UPDATES

പ്രവാസം

അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

18 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സാധ്യതകള്‍ ഒരുങ്ങുന്നത്

ദുബൈ ജയിലില്‍ തടവില്‍ കഴിയുന്ന പ്രമുഖ മലയാളി പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് സൂചന. 18 മാസത്തെ ജയില്‍ വാസത്തിന് ശേഷം കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത്. രാമചന്ദ്രന്റെ നിയമോപദേശകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റുള്ള ബാങ്കുകളോട് കടം തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെടും. ഇതിനായി കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ദുബൈയിലെ റിഫ, ബര്‍ദുബായിലെ, നായിഫ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റ് ബാങ്കുകളും പരാതിയുമായി രംഗത്തെത്തി.

Also Read : അറ്റ്‌ലസ് രാമചന്ദ്രന്‍; ബിസിനസ് ലോകത്തെ ദുരന്ത വ്യക്തിത്വം

ഇതില്‍ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള സാധ്യത തെളിയുന്നത്. ഇനി രണ്ട് ബാങ്കുകള്‍ കൂടിയാണ് ഒത്തുതീര്‍പ്പിന് തയ്യാറാകാനുള്ളത്. ഇവരോടാണ് കടങ്ങള്‍ വീട്ടാന്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ആവശ്യപ്പെടുവിക്കുന്നത്. ഒമാനിലെ അറ്റ്‌ലസിന്റെ രണ്ട് ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഘഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പ് നടത്താനാണ് ശ്രമം.

പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഗ്രൂപ്പ് ആശുപത്രികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത് ആശ്വാസമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടാന്‍ സാധിക്കുമെന്ന് ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍