UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടിഎം കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം എടിഎം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയെ പിടികൂടി. റുമേനിയയിലെ ക്രയോവാ സ്വദേശി ഗബ്രിയേല്‍ മരിയന്‍ (47) ആണ് ചൊവ്വാഴ്ച വൈകിട്ട് 6.22 ഓടെ മുംബൈ-കേരള പൊലീസ് സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്ലാസയിലെ എടിഎം കൗണ്ടറില്‍ നിന്നുമാണ് ഇയാളെ  പിടികൂടിയത്. കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. 

എടിഎം മെഷീനിൽ ഘടിപ്പിച്ച വ്യാജ സ്ലോട്ട് വഴിയാണ്  കവര്‍ച്ച നടത്തിയതെന്ന് മുഖ്യപ്രതി മരിയന്‍ ഗബ്രിയേല്‍ പൊലീസിനോട് വെളിപ്പെടുത്തി.തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുള്ളതായുള്ള സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചു. വ്യാജ സ്ലോട്ടിൽ കാർഡ് ഉപയോഗിക്കുമ്പോള്‍ മാഗ്നറ്റിക് കാർഡിലെ വിവരങ്ങൾ സ്ലോട്ടിൽ പതിയുകയും ചോർത്തിയെടുക്കുന്ന വിവരങ്ങൾ മുംബൈയിലെ കൂട്ടാളികൾക്ക് കൈമാറുകയുമാണ് സംഘം ചെയ്തിരുന്നത്.

കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളായ  ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്‍സ്റ്റാന്‍റിന്‍ എന്നിവര്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്.  ഇവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. 

തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്ബി ഐ എടിഎം കൗണ്ടറില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. ഇവര്‍ എടിഎം കൗണ്ടറിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തലസ്ഥാനത്ത് താമസിച്ച നക്ഷത്രഹോട്ടലില്‍ അന്വേഷണസംഘം എത്തിയത്. ഇവിടെനിന്ന് ലഭ്യമായ സി-ഫോമില്‍നിന്നാണ് പേരു വിവരങ്ങള്‍ ലഭിച്ചത്. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാല്‍ സിബിഐ മുഖേന ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായി.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍