UPDATES

ചരിത്രം ആവര്‍ത്തിക്കുകയാണ്, അവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരിക്കുന്നു

അഖ്‌ലാഖ് വീടിനുള്ളില്‍ കൊല്ലപ്പെടുമ്പോള്‍, കന്നുകാലി കച്ചവടക്കാര്‍ മരക്കൊമ്പുകളില്‍ തൂങ്ങിയാടുമ്പോള്‍, ആള്‍ക്കൂട്ടം നമ്മുടെ അടുക്കളകള്‍ പരിശോധിക്കുമ്പോള്‍ ഒക്കെ പരമോന്നത നേതാവ് നിശബ്ദനായിരിക്കും

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയവരും വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരും അതിനു തീ കൊളുത്തിയവരുമായ നിരവധി പേരെ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇങ്ങ് കേരളത്തിലേക്ക് വരികയാണെങ്കില്‍ പി. കൃഷ്ണ പിള്ള മുതല്‍ എ.കെ.ജിയും ഇ.എം.എസുമടങ്ങുന്ന ഒരു തലമുറയെക്കുറിച്ച്, അവര്‍ കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ച് ഏതാനും വാചകങ്ങളില്‍ പറഞ്ഞൊതുക്കുക സാധ്യവുമല്ല. എന്നാല്‍ അടുത്ത തലമുറ കമ്യൂണിസ്റ്റുകളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമൊക്കെ അതില്‍ നിന്നും കുറെയൊക്കെ വ്യത്യസ്തരാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം രൂപപ്പെടുത്തിയ അവരെ പിന്നീട് സി.പി.എം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തിച്ചതും അവര്‍ക്കുള്ള പ്രത്യയശാസ്ത്രദാര്‍ഢ്യമായിരുന്നു. ടി.വി സ്റ്റുഡിയോയിലും പത്ര, മാസികകളിലെ കോളങ്ങളിലുമൊതുങ്ങുന്നു അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നൊക്കെ പരിഹാസവും ഉയരാറുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സീതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ക്ക്, നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മികച്ച രാഷ്ട്രീയ നേതൃത്വത്തിന് അക്കാദമിക് സെന്‍സിബിലിറ്റീസ് എത്രത്തോളം ഗുണം ചെയ്യുമെന്ന് അവര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയെ അതിന്റെ അന്തഃസത്തയില്‍ നിന്നു കൊണ്ട് വ്യാഖ്യാനിക്കാന്‍ അവര്‍ക്ക് കഴിയാറുണ്ട്. അതിനേക്കാളേറെ, സമ്പത്തും അധികാരവും ദുഷിപ്പിക്കുന്ന വ്യവസ്ഥിതിയില്‍ അതില്‍ നിന്നു മാറി നില്‍ക്കാനും കൃത്രിമത്വങ്ങളില്ലാത്ത ലാളിത്യവും നീതിയും പുലര്‍ത്താനും ഒട്ടുമിക്ക കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും കഴിയാറുമുണ്ട്.

അതായത്, ഇന്ന് കേന്ദ്രഭരണം കൈയാളുന്നവര്‍, അവരുടെ പ്രത്യയശാസ്ത്ര പിതാവായ ആര്‍.എസ്.എസ് ഒക്കെ കൈയാളുന്ന രാഷ്ട്രീയത്തിന്റെ നേരെ എതിര്‍ വശത്താണ് ഈ കമ്യൂണിസ്റ്റ് നേതാക്കളുടെ നില്‍പ്പ്. നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസ് ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമായി ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ട തുറന്നുകാട്ടാന്‍ കഴിയുന്നത് യെച്ചൂരിയെപ്പോലുള്ളവര്‍ക്കാണ്. സ്വന്തം പേരു തുന്നിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ടിട്ട് നടക്കുന്ന, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രം സഞ്ചരിക്കുന്ന ബി.ജെ.പി നേതാക്കളുമായി ഏതെങ്കിലും വിധത്തിലുള്ള സാമ്യതകള്‍ ഇവരില്‍ കാണാന്‍ കഴിയില്ല. ആര്‍.എസ്.എസും അവരുടെ അസംഖ്യം ‘ഫ്രിഞ്ച്’ സംഘടനകളും നരേന്ദ്ര മോദി സര്‍ക്കാരും ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെയെല്ലാം നിലംപരിശാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും നന്നായി തുറന്നുകാട്ടുന്നവരിലൊരാളു കൂടിയാണ് യെച്ചൂരി.

അതുകൊണ്ടു തന്നെ യെച്ചൂരിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ട ഒന്നായി കാണേണ്ടതില്ല. മറിച്ച് അതൊരു വലിയ രാഷ്ട്രീയ ഡിസൈനിംഗിന്റെ ഭാഗമാണ്. സ്വേച്ഛാധിപതികള്‍, മതമൗലികവാദികള്‍, ഫാസിസ്റ്റുകള്‍ ഒക്കെ ചരിത്രത്തില്‍ എല്ലാക്കാലത്തും ഇതേ നയം അനുവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ പിണിയാളുകളെക്കൊണ്ട് എതിരാളികളെ സായുധമായി തന്നെ നിശബ്ദരാക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് കൈകഴുകയും ചെയ്യുന്നതാണ് അവരുടെ രീതി.

അതിന്റെ ഏറ്റവുമടുത്ത ഉദാഹരണങ്ങളിലൊന്നായിരുന്നു നാസി ജര്‍മനി. 1921ല്‍ നാസി പാര്‍ട്ടി രൂപം കൊടുത്തതാണ് Sturmabteilung (SA; Storm Detachment- Brownshirts എന്നും വിളിക്കും) 1920കളിലും 30കളിലും ഹിറ്റ്‌ലറുടെ ഉയര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ് ഈ സംഘം. യുവാക്കള്‍ക്കിടയില്‍ അന്ന് വളരെയേറെ സ്വാധീനം ചെലുത്തിയ ആ സംഘത്തിനും ഇന്ന് മനുഷ്യരുടെ അടുക്കളകള്‍ കയറി പരിശോധിക്കുകയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അടിച്ചു കൊല്ലുകയും ചെയ്യുന്നവര്‍ക്കും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. അവരാണ് യെച്ചൂരിയെ ആക്രമിച്ചത്, അവരാണ് ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ അതിക്രമിച്ചു കയറിയത്.

നാസി നേതാക്കള്‍ക്ക് റാലികളിലും സമ്മേളനങ്ങളിലും സംരക്ഷണം ഒരുക്കുക എന്നതായിരുന്നു തുടക്കകാലത്ത് Sturmabteilungന്റെ ചുമതല. ഇന്ന് ആര്‍എസ്എസും വിഎച്ച്പിയും ബജ്‌രംഗ്ദളുമൊക്കെ സ്വയരക്ഷയ്ക്ക് എന്ന പേരില്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന പരിശീലന പരിപാടി പോലെ.

അതിന്റെ രണ്ടാം ഘട്ടം രാഷ്ട്രീയ എതിരാളികളെ തെരുവില്‍ നേരിടുക എന്നതായി അവരുടെ പ്രവര്‍ത്തനങ്ങള്‍. അതിനൊപ്പം യഹൂദര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുക എന്നതും. ഗോരക്ഷകരായും ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നവരായുമൊക്കെ ഇന്നു നമ്മുടെ ചുറ്റിലും ഉള്ളതും അവരാണ്.

ഈ Sturmabteilung ആണ് പിന്നീട് നാസി ജര്‍മനിയിലെ ഏറ്റവും വലുതും ശക്തവുമായ Schtuzstaffel (SS; Protective Squadron) ആയി ഉയര്‍ന്നുവന്നത്. ആരാണ് ഒടുവില്‍ അതിനെ നയിച്ചത്? കുപ്രസിദ്ധനായ Heinrich Himmler.

അങ്ങനെയൊക്കയാണ് ചരിത്രം ആവര്‍ത്തിക്കുന്നത്.

അഖ്‌ലാഖ് വീടിനുള്ളില്‍ കൊല്ലപ്പെടുമ്പോള്‍, കന്നുകാലി കച്ചവടക്കാര്‍ മരക്കൊമ്പുകളില്‍ തൂങ്ങിയാടുമ്പോള്‍, ആള്‍ക്കൂട്ടം നമ്മുടെ അടുക്കളകള്‍ പരിശോധിക്കുമ്പോള്‍ ഒക്കെ പരമോന്നത നേതാവ് നിശബ്ദനായിരിക്കും. അല്ലെങ്കില്‍ പേരിനെന്തെങ്കിലും പറഞ്ഞു എന്നു നടിക്കും. ലോകത്തെവിടെ ഭീകരാക്രമണം നടന്നാലും ഉടന്‍ അപലപിക്കാന്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ തുറക്കുന്ന അദ്ദേഹം ആള്‍ക്കൂട്ടം നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളില്‍ കടന്നുകയറി അതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ശാന്തനും നിശബ്ദനുമായിരിക്കും.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് വീണ്ടും വീണ്ടും എടുത്തു പറയേണ്ടി വരുന്നു. ഇങ്ങനെയാണ് ഒരു പുതിയ ഇന്ത്യ രൂപപ്പെടുന്നത്. ഹനുമാന്‍ സേനയെന്നോ ശ്രീരാമ സേനയെന്നോ ഹിന്ദു സേനയന്നോ ഒക്കെയയുള്ള പല പേരുകളില്‍ അവര്‍ അറിയപ്പെടും. അതിന് മുപ്പത്തി മുക്കോടി ദൈവങ്ങളേയും മതങ്ങളേയും അവര്‍ കൂട്ടുപിടിക്കും. പക്ഷേ അജണ്ട ഒന്നു മാത്രം: ഒരു സ്ഥിരഭൂരിപക്ഷ ഭരണകൂടം (Majoritarian State).

യെച്ചൂരിക്കെതിരെയുള്ള ആക്രമണം തെളിയിക്കുന്നത് അതാണ്: Stortmroopers അവരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് അതിന് അതിര്‍ത്തികള്‍ ഇല്ല താനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍