UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്ന് കോടതി പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍മാണ് ഈ കേസ് എന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് 50 ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാലാണ് അനുശാന്തിക്ക് കോടതി വധശിക്ഷ നല്‍കാത്തത്. അവരുടെ ആരോഗ്യ സ്ഥിതിയും കണക്കിലെടുത്തു. അതിക്രൂരമായ കൊലപാതകമെന്ന് കോടതി വിലയിരുത്തി. പിഞ്ചുകുഞ്ഞിനെ ക്രൂരമായി നിനോ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാനാകില്ല. ഒരു കുഞ്ഞിന്റെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ സ്ത്രീയെ കൊലപ്പെടുത്തി. പ്രതികള്‍ കുറ്റം ചെയ്തത് കാമപൂര്‍ത്തീകരണത്തിനും അവിഹിതത്തിനും വേണ്ടിയെന്നും എത്ര പെര്‍ഫ്യൂം കൊണ്ട് കൈകഴുകിയാലും നിനോയുടെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി പറഞ്ഞു.

ടെക്‌നോപാര്‍ക്കില്‍ ജീവനക്കാരായിരുന്ന ഇരുവരും പ്രണയത്തിലാകുകയും ഒരുമിച്ചു ജീവിക്കുന്നതിനായി അനുശാന്തിയുടെ ഭര്‍ത്താവിനേയും കുഞ്ഞിനേയും വകവരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. നാലുവയസ്സുള്ള കുഞ്ഞ് സ്വാസ്തികയേയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും നിനോ കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് ലിജീഷ് പറഞ്ഞു. 

അന്വേഷണ സംഘത്തേയും പ്രോസിക്യൂട്ടറേയും കോടതി അഭിനന്ദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍