UPDATES

വിദേശം

ലക്ഷ്യമിട്ടത് ഖുമൈനിയുടെ ശവകുടീരം; എത്തിയത് വനിത ചാവേര്‍

പാര്‍ലമെന്റില്‍ ഉണ്ടായ വെടിവയ്പ്പിനു പിന്നാലെയായിരുന്നു രണ്ടാമത്തെ ആക്രമണം

ഇറാനെ ശക്തമായി ഞെട്ടിച്ചുകൊണ്ട് ഇന്നുണ്ടായ ഇരട്ട ഭീകരാക്രമണത്തിലെ ഒരു പ്രധാന ലക്ഷ്യം രാജ്യത്തിന്റെ പരമോന്നത നേതാവും ഇസ്ലാമിക വിപ്ലവത്തിന്റെ ആചാര്യനുമായ ആയത്തുള്ള സയ്യീദ് മൂസാവി ഖുമൈനിയുടെ ശവകൂടീരം തകര്‍ക്കല്‍ ആയിരുന്നുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഖുമൈനിയുടെ ശവകൂടീരം തകര്‍ക്കാന്‍ എത്തിയത് ഒരു വനിത ചാവേറായിരുന്നുവെന്നും ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ലെന്നും പക്ഷേ ഇവിടെ നടത്തിയ വെടിവയ്പ്പില്‍ ശവകുടീരത്തോടുള്ള ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ ഒരു കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടതായും ന്യൂസ് ഏജന്‍സിയായ ഐഎസ്എന്‍എ പറയുന്നു. മറ്റു ചിലര്‍ക്ക് പരിക്കേറ്റതായും അറിയുന്നു.

മറ്റൊരു വാര്‍ത്ത ഏജന്‍സിയായ ഫര്‍സ് അക്രമണത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; നാലുപേര്‍ അടങ്ങുന്ന അക്രമി സംഘമാണ് ഖുമൈനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയത്. ഇവരില്‍ മൂന്നുപേര്‍ അവിടെ സന്ദര്‍ശകരായി എത്തിയവര്‍ക്കുനേരെ നിറയൊഴുക്കുകയായിരുന്നു. പത്തു റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പറയുന്നത്. ഇതിലാണു പൂന്തോട്ടം ജീവനക്കാരന്‍ കൊല്ലപ്പെട്ടതും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതും. വെടിവപ്പ് നടക്കുന്ന സമയത്താണ് ചാവേര്‍ ശവകുടീരത്തിനു മുന്‍പിലുള്ള പൊലീസ് സ്റ്റേഷനു മുന്നിലായി സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം ശവകൂടിരത്തിന്റെ താഴത്തെ നിലയില്‍ വരെ ഉണ്ടായതായാണു സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. അതേസമയം ശവകുടീരത്തിനടുത്ത് മറ്റൊരു ചാവേര്‍ സ്‌ഫോടനശ്രമം സുരക്ഷസേന നിഷ്ഫലമാക്കിയെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികളില്‍ ഒരാള്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും മറ്റൊരാള്‍ സയനയിഡ് കഴിച്ചു ആത്മഹത്യ ചെയ്‌തെന്നും പറയുന്നു. മൂന്നാമത്തേത് ഒരു സ്ത്രീയായിരുന്നുവെന്നും ഇവരെ പൊലീസ് പിടികൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ അക്രമണം നടക്കുന്നതിനു അരമണിക്കൂര്‍ മുമ്പായിരുന്നു ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ വെടിവയ്പ്പ് നടന്നത്. മൂന്ന് ആക്രമികളായിരുന്നു അതിനു പിന്നില്‍. ഇവരുടെ കൈവശം ഒരു പിസ്റ്റളും രണ്ട് എ കെ 47 തോക്കുകളും ഉണ്ടായിരുന്നു. തലങ്ങും വിലങ്ങും ഇവര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍