UPDATES

വീണ്ടും അതിരപ്പിള്ളി: ജനത്തെ ഇനിയും വെല്ലുവിളിക്കരുത്

യൂണിറ്റിന് നാലുരൂപയില്‍ താഴെ വൈദ്യുതി വാങ്ങികൊണ്ടിരിക്കുന്ന സ്ഥാനത്ത് യൂണിറ്റിന് കുറഞ്ഞത് 15 രൂപയെങ്കിലുമാവുന്ന ഈ പദ്ധതി നടപ്പാക്കണമെന്ന് പറയുന്നതില്‍ എന്താണ് ന്യായമുള്ളത്?

കേരളത്തിലെ നിലവിലെ പാരിസ്ഥിതി പ്രശ്നങ്ങളുടെ അവസ്ഥ എന്താണെന്നുപോലും ആലോചിക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പിച്ച് പറയുന്നത് ആരോടുള്ള വാശി തീര്‍ക്കാനാണ്? അല്ലെങ്കില്‍ ആരുടെ നേട്ടത്തിനാണ് ഈ ഗുരുതരമായ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്? ഇന്നലെ നടന്ന നിയമസഭ സമ്മേളനത്തില്‍ മുസ്ലീംലീഗ് അംഗം എന്‍ ഷംസുദീന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് വൈദ്യുതി മന്ത്രി എംഎം മണി ഉത്തരം നല്‍കിയത്. അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും 163 മെഗാവാട്ടിന്റെ പദ്ധതി നടപ്പാക്കാനായി സ്ഥലമേറ്റെടുപ്പ് നടപടി തുടങ്ങിയതായും മന്ത്രി വ്യക്തമായി അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രദേശവാസികളുടേയും വലിയ പ്രതിഷേധം നിലനില്‍ക്കെയാണ് സമവായ ചര്‍ച്ചകളെ കുറിച്ച് പോലും സംസാരിക്കാതെ എംഎം മണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ തന്നെ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്. പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന സിപിഐയെക്കൂടാതെ സിപിഎമ്മിനുള്ളിലും ശക്തമായ പ്രതിഷേധമുണ്ട്.

വൈദ്യുതി മന്ത്രി എംഎം മണി രേഖാമൂലം നല്‍കിയ ഉത്തരം


2001 മുതല്‍ പദ്ധതിക്കെതിരായി പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകരും ബഹുഭൂരിപക്ഷം പരിസര വാസികളും സമര രംഗത്താണ്. ചാലക്കുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിശാലമായ ഐക്യവേദി രൂപീകരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. സമരങ്ങളും നിവേദനങ്ങളും കോടതി വിധികളും ശക്തമാകുമ്പോള്‍ കെ.എസ്.ഇ.ബി പുറകോട്ടുപോകുകയും ശാന്തമാകുമ്പോള്‍ വീണ്ടും പദ്ധതി നിര്‍ദ്ദേശവുമായി തിരികെ വരുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്.

ജല വൈദ്യുതി വിലകുറഞ്ഞ വൈദ്യുതി ആണ് എന്നാണ് കെ.എസ്.ഇ.ബി യുടെ വാദം. ഇതേറെക്കുറെ ശരിയാണ് താനും. പക്ഷേ അത് മുന്‍കാലങ്ങളിലെ നിര്‍മാണചെലവിന്റെ അടിസ്ഥാനത്തിലാണ്. ഇന്നത്തെ സ്ഥിതി അതല്ല. 1996-ല്‍ അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണചെലവ് 415 കോടിയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അത് 2500 കോടിയെങ്കിലുമാകും. മെയിന്റനന്‍സ് കോസ്റ്റ് പുറമെ വരും. അപ്പോള്‍ ചെലവു കുറവ് എന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? വനജൈവ വ്യവസ്ഥയുടെ അപരിഹാര്യമായ നഷ്ടം കൂടാതെ ഭീമമായ നിര്‍മാണചെലവ് കൂടി ആകുമ്പോള്‍ വൈദ്യുതി വില ഹൈ കോസ്റ്റാകും.

Also Read: അതിരപ്പിള്ളി പദ്ധതി; മരണത്തിന് തൊട്ട് മുന്‍പ് ഭൂമി തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരം

ചാലക്കുടി പുഴ സംരക്ഷണ സെക്രട്ടറിയും പാരിസ്ഥിതി പ്രവര്‍ത്തകനുമായ രവി അഴിമുഖത്തോട് പ്രതികരിച്ചത്- ‘നിലവില്‍ അതിരിപ്പിള്ളി പദ്ധതിയുമായി (ഗ്രൗണ്ട് ലെവല്‍) ബന്ധപ്പെട്ട് ഒന്നും തന്നെ നടക്കുന്നില്ല. പദ്ധതി നടപ്പാക്കുന്ന ഒരു സാഹചര്യമാണ് വരുന്നതെങ്കില്‍ തീര്‍ച്ചയായും ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടാകും. എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകളും എതിര്‍പ്പുമായി രംഗത്തേക്ക് എത്തുകയും ചെയ്യും.

കേരളം ഏറ്റവും രൂക്ഷമായ വരള്‍ച്ചയില്‍ കൂടിയാണ് കടന്നുപോകുന്നത്. വെള്ളമില്ല എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. വെള്ളമില്ലാത്ത പുഴയില്‍ അണകെട്ടുകയെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അത് വൈദ്യൂതിയുടെ ആവശ്യത്തിനല്ല മറ്റുകാര്യത്തിനാണെന്നുള്ള ബോധ്യം ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. നാടിന് ഗുണമില്ലാത്ത, ജനങ്ങള്‍ എതിര്‍ക്കുന്ന ഒരു പദ്ധതി നടപ്പാക്കണമെന്ന് അധികാരികള്‍ വാശിപിടിക്കുന്നുണ്ടെങ്കില്‍ വികസനത്തിന് വേണ്ടിയല്ല എന്ന കാര്യം ഉറപ്പാണ്.

ഇവിടുത്തെ വൈദ്യുതിയുടെ ആവശ്യം പരിഹരിക്കാനായി ഈ പദ്ധതിയുടെ യാതൊരു ആവിശ്യവുമില്ല. വൈദ്യുതി ബോര്‍ഡിനെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രതിസന്ധിയെന്നത് വൈദ്യുതിയില്ല എന്നതല്ല. അവരുടെ പ്രതിസന്ധി സാമ്പത്തികമാണ്. ഈ സാമ്പത്തിക പ്രതിസന്ധി കൂട്ടാനെ പദ്ധതി കൊണ്ട് ഗുണപ്പെടൂ. യൂണിറ്റിന് നാലുരൂപയില്‍ താഴെയാണ് ശരാശരി ഇപ്പോള്‍ നമ്മള്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. അത് ആവശ്യത്തിന് പുറത്തുനിന്ന് കിട്ടാനുമുണ്ട്. ആ സ്ഥാനത്ത് യൂണിറ്റിന് കുറഞ്ഞത് 15 രൂപയെങ്കിലുമാവുന്ന ഈ പദ്ധതി നടപ്പാക്കണമെന്ന് പറയുന്നതില്‍ എന്താണ് ന്യായമുള്ളത്.

2007-ലായിരുന്നു പദ്ധതിക്ക് കേന്ദ്രം അവസാനം പരിസ്ഥിതി അനുമതി കൊടുത്തത്. അഞ്ചുകൊല്ലത്തേക്കായിരുന്നു അനുമതി (അതായത് 2012 വരെ). 2012-ല്‍ കാലാവധി കഴിഞ്ഞ ഈ അനുമതി 2015 ഒക്ടോബറില്‍ കേന്ദ്രം ഒരു കത്ത് വഴി അഞ്ചുകൊല്ലത്തേക്ക് നീട്ടി നല്‍കി (2012 കഴിഞ്ഞിട്ടുള്ളൂ അഞ്ച് വര്‍ഷം). ഈ വര്‍ഷം ജൂലൈ വരെയാണ് ഇതിന്റെ കാലാവധി.

സത്യത്തില്‍ ഈ അനുമതി നീട്ടിക്കൊടുത്തത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു. അനുമതി നീട്ടിനല്‍കാന്‍ എന്തെങ്കിലും തരത്തിലുള്ള ഒരു അപേക്ഷയും വൈദ്യുതിബോര്‍ഡ് നല്‍കിയിരുന്നുമില്ല. ഇതെല്ലാം കോടതിയില്‍ കിടക്കുന്ന കേസുകളാണ്. പദ്ധതി നടപ്പാക്കണമെന്ന് നിയമസഭയില്‍ പറഞ്ഞത് ഒരു പക്ഷെ തങ്ങളുടെ ഒരു മോഹം പറഞ്ഞതായിരിക്കും എന്ന രീതിയിലെ ഇതിനെ നമ്മള്‍ കാണുന്നുള്ളൂ. കാരണം ഈ പദ്ധതി നടപ്പാവില്ല. നടപ്പാക്കാനായി വന്നു കഴിഞ്ഞാല്‍ അതിനെ നേരിടാനുള്ള ശകതി ജനങ്ങള്‍ക്കുണ്ട്.


പുഴയെ ബാധിക്കുന്ന, പ്രകൃതിയെ ബാധിക്കുന്ന, പാരിസ്ഥിതിയെ ബാധിക്കുന്ന, ജനങ്ങളെ ബാധിക്കുന്ന ഒരു പദ്ധതിയാണിത്. ഈ ഓരോ ഘടകവും കോടതിയിലും മറ്റും തെളിവുസഹിതം അവതരിപ്പിച്ചിട്ടുള്ളതാണ്. ഇതിനെ നിഷേധിക്കാനോ ഖണ്ഡിക്കാനോ ഉള്ള ഒന്നും തന്നെ അവതരിപ്പിക്കാന്‍ വൈദ്യുതിബോര്‍ഡിന് കഴിഞ്ഞിട്ടില്ല. രണ്ട് തവണ കോടതി പദ്ധതിയുടെ അനുമതി നിര്‍ത്തിവച്ചതാണ്. മൂന്നാംവട്ടം പദ്ധതിയുടെ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് കോടതി നടപടി അവസാനിപ്പിക്കുകയായിരുന്നു ചെയ്തത്. ഞങ്ങളെ സംബന്ധിച്ച് മുമ്പ് തന്നെ അവസാനിച്ചു കഴിഞ്ഞ പദ്ധതിയാണ്. സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന കാര്യം സംശയമാണ്. രാഷ്ട്രീയമായി മുന്നണിക്കകത്തെ എതിര്‍പ്പുകളെയും പ്രതിപക്ഷത്തെയും ജനങ്ങളെയും എതിര്‍ത്തുകൊണ്ട് എങ്ങനെയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. മന്ത്രി പറയുന്നത് സമവായത്തിന് ശ്രമിക്കുമെന്നുമാണ്. അങ്ങനെയൊരു സമവായ സാധ്യത ഒന്നുമില്ല.’

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിവാദത്തിന് മൂന്നര പതിറ്റാണ്ടത്തെ പഴക്കമുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് ഏകദേശം നാനൂറ് മീറ്റര്‍ മുകളില്‍ അണകെട്ടി വൈകിട്ട് 6 മുതല്‍ 10 വരെ പ്രവര്‍ത്തിപ്പിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി. ഇവിടെ നിര്‍മിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്. വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണമായ 104 ഹെക്ടറുള്‍പ്പെടെ മൊത്തം വനമേഖലയുടെ 138 ഹെക്ടര്‍ സ്ഥലം ഡാം നിര്‍മിക്കുന്നതിന് ആവശ്യമായി കണക്കാക്കുന്നു.

അണക്കെട്ടില്‍ നിന്നുള്ള ജലം 6.4 മീറ്റര്‍ വ്യാസവും 4.69 കിലോമീറ്റര്‍ നീളവുമുള്ള ടണലിലൂടെ പ്രവഹിപ്പിച്ചാണ് ഡാം സൈറ്റിന് വടക്കുപടിഞ്ഞാറ് കണ്ണന്‍കുഴി തോടിനു പുറകിലുള്ള പ്രധാന പവര്‍ഹൗസില്‍ എത്തിക്കുന്നത്. പവര്‍ഹൗസില്‍നിന്ന് കണ്ണന്‍കുഴി തോടിലെത്തുന്ന ജലം ഒന്നരകിലോമീറ്റര്‍ വീണ്ടും സഞ്ചരിച്ച് ചാലക്കുടി പുഴയില്‍ എത്തും. 3.4 മീറ്റര്‍ വ്യാസവും 50 മീറ്റര്‍ നീളവുമുള്ള 2 പെന്‍സ്റ്റോക്ക് ആണ് പവര്‍ഹൗസിലേക്ക് നല്‍കുന്നത്. ഇവയുടെ ശേഷി 2.80 മെഗാവാട്ടാണ്. ഇതിനു പുറമെ അണക്കെട്ടിനോട് ചേര്‍ന്ന് 50 മീറ്റര്‍ താഴെ 1.5 മെഗാവാട്ട് ശേഷിയുള്ള 2 ജെനെറേറ്റര്‍ കൂടി സ്ഥാപിച്ചാണ് പദ്ധതിയുടെ മൊത്തം ഉല്‍പാദനശേഷി 163 മെഗാവാട്ടായി നിശ്ചയിച്ചിട്ടുള്ളത്.


പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലൂടെ അറബിക്കടലില്‍ പതിക്കുന്ന 144 കിലോമീറ്റര്‍ നീളമുള്ള സാമാന്യം വലിയ പുഴയാണ് ചാലക്കുടിപ്പുഴ. പുഴയുടെ വിവിധ കൈവഴികള്‍ക്കു കുറുകെ 6 വന്‍ പദ്ധതികളാണ് നിലവിലുള്ളത്. ഇതില്‍ 4 എണ്ണം നിര്‍മിച്ചതും നിയന്ത്രിക്കുന്നതും തമിഴ്‌നാടാണ്. ഇതുകൂടാതെ 48 ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകളും 650-ലധികം സ്വകാര്യ പമ്പുകളും മറ്റു കുടിവെള്ള പദ്ധതികളും പുഴയിലുണ്ട്. ഏകദേശം 10 ലക്ഷം ജനങ്ങളാണ് പുഴയെ നേരിട്ട് ആശ്രയിച്ച് ജീവിക്കുന്നത്.

പദ്ധതി നടപ്പാക്കിയാല്‍ രണ്ട് ആദിവാസി ഊരുകളിലെ പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ട 85-ഓളം കുടുംബങ്ങള്‍ മാറേണ്ടിവരും. രാജ്യത്തെ തന്നെ അത്യപൂര്‍വ പുഴയോര കാടായ ഇവിടം 264-ഇനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്. കൂടാതെ പദ്ധതി, തൃശൂര്‍, എറണാകുളം ജില്ലയിലെ 35000 ഏക്കര്‍ സ്ഥലത്തെ ജലസേചനത്തെയാണ് ബാധിക്കുന്നത്. ദിനംപ്രതി ശോഷിച്ചുവരുന്ന കാടിനെ സംരക്ഷിച്ച് പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിന് പകരം നക്കാപ്പിച്ച ഊര്‍ജ്ജത്തിനായി 140 ഹെക്ടര്‍ വനപ്രദേശം ഇല്ലാതാക്കി നിര്‍മിക്കുന്ന ഏഴാമത് അണക്കെട്ടിനെ സാമാന്യ യുക്തിയില്‍നിന്നുപോലും ന്യായീകരിക്കാനാവില്ല.

ലോകം മുഴുവന്‍ ഫോസില്‍ ഇന്ധനങ്ങളെയും ആണവോര്‍ജ്ജത്തെയും ജലവൈദ്യുതി പദ്ധതികളെയും അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതി ഉത്പാദന രീതികള്‍ ഒഴിവാക്കി ചെലവുകുറഞ്ഞ ബദല്‍ ഉല്‍പാദനരീതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്. പൂനെ ആസ്ഥാനമായ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ എനര്‍ജി എന്ന സ്ഥാപനം കേരളത്തില്‍ നടത്തിയ പഠനപ്രകാരം വീടുകളിലെ മേല്‍ക്കൂര ഉപയോഗിച്ച് മാത്രം സൗരവൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ 13079 മെഗാവാട്ടും, മറ്റുകെട്ടിടങ്ങള്‍കൂടി ഉപയോഗിച്ചാല്‍ 31145 മെഗാവാട്ട് വൈദ്യുതിയും നിര്‍മിക്കാന്‍ കഴിയും എന്ന് കണ്ടെത്തിയിരുന്നു. അണക്കെട്ടുകളുടെ റിസര്‍വോയറുകള്‍ക്കു മുകളിലും പുഴകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കു മുകളിലും ഫ്ളോട്ടിംഗ് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കാവുന്നതാണ്.

ഇപ്പോള്‍ നമ്മുടെ വൈദ്യുതി ഉപഭോഗം ഏകദേശം 3000 മെഗാവാട്ടും അടുത്ത 20 വര്‍ഷത്തെ ആവശ്യം കണക്കിലെടുക്കുമ്പോള്‍ 4500-5000 മെഗാവാട്ടും മതിയാകും എന്ന് കൂടി മനസ്സിലാക്കുമ്പോള്‍ സൗരോര്‍ജ്ജത്തിലേക്കാണ് നമ്മള്‍ കൂടുതല്‍ തിരിയേണ്ടത് എന്ന് ബോധ്യപ്പെടും. വലിയ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ പീക്ക്ലോഡ് ആവശ്യത്തിന് ചെറുകിട വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. മീന്‍വല്ലം പോലുള്ള ചെറുകിട പദ്ധതികള്‍ ഒരു ജില്ലാപഞ്ചായത്തിന് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് നാം. മാത്രവുമല്ല വൈകുന്നേരത്തെ വര്‍ധിത ആവശ്യം നിറവേറ്റാന്‍ പകല്‍ സമയത്ത് ഉത്പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ശേഖരിച്ചുവെക്കാന്‍ ഇലക്ട്രോളിസിസ് പ്രക്രിയ പോലുള്ള മാര്‍ഗങ്ങളും പ്രയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇതൊന്നും ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരള സര്‍ക്കാരിന് മനസിലാവുന്നില്ലേ? ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുന്ന പദ്ധതി ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതോടെ പൊടിതട്ടിയെടുക്കുന്നതിനെ മാനദണ്ഡം എന്താണ്, ആര്‍ക്ക് വേണ്ടിയാണിത്? കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് കേരളം. അതിനിടയില്‍ ഇത്തരമൊരു പദ്ധതിയും പൊക്കിപ്പിടിച്ചു വരാന്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് ചെവി കേള്‍ക്കില്ല, അല്ലെങ്കില്‍ ജനത്തോടുള്ള വെല്ലുവിളിയാണിത്‌.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍