UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസഹിഷ്ണുതയുടെ അന്തരീക്ഷം വളരുന്നു; വിരമിച്ച ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന

Avatar

ഇന്ത്യന്‍ ഭരണഘടനയുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും സംവാദമാര്‍ഗങ്ങളിലേക്ക് മടങ്ങാന്‍ ഒരു സംഘം വിരമിച്ച ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്യുന്നു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളിലും മറ്റ് ഉന്നത സ്ഥാപനങ്ങളിലും ജോലിചെയ്ത 17 ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണരൂപം. 

ഇന്ത്യയിലെ എല്ലാ ഭരണഘടന സ്ഥാപനങ്ങളോടും മാധ്യമങ്ങളോടും പൊതുജനങ്ങളോടും നമ്മുടെ പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും പ്രത്യക്ഷമായ തീര്‍ത്തും അസ്വാസ്ഥ്യജനകമായ പ്രവണതകളെ ഗൌരവമായി നോക്കിക്കാണണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. നാം ഏറെക്കാലമായി സ്വാഭാവികമായി കരുതിയ ഭരണഘടന തത്വങ്ങളെയും നിയമ പരിരക്ഷയെയും ഈ സംഭവവികാസങ്ങള്‍ ചോദ്യം ചെയ്യുന്നു എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇവയില്‍ ചിലത് താഴെ നല്കുന്നു:

1) പട്ടിക ജാതി വിദ്യാര്‍ത്ഥികളോടുള്ള വിവേചനവും, ഐഐടി ചെന്നൈ, ഹൈദരാബാദ് സര്‍വകലാശാല എന്നിവടങ്ങളില്‍ രൂപവത്കരിച്ച അംബേദ്കര്‍ പഠന സംഘങ്ങള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലും. രോഹിത് വെമൂലയുടെ ആത്മഹത്യയും ഹൈദരാബാദ് സര്‍വകലാശാലയിലെ കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളിലേക്കാണ് വെളിച്ചം വീശുന്നത്. ദേശീയതയുടെ സങ്കുചിത വ്യാഖ്യാനം സ്വീകരിക്കാത്തവര്‍ക്ക് നേരെയുള്ള നീക്കങ്ങളുടെ ഭാഗമാണിത്.

2)ദാരിദ്ര്യത്തിനും എല്ലാത്തരത്തിലുമുള്ള ചൂഷണത്തിനെതിരെ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള ആഹ്വാനം നല്കിയ കനയ്യകുമാറും അയാളുടെ സഹപ്രവര്‍ത്തകരും അടക്കമുള്ള യുവാക്കളായ ആദര്‍ശവാദികള്‍ക്കെതിരെ കാലഹരണം ചെയ്ത രാജ്യദ്രോഹനിയമം ഉപയോഗിച്ച് വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു.

3) ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് വ്യാജ വീഡിയോ കെട്ടിച്ചമക്കവേ, കനയ്യയേയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ച ഒരു എം എല്‍ എയെ തീര്‍ത്തും പക്ഷപാതപരമായ രീതിയില്‍ ഭയഭക്തി ബഹുമാനത്തോടെയാണ് നേരിട്ടത്. സ്ഥിതിഗതികള്‍ മനസിലാക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരെ വരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു.

4) യുക്തിവാദികളുടെ കൊലപാതകങ്ങളിലൂടെ വളര്‍ന്ന അസഹിഷ്ണുതയുടെ അന്തരീക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദേശീയതയുടെ സങ്കുചിത വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെയുമുള്ള നിരന്തര  ഭീഷണിയായി വ്യാപിച്ചിരിക്കുന്നു. ചരിത്രത്തിന്റെ വളച്ചൊടിച്ച കാഴ്ച്ചപ്പാടിലാണ് ഈ ദേശീയത വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഭരണഘടനയുടെ ബഹുസ്വര സ്വഭാവത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഈ അസഹിഷ്ണുത.

5)ഒരു കേന്ദ്ര മന്ത്രി, ഭരണകക്ഷിയിലെ  എം പി, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ മുസ്ലീങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കി. എന്നാല്‍ ഇതിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ഒരു കുഴപ്പവും കണ്ടില്ല. മറ്റ് ന്യൂനപക്ഷങ്ങളും തങ്ങളുടെ അരക്ഷിതാവസ്ഥ പ്രകടിപ്പിക്കുന്നുണ്ട്.

മുകളില്‍ നല്കിയത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വം, ബഹുസ്വരത, ചിന്തിക്കാനും, പ്രകടിപ്പിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം എന്നിവയ്ക്കുനേരെ വ്യക്തമായ ഭീഷണി നിലവില്‍ ഉയര്‍ന്നിരിക്കുന്നു എന്നു ഞങ്ങള്‍ കരുതുന്നു. നിലവിലെ സ്ഥിതിഗതികളില്‍ പ്രതിഷേധം പ്രകടിപ്പിച്ച നിരവധി ശരിയായി ചിന്തിക്കുന്ന മനുഷ്യര്‍ക്കൊപ്പം ഞങ്ങളും ചേരുകയാണ്. അതേസമയം മറ്റ് സംഘങ്ങളുടെ സമാനമായ അതിക്രമങ്ങളേയും-പ്രത്യേകിച്ചും തീവ്ര ഇടതുപക്ഷം-ഞങ്ങള്‍ ന്യായീകരിക്കുന്നില്ല.

നമ്മുടെ ഭരണഘടനയുടെ സംസ്കാരത്തിന്റെയും  നാഗരികതയുടെയും സംവാദ മാര്‍ഗങ്ങളിലേക്ക് മടങ്ങാനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തോടുള്ള പൊതുപ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു,

വിശ്വസ്തതയോടെ,

  1. നിരഞ്ജന്‍ പന്ത്, മുന്‍ സി എ ജി
  2. ഇ എ എസ് ശര്‍മ, മുന്‍ സെക്രട്ടറി ധനമന്ത്രാലയം
  3. രുചിര മുഖര്‍ജീ, ടെലികോം വകുപ്പ്
  4. കല്യാണി ചൌധരി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
  5. കേശവ് ദേശിരാജു, മുന്‍ സെക്രട്ടറി,കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്
  6. അമിതാഭ് പാണ്ഡേ, മുന്‍ ചീഫ് സെക്രട്ടറി, പശ്ചിമബംഗാള്‍
  7. സുര്‍ജിത് ദാസ്, മുന്‍ ചീഫ് സെക്രട്ടറി,ഉത്തരാഖണ്ഡ്
  8. അര്‍ദ്ധേന്തു സെന്‍, മുന്‍ ചീഫ് സെക്രട്ടറി, പശ്ചിമ ബംഗാള്‍
  9. പ്രണാബ് മുഖോപാധ്യായ ഐ എ എസ്
  10. അനൂപ് മുഖര്‍ജീ മുന്‍ ചീഫ് സെക്രട്ടറി, ബീഹാര്‍
  11. വിഭ പുരി, മുന്‍ സെക്രട്ടറി ആദിവാസികാര്യ മന്ത്രാലയം
  12. എസ് എസ് റിസ്വി മുന്‍ ജോയിന്‍റ് സെക്രട്ടറി കേന്ദ്ര സര്‍ക്കാര്‍
  13. സുന്ദര്‍ ബുറ മുന്‍ സെക്രട്ടറി, മഹാരാഷ്ട്ര
  14. ഹരീഷ് ചന്ദ്ര, ഐ എ എസ്
  15. മീന ഗുപ്ത, മുന്‍ സെക്രട്ടറി, ബാണം പരിസ്ഥിതി മന്ത്രാലയം
  16. കമല്‍ ജസ്വാല്‍ മുന്‍ സെക്രട്ടറി വിവരസാങ്കേതിക വിദ്യാ മന്ത്രാലയം
  17. ഹിരാക് ഘോഷ് മുന്‍ പ്രിനിസിപ്പല്‍ സെക്രട്ടറി, പശ്ചിമബംഗാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍