UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ണാമ് സൈനിക് സ്‌കൂളിതി പഠിക്കാ പോകേമ്’; അട്ടപ്പാടിയില്‍ നിന്ന് സൈനിക് സ്‌കൂളിലേക്ക്

Avatar

 രാകേഷ് സനല്‍

‘ണാമ് സൈനിക് സ്‌കൂളിതി പഠിക്കാ പോകേമ്. ണാമ് അട്ടേപ്പാടി തിറുന്ത് വറ്‌ഗേമ്. എമുക്ക് ഇതി പഠിക്കാക്ക് കെടാത്താതി എമുക്ക് സന്തോസമുണ്ട്. ണാമ് എത്തനി കഷ്ടപ്പെട്ടാലും ണാമ് അതി പഠിത്ത്‌റ്‌പോം. എമുക്ക് ഓരോറ് ആസേഗ ഉണ്ട്. എമുക്ക് ഡോക്ടറാഗോണ്, എമുക്ക് ഐഎഎസ് ആഗോണ് മില്‍ട്ടറിതി പോഗോണ്… എമുക്ക് കെടേത്ത ഈ അവസറ യെമുത്ത് യൂറിതി ഇരുക്ക തമ്പികള്‍ക്കും തങ്കേമാര്‍ക്കും കെടയ്‌ക്കോണെന്ന് ആസൈ ഉണ്ട്. എമുക്കും എമ്ത്ത് യൂറുകോര്‍ക്കും കെട്‌ക്കേണ്ടത് നല്ല പഠിപ്പ് കെടയ്‌ക്കോണ്. അത്ക്കതേ നീവിറി എമ്മേ സഹായിക്കോണ്’

വിഷ്ണുവും ഹരിയും മിഥിനും ബിനുരാജും ശിവകുമാറും അനീഷും ഒറ്റസ്വരത്തില്‍ പറഞ്ഞ ഈ കാര്യങ്ങള്‍ പെട്ടെന്ന് നമുക്ക് മനസിലാകണമെന്നില്ല. അതവരുടെ ഊരുഭാഷയാണ്, അട്ടപ്പാടിയുടെ ഭാഷ. ബാബു മാത്യുവിന്റെ ഇലഞ്ഞിയിലുള്ള വീട്ടിലിരുന്ന് ആ കുട്ടികള്‍ ഒരു വെല്ലുവിളിയെന്ന പോലെയാണ് അവരുടെ ഭാഷയില്‍ സംസാരിച്ചത്.

ഇനിമുതല്‍ ഞങ്ങള്‍ ഇഗ്ലീഷും ഹിന്ദിയുമൊക്കെ പഠിക്കും. അപ്പോ എല്ലാ ഭാഷേം ഞങ്ങക്ക് അറിയാന്‍ പറ്റും. 

പക്ഷേ നിങ്ങക്ക് ഞങ്ങടെ ഭാഷ അറിയാമോ? 

അനീഷിന്റെ ആ ചോദ്യത്തിലായിരുന്നു വെല്ലുവിളി. ആരെയും തോല്‍പ്പിക്കാന്‍ അറിയാത്തവരുടെ നിഷ്‌കളങ്കതയോടെ അവര്‍തന്നെ ആദ്യം പറഞ്ഞതിന്റെ മലയാളം പൊരുളും പറഞ്ഞു തന്നു; 

ഞങ്ങള്‍ സൈനിക് സ്‌കൂളില്‍ പഠിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ക്ക് ഇവിടെ പഠിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എത്ര കഷ്ടപ്പെട്ടാലും ഞങ്ങള്‍ പഠിക്കും. ഞങ്ങള്‍ക്ക് ഓരോ ആഗ്രഹങ്ങളുണ്ട്. ഡോക്ടറാകണം, ഐഎഎസുകാരനാകണം, മിലട്ടറിയില്‍ പോകണം… ഞങ്ങള്‍ക്ക് കിട്ടിയ ഈ അവസരം ഊരിലുള്ള ഞങ്ങളുടെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും കിട്ടണമെന്നും ആഗ്രഹമുണ്ട്. ഞങ്ങള്‍ക്കും ഞങ്ങളുടെ ഊരിലുള്ളവര്‍ക്കും നല്ല വിദ്യാഭ്യാസമാണ് കിട്ടേണ്ടത്. അതിനാണ് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടത്…

എത്ര ഗൗരവത്തോടെ ആലോചിക്കേണ്ട കാര്യമാണ് ആ കുഞ്ഞുങ്ങള്‍ പറഞ്ഞിരിക്കുന്നത്. പഠിക്കാനുള്ള അവസരമാണവര്‍ ചോദിക്കുന്നത്. വിദ്യാഭ്യാസം കിട്ടിയാല്‍ അവര്‍ക്ക് സ്വയം തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തിരിച്ചറിയുന്ന തലമുറയുടെ പ്രതിനിധികളാണവര്‍. ഇവരിലൂടെയാകട്ടെ അട്ടപ്പാടി അതിന്റെ മേല്‍ വീണ കറുത്ത കരിമ്പടത്തില്‍ നിന്നും പുറത്തുവരുന്നത്.

നാളെ മുതല്‍ (ജൂണ്‍ 3) ഈ ആറു കുട്ടികളും കഴക്കൂട്ടം സൈനിക് സ്‌കൂളിന്റെ ഭാഗമാവുകയാണ്, ചരിത്രത്തിന്റെയും. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നും ഒന്നിലധികം കുട്ടികള്‍ ഒരുമിച്ച് സൈനിക് സ്‌കൂള്‍ അഡ്മിഷന്‍ കിട്ടി വരുന്നത് ആദ്യമായാണ്.


Pix credit & Rights : Krishna Kumar

സ്‌കൂള്‍ പ്രവേശനത്തിനു മുന്നോടിയായി ഈ കുട്ടികളെ രണ്ടാഴ്ചയോളം ബാബു മാത്യുവും ഭാര്യ ലിറ്റിയും കോട്ടയം ഇലഞ്ഞിയിലുള്ള അവരുടെ വീട്ടില്‍ താമസിപ്പിച്ചു. കുട്ടികള്‍ക്കുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു. അവരിതുവരെ പരിചയിക്കാത്തൊരു ലോകത്തേക്കാണ് ഇനി കടന്നു ചെല്ലുന്നത്. പെട്ടെന്നൊരു മാറ്റം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഇനിയെന്താണോ നേരിടാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം, ഈയൊരു ലക്ഷ്യത്തോടെയായിരുന്നു കുട്ടികളെ തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ ബാബുവിനെയും ലിറ്റിയേയും പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഈ ആറുപേരെയുള്‍പ്പെടെ 24 ആദിവാസികുട്ടികളെ കാണുന്നതും പരിചയപ്പെടുന്നതും അഗളിയിലുള്ള അഹാഡ്‌സിന്റെ കാമ്പസില്‍വെച്ചായിരുന്നു. അവിടെയായിരുന്നു സൈനിക് സ്‌കൂള്‍ പ്രവേശനത്തിനുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നത്. അതിനു ചുക്കാന്‍ പിടിച്ചവരായിരുന്നു സൈനിക് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ബാബുവും ലിറ്റിയും. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ 1991 ലെ ബാച്ച് അലുമിനി kazhask 91 തയ്യാറാക്കിയ ‘പ്രൊജക്ട് ഷൈന്‍’ പദ്ധതിപ്രകാരമായിരുന്നു 24 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയത്. അഗളി, കൂക്കുംപാറ, കാരയറ, ജല്ലിപ്പാറ, ഷോളയൂര്‍ കോട്ടത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച, അഞ്ചാം ക്ലാസ് തലത്തില്‍ പഠിക്കുന്ന ആണ്‍ കുട്ടികളെയായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. 

അട്ടപ്പാടിയില്‍ നിന്നു നല്ല വാര്‍ത്ത; 15 ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ വിജയിച്ചു
കണ്ണീരും കഷ്ടപ്പാടുമല്ല; ഈ കുട്ടികള്‍ ചരിത്രത്തിന്റെ പടിവാതില്‍ക്കലാണ്
അവര്‍ ചരിത്രമെഴുതി; അട്ടപ്പാടിയില്‍ നിന്നു 6 ആദിവാസി കുട്ടികള്‍ സൈനിക സ്കൂളിലേക്ക്
അട്ടപ്പാടിയുടെ സൈനിക സ്കൂള്‍ വിജയഗാഥ (തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്)

ആറുമാസത്തോളം നീണ്ടു നിന്ന പരീശീല ക്ലാസുകള്‍ക്കു ശേഷം 2016 ജനുവരി മൂന്നിന് കോഴിക്കോട് നടന്ന അഖിലേന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയില്‍ 24 കുട്ടികളും പങ്കെടുത്തു. ഇവരില്‍ 15 പേര്‍ പ്രവേശന പരീക്ഷ പാസായി. പ്രവേശന പരീക്ഷ വിജയിച്ചവര്‍ക്കായി കഴിഞ്ഞമാസം എറണാകുളത്ത് അഭിമുഖ പരീക്ഷയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ച് മെഡിക്കല്‍ പരിശോധനയും നടത്തി. ഇതില്‍ രണ്ടിലും വിജയിച്ച ആറുപേരാണ് നാളെ മുതല്‍ സൈനിക് സ്‌കൂളിന്റെ ഭാഗമാകുന്ന മിഥിനും ഹരിയും വിഷ്ണുവും ബിനുരാജും അനീഷും ശിവകുമാറും.

സൈനിക് സ്‌കൂള്‍ അപ്പര്‍ ക്ലാസ് വിഭാഗത്തിലുള്ളവരുടെ കുട്ടികള്‍ പഠിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നൊരു ധാരണ ഇപ്പോഴുണ്ട്. യഥാര്‍ത്ഥത്തില്‍ സൈനിക് സ്‌കൂളിന്റെ രൂപീകരണം മറ്റൊരു ചിന്തയില്‍ അധിഷ്ഠിതമായിട്ടായിരുന്നു. സൈന്യത്തിലെ ഓഫിസര്‍ റാങ്കിലേക്ക് താഴ്ന്ന ജീവിത നിലവാരത്തിലുള്ളവര്‍ക്ക് എത്തിച്ചേരാന്‍ പരിശീലനം ഒരുക്കുകയായിരുന്നു അത്. സര്‍വസൗകര്യങ്ങളോടും കൂടിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. വളരെ കുറഞ്ഞ ഫീസ്. പക്ഷേ പിന്നീട് ഈ സൗകര്യം മുകള്‍തട്ടിലുള്ളവര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ട്. കൃത്യമായ പരിശീലനത്തിലൂടെയാണ് അതു സാധ്യമാവുക. പലപ്പോഴും സാമ്പത്തികമായും മറ്റും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അതിനു കഴിയാതെ വരികയും അതേസമയം സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്താനും തുടങ്ങിയതോടെയാണ് സൈനിക് സ്‌കൂളിനെ കുറിച്ചുള്ള പുതിയ ധാരണ രൂപപ്പെടുന്നത്. ഈ ആദിവാസികുട്ടികളിലൂടെ വീണ്ടും സൈനിക് സ്‌കൂളിന്റെ യഥാര്‍ത്ഥല ക്ഷ്യം എന്താണെന്നു സമൂഹത്തിനു ബോധ്യപ്പെടാന്‍ കൂടി ഇപ്പോള്‍ സാഹചര്യമൊരുങ്ങിയിരിക്കുകയാണ്; ബാബു മാത്യു പറയുന്നു.

പക്ഷേ ഈ കുട്ടികള്‍ ഇതുവരെ പരിചയിച്ചുവന്ന സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇത്തരമൊരു ഉദ്യമവുമായി അട്ടപ്പാടിയില്‍ എത്തിയശേഷം ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചാണ് കുട്ടികളെ ക്ലാസുകളില്‍ കിട്ടിയതു തന്നെ. ഒറ്റപ്പാലം സബ് കളക്ടര്‍ പി ബി നൂഹ്, കോട്ടത്തറയിലെ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസ് തുടങ്ങി പേരെടുത്ത് പറയേണ്ട പലരുടെയും സഹായം, അതിലുപരി തങ്ങളുടെ കുട്ടികള്‍ പഠിക്കണമെന്നാഗ്രഹിക്കുന്ന ആദിവാസി മാതാപിതാക്കളുടെ പിന്തുണ; ഇതൊക്കെയാണ് ഇന്ന് ആറു കുട്ടികളെങ്കിലും ഇവിടെവരെ എത്താന്‍ കാരണം. ഇനിയും ഊരുകളില്‍ നിന്നും മിടുക്കരായ കുട്ടികളെ കണ്ടെത്താം. അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയാല്‍ ഈ ആറുപേരെയും കടന്ന് കൂടുതല്‍ കുട്ടികള്‍ സൈനിക് സ്‌കൂളിലും അതുപോലെയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തും. അതിനുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും സര്‍ക്കാരും അതാതു പ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തിയാല്‍ മതി. നിലവിലെ രീതികള്‍ അതിനൊട്ടും സഹായകരമല്ല എന്നു കൂടി ഓര്‍മിപ്പിക്കുന്നു.


ബാബു മാത്യുവും ലിറ്റിയും കുട്ടികള്‍ക്കൊപ്പം

സൈനിക് സ്‌കൂളിലെ അന്തരീക്ഷം വേറെയാണ്. അതൊരുപക്ഷേ പെട്ടെന്ന് സ്വീകരിക്കാന്‍ കഴിയാതെ വന്നാല്‍ കുട്ടികള്‍ക്ക് പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരും. മുമ്പും അട്ടപ്പാടിയില്‍ നിന്നും കുട്ടികള്‍ സൈനിക് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി എത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അവരൊക്കെ രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം ഡ്രോപ്പ് ഔട്ടായി പോവുകയാണുണ്ടായത്. അത്തരമൊരു സാഹചര്യം ഈ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നു കരുതിയാണ് അവര്‍ക്ക് മുന്‍പരിചയമൊരുക്കല്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കൊപ്പം താമസിപ്പിച്ചത്.

മലയാളം പോലും എഴുതാനോ മനസിലാക്കാനോ കഴിയാത്ത കുട്ടികളെയായിരുന്നു സൈനിക് സ്‌കൂള്‍ പ്രവേശനത്തിനായി ഞങ്ങള്‍ ട്രെയിന്‍ ചെയ്യാന്‍ ആരംഭിച്ചത്. ഇവരിപ്പോള്‍ ഇംഗ്ലീഷില്‍ വാചകങ്ങള്‍ ഉണ്ടാക്കും, കമ്പ്യൂട്ടറിന്റെ ഉപയോഗം പഠിച്ചെടുത്തിരിക്കുന്നു. സ്വയം സര്‍ഫ് ചെയ്ത് വിവരങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്കിപ്പോള്‍ കഴിയും. സൈനിക് സ്‌കൂളില്‍ ഉണ്ടായേക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ച് പോലും വ്യക്തമായ ധാരണ അവര്‍ക്ക് ഞങ്ങള്‍ കൊടുത്തു. ഒരിക്കല്‍ സ്‌കൂളില്‍ കൊണ്ടുപോയി അവിടുത്തെ അന്തരീക്ഷവുമായി കുട്ടികളെ ഇണക്കിയുമെടുത്തു. ഇപ്പോഴവര്‍ മറ്റേതു കുട്ടികളെയും പോലെയാണ്. പോരാത്തതിന് ഇവര്‍ ആറുപേരും ഒരുമിച്ചാണ്. ഇതുകൊണ്ടെല്ലാം തന്നെ ഞങ്ങള്‍ക്കുറപ്പുണ്ട്, ഈ സ്‌കൂള്‍ വിദ്യാഭ്യാസകാലം അവര്‍ പൂര്‍ത്തീകരിക്കും. നമുക്കെല്ലാം അഭിമാനമുണ്ടാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഉന്നത നിലയില്‍ ഈ കുഞ്ഞുങ്ങള്‍ എത്തുകയും ചെയ്യും, ചെയ്ത പ്രയത്നങ്ങളൊന്നും വെറുതെയാകില്ല. എല്ലാവരുടെയും പ്രാര്‍ത്ഥന അവര്‍ക്കുണ്ടായാല്‍ മതി; ബാബുവും ലിറ്റിയും ഒരുമിച്ചു പറയുന്നു. 

അഹാഡ്‌സില്‍ ആദ്യമെത്തുന്ന സമയത്ത് കുട്ടികളോട് വലുതാകുമ്പോള്‍ ആരാകാനാണ് ഇഷ്ടമെന്നു ചോദിച്ചാല്‍, എല്ലാവരുടെ ലക്ഷ്യം ഡ്രൈവര്‍ ആവുക എന്നതായിരുന്നു. വളരെ അഭിമാനത്തോടെയാണതു പറയുന്നത്. അവരുടെ ഉള്ളില്‍ ഡ്രൈവറാണ് വലിയവന്‍. അവര്‍ കാണുന്നത് അതുമാത്രമാണ്. പുറംലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് അവര്‍ അജ്ഞരായിരുന്നു. അവര്‍ക്ക് പലതും അറിയില്ല. അരും പറഞ്ഞുകൊടുക്കുന്നില്ല. ഇപ്പോഴവര്‍ക്ക് ലോകത്തെ കുറിച്ച് പൊതുധാരണ വന്നു കഴിഞ്ഞു. സൈനിക് സ്‌കൂളില്‍ പഠിക്കാന്‍ തുടങ്ങുമ്പോഴെ അവരിപ്പോള്‍ ഓരോ സ്വപ്‌നം കാണുന്നുണ്ട്. വിഷ്ണുവും മിഥിനും പറയുന്നത് അവര്‍ക്ക് ഡോക്ടറാവണമെന്നാണ്. ഹരിയുടെയും അനീഷിന്റെയും ലക്ഷ്യം കളക്ടര്‍മാരാണ്. ശിവകുമാറും ബിനുരാജുമാണ് മിലട്ടറി ഉദ്യോഗസ്ഥരാകാന്‍ കൊതിക്കുന്നത്. 

വളരെ പോസിറ്റീവായാണ് കുട്ടികളുടെ ഈ സ്വപ്‌നങ്ങളെ കാണേണ്ടത്. നേരത്തെ അവരുടെ ജീവിതവും ലോകവും അട്ടപ്പാടിയില്‍ ചുറ്റിനില്‍ക്കുന്നതായിരുന്നു. പുറത്ത് വിശാലമായൊരു ലോകം അവര്‍ക്കായിക്കൂടി ഉണ്ടെന്ന് തിരിച്ചറിയാതെ പോകുന്ന നിരവധി കുട്ടികള്‍ക്കൊപ്പമായിരുന്നു മിഥിനും ഹരിയും അനീഷും വിഷ്ണുവും ബിനുരാജും ശിവകുമാറുമെല്ലാം. ഇപ്പോഴവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങളിലേക്കുള്ള വഴിയിലേക്കാണ് നാളെ മുതല്‍ തങ്ങളിറങ്ങുന്നതെന്നും അവര്‍ക്ക് ധാരണയുണ്ട്. അതോടൊപ്പം തങ്ങളുടെ നാടിനെക്കുറിച്ചുള്ള ബോധവും. ഞങ്ങള്‍ക്ക് കിട്ടിയ അവസരം ഞങ്ങളുടെ അനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും കിട്ടണമെന്ന് ഈ കുട്ടികള്‍ പറയുമ്പോള്‍ അവരുടെ മനസില്‍ സ്വന്തം ജനതയുടെ പൂര്‍ണമായ മോചനമായിരിക്കാം.

പലതും പറഞ്ഞിരിക്കുന്നതിനിടയില്‍ കുട്ടികള്‍ സ്വയം മുന്നിട്ടിറങ്ങി മൈം അവതരിപ്പിച്ചു. ശിവകുമാറിനെ സ്‌കൂളില്‍ പഠിപ്പിച്ചതാണ്. അവനിവിടെ വന്നപ്പോള്‍ ഒപ്പമുള്ളവരെയും പഠിപ്പിച്ചു. ഒരു കര്‍ഷകന്‍ വന്ന് മോട്ടോര്‍ ഓണ്‍ ചെയ്ത് തന്റെ വിളകള്‍ക്ക് വെള്ളം ഒഴിക്കുന്നു. അയാള്‍ അവിടെ നിന്നും മാറിയ സമയം നോക്കി മറ്റൊരാള്‍ വന്ന് ആ വെള്ളം തന്റെ കൃഷിയിടത്തിലേക്ക് തിരിച്ചു വിടുന്നു. ഇതുമൂലം ആദ്യം കണ്ട കര്‍ഷകന്റെ വിളകള്‍ ഉണങ്ങി വീഴുന്നു. ആദ്യത്തെ പ്രകടനം കൈയടിച്ചു പ്രോത്സഹിപ്പിച്ചതിന്റെ ആവേശത്തില്‍ മറ്റൊരെണ്ണം കൂടി അവതരിപ്പിച്ചു. പൈപ്പ് വെള്ളത്തിനുവേണ്ടി തമ്മലടിക്കുന്നവര്‍, അവരുടെ വഴക്കു തീര്‍ന്നുവരുമ്പോഴേക്കും വെള്ളം തീര്‍ന്നുപോകുന്ന പൈപ്പ്. അതായിരുന്നു തീം.

എന്താണു തങ്ങള്‍ ചെയ്തതെന്നു വിശദീകരിക്കുന്നതിനിടയില്‍ അവരോട് തിരിച്ചു ചോദിച്ചു; ഇതൊക്കെ നിങ്ങളുടെ നാട്ടില്‍ നടക്കുന്നതാണോ? അതേയെന്നവര്‍ ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു. ഇതൊക്കെ മാറാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? ഞങ്ങള്‍ പഠിച്ചു ജോലി വാങ്ങിച്ചിട്ട് എല്ലാരേം രക്ഷിക്കും; എത്ര നിഷ്‌കളങ്കമായണവര്‍ പറഞ്ഞത്. പഠിത്തമുണ്ടെങ്കില്‍ നല്ല ജോലി കിട്ടുമെന്നും ജോലി കിട്ടിയാല്‍ തങ്ങളുടെ ഊരുകള്‍ രക്ഷിക്കാമെന്നും അവര്‍ കരുതുന്നുണ്ടാവും…അങ്ങനെയെങ്കില്‍ ആദിവാസി ഉന്നമനം വിദ്യാഭ്യാസത്തിലൂടെ യഥാര്‍ത്ഥ്യമാക്കാവുന്നതേയുള്ളൂ, ബാബുവും ലിറ്റിയുമൊക്കെ ശ്രമിക്കുന്നതുപോലെ…

ഇതൊക്കെയാണെങ്കിലും ഈ കുഞ്ഞുങ്ങളുടെ ഉള്ളില്‍ ചെറിയ സങ്കടങ്ങളുണ്ട്. മറ്റൊന്നുമല്ല വീട്ടുകാരെയും നാടും വീട്ടാണ് ഇനിയുള്ള ജീവിതം. വെക്കേഷന്‍ സമയത്തുമാത്രമാണ് വീട്ടില്‍ പോകാന്‍ അവസരം. പകരം മാതാപിതാക്കള്‍ക്ക് കുട്ടികളെ മാസത്തില്‍ വന്നു കാണാം.

കുട്ടികളെ പോലെ തന്നെ സൈനിക് സ്‌കൂള്‍ ചിട്ടവട്ടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും ധാരണവേണം. അതുകൊണ്ട് ആദ്യം ആറുപേരുടെയും മാതാപിതാക്കളെ സ്‌കൂളില്‍ കൊണ്ടുവന്നു പരിചയപ്പെടുത്തിയിരുന്നു. നാളെ കുട്ടികളുമായി അട്ടപ്പാടിയില്‍ നിന്നും കഴക്കൂട്ടത്ത് എത്തുന്നത് അവരുടെ മാതാപിതാക്കളാണ്. വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും മാതാപിതാക്കള്‍ നേരിട്ട് എത്തണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. അവര്‍ക്ക് ഇനിയും ഇവിടെ വരേണ്ടതുണ്ട്; ബാബു പറഞ്ഞു. 

ഊരില്‍ നിന്നും വലിയ ആഘോഷമായിട്ടാണ് കുട്ടികളെ പറഞ്ഞയച്ചത്. അവിടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ യാതൊരു ശ്രദ്ധയുമില്ലാത്തവരാണ് ആദിവാസി മാതാപിതാക്കളെന്നാണ് പൊതുവെ നമ്മള്‍ പറയുന്ന പരാതി. അവരുടെ സാഹചര്യങ്ങള്‍ അറിയാതെയും അവരോട് ഇടപഴകാതെയുമുള്ള ആരോപണമാണിത്. എല്ലാ അച്ഛനമമ്മാരെയും പോലെ അവര്‍ക്കും സ്വന്തം കുട്ടികളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നുണ്ട്…പക്ഷേ പലപ്പോഴും അതിനുകഴിയാതെ പോവുകയാണ്. അവിടെയാണ് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടലുകള്‍ വേണ്ടത്. അങ്ങനെ വന്നാല്‍ ആറല്ല അതിലേറെ ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തും.

ഞങ്ങള്‍ക്ക് കളിക്കാന്‍ അവിടെ ഒരുപാട് കാര്യങ്ങളുണ്ട്; ആവേശത്തോടെ അനീഷ് പറഞ്ഞു. ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ ഞങ്ങക്കറിയാം. ചരല്‍ വിരിച്ച വീട്ടുമുറ്റത്ത് ഫുട്‌ബോള്‍ തട്ടിക്കൊണ്ട് വിഷ്ണു ഏറ്റുപറഞ്ഞു. പക്ഷേ ഒരു കളി പറ്റില്ല; ഡപ്പ്…

ഒരു കുപ്പിയില്‍ മണ്ണ് നിറച്ച് നടക്കുവയ്ക്കും. കൂട്ടത്തില്‍ ഒരാള്‍ കണ്ണടച്ച് മുപ്പതുവരെ എണ്ണും. ബാക്കിയുള്ളവര്‍ ഈ സമയത്ത് കുപ്പി തട്ടിമറിച്ചിട്ട് ഓടി ഒളിച്ചിരിക്കും. എണ്ണുന്നയാള്‍ കണ്ണുതുറന്ന് കുപ്പി നേരെവച്ചശേഷം ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിക്കാന്‍ നടക്കും. ഇതിനിടയില്‍ ആരെങ്കിലും ഓടിവന്ന് കുപ്പി വീണ്ടും തട്ടിയിട്ടാല്‍ കണ്ണുപൊത്തിയാള്‍ വീണ്ടും എണ്ണാന്‍ തുടങ്ങണം…ഇതാണ് ഡപ്പുകളി…

നമ്മള്‍ ആറു പേരില്ലേ, ഇവിടെയും അതു കളിക്കാലോ, സമാധാനം പറഞ്ഞത് കൂട്ടത്തില്‍ കുഞ്ഞനായ ഹരിയാണ്… 

ഈ കൂട്ടായ്മ തന്നെയാണ് ബാബു പറഞ്ഞതുപോലെ സൈനിക് സ്‌കൂളില്‍ ഇവര്‍ക്ക് ഏറ്റവും തുണയാകുക. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 2016 ബാച്ചിന്റെ അഭിമാനമായി ഈ ആറുകൂട്ടുകാരും മാറണം… അതിനുവേണ്ടി കരുതലോടെ അവര്‍ക്കൊപ്പം നമുക്ക് നില്‍ക്കണം…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍