UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്

Avatar

അട്ടപ്പാടിയിലെ ശിശുമരണം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിവുപോലെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമായി ഭരണകൂടവും, പ്രതിഷേധവുമായി പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി കഴിഞ്ഞു. അട്ടിപ്പാടിയിലായാലും മറ്റ് ആദിവാസി ഊരുകളിലായാലും ശിശുമരണവും പട്ടിണിമരണവുമെല്ലാം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല, കാലങ്ങളായി ഈ ദുരന്തം ആദിവാസികളെ വേട്ടയാടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ശാശ്വതമായൊരു പരിഹാരം ആദിവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇതുവരെ നടപ്പിലായിട്ടില്ല. കോടികളുടെ വികസന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ഉദ്യോഗസ്ഥവൃന്ദങ്ങളെ നിയമിക്കുകയും ചെയ്തതുകൊണ്ട് കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നു തന്നെയാണ് ഇന്നും തുടരുന്ന ശിശുമരണങ്ങളുള്‍പ്പെടെ തെളിയിക്കുന്നത്. ആദിവാസിയുടെ ശോചനീയമായ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള ഒരടിസ്ഥാന പരിഹാരവും മാറിമാറിവന്ന ഗവണ്‍മെന്റുകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നതാണ് വസ്തുത. അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ സ്വാതന്ത്ര്യാനന്തര കാലത്തിനുശേഷം മൂന്നിലൊന്നായി കുറഞ്ഞുവന്നിരിക്കുകയാണെന്നു കണക്കുകള്‍ പറയുന്നു. ഇപ്പോഴും തുടരുന്ന ശിശുമരണങ്ങള്‍ ആ കണക്കിനെ കൂടുതല്‍ ഭീതിതമാക്കുന്നു. തനതായ ആവാസവ്യവസ്ഥിതിയില്‍ നിന്നും പുറത്താക്കപ്പെട്ടതും മാഫിയകളുടെ കൈയേറ്റവും അഴിമതികളുമാണ് ഇത്രയേറെ ഭയങ്കരമായൊരു സ്ഥിതിവിശേഷത്തിലേക്ക് ഇന്ന് ആദിവാസി എത്തിച്ചേരാനുള്ള പ്രധാനകാരണങ്ങള്‍. അട്ടപ്പാടിയിലെ ശിശുമരണങ്ങളെ മുന്‍നിര്‍ത്തി ആദിവാസി നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്തെക്കൊയാണെന്ന് ഒരന്വേഷണം. തയാറാക്കിയത്: രാകേഷ് നായര്‍

നിലവില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ശിശുമരണം എന്ന അപകടം തന്നെ ആദിവാസിയുടെ അടിസ്ഥാനപരമായ ജീവിതവ്യവസ്ഥയുടെ ശിഥിലീകരണത്തിന്റെ ഉത്പന്നമാണ്. അതു മനസ്സിലാക്കാതെ, ഒറ്റപ്പെട്ട സ്ഥിതിവിശേഷമായി ഈ ശൈശവമരണങ്ങളെ പരിഗണിക്കരുത്. മൂലവേരറ്റുപോകുന്നൊരു വൃക്ഷത്തിന്റെ തളിരുകള്‍ വാടിയൊഴിയുന്നതാണ് അട്ടപ്പാടിയിലും അതുപോലെ മറ്റു ആദിവാസി ഊരുകളിലും കാണുന്നത്. പാരമ്പരാഗത കാര്‍ഷിക രീതികളുടെ തകര്‍ച്ച, ആദിവാസി കാര്‍ഷിക വികസനത്തെ പിന്തുണയ്ക്കാതിരിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍,ഭൂമിസംരക്ഷണ നിയമങ്ങളുടെ ലംഘനം,ആദിവാസി ജനതയോട് നടത്തുന്ന അക്രമണം; ഇവയെല്ലാം ആദിവാസി നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളാണ്.

ഭൂമി തന്നെ പ്രധാന ആവശ്യം
ഇന്ന് ആദിവാസി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവര്‍ക്ക് ഭൂമി നിഷേധിക്കുന്നതിലൂടെ വന്നിട്ടുള്ളതാണ്. 1975 ല്‍ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ കേരള ഷെഡ്യൂള്‍ഡ് ട്രൈബ് ആക്ടും 2001 ലെ എ കെ ആന്റണി പാക്കേജുമെല്ലാം ആദിവാസി ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമൊക്കെ വേണ്ടിയായിരുന്നു. എന്നാല്‍ ഒരു നിയമവും ആദിവാസിക്ക് അവരുടെ സ്വന്തമായ ഭൂമി തിരികെ നല്‍കിയില്ലെന്നതാണ് വാസ്തവം. കാലങ്ങളായി അവന്‍ സ്വന്തം മണ്ണിനായി പോരാടുകയാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അതേ ആവശ്യത്തിനായി അവന്‍ നില്‍ക്കേണ്ടി വരുന്ന ദുരഃവസ്ഥ മറ്റേത് ജനവിഭാഗത്തിനാണ് വന്നിട്ടുള്ളത്?

ഭൂമിയില്ലാതായതോടെയാണ് അവരുടെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍ അടഞ്ഞത്. എങ്ങനെയായിരുന്നു ആദിവാസി മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നത്. സ്വന്തം കൃഷിയിടത്തില്‍ അവനാവിശ്യമായ ഭഷ്യവിളകള്‍ കൃഷിചെയ്ത്, അത് ഭക്ഷിച്ചാണവന്‍ കഴിഞ്ഞത്. അവന്റെ കൃഷിയിടങ്ങളില്‍ വിളഞ്ഞിരുന്നത് റാഗിയും ചാമയും ചോളവും കുവരകും തുവരയും പയര്‍വര്‍ഗങ്ങളുമായിരുന്നു. ഈ ഭക്ഷ്യവിളകളില്‍ അടങ്ങിയിരുന്ന പോഷാകാംശങ്ങള്‍ അവനെ കരുത്തനാക്കി. പിന്നീടു സംഭവിച്ചതോ? ആദിവാസിയുടെ ഭൂമി കൈയേറാന്‍ തുടങ്ങി. ഭരണകൂടങ്ങളുടെ പിന്തുണയോടെയായിരുന്നു മാഫിയകള്‍ കൈയേറ്റം നടത്തിയിരുന്നത്; ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂമിയില്ലാതായതോടെ കൃഷിയും ഇല്ലാതായി. ഊരുകളില്‍ പട്ടിണി കയ്യേറ്റം തുടങ്ങി. അടുപ്പില്‍ തീപുകയാതെ ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന് ആദിവാസി മരിച്ചുവീണു. അരി തിളപ്പിച്ചു ചോറുണ്ടാക്കി തിന്നുവളര്‍ന്നവരല്ല ആദിവാസികള്‍, അത്തരമൊരു ജീവിതവൃത്തത്തില്‍ നില്‍ക്കുന്നവന് സൗജന്യറേഷന്‍ തൂക്കികൊടുക്കുന്നതിലെ യുക്തിയെന്താണ്?

 

ഈ പട്ടിണിയുടെ മറ്റൊരു വശമാണ് പോഷകാഹാരക്കുറവ്. കുങ്കുമപ്പൂവും ബദാമുമൊക്കെ അലാറം വച്ച് കഴിക്കുന്ന നാട്ടിലെ ഗര്‍ഭിണികളുടെ പതിമാര്‍ക്കും പിതാക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കുമൊന്നും ഒരുനേരം പോലും വയറുനിറയാത്ത കാട്ടിലെ ഗര്‍ഭിണി സ്ത്രീകളുടെ അവസ്ഥ വായിച്ചുപഠിച്ചാലും മനസ്സിലാകണമെന്നില്ല. ചെറുപ്രായത്തിലെ ഗര്‍ഭിണികളാകുന്നവര്‍, ആഹാരമില്ലാതെ ശരീരം ക്ഷീണിച്ചവര്‍, കൃത്യമായ പ്രസവശുശ്രൂഷകള്‍ ലഭിക്കാത്തവര്‍- ഇങ്ങിനെയുള്ള അമ്മമാര്‍ക്കാണ് തങ്ങളുടെ കരുന്നുകളെ നഷ്ടപ്പെടുന്നത്. തിങ്കളാഴ്ച്ചയും ബുധനാഴ്ച്ചയും ഗൈനക്കോളജിസ്റ്റിന്റെ സേവനം നല്‍കുന്നില്ലേയെന്നാണ് ന്യായം പറച്ചില്‍. ഈ രണ്ടു ദിവസങ്ങളില്‍ മാത്രമേ ആദിവാസി സ്ത്രീകള്‍ പ്രസവിക്കാന്‍ പാടുള്ളൂ, അല്ലാത്ത ദിവസം പ്രസവിച്ചാല്‍ സ്വയം അനുഭവിച്ചോളണമെന്നാണോ? പല ആദിവാസി ഊരുകളില്‍ നിന്നും ആശുപത്രികളില്‍ എത്തണമെങ്കില്‍ ആയിരവും രണ്ടായിരവും ജീപ്പുകൂലി കൊടുക്കണം. കഞ്ഞിവയ്ക്കാന്‍ ഗതിയില്ലാത്തവരുടെ കീശയില്‍ ഇത്രയും പണം ഉണ്ടാകുമോ? ഇതൊന്നും ചിന്തിക്കാന്‍ എന്തേ സര്‍ക്കാരേ നിങ്ങള്‍ തയ്യാറാകുന്നില്ല.

ഇരുന്നപ്പോള്‍ മൂലത്തിലെ കുരുപൊട്ടിയവനെപ്പോലെ ചാടിയെഴുന്നേറ്റ് ആദിവാസി ക്ഷേമം പ്രാവര്‍ത്തികമാക്കാന്‍ ഊരുകളില്‍ കയറുകയും അവിടുത്തെ കുട്ടികളെ കൈയിലെടുത്ത് ക്യാമറകളുടെ പാകത്തിന് നിന്നു കൊഞ്ചിക്കുന്നവര്‍ക്കും ഈ പറഞ്ഞ അടിസ്ഥാനകാരണങ്ങള്‍ അജ്ഞാതമായിരിക്കുമോ? അതോ, ഇതൊക്കെ മതി ഇവരെ പറ്റിക്കാനെന്ന ആത്മവിശ്വാസമാണോ? ആദിവാസി ഊരിലെ പട്ടിണി മാറ്റാനും അവിടുത്തെ ജനങ്ങളുടെ പോഷകവൈകല്യം പരിഹരിക്കാനും ചെയ്യേണ്ടത്, അവരെ കൃഷി ചെയ്യാന്‍ അനുവദിക്കുക മാത്രമാണ്. അതിന് അവര്‍ക്കവരുടെ ഭൂമി വേണം.

എന്തിലും ഏതിലും അഴിമതിമാത്രം
സ്വയം തിന്നാന്‍ ഒന്നുമില്ലാത്തവനാണെങ്കിലും ആദിവാസി എന്നും മറ്റുള്ളവര്‍ക്ക് വേട്ടയാടി ഭക്ഷിക്കാനുള്ള ഇരകളാണ്. എത്രയെത്ര പദ്ധതികളും പാക്കേജുകളുമാണ് ആദിവാസിക്ഷേമത്തിനായി കൊണ്ടുവന്നിരിക്കുന്നത്. അവയിലെതെങ്കിലും ഒന്നിന്റെ പൂര്‍ണ്ണപ്രയോജനം ഒരാദിവാസിക്കെങ്കിലും ലഭിച്ചിട്ടുണ്ടോ? ഒരു പദ്ധതിയുടെയും യഥാര്‍ത്ഥ ഗുണഭോക്താവാന്‍ ആദിവാസിക്ക് കഴിഞ്ഞിട്ടില്ല. പിന്നെയാരാണ് ഇതൊക്കെ അനുഭവിക്കുന്നതെന്ന് തിരക്കുമ്പോഴാണ് നമ്മുടെ രാഷ്ട്രീയക്കാരുടെയും ഭരണകര്‍ത്താക്കളുടെയുമെല്ലാം ശരിക്കുള്ള ആദിവാസി സേവനം മനസ്സിലാകുന്നത്. കഴിഞ്ഞദിവസം അട്ടപ്പാടിയിലെത്തിയ മന്ത്രിസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ചിലരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ചുനോക്കിയാല്‍ ഞെട്ടിപ്പോകും. എടമലക്കുടി ആദിവാസിക്കോളനികളില്‍ നടത്തിയ ഏലംകൃഷി പദ്ധതിയിലെ അഴിമതിയില്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ വനം വകുപ്പില്‍ നിന്ന് വിരമിച്ചശേഷം അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വിവിധ ജോലികളുടെ നോഡല്‍ ഓഫിസറായി നിയമിച്ചെന്ന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുത്തരമായി മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതിക്കേസില്‍പ്പെട്ട ആ ഉദ്യോഗസ്ഥന്‍ ആരുടെ ഉന്നമനത്താനായിട്ടായിരിക്കും പ്രവര്‍ത്തിക്കുക എന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

219 കോടി ചെലവാക്കി രൂപീകരിച്ച അഹാഡ്‌സിനെ അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ നിന്ന് അകറ്റി, നശിപ്പിച്ചത് സര്‍ക്കാര്‍ തന്നെയാണ്. ഇപ്പോള്‍ അതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇടമലക്കുടി പഞ്ചായത്തില്‍ ഒരുകോടിയുടെ അഴിമതി നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ്. എന്താണ് സര്‍ക്കാര്‍ ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലേ!

149 കോടിയുടെ ഒരു പ്രൊജകട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരുപ്രത്യേക ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായിരുന്നു പ്രൊജക്ട്. ഉദ്യോഗസ്ഥന്മാര്‍ക്ക് വണ്ടിവാങ്ങിച്ചും മറ്റു ചെലവുകള്‍ക്കുമൊക്കെയായി കോടികള്‍ പലവഴി ചിതറിയുമാത്രം മിച്ചം. എന്നാല്‍ ഈ ചെലവാക്കുന്ന കോടികളൊക്കെ എവിടെപ്പോവുന്നു, ആരു കൊണ്ടുപോവുന്നു എന്നൊക്കെ അന്വേഷിക്കാന്‍ ആരെങ്കിലുമുണ്ടോ, അതുമില്ല. അട്ടപ്പാടിയോട് ചേര്‍ന്നുള്ള പഞ്ചായത്തുകളുടെ അഴിമതിക്കഥകളെക്കുറിച്ചും അന്വേഷിക്കണം. എന്തുകൊണ്ട് ആദിവാസി ഗതികിട്ടാതെ ചത്തൊടുങ്ങുന്നുവെന്നതിന് അതില്‍ നിന്നൊക്കെ ഉത്തരംകിട്ടും. നിലവില്‍ അട്ടപ്പാടിയില്‍ കുട്ടികള്‍ മരിക്കാന്‍ തുടങ്ങുന്നതിനു മുമ്പാണ്, കുടുംബശ്രീ വഴി 36 ലക്ഷത്തിന്റെ പോഷകാഹാരവിതരണം നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നു. ഒരു സ്വകാര്യവ്യക്തിയാണ് ഇത് കരാര്‍ എടുത്തത്. അന്ന് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്. അവരാണ് കരാര്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ നടന്നത് വന്‍ അഴിമതിയായിരുന്നു. അന്വേഷണം വരികയും ഈ തുക പിടിച്ചുവയ്ക്കുകയും ചെയ്തു. എല്‍ഡിഎഫ് മാറി യുഡിഎഫ് അധികാരത്തില്‍ വന്നു. ഒട്ടും കാലതാമസം വരുത്താതെ തടഞ്ഞുവച്ച തുക കോണ്‍ട്രാക്ടര്‍ക്ക് അനുവദിച്ചുകൊടുത്തൂ. അതാണ് ആദിവാസി ക്ഷേമത്തിലെ രാഷട്രീയ ഐക്യം! മറ്റൊരു തട്ടപ്പ് പശുവിതരണമാണ്. 46 ലക്ഷത്തിന്റെതായിരുന്നു പ്രൊജകട്. ഒറ്റപ്പശവും ആദിവാസിയുടെ കൈയില്‍ എത്തിയില്ലന്നതാണ് സത്യം. ആദിവാസി പാലുകുടിച്ചു വളരാനുള്ള പദ്ധതിയിലൂടെ ഒരുതുള്ളി പാലുപോലും അവിടെയുള്ള ബൂത്തുകളില്‍ എത്തിയതുമില്ല. അപ്പോള്‍ 46 ലക്ഷം എവിടെപ്പോയി? ഇങ്ങിനെ എത്രയെത്ര കോടികളും ലക്ഷങ്ങളുമാണ് കാറ്റടിച്ചുപോകുന്നത്. ഇനിയിപ്പോള്‍ അന്വേഷണം വന്നാലോ! കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗത്തിന്റെ പേരാണ് അന്വേഷണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി നീക്കിവച്ച തുക വെട്ടിച്ച കേസില്‍ എത്രപേര്‍ നമ്മുടെ ജയിലുകളില്‍ കിടപ്പുണ്ടെന്ന് അന്വേഷിക്കൂ! ആരെയും കണ്ടില്ലെങ്കില്‍ അഴിമതിയൊന്നും നടന്നിട്ടെല്ലന്നാണോ? എന്നാല്‍ പിന്നെ പയ്യാരം പറയുന്ന ആദിവാസികളായിരിക്കും കള്ളന്മാര്‍!

ആദിവാസികള്‍ക്കുമേല്‍ വീഴുന്ന ലാഭക്കണ്ണുകള്‍
കേരളത്തിലെ ആദിവാസികള്‍ ശരിക്കുമൊരു നിധിശേഖരമാണ്. അതുകൊണ്ട് തന്നെ എത്രപേരാണ് അവരുടെമേല്‍ പറന്നിറങ്ങുന്നത്. റിസോര്‍ട്ട് മാഫിയകളും ലാന്‍ഡ് മാഫിയകളുമെല്ലം നേരിട്ടും ബിനാമികളെ ഇറക്കിയുമെല്ലാം കൊയ്ത്തു നടത്തുകയാണ്. ഇതിന് കുടപിടിച്ചുകൊടുക്കുന്നതാകട്ടെ നമ്മുടെ രാഷ്ട്രീയ-ഭരണനേതാക്കളും. ഇപ്പോള്‍ മന്ത്രിമാര്‍ കയറിയിറങ്ങുന്നതിനു മുമ്പ് മുഖ്യമന്ത്രി സഹിതം ഈ ഊരുകളിലേക്ക് എത്തിയിരുന്നതാണല്ലോ. ആദാവാസിയുടെ പ്രശ്‌നം ഭൂമിപ്രശ്‌നമാണെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞതാണല്ലോ, ഇത്രനാളായിട്ടും ഒരു തുണ്ട് ഭൂമി കൊടുത്തോ? മുന്‍കന്ദ്ര മന്ത്രി ജയറാം രമേശ് അട്ടപ്പാടിയില്‍ എത്തിയപ്പോള്‍ പറഞ്ഞതും ഭൂമി നഷ്ടപ്പെട്ടതാണ് ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നം എന്നായിരുന്നു, ടികെ എ നായര്‍ പറഞ്ഞത് രാഷ്ട്രീയക്കാരെ മാറ്റി നിര്‍ത്തിക്കൊണ്ട് ആദിവാസി പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു; ഇതിനൊന്നും ഒരു തുടര്‍ച്ചയും ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? ഒരു ക്രിസത്യന്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ഒരു മന്ത്രിപോയിട്ട്, ആദിവാസി പ്രശ്‌നം പഠിക്കാന്‍ വേണ്ടിയായിരുന്നു താന്‍ പോയതെന്നു നുണപറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ കേള്‍ക്കുന്നവരെല്ലാം മണ്ടന്‍മാരായിരിക്കണം.

നിരാഹാരസമരങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പാലക്കാട് എം പി എം ബി രാജേഷ് നടത്തുന്ന നിരാഹാര സമരത്തോട് തികഞ്ഞ ബഹുമാനവും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ തീര്‍ത്തും വിശ്വാസവുമുണ്ട്. എന്നാലും അതിനപ്പുറം ചില ചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ട്. കീഴാളജീവിതങ്ങളുടെ ഉയര്‍ച്ചയ്ക്കായി പോരാടിയിരുന്ന ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ സിപിഎമ്മിന്റെ ഒരു ലോക്കല്‍ സെക്രട്ടറിക്കോ ഏരിയാ സെക്രട്ടറിക്കോ ഇത്തരമൊരു സമരമാര്‍ഗ്ഗം തോന്നാഞ്ഞതെന്തേ? അവരുടെ പ്രതിഷേധസമരങ്ങള്‍ക്ക് ശക്തിയില്ലാതെ പോയതെന്തേ? തങ്ങളുടെ എംപിയെക്കൊണ്ടു തന്നെ നിരാഹാരം കെടത്തണമെന്നായിരുന്നോ തീരുമാനം. അട്ടപ്പാടിയെ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയക്കാരനും മറ്റൊരുത്തന്റെ മുഖത്തിനുനേരെ വിരല്‍ ചൂണ്ടാന്‍ കഴിയില്ലെന്നതാണ് സത്യം. ഒരു കോമണ്‍ അജണ്ടയുടെ പിന്‍പറ്റുകരാണ് അവരെല്ലാം.

രാഷട്രീയപ്പാര്‍ട്ടികളുടെ ആദിവാസി സംരക്ഷണസമരങ്ങളില്‍ എത്രകണ്ട് ആദിവാസി പങ്കാളിത്തമുണ്ടെന്ന് ശ്രദ്ധിക്കണം. പത്രവാര്‍ത്തകളില്‍ ഗംഭീഗരമെന്നു വിശേഷിപ്പിച്ചാലും യാഥാര്‍ത്ഥ്യമെന്തെന്ന് അന്വേഷിച്ചാല്‍ രസമായിരിക്കും. പലവാഗ്ദാനങ്ങളും നല്‍കിയാണ് ആദിവാസികളെ തങ്ങളുടെ അടുത്തേക്ക് പലരും എത്തിക്കുന്നത്. സിപിഐയുടെ നേതാവും സമരം അനുഷ്ഠിക്കുന്നുണ്ട്. അദ്ദഹമൊരു ആദിവാസി നേതാവുകൂടിയാണ്, എന്നിട്ടും ഒന്നോരണ്ടോപേരില്‍ ഒതുങ്ങുന്നു ആദിവാസി പങ്കാളിത്തം. മന്ത്രിമാര്‍ വന്നപ്പോഴും ആദിവാസികളല്ലായിരുന്നു അവര്‍ക്കൊപ്പം നടന്നത്. പാലക്കാട് നിന്നും കൂടെക്കൂട്ടിയ ഉദ്യോഗസ്ഥന്മാരായിരുന്നു.

ആദിവാസികളെ സര്‍ക്കാര്‍ നല്ലപോലെ നോക്കുന്നുണ്ടെന്ന് ചാനലുകളില്‍ വന്നിരുന്നു പറയുന്ന ചിലരുണ്ട്. ഇവരില്‍ പലര്‍ക്കും സര്‍ക്കാര്‍ ജോലിയുള്ളവരാണ്. തങ്ങള്‍ക്കെതിരായി സംസാരിച്ചാല്‍ സര്‍വീസ് ചട്ടപ്രകാരം ജോലിയില്‍ നിന്ന് തെറിപ്പിക്കുമെന്ന ഭീഷണി സര്‍ക്കാര്‍ ഇവരുടെ മുന്നില്‍ വച്ചിട്ടുണ്ട്. പിന്നെ അവരെന്ത് പറയാന്‍? ആദിവസികള്‍ക്കിടയില്‍ നിന്ന് തലപൊക്കിവരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരെ നിശബ്ദരാക്കാനുള്ള മാര്‍ഗ്ഗമായാണ് സര്‍ക്കാര്‍ ജോലി എന്ന ആയുധം ഉപയോഗിക്കുന്നത്. ഒരു ജോലി നല്‍കി അവരെ എന്നന്നേക്കുമായി തങ്ങളുടെ അടിമകളാക്കുക എന്ന തന്ത്രം ഭരണകൂടം ഭംഗിയായി പയറ്റുന്നുണ്ട്.

വരുതിയില്‍ നില്‍ക്കാത്തവരെ അടിച്ചോടിക്കും
എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരും ഉപജാപകരുമാണെന്ന് പറയാന്‍ പറ്റില്ല. ആത്മാര്‍ത്ഥമായി ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടുള്ളവരുണ്ട്. എന്നാല്‍ അവരെ എങ്ങിനെയും ആട്ടിയോടിക്കാനാണ് ശ്രമിക്കുന്നത്. അതിന് എന്തുവഴിയും സ്വീകരിക്കും. വ്യക്തി ഹത്യ നടത്തിയും അഴിമതിയാരോപണം നടത്തിയും ദേഹോപദ്രവം നടത്തിയും നാടുകടത്തിയ എത്രയോ നല്ല ഉദ്യോഗസ്ഥരുണ്ട്. തങ്ങളുടെ രീതികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണെങ്കില്‍ അവനെ പുറത്താക്കാന്‍ സര്‍വക്ഷിസംഘമായിട്ടായിരിക്കും രംഗത്തിറങ്ങുക, ചിലര്‍ക്കെതിരെ സ്ത്രീവിഷയമായിരിക്കും. പൊലീസുകാര്‍വരെ ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നിരിടത്ത് അതിനെതിരെ ഒരന്വേഷണവും നടക്കില്ലെങ്കിലും തങ്ങള്‍ക്ക് അനഭിമതനായൊരു ഉദ്യോഗസ്ഥനെ കെട്ടുകെട്ടിക്കാന്‍ വെറും ആക്ഷേപം മാത്രം മതി ഭരണകൂടത്തിന്. ഒറ്റപ്പാലം സബ് കളക്ടറായിരുന്ന സുബ്ബയ്യ 1975 ലെ നിയമപ്രകാരം ഭൂമിവിതരണം ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തെ അടിച്ചോടിച്ചതും ഇതിനൊപ്പം കൂട്ടിവായിക്കണം.

നില്‍പ്പുസമരം അവഗണിക്കുന്നവര്‍ അട്ടപ്പാടിയില്‍ എത്തിയാല്‍
മൂന്നുമാസത്തിലേറെയായി നീളുന്ന നില്‍പ്പുസമരത്തെ അവഗണിക്കുന്നുവെന്ന ആക്ഷേപം കുറയ്ക്കാനായിരിക്കും ഉമ്മന്‍ ചാണ്ടി അട്ടപ്പാടിയിലേക്ക് മന്ത്രിമാരെ അയച്ചത്. നില്‍പ്പുസമരവും അട്ടപ്പാടിയിലെ ശിശുമരണവും എല്ലാം ഉയര്‍ത്തുന്ന ആവശ്യം ഒന്നാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ലേ. ഭൂമി തന്നെയാണ് ആദിവാസിയെ സംബന്ധിച്ചിടത്തോളം  ബേസിക് റിസോഴ്‌സ്. അവന്റെ സിദ്ധിയും കഴിവുമെല്ലാം കൃഷിയിലാണ്. കൃഷി ചെയ്യാനും ജീവജാലങ്ങളോട് ഇടപഴകാനും വനം സംരക്ഷിക്കാനുമൊക്കെയാണ് ആദിവാസി തന്റെ ജീവിതം ഉപയോഗിക്കുന്നത്. ഇതിനൊക്കെ അവര്‍ക്ക്  ഭൂമി തിരികെ കിട്ടണം. അവിടെയാണ് നില്‍പ്പു സമരം  പ്രസക്തമാകുന്നത്.

ഭൂമിയാണ് ആദിവാസിക്കുവേണ്ടതെന്നാണ് ജാനുവും പറയുന്നത്. അതു തങ്ങളുടെ വംശം നിലനിര്‍ത്താന്‍ വേണ്ടിയാണ്. സൗജന്യറേഷനല്ല, സ്വന്തമായ ഭൂമിയാണ് ആദിവാസിക്ക് നല്‍കേണ്ടതെന്ന് ഇതില്‍ നിന്നെങ്കിലും സര്‍ക്കാരുകള്‍ മനസ്സിലാക്കണം.  സ്വന്തമായ ഭൂമിയില്‍ ഇഷ്ടമുള്ള വിഭവങ്ങള്‍ വിളയിച്ച് അവര്‍ക്ക് ഉപയോഗിക്കണം. അതിന് തടസ്സം നേരിടുമ്പോഴാണ് പട്ടിണിമരണവും പോഷകവൈകല്യവുമൊക്കെ സംഭവിക്കുന്നത്. ഭൂമി ഇല്ലാതാവുന്നതോടെ ആദിവാസിക്ക് നഷ്ടമാകുന്നത് സ്വന്തം  സംസ്‌കാരവും ഭക്ഷണരീതിയും അറിവും എല്ലാമാണ്. അതുകൊണ്ടാണ് ആദിവാസിക്ക് നേരെ നടക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്ന് പറയേണ്ടി വരുന്നത്.

ദാരിദ്ര്യം ഒരു സാധ്യതയാണെന്ന് പറയുന്നതുപോലെയാണ് ആദിവാസികളും ഒരു സാധ്യതയായി മാറുന്നത്. തങ്ങള്‍ക്കെതിരെ എന്തുനടന്നാലും പ്രതികരിക്കാന്‍ കഴിയാത്തൊരു വംശമായി ആദിവാസികളെ ഭരണകൂടങ്ങളും മാഫിയകളും മനസ്സിലാക്കി കഴിഞ്ഞു. ആദിവാസിയുടെ ഈ ദൗര്‍ബല്യമാണ് ചൂഷണം ചെയ്യുന്നത്. ഇപ്പോള്‍ നടക്കുന്ന നാടകങ്ങളും അതിന്റെ മറവിലാണ്. വഞ്ചനയുടെ ഒരു ചരിത്രം ആ നാടകത്തിന് അടിസ്ഥാനമാക്കിയിട്ടുണ്ടെന്നു കൂടി മനസ്സിലാക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍