UPDATES

കേരളം

അറ്റ്ലസ്

Avatar

വി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പദ്മവിലാസം സ്ട്രീറ്റ്, സമയം വൈകുന്നേരം നാലര കഴിയുന്നു. വൈകുന്നേരങ്ങളില്‍ സൂചികുത്താന്‍ സ്ഥലം കിട്ടാത്തസ്ഥലം. തലങ്ങും വിലങ്ങും വാഹനങ്ങളും വഴിവാണിഭക്കാരും യാത്രക്കാരും നിറഞ്ഞൊഴുകുന്ന സ്ഥലം. പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്‍പില്‍ നിന്നും ഇടത്തേക്ക് തിരിയുന്ന വഴിയും കഴിഞ്ഞ് മുന്‍പോട്ടു പോകുന്നയിടത്താണ് അറ്റ്ലസ് ജൂവലറിയുടെ ഷോറൂം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തില്‍ ഇപ്പോള്‍ വിശ്വാസത്തിന്‍റെ മാറ്റു കുറഞ്ഞതുപോലെ. ജീവനക്കാരുടെ വാഹനങ്ങളോഴിച്ചാല്‍ പാര്‍ക്കിംഗ് സ്പേസ് ഒഴിഞ്ഞ ഉത്സവപറമ്പു പോലെ. ഇവനാരെടാ എന്ന മട്ടില്‍ സൂക്ഷിച്ചു നോക്കുന്ന സെക്യൂരിറ്റിയെ മാത്രം പുറത്തു കാണാം.

വലതുകാല്‍ വച്ച് അകത്തു കടന്നപ്പോള്‍ കൊടും വരള്‍ച്ചയില്‍ ഒരിറ്റു ദാഹജലം കിട്ടിയ നെല്‍ക്കതിര്‍പോലെ സെയില്‍മാന്‍മാരുടെയും സെയില്‍സ് ഗേള്കളുടെയും മുഖത്ത് ഒരു സന്തോഷം. പാതിയൊഴിഞ്ഞ ഷെല്‍ഫുകളുടെ മുന്നില്‍  നിന്നും ചിരിക്കുന്ന മുഖങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

സ്വാഗതം ചെയ്യാന്‍ സെയില്‍സ് ഗേളുകളില്‍ ഒരാള്‍ മുന്‍പോട്ടു വന്നു. ചിരിക്കുന്ന മുഖം. പത്രപ്രവര്‍ത്തകനാണ് മാനേജറെ ഒന്നു കാണണം എന്നു പറഞ്ഞപ്പോള്‍ വെളുക്കെ ചിരിച്ച പല്ലുകള്‍ പറയാതെ തന്നെ വായക്കുള്ളിലേക്കു മറഞ്ഞു. സ്വര്‍ണ്ണക്കടയിലേക്ക് കയറിയാല്‍ ചുറ്റുപാടും ഒന്നു വീക്ഷിക്കുന്ന സ്വഭാവം ഉള്ളതു കൊണ്ട് ഒന്നുകൂടി നോക്കിപ്പോയി  ചിരിക്കുന്ന ഒരുമുഖം പോലും അപ്പോള്‍  കാണാന്‍ പറ്റിയില്ല. എല്ലാവരുടെ മുഖത്തും നിഴലിക്കുന്ന അരക്ഷിതാവസ്ഥ ആ ചിരികൊണ്ടു മൂടിവച്ചിരിക്കയായിരുന്നു എന്ന് അപ്പോള്‍ മനസ്സിലായി.

സ്വാഗതം ചെയ്യാന്‍ വന്നയാള്‍ ഷോറൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഇടതു വശത്തുള്ള പെയ്മെന്റ് കൌണ്ടറിലേക്ക് നടന്നു. അവിടെ കംമ്പ്യൂട്ടറിനു മുന്‍പില്‍ ഇരുന്നയാളും കൂടെ ഉണ്ടായിരുന് വേറൊരു വ്യക്തിയും പിന്നെ വിവരമറിയിക്കാന്‍ പോയ സെയില്‍സ് ഗേളും കൂടി ഒരേസമയം തിരിഞ്ഞുനോക്കി. ആരാണിവന്‍, എന്താ ഉദ്ദേശ്യം, കഞ്ഞിയില്‍ പാറ്റ ഇടാന്‍ വന്നവനാണോ എന്ന് ചോദിക്കാതെ ചോദിച്ചു.

ഷോറൂമിന് ഒത്തനടുക്ക് കുട്ടികള്‍ക്ക് വേണ്ടി ഒരു മിനി പാര്‍ക്ക് ഉണ്ട്, കുറച്ചു കളിപ്പാട്ടങ്ങള്‍ അനാഥമായത് പോലെ അവശേഷിക്കുന്നു. മുപ്പതോളം ഇരിപ്പിടങ്ങള്‍ ആരെയൊക്കെയോ കാത്ത് എസിയിലും വിയര്‍ക്കുന്നു. സെയില്‍സ്മാന്‍മാരും സെയില്‍സ് ഗേളുകളും അല്ലാതെ ഷോറൂമില്‍ കസ്ടമര്‍ എന്നു പറയാന്‍ ഒരാള്‍ പോലുമില്ല.

പോയ സെയില്‍സ് ഗേള്‍ തിരിച്ചുവന്നു കൂടെ ഒരു ആജാനുബാഹുവും.

ആരാ?.ആരെയാണ് കാണേണ്ടത്?

വിഷയം പറഞ്ഞു. ചെയര്‍മാന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ജയിലില്‍ അടക്കപെട്ട കാര്യം പറഞ്ഞപ്പോള് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല, പിആര്‍ഓ വരണം. വെയിറ്റ് ചെയ്യൂ എന്ന് മറുപടി കിട്ടി. പാര്‍ക്കിലെ ബഞ്ചില്‍ ഒറ്റയ്ക്കിരിക്കുന്ന പോലെ ആ ഷോറൂമില്‍ കസ്റ്റമറും സെയില്‍സ് ടീമില്‍ അല്ലാത്തതുമായി ഒരാള്‍ മാത്രം,അഞ്ചു മിനിറ്റ് ഇരുന്നു, ജീവനക്കാരെ കണ്ടു സംസാരിക്കാമോ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ.

“ഞങ്ങള്‍ക്ക് മറുപടി പറയാന്‍ അധികാരമില്ല..ഹെഡ് ഓഫീസില്‍ വിളിച്ചു ചോദിക്കണം. പി ആര്‍ഒ വരെട്ടെ.”

ഹെഡ് ഒഫീസാണോ എന്നറിയില്ല കൊച്ചി ഷോറൂം ജനറല്‍ മാനേജറെ വിളിച്ചാല്‍ അറിയാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഉവ്വ് എന്ന് മറുപടി കിട്ടി.

മൂന്ന് പ്രാവശ്യം റീഡയല്‍ ചെയ്ട ശേഷം ജിഎം ഹരികൃഷ്ണന്‍ കോള്‍ എടുത്തു. കാര്യം പറഞ്ഞപ്പോള്‍ പിആര്‍ഒയെ വിളിക്കട്ടെ എന്ന് മറുപടി. മറ്റു ജീവനക്കാരോട് സംസാരിക്കാമോ എന്ന ചോദ്യത്തിനു തികചും വൈകാരികമായ മറുപടി.

“അവരുടെ ചെയര്‍മാന് നേരിട്ട പ്രശ്നത്തില്‍ അവരും അസ്വസ്ഥരാണ്, പി ആര്‍ ഒ വരുന്നുണ്ട്. അയാളോട് സംസാരിക്കൂ”

ശരി.

പിആര്‍ഒ ആദര്‍ശ് ചില്ലുകതകു തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നു. സെയില്‍സ്മാനോട് ചോദ്യം.

പോയോ?

ഇല്ലെന്നു പറയാന്‍ വാ തുറക്കാതെ കണ്ണുകള്‍ അഞ്ചാള്‍കിരിക്കാനുള്ള  വൃത്താകൃതിയിലുള്ള ഇരിപ്പിടത്തിലേക്ക്, അവിടെ ഒരാള്‍ മാത്രം..

ആരാ?.ഉത്തരവും ചോദ്യങ്ങളും  ആവര്‍ത്തിച്ചു.

“പത്രത്തില്‍ വന്ന വാര്‍ത്ത ഞങ്ങളും കണ്ടു, അല്ലാതെ ചെയര്‍മാന്‍ അറസ്റ്റിലായതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. വില്പനയില്‍ ചെറിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്, ഇപ്പോള്‍ സീസണുമല്ലല്ലോ.”

പൊതുവേ അറ്റ്ലസ് ജൂവലറി ശാഖകളില്‍ സ്റ്റോക്ക് കുറവാണ് എന്ന് കേള്‍ക്കുന്നുണ്ടല്ലോ?

അങ്ങനെയൊന്നുമില്ല, അത്യാവശ്യത്തിനുള്ള സ്റ്റോക്ക് ഇപ്പോഴുമുണ്ട്. കേരളത്തിലെ ശാഖകളില്‍ ചെയര്‍മാന്‍റെ അറസ്റ്റ്‌ മൂലം പ്രശ്നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.”

ദുബായിലെ ഷോറൂമുകളില്‍ തുച്ഛമായ അളവിലെ സ്വര്‍ണ്ണം മാത്രമേ ഉള്ളൂ എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ?.

“അതൊന്നും അറിയില്ല. ദുബായ് ഷോറൂമുമായി ബന്ധപ്പെടൂ.”

ചോദ്യോത്തരവേള കുറഞ്ഞസമയം കൊണ്ട് കഴിഞ്ഞു. കിഴക്കേകോട്ടയില്‍ പലഭാഗത്തായി ആറോളം സ്വര്‍ണ്ണവ്യാപാരശാലകള്‍ ഉണ്ട്. അവരെ സീസണല്ലാത്തതു ബാധിച്ചിട്ടില്ല എന്ന് തോന്നുന്നു. തരക്കേടില്ലാത്ത ആള്‍ക്കൂട്ടം ഇവിടെല്ലാമുണ്ട്.

അറ്റ്ലസ് രാമചന്ദ്രന്‍റെ അറസ്റ്റിനു ശേഷം ഏതാണ്ടു പ്രതീക്ഷയറ്റ അവസ്ഥയിലാണ് ജൂവലറി ശൃംഖലയുടെ പല ഷോറൂമുകളും. ചെയര്‍മാന്‍റെ അറസ്റ്റ് വില്‍പ്പനയെ ബാധിച്ചിട്ടില്ല എന്ന് ഷോറൂം മാനേജര്‍മാര്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ പല ഷോറൂമുകളിലും ഇതാണ് അവസ്ഥ. വര്‍ഷങ്ങള്‍ കൊണ്ട് അറ്റ്ലസ് രാമചന്ദ്രന്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ഇന്ന് തകര്‍ച്ചയുടെ പാതയിലാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

റാസല്‍ ഖൈമയിലെ പേര് വെളിപ്പെടുത്താനാവാത്ത ഒരു അറ്റ്ലസ് സ്റ്റാഫ് പറയുന്നത് ഇപ്പോഴും ശമ്പളം കിട്ടുന്നുണ്ട് എന്നാണ്. പക്ഷേ വില്‍പ്പനയ്ക്കായി ഉരുപ്പടികള്‍ ഒന്നും അവശേഷിച്ചിട്ടില്ല എന്നാണ്. അതു തന്നെയാണ് ഗള്‍ഫിലെ മറ്റു ഷോറൂമുകളിലെയും അവസ്ഥ എന്നും അയാള്‍ പറയുന്നു.

കൂടാതെ ഓഹരിവിപണിയില്‍ 185.5ല്‍ നിന്ന ഓഹരി വില ഇപ്പോള്‍ വെറും 21 രൂപയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. 

മണിക്കൂറില്‍ പത്തും പന്തണ്ടും പ്രാവശ്യം അറ്റ്ലസ് പരസ്യം പ്രദര്‍ശിപ്പിച്ചിരുന്ന ചാനലുകളും മറ്റും ഇവരെ തിരസ്കരിച്ച മട്ടാണ്. ചാനലുകള്‍ക്ക് കൊടുക്കാനുള്ള വന്‍ തുക ഇതു വരെയും നല്‍കിയിട്ടില്ലാത്തതിനാല്‍ അവരും അറ്റ്ലസിനെതിരെ തിരിയുന്നുണ്ട്.

ആറുമാസങ്ങള്‍ക്ക് മുന്‍പ് പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഗള്‍ഫ് മാധ്യമങ്ങള്‍ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തു വിട്ടതോടെയാണ് അറ്റ്ലസ് ഗ്രൂപ്പിന്‍റെ തകര്‍ച്ചയ്ക് വേഗം കൂടിയത്. തുടക്കത്തില്‍ കാനഡയിലേക്ക് രക്ഷപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുനുവെങ്കിലും. പിന്നീട് പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അറസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. 

സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളില്‍ നിന്നടക്കം 20 ബാങ്കുകളില്‍ നിന്നായി ഏതാണ്ട് 1100 കോടിയിലധികം രൂപ വായ്പ വാങ്ങി വഴിമാറ്റി റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഓഹരി വിപണിയിലും നിക്ഷേപിച്ചു എന്നുള്ള ആരോപണമാണ് രാമചന്ദ്രന് മേല്‍ പ്രധാനമായും നിലനില്‍ക്കുന്നത്. കൂടാതെ ഈടായി നല്‍കിയ ചെക്കുകള്‍ മടങ്ങിയതും വായ്പ എടുക്കുന്ന സമയത്ത് നല്‍കിയ രേഖകള്‍ പ്രകാരം ഉള്ള ഉരുപ്പടികള്‍ ഷോറൂമുകളില്‍ ഇല്ലാത്തതിനാലും വഞ്ചനാക്കുറ്റവും രാമചന്ദ്രന്‍റെ മേല്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്.

ചെക്ക് മടങ്ങുനത് ദുബായില്‍  ക്രിമിനല്‍ കുറ്റമായതിനാല്‍ തന്നെ രാമചന്ദ്രനെതിരെ കര്‍ശനമായ നിലാടാണ് ദുബായ് പോലീസും മറ്റ് അധികൃതരും സ്വീകരിച്ചിരിക്കുന്നത്. വാങ്ങിയ തുക തിരിച്ചടയ്ക്കാനുള്ള ആസ്തി ഇപ്പോള്‍ അറ്റ്ലസ് ഗ്രൂപ്പിനില്ലാത്തതിനാല്‍ ബാങ്കുകളും ശക്തമായ നിലപാട് സ്വീകരിക്കുകയാണ്. വാങ്ങിയതുക ഈടാക്കാതെ ജാമ്യത്തിനായുള്ള നടപടികള്‍ക്ക് അനുമതി നല്‍കില്ല എന്ന കര്‍ക്കശനിലപാടെടുത്തിരിക്കുകയാണ് ബാങ്കുകള്‍.

വായ്പ കൊടുത്ത തുക തിരിച്ചു കിട്ടുന്നതിനായി ആറു മാസമായി നടത്തിക്കൊണ്ടിരുന  ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ്‌ അറസ്റ്റടക്കമുള്ള സമ്മര്‍ധനടപടികളിലേക്ക് ബാങ്കുകള്‍ തിരിഞ്ഞത്.

ഈയിടെ നടന്ന ചര്‍ച്ചയിലും കൊടുത്ത ബാങ്കുകള്‍ അണുവിട അയയാന്‍ കൂട്ടാക്കിയില്ല.

തുടക്കത്തില്‍ രാമചന്ദ്രന്‍റെ അറസ്റ്റ് വാര്‍ത്ത നിരാകരിച്ച പ്രൈവറ്റ് സെക്രട്ടറി ശ്യാം ഇത് വരെ ഒരു മാധ്യമങ്ങള്‍ക്കും മുഖം നല്‍കിയിട്ടില്ല. ‘മാധ്യമങ്ങളില്‍ വരുന്നത് വാസ്തവത്തിനു നിരക്കാത്ത കഥകളാണ്. അദ്ദേഹവും മകളും അറസ്റ്റിലായി എന്നുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്,’  

1000 കോടി രൂപയുടെ കടബാദ്ധ്യത അറ്റ്‌ലസ് ഗ്രൂപ്പിന് ഉണ്ടെന്ന വാര്‍ത്തയും ശ്യാം നിരാകരിച്ചിരുന്നു.. “12 വര്‍ഷമായി ഈ പറയുന്ന ബാങ്കുകളുമായി ഞങ്ങള്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കുടിശ്ശിക വന്നിട്ടുണ്ട് എന്നത് സത്യമാണ്” എന്നാണ് ശ്യാം ആദ്യം പറഞ്ഞിരുന്നത്.

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ജിഇഇ വൂളന്‍സ്(ഇതു പിന്നീട് അറ്റ്ലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡ് എന്നു മാറ്റുകയുണ്ടായി) കമ്പനിയുടെ അന്‍പത്തിയൊന്നു ശതമാനം ഓഹരികള്‍ വാങ്ങിയതോടെയാണ് കമ്പനിയുടെ പതനം ആരംഭിച്ചത്. സ്വര്‍ണ്ണവില ഉച്ചസ്ഥായിയില്‍ നിന്ന സമയത്ത് ബാങ്കുകളില്‍ നിന്നും  വാങ്ങിയ വായ്പ ഈ കമ്പനിവഴി ഷെയര്‍ മാര്‍ക്കറ്റിലേക്കാണ് നിക്ഷേപിചത് എന്ന് ബാങ്കുകള്‍ ആരോപിക്കുന്നു. ഈ തീരുമാനമാണ് അറ്റ്ലസ് രാമചന്ദ്രന്‍റെയും മകളുടെയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് എത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അറ്റ്ലസ് രാമചന്ദ്രനു വായ്പ അനുവദിച്ച ബാങ്ക് ഓഫ് ബറോഡ എക്സിക്യുട്ടീവ്‌ഡയറക്ടര്‍ ആയ കെ വി രാമമൂര്‍ത്തിയെ റിസര്‍വ് ബാങ്ക് ഇടപെട്ട് സ്ഥലം മാറ്റിയതും വാര്‍ത്തയായിരുന്നു. കൂടാതെ അനുവാദമില്ലാതെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാക്കിയെന്ന പരാമര്‍ശവുമായി ലുകൂ സുഗുണന്‍ അജിത്‌ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

അതിനു മറുപടിയായി അറ്റ്ലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡ് സിഎഫ്ഒ ചന്ദന്‍ മോഹപത്ര പറയുന്നത് ഇവര്‍ സാമ്പത്തിക ലാഭം പറ്റിക്കൊണ്ടിരുന്നവരാണ് എന്നും സാമ്പത്തിക ബാധ്യതയില്‍ പെടുമെന്നെ ഭീതിഉണ്ടായപ്പോള്‍ ആരോപണവുമായി വന്നതാണെന്നുമാണ്.

വില്‍പ്പനയെ ബാധിച്ചിട്ടില്ല എന്ന് ജീവനക്കാരും പ്രതിനിധികളും പറയുന്നുണ്ടെങ്കിലും അറ്റ്ലസ് തകര്‍ന്നു കൊണ്ടിരിക്കയാണ് എന്നുതന്നെയാണ് ഓരോ ദിവസവും ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് വി ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍