UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടി: വേറിട്ട അനുഭവം; വേറിട്ട കാഴ്ചകള്‍

Avatar

എഴുത്ത്: മുയിനുദ്ദീന്‍
ചിത്രങ്ങള്‍: മുയിനുദ്ദീന്‍, നിഷിദ സാഹിര്‍, സാംഖ്യന് വി പുരുഷന്‍, ലിജുമോള്‍ ജോസഫ്, പാര്‍വതി നായര്‍


”നിങ്ങളൊന്നും പഠിച്ച വെങ്കായമല്ല പഠിപ്പ്, ഞങ്ങളൊക്കെ പഠിച്ചത് ജീവിതത്തീന്നാണ്.” അഗളിയില്‍നിന്ന് ഉമ്മത്തുംപെട്ടി ബസ് കേറി ഞങ്ങള്‍ താമസിക്കാന്‍ പോവുന്ന ഊരിലേക്ക് പോകുന്ന വഴി ബസ്സില്‍വച്ച് ഒരാള്‍ പറഞ്ഞു. മദ്യലഹരിയിലാണെങ്കിലും അയാള്‍ പറഞ്ഞതില്‍ വ്യത്യസ്തമായ ഒരു ചിന്തയുണ്ടെന്ന് എനിക്ക് തോന്നി.

സ്വന്തം ജീവിതവും ജീവിതശൈലിയും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കുന്നവരാണ് നമ്മളിലേറെയും. അയാള്‍ പറഞ്ഞ, അയാള്‍ പഠിച്ച ജീവിതം എനിക്കും അറിയണം എന്ന് തോന്നി. ബസ്സില്‍നിന്ന് ഇറങ്ങും വരെ ഇതിനുള്ള മാര്‍ഗങ്ങളെകുറിച്ചുള്ള ചിന്തയിലായിരുന്നു. തലേദിവസം പിള്ളമാഷും, ഫാ.ജെയ്മസും പറഞ്ഞുകേട്ടതെല്ലാം വച്ചുകൂട്ടിയ ഒരു ആദിവാസിയായിരുന്നു അപ്പോള്‍ മനസ്സില്‍ മുഴുവനും.

28 വര്‍ഷമായി തന്റെ ജന്മനാടായ ആലപ്പുഴവിട്ട് അഗളിയില്‍ വന്ന് അധ്യാപനജോലി ചെയ്തിരുന്ന പിള്ളസാറിന് ആദിവാസി ജീവിതത്തെ കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു. ആദിവാസികള്‍ക്കിടയില്‍ വലിയൊരു മാറ്റം ആഗ്രഹിക്കുന്ന ആളായിരുന്നു അദ്ദേഹം. തീവ്ര മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരനാണ് മാഷ്. എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കണമെന്ന ആശയം കൊണ്ടുനടക്കുന്നയാള്‍. ഈ ഒരു ആശയം ആദിവാസി ജീവിതത്തിലും മുന്നോട്ടുവെച്ചാല്‍, അവരുടെ ജീവിതശൈലികളില്‍ മാറ്റം വന്നാല്‍, അത് അവരുടെ നിലനിലനില്‍പ്പിനെ ബാധിക്കില്ലെ എന്ന ചോദ്യം നിഷിദ (ഒരു വിദ്യാര്‍ഥി) ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നമ്മളെല്ലാവരും സ്വാര്‍ത്ഥര്‍ ആണെന്നും ഇത്തരത്തിലുള്ള ചിന്തകളെ നമ്മള്‍ ആദ്യം പറിച്ച് കളയണമെന്നുമായിരുന്നു.

മാഷ് ഉദ്ദേശിക്കുന്ന ഒരു മാറ്റം ആദിവാസികളില്‍ ഉണ്ടാവണം എന്നാണ് എന്റെ അഭിപ്രായം. കാരണം നമ്മുടെ ഇടയില്‍ ആദിവാസി എന്നു പറയുന്നത് ചൂണ്ടിക്കാണിക്കാനുള്ള ഒരു വസ്തുവായി മാറുകയാണ്. നമ്മുടെ മക്കള്‍ക്കും, മക്കളുടെ മക്കള്‍ക്കും, ”ഇതാ ഇവരാണ് ആദിവാസി” എന്ന് കാണിക്കാന്‍ വേണ്ടി. അവരും മനുഷ്യരാണ് എന്ന് നാം ആ നിമിഷത്തില്‍ മറന്നുപോവുന്നു. മാഷ് ചൂണ്ടിക്കാണിച്ച വികസനം അവരില്‍ ഉണ്ടാക്കി നമ്മുടേത് പോലെ ഒരു ജീവിതം അവരില്‍ ഉണ്ടാവുന്നത് നല്ലതാണ്.

അതേസമയം ഇതിന്റെ മറ്റാരു വശം ഇങ്ങനെയാണ്, അവരുടെ ജീവിതരീതി അവര്‍ പിന്തുടരട്ടെ. അവര്‍ക്കതില്‍ സുഖവും സമാധാനവും ലഭിക്കുന്നുണ്ട്. രൂപേഷ് മാഷ് (ഡോക്യുമെന്ററി സംവിധായകന്‍) പറഞ്ഞതുപോലെ നമ്മളെന്തിന് അവരുടെ തന്തമാര്‍ ആവാന്‍ ശ്രമിക്കണം. അവര്‍ക്ക് വേണ്ട വികസനം കാലം മാറവെ അവരില്‍ ഉണ്ടാവും. ഇതു ഞാന്‍ പറയാന്‍ കാരണം ഞങ്ങള്‍ അവിടെ കണ്ട ആദിവാസി ജീവിതം ഞാന്‍ ഇതുവരെ മനസ്സില്‍ കണ്ടതൊന്നും അല്ലായിരുന്നു. മാധ്യമങ്ങളിലൂടെ എന്റെ മനസ്സിലുണ്ടായിരുന്ന പട്ടിണി പാവങ്ങളായ മനുഷ്യരായിരുന്നില്ല അവര്‍.

ഉച്ചകഴിഞ്ഞ് ഫാദര്‍ ജെയ്മസ് ഞങ്ങളുമായി സംസാരിച്ചു. തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരുന്നു അദ്ദേഹത്തിന്റെത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു ആദിവാസിയെ അവിടെ കാണാന്‍ പറ്റില്ല എന്നും,  അവരെ കണ്ടശേഷം മനസ്സിലാക്കുകയാണ് നല്ലതെന്നും പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍ ആദിവാസികളെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു.

ആദി. ഫാദര്‍ ജെയ്മസ് നടത്തുന്ന സ്ഥാപനം. ഒരു മലഞ്ചെരിവില്‍ തികച്ചും പരിസ്ഥിതികമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടവും ചുറ്റുപാടും. ആദിവാസി ജീവിതരീതിയും അവരുടെ സംസ്‌കാരവും ആരോഗ്യ രീതിയും അതുപോലെ മുന്നോട്ടു കൊണ്ടുപോവാന്‍ അവരുടെ സഹായത്തോടുകൂടിയാണ് സ്ഥാപനം നടത്തുന്നത്.

ഞങ്ങള്‍ പോവുന്ന പട്ടണക്കല്‍ എന്ന ഊരിലെ എസ്ടി പ്രമോട്ടര്‍ ആയ മുരുകന്‍ ചേട്ടനെ ഫാദര്‍ പരിചയപ്പെടുത്തി. ആദിയില്‍നിന്ന് ഊരിലേക്കുള്ള ബസ് കയറി ഊരിലേക്ക് പോവുന്ന വഴി ഞാന്‍ ക്യാമറ ഓണ്‍ ചെയ്തു. നഗരകാഴ്ചകള്‍ കണ്ടുമടുത്ത ക്യാമറ കാട്ടിലെ ശബ്ദതാളവും പച്ചപ്പും ഒരു സുഖത്തോടുകൂടി കാണുന്നുണ്ടാവുമായിരിക്കാം.

മുരുകന്‍ ചേട്ടന്റെ സഹായത്തോടുകൂടി കുത്തിയൊലിച്ചിറങ്ങുന്ന പുഴ ഞങ്ങള്‍ കടന്നു. ഉരുളന്‍ കല്ലുകളും കാല് കോച്ചുന്ന പുഴയിലെ തണുത്ത വെള്ളവും അവരുടെ ഭാഗമായതിനാലായിരിക്കാം നിഷ്പ്രയാസം പ്രകൃതി അവര്‍ക്ക് വഴിമാറി കൊടുക്കുന്നത്.  മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തത്തിനാല്‍ സന്തോഷപൂര്‍വ്വം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ബാഗിലിട്ട് ചാണകംതേച്ച നിലത്തിലൂടെ ഞങ്ങള്‍ താമസിക്കാന്‍ പോവുന്ന വീടുകളിലേക്ക് നടന്നു നീങ്ങി.

(തേവര എസ് എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനില്‍ മാധ്യമ വിദ്യാര്‍ഥികള്‍) 

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍