UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ മേഖലയുടെ മേല്‍ കുതിര കയറുന്നവരോട്; നിങ്ങളുടെ കളി ജനങ്ങളുടെ ജീവിതം കൊണ്ടാണ്

Avatar

എം ബിനോയ്

രണ്ട് മിനിറ്റ് ശ്വാസം മുട്ടിച്ചാല്‍ മരിച്ച് പോവുന്ന ജീവിയാണ് മനുഷ്യന്‍. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ മനുഷ്യശരീരങ്ങളാണ് സഹകരണ ബാങ്കുകളും. മൂക്കും വായും പൊത്തി കൊന്നോണ്ടിരിക്കുകയല്ലേ, ഈ സ്ഥാപനങ്ങളെ എന്ന് ചിന്തിച്ചാല്‍ തെറ്റില്ല. കള്ളപ്പണ വേട്ടയുടെ കുന്തമുന കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നേരെ തിരിച്ചു വയ്ക്കുന്നതിന്റെ ഉദ്ദേശം എന്താവാം. കൃത്യമായി അറിയില്ല. അതിനുമുമ്പ് എന്താണ് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല എന്ന് നോക്കുന്നത് നന്നായിരിക്കും. ഈ ചര്‍ച്ചയ്ക്ക് ഇന്നത്തെ ദിനം എന്തുകൊണ്ടും നല്ലതാണ്. സഹകരണ വാരാഘോഷത്തിന് ഇന്ന് തുടക്കമാണല്ലോ.

നാട്ടിന്‍പുറത്ത് ‘സഹകരണത്തില്‍ പോകുവാ’, എന്നോരു പ്രയോഗമുണ്ട്. അത് സഹകരണ ബാങ്ക് മുതല്‍ സഹകരണ ഹോസ്പിറ്റല്‍ വരെ എവിടെ വേണമെങ്കിലും ആവാം. സഹകരണ ബാങ്കിങ് മേഖല കേവലം ബാങ്കിങ്ങില്‍ ഒതുങ്ങുന്ന ഒന്നല്ല. അത് വായ്പ, നിക്ഷേപം, ഉത്പാദനം, സംഭരണം, വിതരണം, ഭവനം, ജലസേചനം, ഗതാഗതം, ടെക്‌സ്റ്റൈല്‍സ്, വ്യവസായം, ആരോഗ്യം തുടങ്ങി എത്രയോ ദിശകളിലേക്ക് പടര്‍ന്ന് കിടക്കുന്ന ഒന്നാണ്. കേരള സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്ന് അതാണ്. കേരളത്തെ സമ്പൂര്‍ണ്ണ ബാങ്കിങ് സംസ്ഥാനമാക്കിയതില്‍ അറുപത് ശതമാനം ക്രെഡിറ്റും സഹകരണ ബാങ്കുകള്‍ക്കാണ്. അവ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതികള്‍ അവയ്ക്കുണ്ട്. വര്‍ഷത്തില്‍ യോഗം ചേര്‍ന്ന് ലാഭവിഹിതം പണമോ, സാധനങ്ങളോ ഒക്കെയയായി അത് അംഗങ്ങള്‍ക്ക് കൊടുക്കാറുണ്ട്. അത് വാങ്ങാന്‍ ആഘോഷപൂര്‍വ്വം ബാങ്കിന്റെ ജനറല്‍ബോഢിയിലേക്ക് പോവുന്നവര്‍ ഒരു നാട്ടിന്‍പുറ കാഴ്ചയാണ്. ബംഗ്ലാദേശില്‍ തദ്ദേശഭരണവും,സഹകരണവും കൈകാര്യം ചെയ്യുന്നത് ഒറ്റ മന്ത്രിക്ക് കീഴിലാണ്. രണ്ടും തമ്മില്‍ വലിയ ബന്ധമുള്ളതുകൊണ്ടാണ് അത്.

സംസ്ഥാന സഹകരണ ബാങ്കും, ജില്ലാ ബാങ്കുകളും, പ്രാഥമിക സഹകരണ സംഘങ്ങളുമായി 12000ന് അടുത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് കേരളത്തില്‍. കേന്ദ്ര പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ബാങ്കുകള്‍ കൂട്ടിയാല്‍ 6500 ധനകാര്യ സ്ഥാപനങ്ങളേ ആവുന്നുള്ളു. സഹകരണ മേഖലയുടെ വ്യാപ്തി ഈ കണക്കില്‍ വ്യക്തമാവുന്നുണ്ട്. മലയോരത്തും ഉള്‍നാടുകളിലും ഉള്ള സാധാരണക്കാര്‍ക്ക് അവരുടെ സാമ്പത്തിക ഇടപാടിന് ആകെയുള്ള ആശ്രയം ഈ ബാങ്കുകളാണ് ഇന്നും. കര്‍ഷകര്‍ക്കും, ചെറുകിട വ്യവസായികള്‍ക്കും, മത്സ്യത്തൊഴിലാളിക്കും ഒക്കെ കൊടുത്തും വാങ്ങിയും തന്റെ കുടുംബത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരനുഭവം സമ്മാനിച്ചിട്ടുണ്ട് ഈ സംഘങ്ങള്‍. ഓണത്തിന് കേരളത്തിലെ 22.48 ലക്ഷം ക്ഷേമ പെന്‍ഷനുകള്‍, നിറഞ്ഞ ചിരിയോടെ ആളുകള്‍ കൈ നീട്ടി വാങ്ങുന്നത് നാം കണ്ടതാണ്. ഒരു വന്‍കിട ബാങ്കുകളുടെയും സഹായമില്ലാതെ കൃത്യമായി അവ വിതരണം ചെയ്യാന്‍ സാധിച്ചത് ഇതേ സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. നാട്ടിലെ കര്‍ഷകന് പശുവിനുള്ള സബ്‌സിഡിയും, വനിതകള്‍ക്ക് ത്രിഫ്റ്റ് ഫണ്ടിന് മുകളില്‍ ഇത്തിരി വായ്പയെടുക്കാനും, കുടുംബശ്രീ പോലുള്ള സംരഭങ്ങളെ സാമ്പത്തികമായി പ്രവര്‍ത്തിപ്പിക്കുന്നതിനും, ഒക്കെ കഴിയുന്നത് ഈ ഇത്തിരി കുഞ്ഞന്‍ സ്ഥാപനങ്ങളുടെ കൂട്ടായ്മ അഥവ സഹകരണം ഉള്ളതുകൊണ്ടാണ്. നാബാര്‍ഡിന്റെ ഗ്രാമ വികസനത്തിനുള്ള കാര്‍ഷിക പദ്ധതികള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതും സഹകരണ ബാങ്കുകളിലൂടെയാണ്. പരമ പ്രധാനമായിട്ടുള്ളത് ആളുകള്‍ ബ്ലേഡ് മാഫിയകളിലേക്ക് തകര്‍ന്നും മുറിഞ്ഞും വീഴാതിരിക്കുന്നതിന് ഇത്തിരിയൊന്നുമല്ല ഇവ സഹായിച്ചിട്ടുള്ളത് എന്നത് തന്നെയാണ്.

വിമര്‍ശകര്‍ കണ്ണ് വച്ചത് ഒരേയൊരു കാര്യത്തിലാണ്. ഡിപ്പോസിറ്റ് തുകയാണ് അവരെ മോഹിപ്പിക്കുന്ന കാര്യം. 1.60 ലക്ഷം കോടിയോളം വരുമത്രേ സഹകരണ മേഖലയിലെ നിക്ഷേപം. അതില്‍ പകുതിയും പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടേതാണ്. ഈ നിക്ഷേപത്തില്‍ ആകെ കള്ളപ്പണമാണെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. സംസ്ഥാന, ജില്ലാ, അര്‍ബന്‍ സഹകരണബാങ്കുകള്‍ ആര്‍.ബി.ഐയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള സ്ഥാപനങ്ങളാണ് എന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. പ്രാഥമിക സഹകരണ ബാങ്കുകളാകട്ടെ അവരുടെ കളക്ഷന്‍ അടയ്ക്കുന്നത് ജില്ലാ ബാങ്കിലും. അശാസ്ത്രീയവും, ആധികാരികതയില്ലാത്തതുമായ ഒരു നടത്തിപ്പ് പ്രസ്ഥാനമല്ല സഹകരണ ബാങ്കുകള്‍. അവിടെ അംഗത്വം എടുക്കണമെങ്കിലും, മറ്റ് ബാങ്കിങ് ഏര്‍പ്പാടുകളിലും കൃത്യമായ നടപടിക്രമങ്ങളുണ്ട്. ശരി ഇനി ആ നടപടികളില്‍ തകരാറുണ്ടെങ്കില്‍ ആര്‍.ബി.ഐ മുതല്‍ ആദായനികുതി വകുപ്പ് വരെ ആര്‍ക്കാണ് അന്വേഷിച്ച് കൂടാത്തത്. എന്തായാലും, ഹര്‍ഷദ് മേത്ത മുതല്‍, കേത്തന്‍ പരേഖ് വരെയുള്ളവര്‍ തീര്‍ത്ത വലിയ ഓഹരിവിപണി കുംഭകോണങ്ങളിലും, കിട്ടാക്കടത്തിന്റെ പെരുകുന്ന കോടികളിലും പുളച്ചതും, പുളയ്ക്കുന്നതുമായ കള്ളപ്പണക്കാര്‍ക്ക് വഴിയൊരുക്കിയത് കേരളത്തിലെ സഹകരണ ബാങ്കുകളല്ല.

500,1000 പിന്‍വലിച്ചതിനൊപ്പം വന്ന നിയന്ത്രണങ്ങള്‍ സഹകരണ ബാങ്കിങ് മേഖലയില്‍ മരണ സമാനമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ഇളവുകള്‍ നല്‍കിയതുവഴി സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാം. സ്വീകരിച്ചവ പക്ഷേ ജില്ലാ ബാങ്കില്‍ കൊടുക്കാന്‍ പറ്റുകയില്ല. വിനിമയത്തിന് കറന്‍സിയില്ലാതായതോടെ ബാങ്കിലെത്തുന്നവര്‍ക്ക് ചില്ലിക്കാശിന്റെ സഹായം ചെയ്യാന്‍ കഴിയുന്നില്ല ഈ പാവം ബാങ്കുകള്‍ക്ക്. നിക്ഷേപകര്‍ സേവനം തേടി മറ്റിടങ്ങളിലേക്ക് ചേക്കേറാം. സഹകരണ ബാങ്കുകളെ ചേര്‍ത്ത് കേരളത്തിന് ഒരു ബാങ്ക് എന്ന സങ്കല്‍പ്പവുമായി സര്‍ക്കാര്‍ നീങ്ങുമ്പോഴാണ് ഈ ബഹളങ്ങളൊക്കെ എന്നതും ശ്രദ്ധിയ്ക്കുക.  മുഴുവന്‍ പേജ് ക്ഷണക്കത്ത് പരസ്യവുമായി സ്വകാര്യബാങ്കുകള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഒരു മറുകാഴ്ചയാണ്. അവിടെ കള്ളപ്പണമുണ്ടോ എന്ന ചര്‍ച്ച എവിടെയും കാണുന്നില്ല. അപ്പോള്‍ സഹകരണ ബാങ്കിങ് മാത്രമല്ല, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൃഷി, ചെറുകിട വ്യവസായം, കുടുംബശ്രീ, മുതല്‍ നീതി സ്റ്റോറുകള്‍ വരെ പ്രതിസന്ധിയാലാകും. സര്‍ക്കാരിന്റെ പുതിയ ആശയവും പ്രതിസന്ധിയിലാകും.  പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ തകരും.

സര്‍ക്കാരിന്റെയും നാടിന്റെയും വലിയ മൂലധനവും കരുത്തുമായ ഈ സഹകരണ സ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടണമെന്നേ, നാടിന്റെ നന്മ കാംക്ഷിക്കുന്ന ആരും അഭിപ്രായപ്പെടൂ.

ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്രു ബ്രിട്ടീഷുകാരുടെ വരവോടെ, എങ്ങനെയാണ് ഇന്ത്യന്‍ ഗ്രാമീണ സ്വാശ്രയ സമ്പദ്‌വ്യവസ്ഥകള്‍ തകര്‍ന്നത് എന്നും, അതിന് പകരമായി മറ്റൊന്ന് രൂപമെടുത്തില്ല എന്നും പറഞ്ഞുവച്ചിട്ടുള്ളത് കൂടി ഈ സമയത്ത് ഓര്‍മ്മിക്കുന്നത് നന്നാകും. ഇതൊക്കെ അങ്ങ് പൊളിഞ്ഞടുങ്ങുന്നതിന്റെ നേട്ടം എന്തായാലും കേരള സമ്പദ്‌വ്യവസ്ഥയ്‌ക്കോ, സാധാരണ ജനങ്ങള്‍ക്കോ അല്ല. അപ്പോള്‍ പിന്നെ എന്തിന് വേണ്ടിയാവാം ഈ ബഹളങ്ങള്‍…?

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍