UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറ്റ്‌ലസ് രാമചന്ദ്രന്റെ അറസ്റ്റ് വാര്‍ത്ത വാസ്തവത്തിന് നിരക്കാത്തതെന്ന് പേഴ്‌സണല്‍ സെക്രട്ടറി

വി ഉണ്ണികൃഷ്ണന്‍

അറ്റ്‌ലസ് ജ്വല്ലറി ചെയര്‍മാന്‍ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും ദുബായ് പൊലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത തെറ്റാണെന്ന് രാമചന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറി ശ്യാം അഴിമുഖത്തോട് പറഞ്ഞു. ഇരുവരും ഭീമമായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാനഡയിലേക്ക് കടന്നുവെന്നും ദുബായ് പോലീസ് അറസ്റ്റ് ചെയ്തുവെന്നുമുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്ന് രാമചന്ദ്രന്‍ എടുത്ത ആയിരം കോടി രൂപയുടെ വായ്പകള്‍ തിരിച്ചടവ് മുടങ്ങിയെന്നും ബാങ്കുകള്‍ രാമചന്ദ്രനെതിരെ തട്ടിപ്പ് ആരോപിച്ച് കേസ് നല്‍കിയതിനെ തുടര്‍ന്ന് ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്നുമായിരുന്നു വാര്‍ത്തകള്‍. ‘മാധ്യമങ്ങളില്‍ വരുന്നത് വാസ്തവത്തിനു നിരക്കാത്ത കഥകളാണ്. അദ്ദേഹവും മകളും അറസ്റ്റിലായി എന്നുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്,” ശ്യാം പറഞ്ഞു. 

1000 കോടി രൂപയുടെ കടബാദ്ധ്യത അറ്റ്‌ലസ് ഗ്രൂപ്പിന് ഉണ്ടെന്ന വാര്‍ത്തയും ശ്യാം നിരാകരിച്ചു. എന്നാല്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇത്ര ഭീമമായ ബാധ്യതകള്‍ ഒന്നും അറ്റ്‌ലസ് ഗ്രൂപ്പിനില്ല. “12 വര്‍ഷമായി ഈ പറയുന്ന ബാങ്കുകളുമായി ഞങ്ങള്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കുടിശ്ശിക വന്നിട്ടുണ്ട് എന്നത് സത്യമാണ്,” ശ്യാം വെളിപ്പെടുത്തി. അതിനെ മാധ്യമങ്ങള്‍ വളച്ചൊട്ടിക്കുന്നതിന്റെ ഫലമായുള്ള വാര്‍ത്തകളാണ് ഇതെല്ലാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അക്ഷയ ത്രിതീയയില്‍ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആസ്ഥാനമായ ദുബായിലെ ബ്രാഞ്ചില്‍ വില്‍പന കാര്യമായി കുറഞ്ഞുവെന്നും ഇത് ചെറിയ തോതില്‍ സാമ്പത്തിക പ്രശ്‌നം സൃഷ്ടിച്ചുവെന്നും ശ്യാം സമ്മതിച്ചു. 

“ഇടപാടുകള്‍ തീര്‍ക്കുന്നതിനായി ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്“. അധികം താമസിയാതെ തന്നെ ആ തുക കൊടുത്തു തീര്‍ക്കാനുള്ള തീരുമാനമായിട്ടുണ്ടെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തോളമായി അറ്റ്‌ലസ് രാമചന്ദ്രനെ കാണ്‍മാനില്ല എന്നും വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹം ഒരു മാസമായി ദുബായിലെ വീട്ടില്‍ ഉണ്ടെന്നും ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് നാട്ടിലേക്ക് പോകാതിരുന്നതെന്നും ശ്യാം പറയുന്നു. അക്കാരണം കൊണ്ടാണ് രാമചന്ദ്രന്‍ ഫോണ്‍ എടുക്കാത്തതെന്നും ശ്യാം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ മറ്റൊരു ബ്രാഞ്ചിനും ഇതുവരെ സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിട്ടില്ല. ഷെയര്‍ മാര്‍ക്കറ്റിലും ഇതുവരെ ഇടിവും ഉണ്ടായിട്ടില്ല. കേരളത്തില്‍ അറ്റ്‌ലസ് ഗ്രൂപ്പ് സഹകരിക്കുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കുമായാണ്. അവരുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള മോശം പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ലെന്നും ശ്യാം പറയുന്നു.

“ദുബായില്‍ ബാങ്കുകളുമായുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കയാണ്. അതിന്റെ തിരക്കുകളില്‍ ആണ് രാമചന്ദ്രന്‍ ഇപ്പോള്‍. വരും ദിവസങ്ങളില്‍ ചെയര്‍മാന്‍ പത്രസമ്മേളനം നടത്തുന്നതാണ്”. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ചെയര്‍മാന്‍ തന്നെ നല്‍കുമെന്നും ശ്യാം പറഞ്ഞു. രാമചന്ദ്രനും മകളും കാനഡയിലേക്ക് കടന്നുവെന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി തള്ളിക്കളഞ്ഞു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍