UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന്റെ കച്ചവടം സ്കൂളിന് പുറത്തുമതി; അട്ടക്കുളങ്ങര സ്‌കൂള്‍ നിലനില്‍ക്കേണ്ടതുണ്ട്‌

Avatar

ഉണ്ണികൃഷ്ണന്‍ വി

വിദ്യാര്‍ത്ഥികളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം കേരളത്തില്‍ ഒട്ടനേകം വിദ്യാലയങ്ങള്‍ക്ക് മരണമണി മുഴങ്ങിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഒന്നേകാല്‍ നൂണ്ടാറ്റിന്റെ പാരമ്പര്യവും പേറി നില്‍ക്കുന്ന അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഭരണകൂടത്തിന്റെ കച്ചവടതാല്‍പര്യമാണ് ഈ മുത്തശ്ശി വിദ്യാലയത്തെ തകര്‍ത്തത്. സര്‍ക്കാര്‍ സ്‌കൂളിനു കിട്ടേണ്ടതായ ആനുകൂല്യങ്ങള്‍ പലതും നിഷേധിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അട്ടക്കുളങ്ങര സ്‌കൂളിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്ത് ബസ് ടെര്‍മിനലും ഷോപ്പിംഗ് സമുച്ചയവും നിര്‍മ്മിക്കാനുള്ള നടപടികള്‍ നഗരസഭ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. ട്രിഡ (തിരുവനന്തപുരം ഡെവലപ്‌മെന്റ്‌ അതോറിറ്റി) അതിനുള്ള ആദ്യഘട്ട നിര്‍മാണങ്ങളും ആരംഭിച്ചു. വ്യക്തമായ തിരക്കഥ തയ്യാറാക്കി നടത്തിയ ഒരു നാടകത്തിന്റെ ക്ലൈമാക്‌സ് പക്ഷെ അണിയറക്കാരുടെ താല്‍പര്യത്തിനനുസരിച്ച് രൂപപ്പെട്ടില്ലെന്നുമാത്രം. 

 

തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയം അപകടത്തിലാണെന്നറിഞ്ഞ പൂര്‍വ്വ വിദ്യാര്‍ഥികളും, സാമൂഹികപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളും ചേര്‍ന്നുണ്ടാക്കിയ സ്‌കൂള്‍ സംരക്ഷണ സമിതിയും ട്രീ വാക്ക് എന്ന എന്‍ജിഒയും ഒത്തുകൂടി. സ്‌കൂള്‍ നശിപ്പിച്ചു ഷോപ്പിംഗ് കോപ്ലക്‌സ് കെട്ടാനുള്ള നഗരസഭാ തീരുമാനത്തിനെതിരെ അവര്‍ കോടതി വഴി സ്‌റ്റേ വാങ്ങി. സ്‌കൂളിനെ കരകയറ്റാനുള്ള അവരുടെ ശ്രമം ഇപ്പോള്‍ വിജയിക്കുകയാണ്. പുതിയ അധ്യയന വര്‍ഷാരംഭത്തിലും അട്ടക്കുളങ്ങര സ്‌കൂളിലേക്ക് അറിവിന്റെ അമൃത് നുണയാനായി നൂറു ജോടി കുഞ്ഞു പാദങ്ങള്‍ കടന്നു വന്നൂ.

അട്ടക്കുളങ്ങര സ്‌കൂള്‍ ചരിത്രം 
1889 ല്‍ ടി.മാര്‍ത്താണ്ഡന്‍ തമ്പിയാണ് ഈ സ്‌കൂള്‍ ആരംഭിക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്ററും. പിന്നീടാണ് സര്‍ക്കാര്‍ ഈ സ്‌കൂള്‍ ഏറ്റെടുക്കുന്നത്. അട്ടക്കുളങ്ങര വെര്‍ണാക്കുലര്‍ സ്‌കൂള്‍ എന്നതില്‍ നിന്ന് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അട്ടക്കുളങ്ങര എന്നാക്കി മാറുന്നത് അങ്ങനെയാണ്. സഹോദരന്‍ അയ്യപ്പന്‍, മഹാകവി ഉള്ളൂര്‍, മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള, മുന്‍ ചീഫ് ജസ്റ്റിസ് യു. പദ്മനാഭ കുക്കിലിയ, സ്വാമി വേദാചലം എന്നിപ്രഗത്ഭര്‍ ഈ സ്‌കൂളില്‍ അധ്യാപകരായിരുന്നു.

മലയാളം കൂടാതെ ഇംഗ്ലിഷ്, തമിഴ്, അറബിക് എന്നീ ഭാഷകളിലും പ്രാവീണ്യം നേടാനായുള്ള ക്ലാസ്സുകളും ഇവിടെ ഉണ്ടായിരുന്നു. 1970-കളില്‍ കഥകളി, ചെണ്ട, മൃദംഗം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 

തകര്‍ച്ച
1995 നുശേഷമാണ് അട്ടക്കുളങ്ങര സ്‌കൂളിന്റെ വളര്‍ച്ച മുരടിക്കാന്‍ തുടങ്ങിയത്. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സംഭവിക്കുന്നത് പോലെ ഇവിടെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഒരു കാരണമായി. 1988ല്‍ അധ്യയന വര്‍ഷത്തില്‍ 1700 കുട്ടികള്‍ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ പിന്നീടുള്ള ഓരോ വര്‍ഷത്തിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. കാലാകാലങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിക്കാറുള്ള ഫണ്ടുകള്‍ ഒന്നുപോലും പത്തു വര്‍ഷമായി അട്ടക്കുളങ്ങരയ്ക്ക് ലഭിക്കാറില്ല. ഇതിനു പിന്നില്‍ വ്യക്തിപരമായ ലക്ഷ്യങ്ങളാണെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങള്‍ പറയുന്നത്.

“പതിനൊന്നു വര്‍ഷം മുമ്പ് ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് അട്ടക്കുളങ്ങര സ്‌കൂള്‍ നല്‍കിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം സമീപത്തെ മറ്റു സ്‌കൂളുകള്‍ക്കെല്ലാം അനുവദിക്കുകയും ചെയ്തു. 125 വര്‍ഷം പഴക്കമുള്ള സ്‌കൂളിന്റെ ആദ്യകാല കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഞങ്ങള്‍ കൊടുത്ത അപേക്ഷയിലും നിഷേധാത്മകമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്. സാധാരണ നിലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ പ്രധാന ചുമതലയായിരിക്കെ നഗരസഭ ആലോചിച്ചത് ഈ സ്കൂള്‍ എങ്ങനെ ഇല്ലാതാക്കാം എന്നായിരുന്നു. രാജഭരണകാലത്ത് നിര്‍മിച്ച ഒരു ഓട ഈ സ്‌കൂള്‍ മൈതാനത്തിനു താഴെക്കൂടി പോകുന്നുണ്ടായിരുന്നു”. സ്‌കൂള്‍ സംരക്ഷണ സമിതി വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ അനീഷ് തന്‍െ പൂര്‍വവിദ്യാലയത്തെ കുറിച്ച് പറയുന്നു.

അഞ്ചേക്കറിലായിട്ടാണ് അട്ടക്കുളങ്ങര സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കൂളിന് സ്വന്തമായി ഉള്ളത് വെറും 2.5 ഏക്കര്‍. സര്‍ക്കാര്‍ സ്ഥാപനമായ സീമാറ്റിനു വേണ്ടി അര ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രോപര്‍ട്ടിയില്‍ നിന്നും കയ്യേറിയത്. സര്‍ക്കാര്‍ വക അന്ധവിദ്യാലയത്തിനായി ഒന്നര എക്കര്‍ സ്ഥലവും കണ്ടെത്തിവച്ചിരിക്കുന്നതും അട്ടക്കുളങ്ങര സ്‌കൂളില്‍ നിന്ന് കീറിയെടുത്ത്. ബാക്കിയുള്ളതിലെ രണ്ടര ഏക്കര്‍ സ്ഥലമാണ് നഗരസഭ ട്രിഡയ്ക്കു കൈമാറിയിരിക്കുന്നത്. കോടതിയില്‍ ഇതിനെ ചൊല്ലിയുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. കോടതി വിധിയായിരിക്കും സ്‌കൂളിന്റെ ഭാവി നിര്‍ണയിക്കുക.

“വിദ്യാഭ്യാസനിയമ പ്രകാരം മിനിമം മൂന്ന് ഏക്കര്‍ വേണം ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കണമെങ്കില്‍. ബസ് ബേയും ഷോപ്പിംഗ് കോപ്ലക്‌സും നിര്‍മ്മിച്ച് കഴിയുമ്പോള്‍ പിന്നെ സ്‌കൂളിനായി ബാക്കിയൊന്നും ഉണ്ടാവില്ല. പതുക്കെ സ്‌കൂള്‍ പൂട്ടും. അപ്പോള്‍ പിന്നെ പതുക്കെ റിയല്‍ എസ്‌റ്റെറ്റ് മാഫിയ ഇവിടെ പിടിമുറുക്കും. ഇതിനു പിന്നിലെ ഗൂഡാലോചനയുടെ കണിശത മനസ്സിലാവണമെങ്കില്‍ ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ മതി. അപ്പോള്‍ സ്‌കൂളിന്റെ ശോച്യാവസ്ഥയ്ക്കു പിന്നിലെ കാരണവും പിടികിട്ടും”- സമിതിയിലെ മറ്റൊരംഗവും പൂര്‍വവിദ്യാര്‍ഥിയുമായ അന്‍വര്‍ പറയുന്നു.

ജൈവവൈവിധ്യത്തിന്റെ കലവറ
സ്‌കൂള്‍ വളപ്പില്‍ നില്‍ക്കുന്ന മരങ്ങള്‍ ഓരോ പ്രകൃതി സ്‌നേഹിക്കും ആനന്ദം പകരുന്ന കാഴ്ചയാണ്. എന്നാല്‍ ആ മരങ്ങളുടെ പ്രത്യേകത അതു മാത്രമല്ല. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ട്രീവാക് പ്രവര്‍ത്തക അനിതാ ശര്‍മ്മ പറയുന്നത് അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചാണ്.

‘മുപ്പത്തിരണ്ടു തരം മരങ്ങളാണ് ഈ സ്‌കൂള്‍ വളപ്പില്‍ ഉള്ളത്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന മഴമരം അടക്കം. ദേശാടനപക്ഷികള്‍ അടക്കം മുപ്പതിലധികം പക്ഷികള്‍ക്ക് പ്രിയപ്പെട്ട ഇടമാണിവിടം. സാധാരണ ദേശാടന പക്ഷികള്‍ പോകുന്നയിടത്ത് കൂടു കൂട്ടുന്ന പതിവില്ല. എന്നാല്‍ ഇവിടെ അതും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇരുപതിലധികം ചിത്രശലഭങ്ങളെയും 85ല്‍ അധികം ഔഷധസസ്യങ്ങളെയും ഇവിടുന്നു കണ്ടെത്താന്‍ സാധിച്ചു.

സര്‍ക്കാരിന് ഞങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പി ക്കുകയും ചെയ്തു. പക്ഷെ അതിനകം തന്നെ ട്രിഡ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്യം അവര്‍ ചെയ്തത് മരങ്ങള്‍ മാര്‍ക് ചെയ്യുക എന്നതായിരുന്നു. മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം ഞങ്ങള്‍ എതിര്‍ത്തു. കാരണം അവിടെയുള്ള ഓരോ മരത്തിനും ഓരോ പ്രത്യേകതകള്‍ ഉണ്ട്. കിഴക്കേക്കോട്ടയിലെ മലിനമായ അന്തരീക്ഷത്തില്‍ ഇത്രയും മരങ്ങള്‍ ഉള്ളത് ഒരു വലിയ പ്രയോജനമാണ് നമുക്ക്. അന്തരീക്ഷത്തിലെ പല വിഷഘടകങ്ങളെയും വലിച്ചെടുക്കാന്‍ ഇവയ്ക്കു സാധിക്കും. അങ്ങനെയുള്ള മരങ്ങള മുറിക്കാനും സ്‌കൂളിനെ നശിപ്പിക്കാനും അനുവദിക്കുക എന്നുള്ളത് തികച്ചും നീതിരഹിതമായ നടപടിയാണ്.

അതിനുപകരം ട്രിഡയുടെയും കെഎസ്ആര്‍ടിസിയുടെയും നഗരസഭയുടെയും പക്കലുള്ള സ്ഥലങ്ങള്‍ കണ്ടെത്താമല്ലോ. ഞങ്ങള്‍ അതും സജെസ്റ്റ് ചെയ്തിരുന്നു. എരുമക്കുഴിയിലെ അഞ്ചേക്കര്‍ സ്ഥലം വേസ്റ്റ് കൊണ്ടിട്ടു നശിപ്പിക്കുകയാണ്. അതും ഉപയോഗിക്കാമല്ലോ. അല്ലാതെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ ഇല്ലാതാക്കിക്കൊണ്ട് കൊമേര്‍ഷ്യല്‍ സ്‌പേസ് ഉണ്ടാക്കുക എന്ന് പറയുന്നത് എങ്ങനെയാണു വികസനം ആകുന്നത്. ആ സ്‌കൂളില്‍ വളര്‍ന്നു വരുന്ന കുട്ടികളാണ് നാടിന്റെ യഥാര്‍ത്ഥ വികസനം. അല്ലാതെ സാമ്പത്തിക ലാഭം മാത്രമല്ല”.

ഒരു മാതൃക വിദ്യാലയം
ഒരു സ്‌കൂള്‍ എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അട്ടക്കുളങ്ങര സ്‌കൂള്‍. കുട്ടികള്‍ക്ക് കളിക്കാന്‍ ആവശ്യം പോലെ സ്ഥലം. പ്രകൃതിയോടു കൂടുതല്‍ അടുത്തിടപഴകാനുള്ള സൗകര്യം, മികച്ച ലൈബ്രറി, പരിചയ സമ്പന്നരായ അധ്യാപകര്‍. 

“ഞാന്‍ പ്രധാനാധ്യാപികയായി ഇരിക്കുന്ന സമയത്താണ് അട്ടക്കുളങ്ങര സ്കൂള്‍ സബ്ജില്ല, റവന്യു ജില്ല കലോത്സവം എന്നിവയ്ക്ക് വേദിയാകുന്നത്. അന്ന് മറ്റു സ്‌കൂളുകളെക്കാള്‍ പോയിന്റ് നേടി ട്രോഫി വാങ്ങിയ സ്‌കൂളാണിത്. ഇത് നശിപ്പിക്കണം എന്ന് ആരുടെയൊക്കെയോ വാശിയാണ്. മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. സ്‌കൂള്‍ നിലനില്‍ക്കില്ല, ഉടനെ തന്നെ പൂട്ടും തുടങ്ങിയ അപവാദങ്ങള്‍ പറഞ്ഞു പരത്തുകയായിരുന്നു. കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഒരു സെക്യുരിറ്റി പോലും ഇല്ലാത്ത സ്‌കൂളില്‍ അന്ന് ആര്‍ക്കും കേറി വരാവുന്ന ഒരവസ്ഥയായിരുന്നു. ഇന്നിപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ട്. സ്‌കൂളിനുമേല്‍ ഒരു കണ്ണ് ആ വിദ്യാലയത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടേതായുണ്ട്.”- അട്ടക്കുളങ്ങര സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക അംബിക കുമാരി പറയുന്നു.

പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക്…
കേസില്‍ പെടാത്ത ഭാഗം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. എന്നാല്‍ കോടതി വിധിയെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങള്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണതോടെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തയ്യാറായിരിക്കുകയാണ്. കൂടാതെ ടെക്‌നോപാര്‍ക്കിലെ ചില ഐടി കമ്പനികള്‍ സഹായഹസ്തവവുമായി എത്തിയിട്ടുണ്ട്. സ്‌കൂളിലെ ടോയ്‌ലറ്റ്, ഓഡിറ്റോറിയം എന്നിവ നിര്‍മിച്ചു നല്‍കാമെന്നു യു.എസ്.ടി ഗ്ലോബല്‍ എന്ന കമ്പനി സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുഴുവനും കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികള്‍ നല്‍കാനുള്ള തീരുമാനം സ്‌കൂള്‍ സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. അവധി ദിവസങ്ങളില്‍ പ്രമുഖരായ ആളുകള്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് വിവധിവിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം മുതല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് സൗകര്യവും ഭക്ഷണവുമൊക്കെ സൗജന്യമായി നല്‍കാനാണ് സ്‌കൂളിന്റെ തീരുമാനം.

“കഴിഞ്ഞ വര്‍ഷം അട്ടക്കളങ്ങര സ്‌കൂളില്‍ പുതുതായി ചേരാനുണ്ടായിരുന്നത് വെറും 65 കുട്ടികളായിരുന്നു. ഇക്കൊല്ലമത് നൂറായി. ഇതിനു കാരണമായത് കുറച്ചു പേരുടെ കൂട്ടായ അധ്വാനമാണ്. സമീപത്തുള്ള വീടുകളിലും മറ്റു കോളനികളിലും ചെന്ന് സ്‌കൂളിന്റെ ആവശ്യകതയും പ്രാധാന്യവും പറഞ്ഞു മനസ്സിലാക്കുകയുണ്ടായി. അത് ഫലം കണ്ടതിന്റെ ലക്ഷണമാണ് വിദ്യാര്‍ത്ഥികളിലുണ്ടായ വിജയം”. സ്‌കൂള്‍ സംരക്ഷണ സമിതി പ്രസിഡന്റും ഇഎംഎസിന്റെ മകളുമായ രാധ പറഞ്ഞു.

പരിമിതികള്‍ ഏറെ ഉണ്ടെങ്കിലും അട്ടക്കുളങ്ങര സ്‌കൂള്‍ തികഞ്ഞ പ്രതീക്ഷയോടെയാണ് പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റിരിക്കുന്നത്. പ്രതികൂലഘടങ്ങള്‍ ഇപ്പോഴും ശക്തമായി നില്‍ക്കുകയാണ്. പക്ഷെ തോല്‍ക്കാന്‍ മനസ്സിലാത്ത കുറച്ചുപേര്‍ ഒരു വിദ്യാലയത്തിന്റെ പിന്നില്‍ അണിനിരന്നിട്ടുണ്ട്. അറിവിന്റെ മുറ്റം കച്ചവടസ്വപ്‌നങ്ങള്‍ക്ക വിലയ്ക്ക് എടുക്കാതിരിക്കാനാണ് അവരുടെ പോരാട്ടം. അക്ഷരത്തിന്റെ മഹത്വമറിയുന്നവര്‍ക്ക് ഇവര്‍ക്കൊപ്പം കൈകോര്‍ക്കാം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍