എം ടി മലയാളത്തിന്റെ മുത്ത്
എം.ടിക്കെതിരായ ആക്രമണം ഫാസിസത്തിന്റെ ടെസ്‌റ്റ് ഡോസാണെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഏകാന്തനായ എഴുത്തുകാരന്‍ പ്രതികരിക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യും. അതിനോട് വിയോജിക്കാം. എന്നാല്‍ എം.ടിയുടെ കാര്യത്തില്‍ എം.ടിയെന്ന വ്യക്തിയെതന്നെ ഹനിക്കുന്ന സമീപനമാണുണ്ടായത്. ഇത് വ്യക്തികളെ ഇല്ലാതാക്കാനുള്ള പഴയ ഫാസിസ്റ്റ് കുതന്ത്രത്തിന്റെ ഭാഗം തന്നെയാണ്. എഴുത്തുകാരുടെ വാക്കുകള്‍ ഭയപ്പെടുന്നവരാണ് എം.ടിക്കെതിരേ രംഗത്തുവന്നത്. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാരസാഹിതിയും വിചാര്‍വിഭാഗും സാഹിത്യ അക്കാദമി അങ്കണത്തില്‍ സംഘടിപ്പിച്ച എം.ടിക്ക് തൃശൂരിന്റെ പിന്തുണ സാംസ്‌കാരിക പ്രതിരോധസദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജര്‍മനിയിലെ ഹിറ്റ്‌ലറുടെ ഫാസിസ്‌റ്റ് കാലത്തിനു സമാനമാണിത്. 1930ല്‍ ജനുവരി 30ന് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ എഴുത്തുകാരെയും കലാകാരന്മാരെയും സംഗീതജ്ഞരെയും അടിച്ചമര്‍ത്താനാണ് ആദ്യം ശ്രമിച്ചത്. പ്രത്യേകിച്ച് നോബല്‍സമ്മാന ജേതാവായ തോമസ് മാനെ. മലയാളിക്ക് തോമസ് മാനെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് എം.ടി. എന്നതും മറന്നുകൂടാ. ജര്‍മ്മനിയെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരാണ് എഴുത്തുകാര്‍ എന്നായിരുന്നു അവരുടെ ആരോപണം. അതുകൊണ്ടാണ് ലൈബ്രറികളിലുണ്ടായിരുന്ന തോമസ് മാന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ അധികാരത്തിലെത്തി നാലാം മാസം അവര്‍ കത്തിച്ചുകളഞ്ഞത്. ഫാസിസ്റ്റ് കാലഘട്ടത്തില്‍ 2500 ഓളം കലാകാരന്മാരാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ഭരണത്തിന്റെ തന്നെ തുടക്കമെന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ നടപടി. എഴുത്തുകാര്‍ അഭിപ്രായം പറയുന്നതും അതുകൊണ്ടാണ്. മറ്റു രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചില്ലെന്നാണ് എം.ടിക്കെതിരെ ഉയര്‍ന്ന ഒരു വിമര്‍ശനം. എന്നാല്‍ എം.ടിയുടെ പ്രതികരണത്തെ തുടര്‍ന്നാണ് മുത്തങ്ങയില്‍ നടന്ന സമരം ദേശീയ ശ്രദ്ധയില്‍ വന്നത്. മാറാട് വിഷടത്തിലും എം.ടി.യുടെ പ്രതികരണം സക്രിയമായിരുന്നു.
പുതിയ വര്‍ഷത്തില്‍ എല്ലാവരും ചെയ്യുന്നതുപോലെ താനും ഒരു പ്രതിജ്ഞയെടുത്തിരുന്നു. ഇനി പൊതുയോഗങ്ങളില്‍ പ്രസംഗിക്കില്ലെന്നായിരുന്നു പ്രതിജ്ഞ. അതിന്റെ കൂടെ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഏകാന്തമായി ഒരു വര്‍ഷം എന്തെങ്കിലും എഴുതുക. എഴുതാന്‍ സ്വസ്ഥത വേണം. എന്നാല്‍ ആ നില ഇല്ലാതായ സാഹചര്യത്തില്‍ ആ പ്രതിജ്ഞ ലംഘിക്കേണ്ടിവന്നു. മലയാളത്തിന്റെ മുത്തായ എം.ടിക്കെതിരായ ആക്രമണത്തിന്റെ ഘട്ടത്തില്‍ ആ പ്രതിജ്ഞാലംഘനം തെറ്റാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍ ആമുഖപ്രഭാഷണവും രാഷ്ട്രീയ നിരീക്ഷകനും ചിന്തകനുമായ കെ. വേണു മുഖ്യപ്രഭാഷണവും നടത്തി.