UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിമിനല്‍ ഗൂഡാലോചനയില്‍ ഉറച്ച് മഞ്ജു വാര്യര്‍; കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ യാദൃശ്ചികമല്ല

ഒരു പെണ്‍കുട്ടിയാണ് ഇവിടെ ആക്രമിക്കപ്പെട്ടത്; സിനിമാതാരം എന്നതിനല്ല ഇവിടെ പ്രസക്തി

സംഭവം നടന്നതിന്‍റെ പിറ്റെ ദിവസം പ്രിയ കൂട്ടുകാരിയെ കണ്ടപ്പോള്‍ അവളുടെ മുഖം ഉടഞ്ഞുപോകാത്ത ഒരു കണ്ണാടിയായിട്ടാണ് ഞാന്‍ കണ്ടത്. അതില്‍ ഞാന്‍ എന്നെയും ഒരുപാട് അമ്മമാരെയും സഹോദരിമാരെയുമാണ് കണ്ടത്. പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് മഞ്ജു വാര്യര്‍ ഇങ്ങനെ പറഞ്ഞത്.

തിരക്കേറിയ ദേശീയ പാതയിലാണ് അവള്‍ ആക്രമിക്കപ്പെട്ടത്. ഒരു പെണ്‍കുട്ടിയാണ് ഇവിടെ ആക്രമിക്കപ്പെട്ടത്. സിനിമാതാരം എന്നതിനല്ല ഇവിടെ പ്രസക്തി. ഒരു സിനിമാതാരം ആക്രമിക്കപ്പെട്ടു എന്ന രീതിയില്‍ അല്ല ഇതിനെ കാണേണ്ടത്. സമ്പൂര്‍ണ്ണ സാക്ഷരത, ലിംഗനീതി, തുടങ്ങി കേരളമെന്ന പേരിനു അഹങ്കരിക്കാന്‍ പലതും ഉണ്ടെന്ന അഭിമാനം ഊതിപ്പെരുപ്പിച്ച സോപ്പ് കുമിളകള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞു തലകുനിക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് നാം. ഒരു പെണ്‍കുട്ടിക്ക് നിര്‍ഭയയായി വാഹനങ്ങളില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഒരു നാടിന് എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുക. മഞ്ജു വാര്യര്‍ ചോദിക്കുന്നു.

തനിക്ക് സ്ത്രീയില്‍ നിന്നു കിട്ടുന്ന ബഹുമാനം തിരിച്ച് അവള്‍ക്കും നല്കാനുള്ള മനോനില പുരുഷന്‍ കൈവരിച്ചാല്‍ അന്ന് തീരും ഇതെല്ലാം. സ്ത്രീയും പുരുഷനും ഒരുപോലെയുള്ള സമൂഹക്രമത്തില്‍ ഇങ്ങനെയൊന്നു ഒരിയ്ക്കലും സംഭവിക്കില്ല. ഈ പരസ്പര ബഹുമാനം ഏത് രംഗത്തും വേണം. തീര്‍ച്ചയായും സിനിമയിലും അതുണ്ടാകണം. ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അഭിമാനത്തോടെ ജീവിക്കാനാകാണം. നിര്‍ഭയമായി ജോലി ചെയ്യാനും സഞ്ചരിക്കാനുമാകണം.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ യാദൃശ്ചികമാണെന്ന് വിശ്വസിക്കുന്നില്ല. ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. അതൊരു ക്രിമിനല്‍ ഗൂഡാലോചന തന്നെയാണ്. അതാണ് അന്വേഷണത്തില്‍ തെളിയേണ്ടതും. സര്‍ക്കാരിലും ഉദ്യോഗസ്ഥരിലും നിയമത്തിലും എനിക്കു വിശ്വാസമുണ്ട്. സത്യം തെളിയുക തന്നെ ചെയ്യും. തന്‍റെ സഹജീവിയെ ഇറച്ചിക്കഷ്ണം പോലെ കാണുകയും ഏറ്റവും നീചമായ രീതിയില്‍ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടണം. സംസ്കാരത്തിലെ മാറ്റം പോലെ തന്നെ പ്രധാനമാണ് ഇത്തരം സംഭവങ്ങളിലെ ശിക്ഷാ വിധികള്‍ക്കുള്ള തിരുത്തുകളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍