UPDATES

സ്ത്രീ സുരക്ഷയ്ക്ക് വാചകമടി പോര; കണക്കുകള്‍ തെളിയിക്കുന്നത് അതാണ്

ബലാല്‍സംഗത്തിന് മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ ലഭിക്കുക തന്നെ വേണം

ഒരാള്‍ക്കും ഈ വൈരുധ്യം തള്ളിക്കളയാനാവില്ല. ദേശീയ മനഃസാക്ഷിയെ പരിവര്‍ത്തനപ്പെടുത്തി എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവമായ ഡല്‍ഹിയിലെ യുവതിയുടെ നിഷ്ഠൂരമായ ബലാത്സംഗവും കൊലപാതകവും നടന്ന് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥകള്‍ ഇടതടവില്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പുതുവര്‍ഷ തലേന്ന് ബംഗളൂരുവിലെ തെരുവുകളില്‍ നടന്ന ആക്രമണമാണ് ഇവയില്‍ ഏറ്റവും ഒടുവിലത്തേത്. ഛത്തീസ്ഗഡ് പോലീസുകാര്‍ 16 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടും ഇതുവരെ നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. വിട്ടു വീഴ്ചയില്ലാത്ത പൊതുനയ പരിഷ്‌കാരങ്ങളിലൂടെയല്ലാതെ പ്രതിഷേധങ്ങളോ വലിയ വായിലുള്ള വാഗ്‌ധോരണികളോ അല്ലെങ്കില്‍ എല്ലാം തികഞ്ഞ നിയമങ്ങളോ കൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരാകില്ലെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

സര്‍ക്കാരിന്റ കണക്കുകള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2013ല്‍ 309,546 കേസുകളാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2014ല്‍ അത് 337,922 ആയി വര്‍ദ്ധിക്കുകയും പിന്നീട് 327,394 ആയി താഴുകയും ചെയ്തു. തുടക്കത്തില്‍ പ്രതീക്ഷയുടെ ഒരു നേരിയ കിരണം ഉണ്ടായെങ്കിലും പിന്നീട് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. 2013ലെ 114,785 ബലാല്‍സംഗ കേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വിചാരണ പൂര്‍ത്തിയായ 18,833 കേസുകളില്‍ വെറും 27 എണ്ണത്തില്‍ മാത്രമാണ് ശിക്ഷിക്കുകയുണ്ടായത്. 2015ല്‍, പുതിയ അതിവേഗ കോടതികളും പുതിയ നിയമങ്ങളും കൊണ്ടുവന്നതിന് ശേഷവും 167,458 കേസുകള്‍ വിചാരണ കാത്തുകിടക്കുകയാണ്. ശിക്ഷ വിധിക്കപ്പെട്ട കേസുകള്‍ വെറും 29 എണ്ണവും. ലിംഗാനുബന്ധ കേസില്‍ നീതി തേടുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സാഹചര്യത്തില്‍ വളരെ കുറച്ച് മാറ്റമേ സംഭവിച്ചിട്ടുള്ള എന്നതാണ് വാസ്തവം.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനുള്ള നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ മുന്നോട്ടുള്ള വഴി ലളിതമാണ്. തെരുവുകള്‍, ചന്തകള്‍, പൊതുഗതാഗതം തുടങ്ങിയ പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കുക എന്നതാണ് ആദ്യ പടി. ഇത് നേടിയെടുക്കുന്നതിന് നിരവധി വഴികളുണ്ടെങ്കിലും നിയമപാലകരാവണം അതിന്റെ നട്ടെല്ല്. മികച്ച പരിശീലനത്തിന്റെയും വെളിച്ച സൗകര്യങ്ങളുടെയും നിരീക്ഷണ സംവിധാനത്തിന്റെയും പിന്‍ബലത്തോടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. ഇത്തരം ഒരു പരിഷ്‌കരണം ആരംഭിക്കാനെങ്കിലുമുള്ള ശേഷി ഇന്ത്യയ്ക്കുണ്ടോ എന്ന സൂക്ഷ്മവിശകലനം തന്നെ നടത്തേണ്ടിയിരിക്കുന്നു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ആഴ്ച പോലും, രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിക്കുകയുണ്ടായി.

2013ല്‍ ഇന്ത്യയില്‍ 100,000 ആളുകള്‍ക്ക് 149 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 144 ആയി താഴ്ന്നിരിക്കുന്നു. യുഎന്‍ ചട്ടപ്രകാരം 100,000 ആളുകള്‍ക്ക് 220 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരിക്കേണ്ടത്. കൂടുതല്‍ ലിംഗസമത്വവും നമ്മുടെ പോലീസ് സേന ആവശ്യപ്പെടുന്നുണ്ട്; ഇന്ത്യയിലെ 1,731,666 സംസ്ഥാന പോലീസുകാരില്‍ 122,912 പേര്‍ മാത്രമാണ് സ്ത്രീകള്‍.

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാവാതെ ഇന്ത്യയില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന്, സാമൂഹിക പോലീസിംഗ് വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനത്തിലും മനുഷ്യവിഭവ നിലവാരത്തിലും വിപ്ലവകരമായ മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കേണ്ടതുണ്ട്; അവിദഗ്ധ തൊഴിലാളികളുടെ നിലവാരത്തില്‍ നിയമിക്കപ്പെടുകയും വേതനം നല്‍കപ്പെടുകയും ചെയ്യുന്ന കോണ്‍സ്റ്റബിള്‍മാര്‍, ആധുനിക പോലീസിംഗ് നിലവാരത്തില്‍ ഫലങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കാന്‍ തരമില്ല. ഏതാനും ചില സംസ്ഥാനങ്ങളില്‍ ഒഴികെ ഫോറന്‍സിക്കും മറ്റ് അന്വേഷണ വൈദഗ്ധ്യങ്ങളും അവയുടെ അഭാവം കൊണ്ട് ശ്രദ്ധേയമാകുന്നു.

സര്‍ക്കാരിനോടല്ല മറിച്ച്, തങ്ങള്‍ സംരക്ഷിക്കുന്ന സമൂഹത്തോടും തങ്ങള്‍ സേവിക്കുന്ന നിയമത്തോടും കൂടുതല്‍ ഉത്തരവാദിത്വം പോലീസ് സേന പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ആഴത്തിലുള്ള ഘടനാപരിഷ്‌കാരങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു. അപേക്ഷ പൂരിപ്പിക്കുന്നത് മുതല്‍ അതിന്റെ നടപടിക്രമങ്ങള്‍ വരെയുള്ള ഘട്ടം ലളിതവും സ്ത്രീസൗഹാര്‍ദപരവുമാവണം. ഏറ്റവും പ്രധാനമായി, ബലാല്‍സംഗത്തിന് മാത്രമല്ല, സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യത്തിനും കടുത്ത ശിക്ഷ ലഭിക്കുക തന്നെ വേണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍