UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ ചരിത്രമെഴുതി; അട്ടപ്പാടിയില്‍ നിന്നു 6 ആദിവാസി കുട്ടികള്‍ സൈനിക സ്കൂളിലേക്ക്

അഴിമുഖം പ്രതിനിധി

അട്ടപ്പാടിയിലെ കുട്ടികള്‍ ചരിത്രമെഴുതി. അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ മൂന്നുഘട്ടങ്ങളും കടന്ന് അവര്‍ കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നു. ജൂണ്‍ ഒന്നു മുതല്‍ അവര്‍ ഇനി സൈനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ബിനു രാജ്, ശിവകുമാര്‍, അനീഷ്. മിഥിന്‍, ഹരി, വിഷ്ണു എന്നീ കുട്ടികളാണ് സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അര്‍ഹത നേടിയിരിക്കുന്നത്.

2016 ജനുവരി മൂന്നിന് കോഴിക്കോട് നടന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയില്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നായി തെരഞ്ഞെടുത്ത 24 കുട്ടികളാണ് പങ്കെടുത്തത്. ഇവരില്‍ 15 പേര്‍ പ്രവേശന പരീക്ഷ പാസായി. പ്രവേശന പരീക്ഷ വിജയിച്ചവര്‍ക്കായി കഴിഞ്ഞമാസം എറണാകുളത്ത് അഭിമുഖ പരീക്ഷയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ച്‌ മെഡിക്കല്‍ പരിശോധനയും ഉണ്ടായിരുന്നു. ഇതില്‍ രണ്ടിലും വിജയിച്ച ആറുപേര്‍ക്കാണ് സൈനിക് സ്‌കൂള്‍ പ്രവേശനം സാധ്യമായിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ 1991 ലെ ബാച്ച് അലുമിനി kazhask 91 തയ്യാറാക്കിയ ‘പ്രൊജക്ട് ഷൈന്‍’ പദ്ധതിപ്രകാരമായിരുന്നു 24 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയത്. അഗളി, കൂക്കുംപാര, കാരയറ, ജല്ലിപ്പാറ, ഷോളയൂര്‍ കോട്ടത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച, അഞ്ചാം ക്ലാസ് തലത്തില്‍ പഠിക്കുന്ന ആണ്‍ കുട്ടികളെയായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. സിബിഎസ്‌സി സിലബസില്‍ ആയിരുന്നു പരീക്ഷ. ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇന്റലിജന്‍സ് ടാലന്റ് എന്നിവ ഉള്‍പ്പെടുത്തിയതായിരുന്നു പരീക്ഷയുടെ ചോദ്യാവലി.

കണ്ണീരും കഷ്ടപ്പാടുമല്ല; ഈ കുട്ടികള്‍ ചരിത്രത്തിന്റെ പടിവാതില്‍ക്കലാണ്

kazhaks’91 ലെ അംഗം ബാബു മാത്യുവും ഭാര്യ ലിറ്റിയും ചേര്‍ന്നാണ് ഈ പദ്ധതിക്കു നേതൃത്വം വഹിച്ചത്. പ്രമുഖ സൈക്കോളജിസ്റ്റായ ബാബുവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ലിറ്റിയും ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്നവരാണ്. അട്ടപ്പാടി കേന്ദ്രമാക്കി സംഘടിപ്പിച്ച വിദ്യാഭ്യാസ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കുക വഴി മനസ്സിലാക്കിയ കാര്യങ്ങളിലൂടെയാണ് ആദിവാസി മേഖലകളിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ഇവര്‍ തിരിച്ചറിയുന്നത്. ശരിയായ വിദ്യാഭ്യാസം ഭൂരിഭാഗം കുട്ടികളിലേക്കും എത്തുന്നില്ല എന്നതാണ് ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇവര്‍ മനസിലാക്കി. kazhaks’91 ന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടക്കുന്ന സമയത്ത് പൊതുകാര്യപ്രസക്തമായ എന്തെങ്കിലും സേവനം നടത്തണം എന്ന നിര്‍ദേശം സംഘത്തില്‍ നിന്നും ഉയര്‍ന്നുവന്നപ്പോള്‍ ബാബു ആദിവാസിമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെന്ന പദ്ധതി മുന്നോട്ടുവയ്ക്കുകയായിരുന്നു. തെരഞ്ഞെടുത്ത കുറച്ചു കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് സജ്ജരാക്കുകയായിരുന്നു ബാബുവിന്റെ ലക്ഷ്യം. ഈ നിര്‍ദേശം എല്ലാവരും കൈയടിച്ചു പിന്താങ്ങി. അങ്ങനെയാണ് പ്രൊജക്ട് ഷൈന്‍ രൂപം കൊള്ളുന്നത്. പ്രധാന ചുമതല ബാബു ഏറ്റെടുക്കുകയും ചെയ്തു.

2015 ജൂലൈ മാസത്തോടെയാണ് പരിശീലന ക്ലാസുകള്‍ ആരംഭിച്ചത്. വിവിധ ഊരുകളില്‍ നിന്നായി 37 കുട്ടികളെ കണ്ടെത്തിയെങ്കിലും അവരില്‍ 17 പേര്‍ മാത്രമാണ് ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയത്. പിന്നീട് ഏഴു കുട്ടികള്‍ കൂടി വരികയായിരുന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

പലാക്കാട് സബ് കളക്ടര്‍ പി ബി നൂഹിന്റെ എല്ലാവിധ പിന്തുണയും ഈ പരിശീലന ക്ലാസുകള്‍ക്ക് ഉണ്ടായിരുന്നു. അഹാഡ്സിന്റെ കാമ്പസ് ഇവര്‍ക്കായി വിട്ടുകൊടുക്കുന്നത് നൂഹിന്റെ നിര്‍ദേശാനുസരണമാണ്. എല്ലാ ശനിയാഴ്ച്ചയുമായിരുന്നു ക്ലാസുകള്‍ സംഘടിപ്പിച്ചത്. രാവിലെ മുതല്‍ വൈകിട്ടുവരെ നീളുന്ന ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി പ്രാതലും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും യാത്രാസൗകര്യവും തയ്യാറാക്കിയിരുന്നു.

പൊതുവെ ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാടമടക്കം വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്ത സാഹചര്യത്തിലാണ് ആദിവാസികുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ഒരുക്കുക എന്ന ലക്ഷ്യം ബാബുവും ലിറ്റിയും ഏറ്റെടുക്കുന്നതും അതിനായി പ്രവര്‍ത്തിച്ചതും. എല്ലാകാര്യത്തിനും പിന്തുണയായി kazhaks’91ബാച്ചംഗങ്ങളും ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധകാണിക്കാറില്ലെന്ന മാതാപിതാക്കളെ കുറിച്ചുള്ള പരാതിയില്‍ കഴമ്പില്ലെന്നും ഇവര്‍ തെളിയിച്ചു. തങ്ങളുടെ പക്കല്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ മക്കളുടെ ഭാവിയെക്കുറിച്ച് ഏറെ കരുതലുള്ളവരാണെന്ന് ബാബുവും ലിറ്റിയും സ്വന്തം അനുഭവങ്ങളില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരുടെയും പിന്തുണയാണ് ഇത്തരമൊരു വിജയത്തിന് കാരണമായതെന്നും അവര്‍ പറയുന്നു.

ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നെങ്കിലും ആറ് ആദിവാസി കുട്ടികള്‍ ആദ്യമായി സൈനിക് സ്‌കൂള്‍ പ്രവേശനം നേടിയെത്തുമ്പോള്‍ അതൊരു ചരിത്ര വിജയമായി തന്നെ ആഘോഷിക്കേണ്ടതുണ്ട്. ഈ കുട്ടികളുടെ പാത പിന്തുടര്‍ന്ന് ഇനിയുമേറെ കുഞ്ഞുങ്ങള്‍ ജീവിതത്തിന്റെ ഉയര്‍ച്ചകളിലേക്ക് കടന്നുവരട്ടെ. ആ കുട്ടികളുടെ കൈ പിടിക്കുന്നവര്‍ക്ക് നമ്മുടെ പിന്തുണ അറിയിക്കാം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍