UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടക്കുളങ്ങര സ്കൂള്‍ ഇനിയും പുരോഗതിയിലേക്ക് കുതിക്കും ; വിഎസ്

വെല്ലുവിളികളെ അതിജീവിച്ച് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ വീണ്ടും മുന്നോട്ടു കുതിക്കുകയാണ്. വിദ്യാര്‍ഥികള്‍ കുറവായതിനാല്‍ ലാഭകരമല്ല എന്നാരോപിച്ച് അടച്ചുപൂട്ടാനൊരുങ്ങിയ ഈ സ്കൂള്‍  മുന്‍വര്‍ഷത്തെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും വര്‍ധനവോടെയാണ് പ്രവേശനോത്സവം ആഘോഷിക്കുന്നത്. ഇത്തവണ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തത് വിഎസ് അച്ചുതാനന്ദനാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ, സഹോദരീ സഹോദരന്മാരെ,

അട്ടക്കുളങ്ങര സ്കൂളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇന്ന് സന്തോഷത്തിന്‍റെ ദിനമാണ്. വിസ്മൃതിയില്‍ ആണ്ടു പോകുമായിരുന്ന ഒരു വിദ്യാലയം ഇന്ന് തലയെടുപ്പോടെ പ്രവര്‍ത്തന നിരതമാകുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. ഈ വിദ്യാലയത്തെയും, നമ്മുടെ ചരിത്രത്തെയൂം, സംസ്കാരത്തെയും  ഒക്കെ സ്നേഹിക്കുന്നവരുടെ പോരാട്ടങ്ങളുടെ വിജയമാണ്. ഇത്തരമൊരു വിജയമുഹൂര്‍ത്തത്തിനു വേണ്ടി സമരപഥങ്ങളില്‍ അണിചേര്‍ന്ന മുഴുവന്‍ പേരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. അവരില്‍ സ്കൂള്‍ സംരക്ഷണ സമിതിയുണ്ട്. ‘ട്രീ വാക്കി’ന്‍റെ പ്രവര്‍ത്തകരുണ്ട്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതിയുണ്ട്. എല്ലാവരും ചേര്‍ന്ന് ഒത്തുപിടിച്ചപ്പോള്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്. അത് ചരിത്രത്തോടും, സംസ്കാരത്തോടും, മലയാണ്‍മയോടും നന്ദികേടു കാട്ടിയവരോടുള്ള മധുര പ്രതികാരം കൂടിയായി മാറി എന്നതും ശ്രദ്ധേയമാണ്.

നമുക്കറിയാം, ഏറെ നാളുകളായി തിരുവനന്തപുരത്തെ സുമനസ്സുകളൊക്കെ ഈ വിദ്യാലയ മുത്തശ്ശിയെ ആയുരാരോഗ്യ സൗഖ്യങ്ങളോടെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. 127 വര്‍ഷത്തെ ചരിത്രമുള്ള സ്കൂള്‍ എന്നു പറഞ്ഞാല്‍, കേരളത്തിന്‍റെയും മലയാളിയുടെയും ചരിത്രമുന്നേറ്റത്തിന്‍റെ വഴികളിലെ സാക്ഷിയും സഹായിയും ആയിരുന്നു ഈ വിദ്യാലയം എന്നാണര്‍ത്ഥം. എത്രയോ പ്രഗത്ഭരുടേയും പ്രശസ്തരുടേയും പാദസ്പര്‍ശം കൊണ്ടു ധന്യമായതാണ് സ്കൂളിന്‍റെ പാരമ്പര്യം. മഹാകവി ഉള്ളൂരും, പട്ടം താണുപിള്ളയും, സഹോദരന്‍ അയ്യപ്പനും ഒക്കെയുണ്ട് ആ മഹാരഥന്മാരുടെ ശ്രേണിയില്‍. ഇതെല്ലാം കൊണ്ടുതന്നെ ഈ വിദ്യാലയം നമ്മുടെ ചരിത്രത്തിലെ ഒരു മഹാസ്തംഭമാണ്. അതിന് ഊനം തട്ടാതെ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ബാധ്യതയാണ്.

എല്ലാത്തിനേയും ലാഭനഷ്ടങ്ങളുടെ കള്ളിയില്‍ തളച്ചിടാന്‍ ശ്രമിച്ച മുന്‍ ഭരണാധികാരികളാണ്  ലാഭകരമല്ലെന്ന വിതണ്ഡവാദം ഉയര്‍ത്തി, സ്കൂള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അതിന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്‍റെ പേരു പറഞ്ഞു എന്നു മാത്രം. ബസ് സ്റ്റാന്‍ഡിനായി പകരം സംവിധാനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടും, അതൊന്നും കണക്കിലെടുക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയ്യാറായില്ല. ഏതായാലും ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയെ ഗൗരവമായി കാണുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതാണ് സ്കൂളിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അവസരമൊരുക്കിയിരിക്കുന്നത്. കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് മൗലികമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും, നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും സാര്‍വത്രികവുമാക്കുകയും ചെയ്തത് 1957 ലെ ഇഎംഎസ് സര്‍ക്കാരാണ്. അതിന്‍റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയിട്ടുള്ളത്. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഇനി സ്കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദനാഥ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തീര്‍ച്ഛയായും അട്ടക്കുളങ്ങര സ്കൂള്‍ ഇനിയും പുരോഗതിയിലേക്ക് കുതിക്കും എന്നതില്‍ എനിക്ക് സംശയമില്ല. സ്കൂള്‍ പരിസരം മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ള മുന്‍തീരുമാനം പുന:പരിശോധിക്കുക തന്നെ ചെയ്യും. സ്കൂളിന് ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിച്ചു കിട്ടുന്ന കാലവും ഏറെ അകലെയല്ല.

ഇത്തരമൊരു ശുഭസമയത്താണ് ഇക്കുറി ഇവിടെ പ്രവേശനോത്സവം നടക്കുന്നത്. കൂടുതല്‍ കുട്ടികള്‍ സ്കൂളിലേക്ക് വരുന്നു. സ്കൂള്‍ അന്തരീക്ഷം സജീവമാകുന്നു. ഇനി പഠനത്തിന്‍റെയും അധ്യാപനത്തിന്‍റെയും വസന്തകാലം എത്തുകയാണ്. അതുകൊണ്ട് ഏറെ ആഹ്ലാദകരമായ സമയമാണിത്. ഈ ആഹ്ലാദം വരാനിരിക്കുന്ന കൂടുതല്‍ സന്തോഷകരമായ കാലത്തിന്‍റെ കേളികൊട്ടാണ് എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാകട്ടെ എന്നാശംസിക്കുന്നു. അട്ടക്കുളങ്ങര ഗവണ്‍മെന്‍റ് സെന്‍ട്രല്‍ ഹൈസ്കൂളിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. നിങ്ങളുടെയെല്ലാം സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

എല്ലാവര്‍ക്കും നന്ദി, നമസ്കാരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍