UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്ന് ചെകിടടിച്ചു തകര്‍ത്തു, ഇന്ന്‍ പെരുവഴിയില്‍ ഇറക്കിവിട്ടു; അത്‌ലറ്റിക് നാടകവേദി പ്രവര്‍ത്തകരുടെ അനുഭവം

Avatar

രാകേഷ് നായര്‍

ഭരണകൂടാധിപത്യത്തോടെ സ്ഥാപിക്കപ്പെട്ട വ്യവസ്ഥയ്ക്കു  പുറത്ത് നില്‍ക്കുന്നവര്‍ എപ്പോഴും സംശയത്തിന്റെ നിഴലിലാണ്. സ്റ്റേറ്റിനും അതിന്റെ പ്രതിനിധികള്‍ക്കും (ചിലപ്പോള്‍ അവര്‍ സ്വയം ഭരണകൂടമായി ചമയും) തങ്ങളുടെ ‘ശത്രു’ക്കളെ ചോദ്യം ചെയ്യാം, ഭീഷണിപ്പെടുത്താം, മര്‍ദ്ദിക്കാം, ഇറക്കി പെരുവഴിയില്‍ നിര്‍ത്താം. ആ ‘ശത്രു’ക്കള്‍ വിശ്വാസങ്ങള്‍കൊണ്ട് തീര്‍ക്കപ്പെട്ട സുസ്ഥിരവും സുശക്തവുമായ (അങ്ങനെ വിശ്വസിക്കപ്പെടുന്ന) സമൂഹബന്ധങ്ങളെ തകര്‍ക്കാന്‍ നടക്കുന്നവരാണ്. എന്ത്? എന്തിന് ? എന്തുകൊണ്ട്?- ഈ ചോദ്യങ്ങളോട് പ്രതികരിക്കാത്തവരാണ്! 

യുവാക്കളാണ് ഇങ്ങനെ കുറ്റവാളികളാക്കി മാറ്റപ്പെടുന്നവരിലധികവും. അവര്‍ സദാചാര മാനിഫെസ്റ്റോകളെ എതിര്‍ക്കുന്നു, അവര്‍ അധഃകൃതവര്‍ഗത്തിനുവേണ്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു, ഫാസിസത്തിനെ കൈചൂണ്ടി എതിര്‍ക്കുന്നു, മാറ്റങ്ങളോര്‍മിപ്പിച്ച് നാടകം കളിക്കുന്നു; അവര്‍ സര്‍ഗാത്മകവിപ്ലവം നടത്തുന്നു. അതുവഴി സ്‌റ്റേറ്റിനും സ്‌റ്റേറ്റിന്റെ ആശ്രിതര്‍ക്കും പ്രതിനിധികള്‍ക്കും വെല്ലുവിളികളാകുന്നു. 

തെരുവുകളിലെ ഇത്തിരിയിടങ്ങളില്‍ ഒത്തിരികാര്യങ്ങള്‍ പറയാനായി ഛായം പൂശുന്ന ഒരുസംഘം കലാകാരന്മാര്‍ ഒത്തുചേരുന്ന പ്രസ്ഥാനമാണ് അത്‌ലറ്റിക് കായിക നാടകവേദി. കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം യുവാക്കള്‍, അവരുടെ സാമൂഹിക ഉത്തരവാദിത്വമെന്ന നിലയില്‍ ചെയ്യുന്ന കലാപ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നത്. എന്നാല്‍ അവര്‍ നിരന്തരം പൊതുനീരീക്ഷണത്തിന് വിധേയരാവുകയും ചോദ്യം ചെയപ്പെടുകയും മര്‍ദ്ദനമേറ്റുവാങ്ങുകയും ചെയ്യേണ്ടി വരുന്നത് പൊതുബോധത്തിന് വിപരീതമായി നടക്കുന്നതുകൊണ്ടുതന്നെയാണ്. അസഹിഷ്ണുത നിറഞ്ഞ ഇതേ പൊതുബോധം തന്നെയാണ് അവരുടെ ചെകിട് അടിച്ച് തകര്‍ത്തതും ആക്ഷേപിച്ചതും ഇപ്പോള്‍ പെരുവഴിയില്‍ ഇറക്കി നിര്‍ത്തിയിരിക്കുന്നതും.

അത്‌ലറ്റിക് നാടകവവേദി പ്രവര്‍ത്തകന്‍ ശബരി പറയുന്നതു ശ്രദ്ധിക്കുക- ക്രിയേറ്റിവിറ്റിക്കായുള്ള ഒരിടം എന്നനിലയ്ക്കാണ് പാലക്കാട് കോട്ടായില്‍ ഞങ്ങള്‍ എത്തുന്നത്. നാടകപ്രവര്‍ത്തകനായ സത്യനാരയണന്‍ എന്ന സത്യേട്ടന്റെ സഹായത്തോടെ അവിടെയൊരു പഴയ തറവാട് ശരിയായി. വീട്ടുടമ സത്യേട്ടന്റെ പരിചയക്കാരനായതുകൊണ്ട് ചില ഗുണങ്ങളുണ്ടായി. വാടകയിനത്തില്‍ ഒന്നും നല്‍കണ്ട, പകരം വീടിന്‍റെ മെയിന്റന്‍സ് നടത്തിപ്പോന്നാല്‍ മതി. എഗ്രിമെന്റോ ബോണ്ടോ ആവശ്യമില്ല (സാധാരണ ഒരു വീട് വാടകയ്ക്ക് കിട്ടണമെങ്കില്‍ ഇതെല്ലാം നിര്‍ബന്ധമാണല്ലോ). ഞങ്ങളാരാണെന്നും എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും പലതരക്കാര്‍ ഇവിടെ വന്നു താമസിക്കുമെന്നൊക്കെ കൃത്യമായി വീട്ടുടമയോട് പറയുകയും അതെല്ലാം അദ്ദേഹം എതിര്‍പ്പുകളുയര്‍ത്താതെ കേള്‍ക്കുകയും ഞങ്ങളെ വിശ്വാസമാണെന്ന് പറയുകയും ചെയ്തു. ഇങ്ങനെയൊരിടം തേടിനടക്കുമ്പോള്‍ പ്രധാനമായും ഉണ്ടായിരുന്ന ഉദ്ദേശം മൂന്നുനാടകങ്ങള്‍ പുസ്തകരൂപത്തിലാക്കുക എന്നതായിരുന്നു. പിന്നീട് അവിടെ ഞങ്ങളുടെ നാടക റിഹേഴ്‌സല്‍ ക്യാമ്പായി ഉപയോഗിച്ചു. താമസം തുടങ്ങി രണ്ടു മൂന്നാഴ്ച പിന്നിട്ട ശേഷമാണ് ജനുവരി 11 ന് പെനാല്‍ട്ടി കിക്ക് എന്ന നാടകം കോട്ടായില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. അതിനു മുന്നോടിയായി നാടകത്തെക്കുറിച്ച് ജനങ്ങളില്‍ ഒരു താല്‍പര്യം വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കോട്ടായി ജംഗഷനിലും മേജര്‍ റോഡിലും ഒന്നുരണ്ടു ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിച്ചു. ഞങ്ങള്‍ കരുതിയതുപോലെ തന്നെ ആളുകളില്‍ ജിജ്ഞാസ ഉടലെടുക്കാന്‍ തുടങ്ങി. ഒരു വിഭാഗത്തിനത് കടുത്ത സംശയങ്ങളായി പരിണമിക്കുകയായിരുന്നു.

നാടകത്തെക്കാള്‍ ഞങ്ങളെയായിരുന്നു അവര്‍ക്ക് സംശയം. നീട്ടിവളര്‍ത്തിയ മുടിയും വസ്ത്രധാരണവും പെരുമാറ്റവുമൊക്കെ ആളുകളില്‍ സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അവര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. എന്താണ് ഈ നാടകം? എന്തിനാണിത്? ഇതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? ആദിവാസികളെപ്പോലെ നടക്കുന്നതെന്തിനാണ്? വീട്ടില്‍ ചോദിക്കാനും പറയാനും അമ്മയുമച്ചനുമൊന്നുമില്ലേ? നിങ്ങളാരാണ്? നിങ്ങളെന്താണ് പ്രചരിപ്പിക്കാന്‍ നോക്കുന്നത്? എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടുപോയി.

ഞങ്ങള്‍ സ്ഥാപിച്ച ഇന്‍സ്റ്റലേഷനുകള്‍ കണ്ട്; ഈ തോന്ന്യവാസം നിങ്ങളാണല്ലേ ചെയ്തിരിക്കുന്നതെന്ന് ചോദിച്ച് ചിലര്‍ ക്രുദ്ധരായി. ഉപദേശങ്ങളും പരിഹാസങ്ങളും മുന്നറിയിപ്പുകളുമുണ്ടായി. ഒരു ചായക്കടക്കാരന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു- എന്റെ കടയില്‍ അരിയിടിച്ച് അവല്‍ ഉണ്ടാക്കാറുണ്ട്. ഈ അവല്‍ ചിലര്‍ വാങ്ങി കഴിക്കും, ചിലരത് അമ്പലത്തില്‍ കൊണ്ടുപോകും, അവലുകൊണ്ട് അങ്ങനെ പല ഉപയോഗങ്ങളുമുണ്ട്. നിങ്ങളെകൊണ്ടോ?

റിഹേഴ്‌സല്‍ ക്യാമ്പ് ഉദ്ഘാടനത്തിന് കോട്ടായി പഞ്ചായത്ത് പ്രസിഡന്റിനെയാണ് ക്ഷണിച്ചത്. അദ്ദേഹത്തിനുണ്ടായിരുന്ന സംശയം നിങ്ങള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്നതായിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ തന്റെ മാനസികപിന്തുണയറിക്കാനും അദ്ദേഹം മറന്നില്ല.

എന്നാല്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകുമായിരുന്നില്ല…

പെനാല്‍ട്ടി കിക്ക് എന്ന നാടകം അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാത്രിയില്‍ മൈക് ഉപയോഗിക്കാനുള്ള അനുമതിക്കായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോയി. ആദ്യതവണ അവഗണനയായിരുന്നു. രണ്ടാം തവണ അപേക്ഷയുമായി ചെന്നപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു സ്റ്റേഷനില്‍ നിന്ന് പറഞ്ഞത്. ഇതിനിടയില്‍ പൊലീസിന്റെ വക ചോദ്യങ്ങളും ഉപദേശങ്ങളുമുണ്ടായിരുന്നു. അവര്‍ക്കും ബോധിക്കാഞ്ഞതും ബോധ്യപ്പെടാഞ്ഞതും ഞങ്ങളെ തന്നെയായിരുന്നു. അവരുടെ ചോദ്യോപദേശങ്ങളുടെ ആകെസാരം; മനുഷ്യരെപ്പോലെ നടന്നൂടെ എന്നായിരുന്നു.

പെനാല്‍ട്ടി കിക്ക് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് ബേസ് ചെയ്ത് അവതരിപ്പിക്കുന്ന നാടകമാണ്. അവതരണസ്ഥലം ചെറിയൊരു ഗ്രൗണ്ടായി രൂപപ്പെടുത്തിയശേഷം വളരെ കുറച്ച് ഭാഗം മാത്രമേ പ്രേക്ഷകരുടെ ഇരിപ്പിടമായി മാറ്റിവയ്ക്കാനുണ്ടായിരുന്നുള്ളൂ എന്നിട്ടും ഇരുന്നൂറോളം നാട്ടുകാര്‍ നാടകം കാണാനെത്തി. നാടകത്തിന്റെ അവസാനം പട്ടാളക്കാര്‍ രണ്ടു ഗോള്‍പോസ്റ്റുകളും ലോക്ക് ചെയ്ത് കളിക്കാരെ ബന്ധനസ്ഥരാക്കുകയാണ്. അതിനുശേഷം കാണികളെ മുഴുവന്‍ പുറത്താക്കുന്നു. കളിക്കാര്‍ തങ്ങളെ സ്വതന്ത്രരാക്കൂ എന്നാവശ്യപ്പെടുമ്പോള്‍ കാണികളിലൊരാള്‍ വന്ന് അവരുടെ ബന്ധനം നീക്കുന്നു. അന്നവിടെ കാണികള്‍ക്കിടയില്‍ നിന്നും വന്നത് ഒരു കൊച്ചുകുട്ടിയാണ്.

നാട്ടുകാര്‍ പൂര്‍ണമായി മനസ്സിലാക്കിയല്ല നാടകം കണ്ടെങ്കിലും അവര്‍ ആസ്വദിക്കുകയുണ്ടായി. പലരും അവരുടെ സംശയങ്ങള്‍ ചോദിക്കുകയും ചിലര്‍ ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെന്ന് തുറന്ന് സമ്മതിക്കുകയയും ചെയ്തു. ചോദ്യം ചെയ്യലുകളും ഉണ്ടായി. നാടകത്തിന്റെ അവസാനം ചാപ്ലിന്റെ ദി ഗ്രേറ്റ് ഡിക്ടേറ്ററിലെ അവസാന ഭാഗത്ത് ഉപയോഗിക്കുന്ന ഒരു ഡയലോഗ് ഞങ്ങളും ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞ ആ ഡയലോഗ് എന്തായിരുന്നെന്നും എന്തിനായിരുന്നെന്നും പലര്‍ക്കും അറിയണമായിരുന്നു.നിങ്ങള്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് അവര്‍ ചോദിച്ചു. മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് മറുപടി പറഞ്ഞു. നിലവിലെ വ്യവസ്ഥിതിയില്‍ തൃപ്തരായിരുന്നവര്‍ക്ക് ഞങ്ങളുടെ മറുപടി അധികപ്രസംഗമായിത്തോന്നി.

ഇതിനിടയില്‍തന്നെ പൊലീസിന്റെ വക വ്യവസ്ഥാസംരക്ഷണനടാകം അരങ്ങേറിയിരുന്നു. ഇരുപതോളം പൊലീസുകാര്‍ വേഷം മാറി ആദ്യം മുതല്‍ക്കെ കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നു! അതുകൂടാതെ ഞങ്ങളെത്തേടി മറ്റൊരു സംഘം എത്തി. അനുമതിയില്ലാതെ മൈക് ഉപയോഗിച്ചതായിരുന്നു കുറ്റം. കേസ് ചാര്‍ജ് ചെയ്തിട്ടായിരുന്നു സ്‌റ്റേഷനില്‍ നിന്ന് അവര്‍ ഇറങ്ങുന്നത് തന്നെ. ആദ്യം അവര്‍ പറഞ്ഞു അനുമതിയുടെ ആവശ്യമില്ലെന്ന്, പിന്നെയവര്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തു. സിസ്റ്റത്തിന്റെ പ്രൊട്ടക്ഷനാണല്ലോ പൊലീസിന്റെ ഡ്യൂട്ടി.

നാട്ടുകാര്‍ക്കാണെങ്കിലും പൊലീസിനാണെങ്കിലും ഉണ്ടായ പ്രശ്‌നം; അവര്‍ക്ക് ഞങ്ങളെ പ്രെഡിക്ട് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു. സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച് നടക്കുന്നവരായിരുന്നില്ല ഞങ്ങള്‍. അങ്ങനെയുള്ളവരായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഒരദ്ധ്യാപകനായിട്ടും ഞാന്‍ എന്തിന് മുടിനീട്ടിവളര്‍ത്തിയത്  എന്നത് അവര്‍ക്ക് ദഹിച്ചില്ല. എന്റെ അദ്ധ്യാപനം നീട്ടിവളര്‍ത്തിയ മുടിയിലല്ല എന്ന ന്യായം അവര്‍ക്ക് അംഗീകരിക്കാവുന്നതായിരുന്നില്ല.

ഇതിന്റെ തുടര്‍ച്ചയായിരുന്നു വീട്ടുടമയില്‍ ഉണ്ടായ മാറ്റം. ഞങ്ങളെ വിശ്വാസമാണെന്നും ഞങ്ങളുടെ പ്രവര്‍ത്തികളില്‍ എതിര്‍പ്പില്ലെന്നും പറഞ്ഞയാള്‍ക്ക് ഞൊടിയിടയില്‍ ഞങ്ങള്‍ ചെയ്തതെല്ലാം കുറ്റങ്ങളായി. മെയിന്റന്‍സ് ജോലികളൊന്നും വീട്ടില്‍ നടത്തിയിട്ടല്ലത്രേ! കാടുപിടിച്ചു കിടന്നൊരു സ്ഥലം സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ നവീകരിച്ച ഞങ്ങളുടെ അദ്ധ്വാനത്തെ അദ്ദേഹത്തിന് കണാന്‍ കഴിഞ്ഞില്ല. അതിനപ്പുറം അദ്ദേഹത്തിന ചൊടിപ്പിച്ചത് ഞങ്ങള്‍ നാടകവേദിയുടെ ബോര്‍ഡ് വച്ചതാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ബോര്‍ഡ് വച്ചത് തെറ്റാണത്രേ. 

പൊലീസിനും നാട്ടുകാര്‍ക്കും ഉണ്ടായ ഭയം, ഞങ്ങളുടെ മേലുള്ള പ്രവചനാതീത; അതു തന്നെയാണ് വീട്ടുടമയേയും ബാധിച്ചത്. അദ്ദേഹത്തിനും ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ട്. ആരാണ് ഈ ബാഹ്യസമ്മര്‍ദ്ദം പൊലീസിനും ജനങ്ങളിലും ആ വീട്ടുടമയിലും മേല്‍ ചെലുത്തുന്നതെന്ന് ചോദിച്ചാല്‍ അതിനുത്തരം തിരക്കിയിറങ്ങിയാല്‍ അന്വേഷണം സ്റ്റേറ്റിനുമേല്‍ എത്തിച്ചേരും. ഒരുപക്ഷേ ഞങ്ങളെ അവിടെ നിര്‍ത്താന്‍ സമ്മതിച്ചാല്‍ അദ്ദേഹവും പൊതുനീരീക്ഷണത്തിന് വിധേയനാകുമെന്ന് ഭയന്നിരിക്കാം. സമൂഹത്തിന്റെ പ്രഖ്യാപിതവൃത്തത്തിനു പുറത്ത് നില്‍ക്കുന്നവരായ, വേഷംകൊണ്ടും പെരുമാറ്റം കൊണ്ടും സംശയങ്ങള്‍ സൃഷ്ടിക്കുന്നവരായ ഞങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ അന്തരീക്ഷത്തില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമായിരുന്നു.

ആ വീട്ടുടമയോടോ ഞങ്ങളുടെ നാടകം ആസ്വാദിക്കുകയും അതേസമയം സിസ്റ്റത്തിന്റെ കാവല്‍ഭടന്മാര്‍ക്കൊപ്പം നിശബ്ദരായി നില്‍ക്കേണ്ടി വരികയും ചെയ്ത നാട്ടുകാരോടോ പരാതിയില്ല. പക്ഷെ അവര്‍ ഇപ്പോള്‍ ആര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നുവോ അതേ സിസ്റ്റം അവരെ ഒരിക്കലും സ്വതന്ത്രരാക്കാന്‍ തയ്യാറാകില്ലെന്നതാണ് ആ സത്യം. ആ സത്യം തിരിച്ചറിയുമ്പോഴാണ് അവര്‍ ഞങ്ങളൊരുക്കിയിരിക്കുന്ന മൂന്നാമിടത്തിന്റെ പ്രസക്തി മനസ്സിലാക്കുക…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍