UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ വിമര്‍ശിച്ച് അദ്വാനി മറച്ചുപിടിക്കുന്ന തന്റെയും പാര്‍ട്ടിയുടെയും വിധ്വംസക രാഷട്രീയ ചരിത്രം

രാഷ്ട്രീയ ഒറ്റപ്പെടലിന്റെ ഈ കാലത്ത് അദ്വാനി പറയുന്നതാണോ ബിജെപിയുടെയും ജനസംഘത്തിന്റെയും ചരിത്രം?

ഏപ്രില്‍ ആറ് ബിജെപിയുടെ സ്ഥാപകദിനമാണ്. ആ ദിവസവുമായി ബന്ധപ്പെട്ട് സ്ഥാപക നേതാക്കളില്‍ പ്രധാനിയായ ഒരാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അംഭിസംബോധന ചെയ്യുന്നതില്‍ സവിശേഷമായി ഒന്നുമില്ല. എന്നാല്‍ എല്‍കെ അദ്വാനി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത പുറത്തുവിട്ട സന്ദേശം പതിവ് ആശംസകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അത് മോഡി അമിത് ഷാ ദ്വന്ദത്തിന്റെ സമീപനങ്ങളുടെ നിശിതമായ വിമര്‍ശനമാണ്. മോദിക്കും ഷായ്ക്കും എതിരെ ഉയരുന്ന വ്യാപകമായ വിമര്‍ശനങ്ങളെ അതേപോലെ അംഗീകരിക്കുകയാണ് എല്‍കെ അദ്വാനി ചെയ്തിരിക്കുന്നത്. ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എല്‍ കെ അദ്വാനി നടത്തിയ വിമര്‍ശനങ്ങള്‍ ബിജെപിയില്‍ എന്തെങ്കിലും അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന കരുതുക വയ്യ. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ഒറ്റപ്പെടല്‍ പൂര്‍ണമാക്കാന്‍ സഹായിക്കുമെന്നല്ലാതെ.

ഇതാദ്യമായല്ല, എല്‍ കെ അദ്വാനി ഇങ്ങനെ മോദിയുടെ നേതൃത്വത്തോട് കലഹിക്കുന്നത്. മോഡിയെ പ്രധാനമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് 2013 ല്‍ അദ്ദേഹം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ പുതിയ രീതികളോട് യോജിച്ചു പോകാന്‍ കഴിയുന്നില്ലെന്നും ശ്യാമപ്രസാദ് മുഖര്‍ജിയും ദീന്‍ ദയാല്‍ ഉപാധ്യായയും നാനാ ദേശ്മുഖും വാജ്‌പേയും വിഭാവനം ചെയ്ത വഴിയില്‍നിന്ന് പാര്‍ട്ടി വ്യതി ചലിക്കുന്നുവെന്നുമായിരുന്നു 2013 ല്‍ രാജിവെച്ചുകൊണ്ട് അദ്ദേഹം പുറത്തുവിട്ട കത്തിലെ പ്രധാന വിമര്‍ശനങ്ങള്‍. പിന്നെ അദ്ദേഹം തന്നെ അത് പിന്‍വലിക്കുകയും പാര്‍ട്ടിയുടെ മാര്‍ഗദര്‍ശകനായി മാറുകയും ചെയ്തു.

ഇന്ന് പുറത്തിറക്കിയ സന്ദേശത്തിലും ബിജെപിയ്ക്ക് ഈയടുത്ത കാലത്ത് എന്തോ കുഴപ്പങ്ങള്‍ സംഭവിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്വാനി പറയുന്ന കാര്യങ്ങള്‍ ഇതൊക്കയാണ്. ഒരിക്കലും പാര്‍ട്ടിയുടെ എതിരാളികളെ ശത്രുക്കളായി ബിജെപി കണ്ടിട്ടില്ല. രാജ്യം ആദ്യം പിന്നീട് പാര്‍ട്ടി, അതുകഴിഞ്ഞ വ്യക്തി എന്ന സമീപനമാണ് എല്ലായ്‌പ്പോഴും ബിജെപി സ്വീകരിച്ചത്. പാര്‍ട്ടിയുടെ സമീപനങ്ങളോട് യോജിക്കാത്തവരെ ദേശവിരുദ്ധരായി ഇതുവരെ പാര്‍ട്ടി കണ്ടിട്ടില്ല. പാര്‍ട്ടിക്ക് അകത്തെയും രാജ്യത്തിന്റെയും ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും ബിജെപിയുടെ പ്രധാന സവിശേഷതയാണ്. ഇത്രയും പറഞ്ഞതിന് ശേഷം ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താന്‍ എല്ലാ ബിജെപിക്കാരും പരിശ്രമിക്കണമെന്നും അദ്വാനി ആവശ്യപ്പെടുന്നു.

വിമര്‍ശനം ബിജെപി നേതൃത്വത്തിനെതിരെയാണെന്ന് വളരെ വ്യക്തമാണ്. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ ഒതുക്കിയ മോഡിയ്ക്കും അമിത് ഷായ്ക്കുമെതിരെ ഒളിയമ്പെയ്യുന്നതിന്റെ മറവില്‍ തന്റെയും തന്റെ പാര്‍ട്ടിയുടെയും (ജനസംഘത്തിന്റെയും ബിജെപിയുടെയും ) ചരിത്രം മറച്ചുപിടിച്ച് വിശുദ്ധനാകാനാണ് അദ്വാനി ശ്രമിക്കുന്നതെന്ന് വ്യക്തം. ഇത്തരമൊരു സന്ദേശം കൊണ്ട് ബിജെപിയുടെയും ജനസംഘത്തിന്റെയും തന്റെ തന്നെയും രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ മറച്ചുപിടിക്കാനും ഉദാത്തവത്ക്കരിക്കാനും കഴിയുമെന്ന് അദ്വാനി പ്രതീക്ഷിക്കുന്നു. അങ്ങനെ ഒരു ലേഖനം കൊണ്ട് മറച്ചുപിടിക്കാവുന്ന പ്രത്യാഘാതങ്ങളല്ല, ഇന്ത്യയില്‍ ജനസംഘവും ബിജെപിയും അതിന്റെ സ്ഥാപക നേതാവായ എല്‍ കെ അദ്വാനിയും ചെയ്തത്. ഒരു ഘട്ടത്തിലും ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, അതിനൊക്കെ എതിരെ നടത്തിയ ഗൂഢാലോചനയായിരുന്നു ആര്‍ എസ് എസ്സിന്റെയും ജനസംഘത്തിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ചരിത്രം. ഇതിന്റെ നടത്തിപ്പുകാരനായിരുന്നു എല്‍ കെ അദ്വാനി. മോദിയാല്‍ അപമാനിക്കപ്പെട്ടുവെന്നത് കൊണ്ടു മാത്രം ചരിത്രത്തില്‍ ആരും വിശുദ്ധനാക്കപ്പെടില്ല.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ശ്രമിച്ച കാലം മുതലാണ് സ്വതന്ത്യ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രതിലോമകരമായ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. ക്ശ്മീരിന് നല്‍കിയ പ്രത്യേക പദവിക്കെതിരെ ജമ്മുവിലെ ഹിന്ദുക്കളെ തിരിച്ചുവിട്ടായിരുന്നു ഇപ്പോള്‍ അദ്വാനി വാഴ്ത്തുന്ന ശ്യാമ പ്രസാദ്മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള വിധ്വംസക പ്രവര്‍ത്തനം. വര്‍ഗീയ കലാപത്തിലേക്കാണ് ഇത് പലപ്പോഴും നയിച്ചത്. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ലക്ഷ്യം കശ്മീര്‍ മാത്രമല്ല, സ്വതന്ത്ര ഇന്ത്യ സഞ്ചരിക്കുന്ന വഴി തന്നെയാണെന്ന് അന്ന് തന്നെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട അവധാനതയോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നായിരുന്നു കശ്മീര് പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക അബ്ദുള്ളയോട് അദ്ദേഹം നിര്‍ദ്ദേശിച്ചത്. പറഞ്ഞുവന്നത് ഇപ്പോള്‍ മോഡിക്ക് ഉള്ള പ്രതിലോമകരമായ സമീപനങ്ങള്‍ അദ്ദേഹം സ്വന്തം നിലയില്‍ ഉണ്ടാക്കിയതല്ല, ബിജെപിയുടെയും ജനസംഘത്തിന്റെയും സ്ഥാപക നേതാക്കള്‍ ആവിഷ്‌കരിച്ച പ്ര്ത്യയശാസ്ത്രത്തില്‍ അടങ്ങിയതാണെന്നതാണ

ഭിന്നാഭിപ്രായങ്ങോട് ഉദാര സമീപനമായിരുന്നു ബിജെപി സ്വീകരിച്ചതെന്നാണ് അദ്വാനി പറയുന്നത്. ഏത് കാലത്തായിരുന്നു ബിജെപി അങ്ങനെ പ്രവര്‍ത്തിച്ചതെന്ന് പറയാന്‍ അദ്ദേഹം മിനക്കെട്ടിട്ടില്ല. രാജ്യത്തെ വര്‍ഗീയ കലാപങ്ങളില്‍ പലതിലും പങ്കാളിയെന്ന് കണ്ടെത്തിയ ആര്‍എസ്എസിന്റെ രാഷ്ട്രീയ സംഘടനയെക്കുറിച്ചാണ് ഈ അവകാശ വാദമെന്നതാണ് വൈരുദ്ധ്യം. എന്തിനായിരുന്നു ഇന്ത്യയെ കീറി മുറിച്ച് അദ്വാനി രഥയാത്ര നടത്തിയത്. ഏത് ജനാധിപത്യ സംവാദത്തിന്റെ ഭാഗമായിട്ടായിരുന്നു ആ യാത്ര പോയ വഴി ആര്‍ എസ് എസ്സുകാരും ബിജെപിക്കാരും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടത്. എന്ത് സഹിഷ്ണുതയുടെ പേരിലായിരുന്നു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു ആരാധാനാലയം പൊളിച്ചുകളയാന്‍ അദ്വാനി നേതൃത്വം നല്‍കിയത്? അതിനായി പ്രവര്‍ത്തിച്ചത്? ഗുജറാത്തില്‍ മുസ്ലീങ്ങളെ വംശഹത്യക്ക് വിധേയമാക്കിയപ്പോള്‍ മോഡിയ്ക്കുവേണ്ടി നിലകൊണ്ട അദ്വാനി തന്നെയാണോ ഇപ്പോള്‍ സഹിഷ്ണുതതയെയും ജനാധിപത്യത്തെയും കുറിച്ച് പറയുന്നത്. വംശഹത്യയ്ക്ക് ശേഷം ഉണ്ടായ വ്യാപകമായ എതിര്‍പ്പിന്റെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദിയെ ഒഴിവാക്കുന്നത് തടഞ്ഞത് എല്‍ കെ അദ്വാനിയാണെന്നായിരുന്നു വാര്‍ത്ത.

പാര്‍ട്ടിയിലെ ജനാധിപത്യത്തെക്കുറിച്ചാണ് അദ്വാനി ആശങ്കപ്പെടുന്നത്. എങ്ങനെയാണ് അദ്വാനിയും മോഡിയും ആവേശം കൊള്ളുന്ന ദീനദയാല്‍ ഉപാധ്യായ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അതിന് പിന്നില്‍ പല കഥകളും പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അത് അറിയാന്‍ ജനസംഘത്തിനും പിന്നെ ബിജെപിയ്ക്കും താല്‍പര്യമുണ്ടായിട്ടുമില്ല. എന്നാല്‍ ആര്‍എസ്എസ്സുകാരനായിരുന്ന ബല്‍രാജ് മ്‌ധോക്ക് പറയുന്നത് ജനതാപാര്‍ട്ടിയുടെ കാലത്ത് ദീനദയാല്‍ ഉപാധ്യയുടെ മരണത്തെക്കുറിച്ച് അന്വേഷണം അട്ടിമറിച്ചത് അടല്‍ ബിഹാരിവാജ്‌പേയ് ആണെന്നാണ്. അദ്ദേഹവും നാന ദേശ്മുഖും പാര്‍ട്ടിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ എതിര്‍ വിഭാഗത്തിലായിരുന്നുവെന്നും ബല്‍രാജ് മധോക്ക് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതുന്നു. സ്ഥാപക നേതാവിന്റെ മരണത്തെക്കുറിച്ചുപോലും ദുരൂഹത അവശേഷിപ്പിക്കുന്ന ഒരു പാര്‍ട്ടിയുടെ മറ്റൊരു സ്ഥാപക നേതാവാണ് പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ മഹിമയേറിയ ചരിത്രത്തിന്റെ കഥകള്‍ പറഞ്ഞ് ഇല്ലാത്ത നൊസ്റ്റാള്‍ജിയ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്തിന് പഴയ ചരിത്രം പറയണം. ആരായിരുന്നു ഹരേന് പാണ്ഡ്യ. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുമ്പോള്‍ മോദിയുടെ വിശ്വസ്തനായിരുന്നു അദ്വാനി. അതുകൊണ്ട് ആ കൊലപാതകത്തിന് പിന്നില് ആരാണെന്ന് അറിയാന്‍ വേണ്ടി ലേഖനമോ പത്രക്കുറിപ്പോ എഴുതിയില്ല. ഹരേന്‍ പാണ്ഡ്യയുടെ മൃതദേഹം കാണാന്‍ അദ്ദേഹത്തിന്റെ വിട്ടീലെത്തിയ മോഡിയോട് അദ്ദേഹത്തിന്റെ അച്ഛന്‍ ക്ഷോഭിച്ചത് അക്കാലത്തെ പത്രങ്ങളിലെ വാര്‍ത്തായായിരുന്നു. ആരായിരുന്നു മുന്‍ ആഭ്യന്തര മന്ത്രിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്? അക്കാര്യം അറിയണമെന്ന അദ്വാനിക്ക് അന്നും ഇന്നും തോന്നയിട്ടില്ല. എന്നിട്ടും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ച പറയാന്‍ കഴിയുന്നു.
ആരായിരുന്നു സുനില്‍ ജോഷി. ആര്‍ എസ് എസ്സിന്റെ നേതാവ്. ഹിന്ദുത്വ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു എന്ന കരുതുന്ന അദ്ദേഹത്തെ ആരാണ് കൊലപ്പെടുത്തിയത്. അതും കേസില്‍ നിര്‍ണായക അന്വേഷണം നടക്കുമ്പോള്‍? അക്കാര്യത്തെക്കുറിച്ചും അദ്വാനിക്ക് അറിയാന്‍ അന്നും ഇന്നും ആഗ്രഹമില്ല.

എന്തായാലും ശ്യാമപ്രസാദ് മുഖര്ജിയുടെ കാലം മുതല്‍ ജനംസഘവും പിന്നീട് ബിജെപിയും പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ്സി്‌ന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരൂ കാലത്ത് ആര്‍എസ്എസ്സിന് അവരുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ അദ്വാനിയെ ഉപയോഗിച്ചു. പാര്‍ട്ടിക്ക് വ്യക്തിക്കും മുകളില്‍ ആണല്ലോ അപ്പോള്‍ അത് സ്വാഭാവികം. . ഇപ്പോള്‍ കൂടുതല്‍ തീവ്രമായി അത് നടപ്പിലാക്കാന്‍ മോദിയെ നിയമിച്ചിരിക്കുന്നു. അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവും ഫാസിസ്റ്റുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ കുടക്കീഴില്‍ കഴിഞ്ഞ് തന്റെ കാലത്ത് എല്ലാതരം പ്രതിലോമതകളുടെയും ഭാഗമാകുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തതിന് ശേഷം സ്വന്തം ചരിത്രവും പാര്‍ട്ടിയുടെയും ചരിത്രവും മറ്റൊന്നാണെന്ന് പറഞ്ഞാല്‍ അത് ആഗ്രഹ ചിന്തകള്‍ മാത്രമാണ്. എല്‍ കെ അദ്വാനി നടത്തിയ വിധ്വംസക രാഷ്ട്രീയമാണ് കൂടുതല്‍ ഹിംസാത്മക രാഷ്ട്രീയം പ്രയോഗിക്കാന്‍ മോദിക്ക് ആത്മവിശ്വാസം നല്‍കിയത്. അക്കാര്യം ഏറ്റെടുക്കാനുള്ള വിവേകമായിരുന്നു, അല്ലാതെ തന്റെ ചരിത്രത്തെ മറച്ചുപിടിക്കാനായിരുന്നില്ല എല്‍ കെ അദ്വാനി ശ്രമിക്കേണ്ടത്. അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടതിന്റെ കൊതിക്കുറവില്‍നിന്നുണ്ടാകുന്ന സന്ദേശങ്ങള്‍ക്ക് സക്രിയമായ ഒരു രാഷ്ട്രീയവും പറയാന്‍ കഴിയില്ല.

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍