UPDATES

കൂട്ടമാനഭംഗത്തിലെ പ്രതികളുടെ ചിത്രം പുറത്തു വിട്ട സുനിത കൃഷ്ണനു നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

പ്രമുഖ സ്ത്രീവിമോചക പ്രവര്‍ത്തകയും മലയാളിയുമായ സുനിത കൃഷ്ണനു നേരെ ആക്രമണം. ഹൈദരാബാദില്‍ നടന്ന കൂട്ടബലാത്സംഗത്തിനെതിരെ എന്‍ഡിടിവി സംഘടിപ്പിച്ച ഷെയിം ദി റേപ്പിസ്റ്റ് ക്യാമ്പയിനില്‍ പങ്കെടുത്തു മടങ്ങവെ ഇന്നു രാവിലെയാണ് അവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ആക്രമികള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. സുനിതയുടെ കാര്‍ തല്ലി തകര്‍ത്തു.

ആറുമാസം മുമ്പ് നടന്ന കൂട്ടബലാത്സംഗത്തിന്റെ വീഡിയോ വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നുണ്ടായിരുന്നു. രണ്ടു പെണ്‍കുട്ടികളെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നതും ഇതിനുശേഷം പീഢിപ്പിച്ചവര്‍ ചിരിച്ച മുഖമോടെ നില്‍ക്കുന്നതുമായ വീഡിയോ പ്രതികള്‍ തന്നെയാണ് മൊബൈലില്‍ ഷൂട്ട് ചെയ്തതും പ്രചരിപ്പിച്ചതും. ഈ വീഡിയോ കാണാനിട വന്ന സുനിത ഇതിന്റെ ചിത്രങ്ങള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ പ്രചരിച്ചത് കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകരമാവുകയും ചെയ്തു.

‘പത്തു നിമിഷം മാത്രമേ ഞാന്‍ ആ വീഡിയോയിലേക്ക് നോക്കിയുള്ളൂ ആ സാഹചര്യം ഒരു വിധത്തിലാണ് അതിജീവിച്ചത്. ഞാന്‍ വീഡിയോ സ്‌റ്റോപ്പ് ചെയ്തിട്ട് ഫോണ്‍ വലിച്ചെറിഞ്ഞു’, വാട്‌സ് ആപ്പില്‍ വീഡിയോ കണ്ടതിന് ശേഷമുള്ള അനുഭവത്തെപ്പറ്റി ഇങ്ങനെയാണ് സുനിത മാധ്യമങ്ങളോട് പറഞ്ഞത്.

തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ 8 പേര്‍ ചേര്‍ന്നു നടത്തിയ കൂട്ട ബലാത്സംഗത്തിന്റെ ഇരയാണ് സുനിതാ കൃഷ്ണന്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ആളുകള്‍ മുന്നോട്ട് വരുന്നില്ലെന്നും. ജനം മുന്നിട്ടിറങ്ങിയാല്‍ കുറ്റവാളികള്‍ പിടിയിലാകുമെന്നും സുനിത പറയുന്നു. നമ്മള്‍ ഈയൊരു മാറ്റത്തിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്.

സുനിതയുടെ നിര്‍ദേശ പ്രകാരം ചലച്ചിത്രകാരനായ അവരുടെ ഭര്‍ത്താവും ചലച്ചിത്ര സംവിധായകനുമായ രാജേഷ് ടച്ച്‌റിവര്‍ ആണ് പ്രതികളുടെ മുഖം വെളിവാകുന്നതും ഇരകളുടെ വ്യക്തിത്വം മറയ്ക്കുന്നതുമായ രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്ത് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് യൂട്യൂബ് ഈ വീഡിയോ ഇന്ന് നീക്കം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍