UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയും മറച്ചുവച്ചിട്ട് കാര്യമില്ല; ഒരു കുഞ്ഞ് കൂടി മരിച്ചു; ജയ അരി കൊടുത്താല്‍ തീരുന്നതല്ല അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

അട്ടപ്പാടിയിലെ ശിശുമരണം തുടരുകയാണ്. കേരള മോഡലിന്‌റെ അവകാശവാദങ്ങളെ അത് പരിഹാസ്യമാക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ചര്‍ച്ചകളും അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും സജീവമാണ്. നടപടികള്‍ സംബന്ധിച്ച അവകാശവാദങ്ങളും. ഇതിനിടയില്‍ അട്ടപ്പാടിയില്‍ ഒരു ആദിവാസി കുട്ടി കൂടി മരിച്ചിരിക്കുന്നു.

ഈ മാസം അട്ടപ്പാടിയില്‍ മരിക്കുന്ന മൂന്നാമത്തെ കൂട്ടിയാണിത്. മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരില്‍ സുനിത – ബിജു ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായ പത്ത് മാസം പ്രായമുള്ള ശക്തി എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. രാത്രിയോടെ വയറിളക്കവും ഛര്‍ദ്ദിയും തുടങ്ങിയ കുഞ്ഞിനെ കല്‍ക്കണ്ടിയിലുള്ള ഹെല്‍ത്ത് സെന്ററിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാവിലെ എട്ടരയോടെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

ഈ മാസം പത്തിനാണ് ഷോളയൂര്‍ ചാവടിയൂര്‍ ഊരിലെ മാരിയുടേയും മണികണ്ഠന്‌റേയും ദമ്പതികളുടെ മൂന്നാമത്തെ കുട്ടി മരിച്ചത്. ജനിക്കുമ്പോള്‍ കുട്ടിക്ക് 1.4 കിലോ ഭാരമുണ്ടായിരുന്നു. അന്നനാളമുണ്ടായിരുന്നില്ല. ഹൃദയത്തിനും തകരാറുണ്ടായിരുന്നു. ഒക്ടോബര്‍ 31 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിച്ച ആണ്‍കുട്ടി അവിടെ വച്ച് തന്നെ പത്ത് ദിവസത്തിന് ശേഷം മരിച്ചു.

അഗളി കാരറ ഊരില്‍ ശെല്‍വി – ജയകുമാര്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടി ഈ മാസം ഒന്നിന് മരിച്ചിരുന്നു.  തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ മലദ്വാരം ഇല്ലായിരുന്നു. ശ്വാസകോശത്തിനും കാര്യമായ തകരാറുണ്ടായിരുന്നു. മലദ്വാരം ശരിയാക്കുന്നതിന് വേണ്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിച്ചു.

സര്‍ക്കാര്‍ കണക്കില്‍ ഈ വര്‍ഷത്തെ ഏഴാമത്തെ ശിശുമരണമാണിത്. എന്നാല്‍ തമ്പ് എന്ന സന്നദ്ധ സംഘടനയുടെ കണക്ക് പ്രകാരം മരണ സംഖ്യ പത്താണ്. തമ്പാണ് പലപ്പോഴും ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് മൂലമുള്ള മരണം പുറംലോകത്തെ അറിയിച്ചത്. സംയോജിത പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 2007 മുതല്‍ 2014 വരെയുള്ള കണക്കനുസരിച്ച് 96 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അട്ടപ്പാടിയിലെ 80 ശതമാനം അമ്മമാര്‍ക്കും കടുത്ത രക്തക്കുറവുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. നവജാതശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് 2014ല്‍ തമ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മരിച്ച നവജാതശിശുക്കളുടെ അമ്മമാരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 80 ശതമാനം അമ്മമാരിലും ഹിമോഗ്ലോബിന്റെ അളവ് പത്തില്‍ താഴെയായിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 87 ശതമാനം പേര്‍ക്കും വലിയ പോഷകക്കുറവുണ്ട്. ആരോഗ്യമില്ലാത്ത ഇവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും സ്വാഭാവികമായും ആരോഗ്യമില്ലാത്തവരാകുന്നു.

അട്ടപ്പാടിയിലെ ശിശു മരണത്തെ വഷളന്‍ തമാശയാക്കി അപമാനിച്ച് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടിയാണ് വിവാദമായത്. ‘നേരത്തെ ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞ പ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവ് കൊണ്ട് മരണപ്പെട്ടതേയല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷനെന്ന് പറയുമ്പോള്‍ നിങ്ങളുടെ ( യു.ഡി.എഫ് സര്‍ക്കാരിന്റെ )കാലഘട്ടത്തിലാണ് പ്രഗ്നന്റായത്, ഇപ്പോഴാണ് ഡെലിവറി ആയത്. അതിന് ഞാന്‍ ഉത്തരവാദിയല്ല. രണ്ട് വാല്‍വിന്റെ തകരാറാണ്. അതും ഗര്‍ഭിണിയായത് നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ മറുപടി പക്ഷഭേദമില്ലാതെ നിയമസഭയില്‍ ഉയര്‍ത്തിയ അശ്ലീലച്ചിരി അട്ടപ്പാടി എന്തുമാത്രം കേരളത്തിന് പുറത്താണെന്ന് എളുപ്പത്തില്‍ മനസിലാക്കി തരും. ജയ അരി വിതരണം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നമല്ല ഇത്. ആദിവാസി വികസന പദ്ധതികള്‍ക്കായി അനുവദിക്കപ്പെടുന്ന കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഫണ്ട് എന്തുകൊണ്ടാണ് അവര്‍ക്ക് പോഷകാംശം നല്‍കാത്തത് എന്നത് ഇനിയും ചോദിക്കേണ്ടി വരുന്നു. ഈ പണം എങ്ങോട്ടാണ് പോവുന്നത്.  

പട്ടിണിമരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ഈ പ്രദേശത്തെ 2066 എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കാന്‍ തീരുമാനിച്ചത് എന്നത് ദാരിദ്ര്യരേഖയക്ക് താഴെയുള്ള ജനവിഭാഗങ്ങളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ അലംഭാവവും ഉത്തരവാദിത്തമില്ലായ്മയും വ്യക്തമാക്കുന്നു. തൊഴിലുറപ്പ് പദ്ധതി അട്ടപ്പാടിയില്‍ എന്തുമാത്രം ഫലപ്രദമായി നടപ്പാക്കപ്പെട്ടിട്ടുണ്ടെന്ന അന്വേഷണം പ്രസക്തമാണ്. അഹാര്‍ഡ്സ് അടച്ചുപൂട്ടിയതോടുകൂടി തീര്‍ത്തും പ്രവര്‍ത്തനരഹിതമായ തൊഴിലുറപ്പ് പദ്ധതി 187 ഊരുകളിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചു.

അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക അടുക്കള പരാജയമാണെന്ന് റിപ്പോര്‍ട്ടുകളാണ് വന്നത്. ഇപ്പോള്‍ 30-40 ഊരുകളില്‍ മാത്രമാണ് സാമൂഹിക അടുക്കളയുള്ളത്. റേഷനരി പുഴുങ്ങി സവാളയും തക്കാളിയും അരിഞ്ഞിട്ട് നല്‍കുകയാണ് ചെയ്യുന്നത്. കുടുംബശ്രീയെയും ചില കോണ്‍ട്രാക്ടര്‍മാരെയും സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത് നടത്തുന്നതെന്നാണ് ആദിവാസികളുടെ ആരോപണം.

ഭൂമിയില്ലായ്മ അടിസ്ഥാന പ്രശ്‌നമാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രശ്‌നത്തിന്റെ യഥാര്‍ഥ പരിഹാരമെന്ന് അറിയാമെങ്കിലും അഴിമതി ലക്ഷ്യമാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് പകരം തരിശായിക്കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

സ്വാഭാവികമായ കൃഷിരീതികള്‍, ഭക്ഷണരീതികള്‍ എല്ലാം ഇല്ലാതാക്കപ്പെട്ടത് ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ നേരിടുന്നുണ്ട്. സര്‍ക്കാറിന്റെ റേഷനരിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരല്ല ആദിവാസികള്‍. സ്വന്തമായി കാര്‍ഷികോല്‍പാദനം നടത്തി ആദിവാസികള്‍ അട്ടപ്പാടിയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നിലക്കടല, ചോളം, റാഗി, പരുത്തി തുടങ്ങിയവയെല്ലാം നൂറുകണക്കിന് ലോഡ് കയറ്റിയയച്ചിരുന്ന കാലമുണ്ടായിരുന്നു. 1985 സെപ്റ്റംബര്‍ നാലിന് അന്ന് പ്രതിപക്ഷനേതാവായിരുന്ന ഇകെ നായനാര്‍, നിയമസഭയില്‍ അട്ടപ്പാടിയിലെ വരള്‍ച്ചയെക്കുറിച്ച് സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ നിന്ന് പ്രതിവര്‍ഷം 200 ലോഡ് നിലക്കടലയും 150 ലോഡ് ചോളവും നൂറുകണക്കിന് ലോഡ് റാഗിയും പരുത്തിയും കയറ്റിയയച്ചിരുന്നു. പക്ഷേ, വരള്‍ച്ചയുടെ ഫലമായി അട്ടപ്പാടിയില്‍ കൃഷി നശിക്കുകയും കാലിവളര്‍ത്തല്‍ അവതാളത്തിലാകുകയും ചെയ്തു.

അതിനുശേഷമാണ് ജപ്പാന്‍ ബാങ്കിന്റെ 219 കോടി ചെലവഴിച്ച് 1996ല്‍ അഹാഡ്‌സ് ‘അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതി’ നടപ്പാക്കിയത്. എന്നാല്‍, തകര്‍ന്ന കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി സഹായകമായില്ല. ഇക്കാലത്ത് തരിശായ ആദിവാസിഭൂമി വ്യാജരേഖ ചമച്ച് വ്യാപകമായി കൈയേറി. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ കാറ്റാടിക്കമ്പനിയുടെ ആദിവാസിഭൂമി കൈയേറ്റം. ഭൂമി കയ്യേറ്റം വ്യാപകമായ അട്ടപ്പാടിയില്‍ ഇവിടുത്തെ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരാകുന്നതില്‍ അദ്ഭുതമില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍