പൂയംകുട്ടി വനത്തിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ആനകള്‍ സഞ്ചരിക്കുന്ന മാര്‍ഗം പദ്ധതിയുടെ ഫലമായി വെള്ളത്തിനടിയിലാകും. പശ്ചിമഘട്ടത്തില്‍ വംശനാശം നേരിടുന്നതും ചില കാടുകളില്‍ മാത്രം കാണുന്നതുമായ സിംഹവാലന്‍ കുരങ്ങുകള്‍ വസിക്കുന്നത് ഈ പുഴക്കരയിലെ കാടുകളിലാണ്. 13 എണ്ണമുള്ള ഒരു കൂട്ടമായാണ് ഇവയെ കണ്ടത്തിയും. വംശനാശ ഭീഷണി നേരിടുന്ന മുള ആമകള്‍ കൂടുതലുള്ള ഏക സ്ഥലം ഇതാണ്. സസ്യ-ജീവ-ജാലങ്ങളാല്‍ സമ്പന്നമായ 28.4 ഹെക്ടര്‍ പുഴയോരക്കാടുകള്‍ പൂര്‍ണമായും നശിച്ചുപോകും. 

അണക്കെട്ടിന്റെ നിര്‍മാണം അണയുടെ മുകളിലേക്കും താഴേക്കുമുള്ള നദീതട സംവിധാനത്തെ പാടെ തകിടം മറിക്കും. അതായത് നദി ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥ എന്നതിനേക്കാള്‍ വെറുമൊരു നീരൊഴുക്കു സംവിധാനമായി അധഃപതിക്കും. നദിയിലെ ജലത്തിന്റെ ഒഴുക്ക് മെയ് മാസത്തില്‍ 7.26 ക്യുമെകും ആഗസ്റ്റ് 229.97 ക്യുമെകിനും മധ്യേ ഏറിയും കുറഞ്ഞുമിരിക്കുന്നതിനാലാണ് അനവധി സസ്യജീവജാലങ്ങളുടെ വിളനിലമായി ആ മേഖല നിലനില്‍ക്കുന്നത്. പദ്ധതി വരുന്നതോടെ ഈ വ്യവസ്ഥ തകിടം മറിയും.

ചാലക്കുടിയിലെ നദീതട ഗവേഷണകേന്ദ്രം വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്നെടുത്ത കണക്കനുസരിച്ച് ഇടമലയാല്‍ ഡൈവേര്‍ഷന്‍ സ്‌കീമിലേക്കുള്ള വെള്ളം കഴിച്ചാല്‍ 750 എം.സി.എം ജലം മാത്രമേ അതിരപ്പിള്ളി അണക്കെട്ടിലെത്തൂ. 1169 എം.സി.എം ജലം ഒഴുകും എന്നാണ് ഡി.പി.ആര്‍ പ്രസ്താവിക്കുന്നത്. അതനുസരിച്ചാണ് 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്ന് പറയുന്നത്. എന്നാല്‍ ജലലഭ്യത 750 എം.സി.എം ആകുമ്പോള്‍ വൈദ്യുതി ഉല്‍പാദനവും അതനുസരിച്ച് കുറയും. പെരിങ്ങല്‍ക്കുത്തിലെ 1987 മുതല്‍ 2006 വരെയുള്ള (വിവരാവകാശപ്രകാരം ലഭിച്ചത്) നിത്യവുമുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെയും നീരൊഴുക്കിന്റെയും സ്ഥിതിവിവരക്കണക്കുകളുടെ അപഗ്രഥനപ്രകാരം അതിരപ്പിള്ളിയിലെ വൈദ്യുതി ഉല്‍പാദനം ഇടമലയാറിലേക്ക് ജലം തിരിച്ച് വിട്ടാല്‍ 170 ദശലക്ഷം യൂണിറ്റും അല്ലെങ്കില്‍ 210 ദശലക്ഷം യൂണിറ്റുമായിരിക്കും. മഴ കുറവുള്ള ഡിസംബര്‍-മെയ് മാസങ്ങളില്‍ ഇടമലയാര്‍ ഡൈവേര്‍ഷന്‍ സ്‌കീം കൂടി പരിഗണിച്ചാല്‍ വൈദ്യുതോല്‍പാദനം 25 ദശലക്ഷം യൂണിറ്റില്‍ കുറവായിരിക്കും. വിദ്യുച്ഛക്തി വകുപ്പ് അവകാശപ്പെടുന്നതുപോലെ ഇടമലയാര്‍ ഡൈവേര്‍ഷന്‍ സ്‌കീം നിര്‍ത്തിയാല്‍ അവിടെ നിന്നുള്ള 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി നഷ്ടപ്പെടുകയായിരിക്കും ഫലം. അതായത് ആതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മഴയില്ലാത്ത മാസങ്ങളില്‍ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ നഷ്ടം ഉണ്ടാകും.

ഈ സാഹചര്യത്തില്‍ മേഖലയുടെ ജൈവവൈവിധ്യ സമ്പന്നത, ഉയര്‍ന്ന സംരക്ഷണമൂല്യം, മത്സ്യസമ്പത്തിന്റെ പ്രാധാന്യം 22 തദ്ദേശീയ ഇനങ്ങളുടെയും കടുത്ത നാശം നേരിടുന്ന 9 ഇനങ്ങളുടെയും സാമീപ്യം, പശ്ചിമഘട്ടത്തിലെ 75 ശതമാനം പക്ഷികളുടെയും ആവാസകേന്ദ്രം സംസ്ഥാനത്തിന്റെ മറ്റൊരുഭാഗത്തും കാണാന്‍ കഴിയാത്ത നദിയോര ആവാസവ്യവസ്ഥ, അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ ജലസേചന കുടിവെള്ള പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികത, പദ്ധതിയില്‍നിന്ന് ലഭിക്കുന്ന പരിമിതമായ വൈദ്യുതി, കാടര്‍ ഗിരിജനങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍, ഉയര്‍ന്ന നിര്‍മാണ ചെലവ്, 2001 ഒക്‌ടോബര്‍ 17ലെ കേരള ഹൈക്കോടതി നിര്‍ദ്ദേശം ‘ലക്ഷ്യമിട്ട വൈദ്യുത ഉല്‍പാദനം ഉറപ്പുവരുത്താനായി നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്തി അവയുടെ പൂര്‍ണ ഉല്‍പാദനശേഷി വീണ്ടെടുക്കുക, വിതരണനഷ്ടം പരമാവധി കുറയ്ക്കുക, വൈദ്യുതിമോഷണം തടയുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുക’ എന്നീ വസ്തുതകള്‍ കണക്കിലെടുത്ത് അതിരപ്പിള്ളി വാഴച്ചാല്‍ പ്രദേശം സംരക്ഷിക്കാനും നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്ക് അനുമതി നിഷേധിക്കാനും സമിതി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുന്നു. മാത്രവുമല്ല ചാലക്കുടിപുഴയെ ഒരു മത്സ്യ വൈവിധ്യ സമ്പന്നമേഖലയായി പ്രഖ്യാപിച്ച് കേരളത്തിലെ ഉടുമ്പന്‍ചോല താലൂക്കിലെ ജൈവവൈവിധ്യസമ്പന്ന പ്രദേശങ്ങളെ സംരക്ഷിക്കുന്ന മാതൃകയില്‍ സംരക്ഷിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ജലവൈദ്യുതി വിലകുറഞ്ഞതല്ല
ജല വൈദ്യുതി വിലകുറഞ്ഞ വൈദ്യുതി ആണ് എന്നാണ് കെ.എസ്.ഇ.ബി യുടെ വാദം. ഇതേറെക്കുറെ ശരിയാണ് താനും. പക്ഷേ അത് മുന്‍കാലങ്ങളിലെ നിര്‍മാണചെലവിന്റെ അടിസ്ഥാനത്തിലാണ്. ഇന്നത്തെ സ്ഥിതി അതല്ല. 1996ല്‍ അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണചെലവ് 415 കോടിയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് 2500 കോടിയെങ്കിലുമാകും. മെയിന്റനന്‍സ് കോസ്റ്റ് പുറമെ വരും. അപ്പോള്‍ ചെലവു കുറവ് എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? വനജൈവ വ്യവസ്ഥയുടെ അപരിഹാര്യമായ നഷ്ടം കൂടാതെ ഭീമമായ നിര്‍മാണചെലവ് കൂടി ആകുമ്പോള്‍ വൈദ്യുതി വില ഹൈ കോസ്റ്റാകും.

പദ്ധതിക്കെതിരായ ജനകീയ സമരങ്ങള്‍
2001 മുതല്‍ പദ്ധതിക്കെതിരായി പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരു വിഭാഗം രഷ്ട്രീയ പ്രവര്‍ത്തകരും ബഹുഭൂരിപക്ഷം പരിസര വാസികളും സമര രംഗത്താണ്. ചാലക്കുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിശാലമായ ഐക്യവേദി രൂപീകരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. സമരങ്ങളും, നിവേദനങ്ങളും കോടതി വിധികളും ശക്തമാകുമ്പോള്‍ കെ.എസ്.ഇ.ബി പുറകോട്ടുപോകുകയും ശാന്തമാകുമ്പോള്‍ വീണ്ടും പദ്ധതി നിര്‍ദ്ദേശവുമായി തിരികെ വരുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പുതിയ അനുമതി നല്‍കിയിട്ടില്ല. എന്നാണ് അറിയുന്നത്. എന്നിരുന്നാലും അനുമതിക്കായി ഇടക്കിടെ കത്തയക്കുക എന്നത് കെ.എസ്.ഇ.ബി യുടെ ഒരു ശീലമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഒട്ടേറെ സംഘടനകളും വ്യക്തികളും പദ്ധതിക്കെതിരായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ച് അനുകൂല വിധികള്‍ സമ്പാദിച്ചിട്ടുണ്ട്. ഇപ്പോഴും രണ്ടു കേസുകള്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ പാരീസ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന സന്ദര്‍ഭത്തില്‍ നവംബര്‍ 27 ന് വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെ ഹരിത മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. വിവിധ പരിസ്ഥിതി സംഘടനകളില്‍ ഉള്‍പ്പെട്ടവരും, വിദ്യാര്‍ത്ഥികളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും തദ്ദേശവാസികളും അടക്കം ഒരു ലക്ഷത്തോളം പേര്‍ ഈ മാര്‍ച്ചില്‍ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധര്‍ അടങ്ങുന്ന ഒരു പഠനസംഘം രൂപീകരിച്ചിരുന്നു അവര്‍ പദ്ധതിക്കു വേണ്ടിയുള്ള ഡി.പി.ആര്‍ പരിശോധിച്ചും പദ്ധതി പ്രദേശം സന്ദര്‍ശിച്ചും വിശദമായ റിപ്പോര്‍ട്ട് ഉണ്ടാക്കി അതിന്‍ പ്രകാരം ഇ.ഐ.എ തള്ളിക്കളയാനും ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കാനും നിര്‍ദ്ദേശിച്ചു. പൊതു തെളിവെടുപ്പുകളിലെല്ലാം വലിയ ജനാവലി ഉണ്ടാകുകയും പ്രതിഷേധ ശക്തികൊണ്ട് തെളിവെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യവും പലപ്പോഴും വന്നുചേരുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ ഒറ്റക്കൊറ്റക്കായും കൂട്ടായും സമരരംഗത്ത് ഉറച്ചുതന്നെ നില്‍ക്കുകയാണ്. കണ്ണിലെണ്ണയൊഴിച്ച് അതത് സമയത്തെ കെ.എസ്.ഇ.ബി നിലപാടുകളെ പരിശോധിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ വിദഗ്ദ്ധര്‍ക്കു കഴിയുന്നുണ്ട്. പദ്ധതി പ്രദേശത്തെയും പുഴ കടന്നു പോകുന്ന ഇടങ്ങളിലെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രമേയം പാസാക്കിയും സമരങ്ങളില്‍ പങ്കെടുത്തും പദ്ധതിയെ എതിര്‍ക്കുന്നു. പക്ഷേ ഇതൊന്നും കാണാനുള്ള വിവേകം കെ.എസ്.ഇ.ബി യും കൂട്ടരും കാണിക്കുന്നില്ല എന്നതാണ് കഷ്ടം.

പിടിവാശിവിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് പോകണം
ആഗോളതാപനം, പരിസ്ഥിതി വ്യതിയാനം, വിഭവശോഷണം, വനശോഷണം എന്നീ പ്രശ്‌നങ്ങള്‍ കേരളത്തിന്റെതു മാത്രമല്ല എന്ന് നമുക്കറിയാം. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ ഫോസില്‍ ഇന്ധനങ്ങളെയും ആണവോര്‍ജ്ജത്തെയും ജലവൈദ്യുതി പദ്ധതികളെയും അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതി ഉല്‍പാദനത്തില്‍നിന്ന് ലോകം പതിയെ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. ചെലവുകുറഞ്ഞ ബദല്‍ ഉല്‍പാദനരീതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ വളരെ ശക്തവുമാണ്. ജര്‍മനി ഇതിനകം തന്നെ 51000 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പാദിക്കാന്‍ തക്കവണ്ണം ശേഷി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റും ഒരുലക്ഷം മെഗാവാട്ട് സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ്, ജെര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച് 50,000 യൂണിറ്റ് വൈദ്യുതി നിര്‍മിക്കാനുള്ള പദ്ധതിയുടെ അവസാന ഘട്ടത്തിലാണ്. പൂനൈ ആസ്ഥാനമായ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റയ്‌നബിള്‍ എനര്‍ജി എന്ന സ്ഥാപനം കേരളത്തില്‍ നടത്തിയ പഠനപ്രകാരം വീടുകളിലെ മേല്‍ക്കൂര ഉപയോഗിച്ച് മാത്രം സൗരവൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ 13079 മെഗാവാട്ടും, മറ്റുകെട്ടിടങ്ങള്‍കൂടി ഉപയോഗിച്ചാല്‍ 31145 മെഗാവാട്ട് വൈദ്യുതിയും നിര്‍മിക്കാന്‍ കഴിയും എന്ന് കണ്ടെത്തിയിരിക്കുന്നു. അണക്കെട്ടുകളുടെ റിസര്‍വോയറുകള്‍ക്കു മുകളിലും പുഴകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കു മുകളിലും ഫ്‌ളോട്ടിംഗ് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കാവുന്നതാണ്. ഇപ്പോള്‍ നമ്മുടെ വൈദ്യുതി ഉപഭോഗം ഏകദേശം 3000 മെഗാവാട്ടും അടുത്ത 20 വര്‍ഷത്തെ ആവശ്യം കണക്കിലെടുക്കുമ്പോള്‍ 4500 – 5000 മെഗാവാട്ടും മതിയാകും എന്ന് കൂടി മനസ്സിലാക്കുമ്പോള്‍ സൗരോര്‍ജ്ജത്തിലേക്കാണ് നമ്മള്‍ കൂടുതല്‍ തിരിയേണ്ടത് എന്ന് ബോധ്യപ്പെടും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ പീക്ക്‌ലോഡ് ആവശ്യത്തിന് ചെറുകിട വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. മീന്‍വല്ലം പോലുള്ള ചെറുകിട പദ്ധതികള്‍ ഒരു ജില്ലാപഞ്ചായത്തിന് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് നാം. മാത്രവുമല്ല വൈകുന്നേരത്തെ വര്‍ധിത ആവശ്യം നിറവേറ്റാന്‍ പകല്‍ സമയത്ത് ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ശേഖരിച്ചുവെക്കാന്‍  ഇലക്‌ട്രോളിസിസ് പ്രക്രിയ പോലുള്ള മാര്‍ഗങ്ങളും പ്രയോഗിക്കാവുന്നതാണ്.

ഇത്തരത്തില്‍ ആലോചിക്കണമെങ്കില്‍ കെ.എസ്.ഇ.ബി ആയാലും വേണ്ടില്ല, സര്‍ക്കാരുകളായാലും വേണ്ടില്ല, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളായാലും വേണ്ടില്ല പരിസ്ഥിതിയെയും വികസനത്തെയും അതിന്റെ സമഗ്രതയില്‍ കാണാന്‍ ശ്രമിക്കണം. കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുന്‍ശീലങ്ങളുടെ ഭാണ്ഡം ഇറക്കിവെക്കാതെ വന്‍ ജലവൈദ്യുത പദ്ധതികള്‍ വീണ്ടും നിര്‍മിക്കുന്നതിനാണോ നമ്മള്‍ മുന്‍ഗണന നല്‍കേണ്ടത് എന്ന് ചിന്തിക്കണം.

Reference
1. പരിഷത്ത് പഠനം
2. WAPCOS Study, Dr. Vidhya Sagar
3. ചാലക്കുടി പുഴ സംരക്ഷണ സമിതി പഠനം
4. വികസന രേഖ ഊര്‍ജ്ജ നയം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
5. കേരളം 2050 ല്‍ 100% ഹരിത ഊര്‍ജ്ജം, ജി എം പിള്ള (WISE)   
6. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്
7. The proposed project in Athirapilly and The Kadar tribe by Dr. Sinitha Xavier and Dr. C.C Babu

(സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍