UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക വിധി; ഉള്ളില്‍ നിന്ന് ചീഞ്ഞ വൃക്ഷത്തിന് തൊലിപ്പുറത്ത് ഒട്ടിച്ച പ്ലാസ്റ്റര്‍

അഫ്‌സല്‍ ഗുരുവിനേയും മേമനേയും തൂക്കിലേറ്റിയതിനെതിരായി സംസാരിച്ച ആക്ടിവിസ്റ്റുകളോ മനുഷ്യസ്‌നേഹികളോ നിനോ മാത്യുവിനെ തൂക്കാന്‍ വിധിച്ച വിധിന്യായത്തോട് പ്രതികരിച്ചില്ല. വിധി കേട്ട സാംസ്‌കാരിക കേരളം തൃശൂര്‍ പൂരം കണ്ട നിര്‍വൃതിയില്‍ പുളകിതയായി നിന്നു. കൂട്ടത്തില്‍, അമ്മയും മകളും നഷ്ടപ്പെട്ടതിനു പുറമെ ഭാര്യയും നഷ്ടപ്പെടാന്‍ പോകുന്ന അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷും. എല്ലാവര്‍ക്കും സന്തോഷം. ആറ്റിങ്ങലില്‍ മധുരപലഹാര വിതരണം. സദാചാര വിരുദ്ധമായ ചിന്തകള്‍ പോലും ഇല്ലാത്ത മലയാളികള്‍ തങ്ങളുടെ സദാചാരദൈവത്തെ തകര്‍ത്ത നിനോവിന്റെയും, അനുശാന്തിയുടേയും സദാചാരപ്രവര്‍ത്തനത്തെ ഓര്‍ത്ത് ദുഃഖിച്ചു.

പക്ഷേ, ഏറ്റവും കൂടുതല്‍ ദുഃഖിച്ചതും ഏറ്റവും കൂടുതല്‍ സദാചാരചിന്തകള്‍ ഉണര്‍ത്തിയതും ഏറ്റവും കൂടുതല്‍ വികാരത്തിന് അടിമപ്പെട്ടതും വിധിന്യായം നടത്തിയ ജഡ്ജിയായിരുന്നു. ന്യായാധിപന്‍മാര്‍ വികാരത്തിന് അടിപ്പെട്ടു എന്ന് വിധിന്യായത്തില്‍ തന്നെ പ്രകടമാകുമ്പോള്‍, നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ ഒബ്ജെക്ടീവിറ്റി നീതിന്യായവ്യവസ്ഥയില്‍ ഒരിക്കലും ഇടം നേടികൂടാത്ത സബ്ജക്റ്റീവിറ്റിക്ക്  വിധേയമായി എന്നു വേണ്ടേ മനസ്സിലാക്കാന്‍?

വിധിയ്ക്കപ്പുറം, വിധിന്യായത്തിലെ ചില സദാചാര-ക്ഷോഭ പ്രകടനങ്ങളെ ആധാരമാക്കിക്കൊണ്ടാണ് ഈ കുറിപ്പ്.

നീനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള ബന്ധത്തെ ‘അവിഹിതം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

ഹിതം എന്നാല്‍ ഇഷ്ടമുള്ളത് എന്നാണ് അര്‍ത്ഥം. അപ്പോള്‍, ഇരുവരും തമ്മിലുള്ള, ഉഭയകക്ഷിസമ്മത പ്രകാരമുള്ള ബന്ധം എങ്ങനെയാണ് അവിഹിതമാകുന്നത്? അതല്ലേ, യഥാര്‍ത്ഥത്തില്‍ ഹിതമായുള്ള ബന്ധം? അനുശാന്തിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വളരെയേറെ ഹിതകരമായിരുന്നു എങ്കില്‍ അനുശാന്തി നിനോ മാത്യുവുമായി ബന്ധം സ്ഥാപിക്കില്ലായിരുന്നു. ആ ബന്ധം ഇരട്ടകൊലപാതകം വരെ എത്തില്ലായിരുന്നു.

വിവാഹത്തിനുള്ളിലുള്ളതെല്ലാം ഹിതവും വിവാഹത്തിന് പുറത്തുള്ളതെല്ലാം അഹിതവുമാണെന്ന് ന്യായാധിപയോട് ആരാണ് പറഞ്ഞത്? ഏത് നിയമപുസ്തകത്തിലാണ് അങ്ങനെയുള്ളത്? പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധം നടത്തുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റമല്ല എന്ന വസ്തുത ന്യായാധിപ എന്തുകൊണ്ടാണ് കാണാതെ പോയത്? ന്യായാധിപയുടെ കണ്ണും സദാചാര പോലീസിന്റെ കണ്ണും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്.

കുറ്റം കൊലപാതകമാണ്. കൊലപാതകത്തിനുമുമ്പുള്ള വിവാഹതരബന്ധമല്ല. ഈ വ്യത്യാസം വികാരത്തള്ളിച്ചയില്‍ ന്യായാധിപ മറന്നുപോയി. പുരുഷനും സ്ത്രീയും വിവാഹം  കഴിക്കുന്നത് വിവാഹേതരബന്ധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമാണ്. വിവാഹത്തിന് മുമ്പ് വരന്റേയും വധുവിന്റേയും മാതാപിതാക്കള്‍ കാളക്കച്ചവടത്തിലെന്നപോലെ പണമിടപാടുകളെ കുറിച്ചു സംസാരിക്കുമ്പോള്‍, ഒരുമിച്ചു ജീവിക്കേണ്ടവരുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ അവര്‍ തമ്മില്‍ ചര്‍ച്ചചെയ്യാനുള്ള അവസരം നമ്മള്‍ ഒരുക്കാറുണ്ടോ? ഈ ചോദ്യം പോലും സദാചാരവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാം എന്ന ബോധ്യത്തോടെയാണ് ഇത് ചോദിക്കുന്നത്. വിവാഹത്തിന് മുമ്പ് എന്നതുപോലെ, വിവാഹശേഷം ഭാര്യയും ഭര്‍ത്താവും സ്വന്തം ലൈംഗികതാല്‍പ്പര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ടോ? തനിയ്ക്ക് ഓറല്‍ സെക്സ് ആവശ്യമാണെന്ന് പറയുന്ന ഭര്‍ത്താവിനോട് ”ഞാനൊരു വേശ്യയാണോ?” എന്ന് ചോദിക്കുന്ന ഭാര്യമാരും, തനിയ്ക്ക് ഓറല്‍ സെക്സ് വേണമെന്ന് ആവശ്യപ്പെടുന്ന ഭാര്യയോട്  ”നീ ഇതൊക്കെ ആരില്‍ നിന്നും പഠിച്ചു?” എന്നും ചോദിക്കുന്ന ഭര്‍ത്താക്കന്‍മാരുമാണ് നമ്മുടെ കുടുംബത്തിനുള്ളിലെ മാതൃകാ ദമ്പതികള്‍. ഇവര്‍ തന്നെയാണ് സ്വന്തം ലൈംഗിക സംതൃപ്തിക്കുവേണ്ടി, ഭര്‍ത്താവില്‍ നിന്നോ ഭാര്യയില്‍ നിന്നോ കിട്ടാത്തത് തേടി, കാമുകനേയോ കാമുകിയേയോ കണ്ടെത്തുന്നത്. ലൈംഗികതൊഴിലാളികളായ സ്ത്രീകളുടെയും പുരുഷന്‍മാരുടേയും അടുത്തുപോകുന്ന പുരുഷന്‍മാരില്‍ ഭൂരിഭാഗവും വിവാഹിതരായ പുരുഷന്‍മാരാണ്. അവര്‍ക്ക് വേണ്ട ലൈംഗിക സംതൃപ്തി സ്വന്തം ഭാര്യയില്‍ നിന്ന് കിട്ടുന്നില്ല എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള പുരുഷ ലൈംഗിക തൊഴിലാളികളെ  ലഭിയ്ക്കാത്തതു കാരണമാണ് വിവാഹിതരായ സ്ത്രീകള്‍ രഹസ്യ കാമുകന്‍മാരെ തേടുന്നത്. ലൈംഗികവാഞ്ച സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ പലപ്പോഴും കഴിയുന്നത് കാമുകനോടോ കാമുകിയോടോ ലൈംഗികതൊഴിലാളിയോടോ ആണ്. സ്വന്തം ഇഷ്ടം പ്രകടിപ്പിക്കുന്ന അത്തരം ബന്ധങ്ങളെയാണ് ന്യായാധിപ ‘അവിഹിത ബന്ധം’ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്.

സ്വന്തം കാമപൂര്‍ത്തീകരണത്തിനുവേണ്ടിയായിരുന്നു അനുശാന്തി ഇത്തരമൊരു അവിഹിതബന്ധത്തിന് പോയത് എന്നാണ് ന്യായാധിപയുടെ അടുത്ത കണ്ടെത്തല്‍.

ആളുകള്‍ വിവാഹം കഴിക്കുന്നതും കാമപൂര്‍ത്തീകരണത്തിനു വേണ്ടിയല്ലേ? അല്ലാതെ അടുത്ത തലമുറയെ വാര്‍ത്തെടുക്കാനും സമൂഹത്തിന് ഉത്തമപൗരനെയോ പൗരയെയോ സംഭാവന ചെയ്യാനുമാണോ? സ്വന്തം മാതാപിതാക്കള്‍ ആഹാരവും വസ്ത്രവും കിടപ്പാടവും സ്‌നേഹവും നല്‍കുമ്പോള്‍ മക്കള്‍ വിവാഹിതരാകുന്നത് എന്തിനാണ്? സ്വന്തം കുടുംബത്തില്‍ നിന്നു കിട്ടാന്‍ യാതൊരു സാധ്യതയില്ലാത്ത സെക്‌സിനു വേണ്ടി തന്നെയല്ലേ? അപരിചിതരായ പുരുഷനും സ്ത്രീയും വിവാഹിതരായ അന്നു രാത്രി തന്നെ നടത്തുന്ന ലൈംഗിക പ്രവര്‍ത്തിയെ തന്നെയല്ലേ മധുവിധു രാത്രി എന്നൊക്കെ പറഞ്ഞ് കവികള്‍ വര്‍ണ്ണിക്കുന്നത്? ഒരു ഭാര്യ, സാധാരണഗതിയില്‍, ഒരു ലൈംഗികതൊഴിലാളിയേക്കാള്‍ കൂടുതല്‍ തവണ ലൈംഗികപ്രവൃത്തിയില്‍ പങ്കാളിയാകാറുണ്ട്. കാരണം, ഒരു ലൈംഗിതൊഴിലാളിയുടെ വിപണനസാധ്യതയുള്ള കാലഘട്ടം പത്തോ പതിനഞ്ചോ വര്‍ഷമാണ്. അറുപത് വയസ്സുകഴിഞ്ഞിട്ടും ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. 20 വയസ്സില്‍ വിവാഹം കഴിഞ്ഞ ശേഷം നാല്‍പ്പതു വര്‍ഷമായി ലൈംഗിക ബന്ധം നടത്തിവരുന്ന കുടുംബിനികള്‍ sexual act-ന്‍റെ എണ്ണത്തിന്റെ കാര്യത്തില്‍ പല ലൈംഗിക തൊഴിലാളികളേക്കാളും മുന്നിലാണ്.

ഇനി, വിവാഹബന്ധത്തില്‍ ലൈംഗികപ്രവൃത്തി വേണ്ടവിധം നടക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിനുള്ള ഒരു കാരണമായി അത് മാറുന്നില്ലേ? ഭര്‍ത്താവില്‍ നിന്ന് ലൈംഗികസുഖം കിട്ടാത്ത ഭാര്യ അക്കാര്യം കൊണ്ടുതന്നെ വിവാഹമോചനത്തിന് പോയാല്‍ വെറും കാമപൂര്‍ത്തീകരണത്തിനുവേണ്ടിയാണ് ഈ സ്ത്രീ കോടതിയില്‍ വന്നത് എന്ന് പറഞ്ഞ് കോടതിക്ക് കേസ് തള്ളിക്കളയാന്‍ കഴിയുമോ? അല്ലെങ്കില്‍ തന്നെ, കാമപൂര്‍ത്തീകരണം എന്താ തെറ്റായ കാര്യമാണോ?

കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനമാണെന്നാണ് വിധിന്യായത്തില്‍ പറയുന്നത്.

എന്താണ് ഈ മാതൃത്വം? It is just a socially conditioned synthetic sentiment. മാതൃത്വം കൃത്രിമമാണ്. ലൈംഗികചോദന പ്രകൃതിദത്തമാണ്. മനുഷ്യരെ സംബന്ധിക്കുന്ന ഇത്തരം അടിസ്ഥാന കാര്യങ്ങള്‍, നിയമത്തില്‍ പറയുന്നില്ലായിരിക്കാം. പക്ഷെ, അതിനര്‍ത്ഥം ഇത്തരം കാര്യങ്ങള്‍, അവയുടെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാതെ, വിധിന്യായത്തില്‍ ചേര്‍ക്കാമെന്നല്ല.

പ്രസവശേഷം കുഞ്ഞിനെ കൊല്ലുന്നതു മാത്രമാണോ മാതൃത്വത്തിന് അപമാനം? ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചുതന്നെ കൊല്ലുന്നതോ? വളര്‍ച്ചയുടെ ആദ്യഘട്ടത്തിലാണെങ്കില്‍, പൊക്കിള്‍ക്കൊടി വഴി ആഹാരം എത്തുന്നത് തടഞ്ഞുകൊണ്ട് ഭ്രൂണത്തെ (സ്വന്തം കുഞ്ഞിനെ) പട്ടിണിക്കിട്ട് കൊല്ലുന്നു. കുറച്ചുകൂടി വളര്‍ച്ച എത്തിയ ഭ്രൂണത്തെ (സ്വന്തം കുഞ്ഞിനെ) കത്രികകൊണ്ട് ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ചുതന്നെ, ഡോക്ടര്‍മാര്‍ മുറിച്ചു കഷണങ്ങളാക്കുന്നതിന് അമ്മ സമ്മതം കൊടുക്കുന്നു. ഭ്രൂണം (സ്വന്തം കുഞ്ഞ്) കുറച്ചുകൂടി വളര്‍ച്ചയെത്തിയാല്‍, അതിന്റെ തലയോട് രൂപപ്പെട്ടുകഴിഞ്ഞാല്‍, തന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് ഭ്രൂണത്തിന്റെ തലയോട് പൊട്ടിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ അമ്മ ഡോക്ടര്‍മാര്‍ക്ക് സമ്മതം കൊടുക്കുന്നു. ഇനി, കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയശേഷം പ്രസവസമയത്ത് ഉണ്ടാകുന്ന കോമ്പ്ലിക്കേഷനെ തുടര്‍ന്ന് കുഞ്ഞോ അമ്മയോ ആരെങ്കിലും മാത്രമേ രക്ഷപ്പെടൂ എന്നു വന്നാല്‍ അപ്പോഴും കുഞ്ഞിനെ കൊന്ന് അമ്മയെ രക്ഷിക്കും. ഇതൊക്കെ നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി നടക്കുന്ന കൊലപാതകങ്ങളാണ്. ഈ കൊലപാതകങ്ങളിലൊക്കെ കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും അനുവാദം വേണമെന്നും നിയമം പറയുന്നു. അപ്പോള്‍ അതാണ് കാര്യം. പൊതുസമൂഹത്തിനു സ്വീകാര്യമായ രീതിയിലാണെങ്കില്‍ സ്വന്തം കുഞ്ഞിന്റെ കൊലപാതകത്തിന് അമ്മയ്ക്കും അച്ഛനും കൂട്ടുനില്‍ക്കാം. അത് മാതൃത്വത്തിന്റെ മേലുള്ള കളങ്കമല്ല. കൊലപാതകം പ്രസവശേഷമാണെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. അതിലേറെ മാതൃത്വത്തിനേറ്റ കളങ്കമാണ്.

സ്വന്തം ബീജം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച ശേഷം പണിതീര്‍ന്ന മട്ടില്‍ പോകുന്ന പുരുഷന് സ്വന്തം കുഞ്ഞിനെ പുറത്തുകൊണ്ടുവരാനും അതിനെ വളര്‍ത്താനും സ്ത്രീ വേണം. അതിനാണ് സ്ത്രീയ്ക്ക് മാതൃത്വത്തിന്റെ ദൈവിക പരിവേഷം പുരുഷന്‍ കല്‍പിച്ചു നല്‍കിയത്. അതൊരു ചതിക്കുഴിയാണ്. വീട്ടമ്മയ്ക്കും ടെക്കിക്കും ഭരണാധികാരിക്കും ന്യായാധിപയ്ക്കും പുറത്തുകടക്കാന്‍ കഴിയാത്ത ചതിക്കുഴി.

ഒരു പഴയ സംഭവം ഓര്‍മ്മവരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ശാരദാ മുരളീധരന്റെ ആദ്യ കവിതാസമാഹാരമായ Swish of Violet-ന്റെ പ്രകാശനം തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടക്കുന്നു. അയ്യപ്പപണിക്കരാണ് പുസ്തകപ്രകാശനം നടത്തിയത്. അനുമോദിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന അയ്യപ്പപണിക്കര്‍ കവിതകളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സദസ്സില്‍ ഒരു ഭാഗത്തായി അന്നത്തെ ടൂറിസം ഡയറക്ടറും ശാരദാ മുരളീധരന്റെ ഭര്‍ത്താവുമായ ഡോ. വേണുവും ഉണ്ടായിരുന്നു. ചടങ്ങില്‍ നന്ദി പറയവേ ശാരദ  മുരളീധരന്‍ ഇങ്ങനെ പറഞ്ഞു: ”എന്റെ ജീവിതത്തിലെ ആദ്യത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്റെ ആദ്യത്തെ കുട്ടി പിറന്നപ്പോളായിരുന്നു. എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്റെ രണ്ടാമത്തെ കുട്ടി പിറന്നപ്പോഴായിരുന്നു.” തന്റെ ആദ്യത്തെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു ശാരദ മുരളീധരന്റെ മാതൃത്വം അണപൊട്ടിയൊഴുകിയത്. മറ്റൊരിടത്തുവച്ച് കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ശാരദാ മുരളീധരനോട് ചോദിച്ചു: ”പിന്നെന്തുകൊണ്ടാണ് ആ മഹത്തായ അനുഭവം രണ്ടില്‍ നിര്‍ത്തിക്കളഞ്ഞത്? ഓരോ വര്‍ഷവും മാതൃത്വത്തിന്റെ മഹനീയ നിമിഷങ്ങള്‍ എന്തുകൊണ്ട് ആസ്വദിക്കാന്‍ തയ്യാറായില്ല?” ശാരദാ മുരളീധരന്‍ അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് മറുപടി പറയാതെ പോയി.

വാസ്തവത്തില്‍, എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക് സ്വന്തം ഭ്രൂണത്തെ സ്‌നേഹിക്കാന്‍ കഴിയുക? അണ്ഡ-ബീജ സങ്കലനത്തിനുശേഷം  ഭ്രൂണം സ്ത്രീയുടെ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. കാരണം, അത് ജീവന്റെ പുതിയ തുടിപ്പാണ്. വംശം നിലനിര്‍ത്തുന്നത് ഈ പുതു ജീവനിലൂടെയാണ്. അതിനുവേണ്ടിയാണ് പ്രകൃതി മനുഷ്യശരീരത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തിന്റെ ലക്ഷ്യം ജീവന്റെ തുടര്‍ച്ചയിലെ പുതിയ കണ്ണിയായി സ്വയം രൂപാന്തരപ്പെടുകയാണ്. അതിനുവേണ്ടി, ആവശ്യമെങ്കില്‍, അമ്മയുടെ മരണകാരണമായിപ്പോലും ഭ്രൂണം വളരും; പുറത്തുവരും. അതായത് അമ്മയെ കൊന്നും കുഞ്ഞ് പുറത്തുവരും. തന്റെ പൊട്ടന്‍ഷ്യല്‍ കില്ലറിനെ എങ്ങനെയാണ് ഒരു സ്ത്രീയ്ക്ക്, സത്യസന്ധമായി, സ്‌നേഹിക്കാന്‍ കഴിയുക? പക്ഷെ, അത്തരം  ചിന്തകളിലേക്ക് സ്ത്രീയെ വിടാതെ മാതൃത്വത്തിന്റെ ദൈവികപരിവേഷത്തിനുള്ളില്‍ അവളെ നിര്‍ത്തേണ്ടത് പുരുഷന്റെ ആവശ്യമാണ്. അങ്ങനെയാണ് മാതൃത്വം എന്ന നുകം പുരുഷന്‍ സ്ത്രീയുടെ മേല്‍ കെട്ടിവച്ചത്. ഈ മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്നാണ് ന്യായാധിപ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.

ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അനുശാന്തിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് എന്നതാണ് വിധിന്യായത്തിലെ ഏറ്റവും വിചിത്രമായ ഭാഗം. ഭരണഘടനയിലോ മറ്റേതെങ്കിലും നിയമപുസ്തകത്തിലോ കുറ്റവാളിക്ക്, അവര്‍ സ്ത്രീയായതുകൊണ്ട് ശിക്ഷയില്‍ ഇളവുണ്ടാകും എന്ന് പറഞ്ഞിട്ടുണ്ടോ? ഒരു കുറ്റവാളിയെ സ്വന്തം വികാരത്തള്ളിച്ചയുടെ കണ്ണിലൂടെ വിലയിരുത്താന്‍ ന്യായാധിപന്‍മാര്‍ക്ക് നിയമപരമായി അവകാശമുണ്ടോ? കണ്ണുമൂടിക്കെട്ടിയിരിക്കുന്ന ദേവതയല്ലേ നീതി നിര്‍വ്വഹണത്തിന്റെ പ്രതീകം?

വിധി വന്നശേഷം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ രണ്ടു പുരുഷന്‍മാരെക്കുറിച്ചു കൂടി പറഞ്ഞുകൊള്ളട്ടെ. ആദ്യത്തേത് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷാണ്. മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ലിജീഷ് ശിക്ഷാവിധി കേള്‍ക്കാന്‍ എത്തിയിരുന്നു. അമ്മയും മകളും നഷ്ടപ്പെട്ട പുരുഷനാണ് ലിജീഷ്. വിധിന്യായത്തിലൂടെ ഭാര്യയും, എല്ലാ അര്‍ത്ഥത്തിലും, നഷ്ടമായി. അപ്പോഴും, ചിരിക്കുന്ന മുഖവുമായി ലിജീഷ് ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ നിന്നു പറയുന്നു. ”കോടതിവിധിയില്‍ ഞാന്‍ പൂര്‍ണ്ണസംതൃപ്തനാണ്.” അമ്മയേയും കുഞ്ഞിനേയും കൊല്ലുന്നതിന് കൂട്ടുനിന്ന ഭാര്യയെ ഇരട്ടജീവപര്യന്തത്തിന് ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ വരാതിരിക്കാനുള്ള മര്യാദയെങ്കിലും, വാസ്തവത്തില്‍, ഈ പുരുഷന്‍ കാണിക്കണമായിരുന്നു. നിനോ മാത്യുവുമായുള്ള ഭാര്യയുടെ ബന്ധത്തെക്കുറിച്ച് ലിജീഷിന് അറിമായിരുന്നു എന്നും അത് തുടരരുത് എന്ന്  ഭാര്യയോട് പറഞ്ഞിരുന്നുവെന്നുമാണ് കേള്‍ക്കുന്നത്. ഭാര്യയുടെ പരപുരുഷബന്ധം അറിഞ്ഞപ്പോഴെങ്കിലും തന്റെ ഭാര്യയുടെ ലൈംഗീക ആവശ്യങ്ങള്‍ എന്താണെന്നോ നിനോ മാത്യുവില്‍ നിന്ന് തന്റെ ഭാര്യയ്ക്ക് കിട്ടുന്നത് എന്തുകൊണ്ട് ഭര്‍ത്താവായ തനിക്ക് കൊടുക്കാന്‍ കഴിയാത്തതെന്നോ എന്തുകൊണ്ടാണ് ഈ മാതൃകാ പുരുഷന്‍ ചിന്തിക്കാതെ പോയത്? അനുശാന്തിയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ലഭ്യമാകാതെ പോയത് ലൈംഗിക സംതൃപ്തിയായിരുന്നു എങ്കില്‍ അത് നേടാനുള്ള അവകാശവും അധികാരവും സ്വാതന്ത്ര്യവും ഒരു സ്ത്രീയെന്ന നിലയില്‍ അനുശാന്തിക്കുണ്ട്. ശിക്ഷാവിധി കേട്ടശേഷം പരിപൂര്‍ണ്ണ തൃപ്തനായി ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഈ മാതൃകാപുരുഷനെ എങ്ങനെയാണ് ഒരു സ്ത്രീ ഇത്ര നാളും സഹിച്ചത്? ഒരര്‍ത്ഥത്തില്‍, ഇരട്ടക്കൊലപാതകത്തിന്റെ വിത്ത് മുളപൊട്ടിയത് അനുശാന്തിയും, നിനോ മാത്യുവും തമ്മിലുള്ള ‘ഹിതബന്ധ’ത്തില്‍ നിന്നല്ല; മറിച്ച് അനുശാന്തിയും ലിജീഷും തമ്മിലുള്ള ‘അവിഹിതബന്ധ’ത്തില്‍ നിന്നാണ്.

രണ്ടാമത്തെ മാതൃകാ പുരുഷന്‍ നിനോ മാത്യുവിന്റെ പിതാവാണ്. അദ്ദേഹത്തിന്റെ സാക്ഷിമൊഴിയായിരുന്നു കൊലപാതകി നിനോ മാത്യു തന്നെയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴി. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ കള്ളനെ രക്ഷിക്കാന്‍ പോലീസുകാരനോട് നുണ പറയുന്ന ബിഷപ്പിലെ മനുഷ്യത്വം വാഴ്ത്തുന്ന നമ്മള്‍ക്ക് എങ്ങനെയാണ് മകന് തൂക്കുകയര്‍ ഒരുക്കുന്ന നിര്‍ണ്ണായക മൊഴി നല്‍കി സത്യം പറയുന്ന നിനോ മാത്യുവിന്റെ അച്ഛനേയും വാഴ്ത്താന്‍ കഴിയുന്നത്? At the other end of your virtue stands its own victim. അനുശാന്തിയുടെ തിന്മയും നിനോമാത്യുവിന്റെയും അച്ഛന്റെ നന്മയും ഇരുവരുടേയും മക്കളുടെ മരണത്തില്‍ ചെന്നു നില്‍ക്കുന്നു.

അടിക്കുറിപ്പ്
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് ഞാന്‍ കൗണ്‍സിലിംഗ് നടത്തുന്ന അയ്യായിരത്തിലേറെ  മലയാളി കുടുംബങ്ങളുടെ രേഖാചിത്രം എനിക്കറിയാം. അതില്‍ ബഹുഭൂരിപക്ഷവും വിവാഹേതരബന്ധങ്ങളെ തുടര്‍ന്നുള്ള വഴക്കോ ആത്മസംഘര്‍ഷങ്ങളോ ആണ്. പങ്കാളിയുടെ ലൈംഗികതാല്‍പ്പര്യങ്ങള്‍ക്ക് ഇഷ്ടമില്ലാതെ വഴങ്ങിക്കൊടുക്കുന്നവരും സ്വന്തം ലൈംഗിക താല്‍പ്പര്യങ്ങള്‍ ജീവിത പങ്കാളിയുമായി പങ്കുവയ്ക്കാന്‍ കഴിയാത്തവരുമുണ്ട്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിലേറെയായിട്ടും കന്യകയായി ജീവിക്കുന്ന ടെക്കികളും ഭര്‍ത്താവില്‍ നിന്ന് ലൈംഗികസുഖം ലഭിക്കാത്ത ഡോക്ടര്‍മാരുമുണ്ട്. മറ്റൊരു പുരുഷനുമായി ജീവിക്കാന്‍ ആഗ്രഹിക്കുമ്പോഴും മാതാപിതാക്കളുടേയും അഭ്യുദയകാംക്ഷികളുടേയും ഇഷ്ടത്തിനു വിപരീതമായി തീരുമാനമെടുക്കാന്‍ കഴിയാതെ വേദനിച്ചു ജീവിക്കുന്ന ധാരാളം അമ്മമാരുണ്ട്. ഇവരൊക്കെ എന്താണ് ചെയ്യേണ്ടത്?

കേരളത്തിലെ സ്ത്രീ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ആ മാറ്റങ്ങളുടെ പ്രതിഫലനം അവളുടെ കാഴ്ച്ചപ്പാടിലും ലൈംഗിക ഇഷ്ടാനിഷ്ടങ്ങളിലും പ്രകടമാണ്. എന്നാല്‍, കേരളത്തിലെ പുരുഷന്‍മാര്‍ നൂറുവര്‍ഷം മുമ്പ് ജീവിക്കുന്നയാളാണ്. സ്ത്രീയെ ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത ഏജന്‍സികളൊന്നും പുരുഷനെ ബോധവല്‍ക്കരിക്കാനോ ശാക്തീകരിയ്ക്കാനോ തയ്യാറായിട്ടില്ല.

സ്ത്രീ പുരുഷനു തുല്യയാണെന്ന് സ്ത്രീയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആരും പുരുഷന്റെ അധികാരം സ്ത്രീയുടേതിനു തുല്യമാണെന്ന്‍ ഒരു പുരുഷനോടും പറയില്ല. വിവാഹം എന്ന സമ്പ്രദായം നിലനില്‍ക്കേ തന്നെയാണ് പുരുഷന്‍ സ്ത്രീലൈംഗിക തൊഴിലാളികളേയും പുരുഷ ലൈംഗികതൊഴിലാളികളേയും നിലനിര്‍ത്തിപ്പോരുന്നത്. പുരുഷനു തുല്യയായ സ്ത്രീ പുരുഷനെപ്പോലെ തന്നെ പെരുമാറുന്നതില്‍ എന്തിനാണിത്ര സദാചാരബന്ധിതമായ അസഹിഷ്ണുത?

നിനോ മാത്യുവിനേയും അനുശാന്തിയേയും ശിക്ഷിച്ചതോടെ കേരള സമൂഹത്തിലെ വന്‍വിപത്തിനെ പിഴുതെറിഞ്ഞു എന്ന മട്ടിലാണ് നമ്മുടെ പ്രതികരണം. വാസ്തവം അതല്ല. കേരളസമൂഹം ഉള്ളില്‍ നിന്ന് ചീഞ്ഞു കഴിഞ്ഞ ഒരു വൃക്ഷമാണ്. അതിന്റെ തൊലിപ്പുറത്ത് ഒട്ടിച്ച പ്ലാസ്റ്ററാണ് ഈ വിധിന്യായം. ഈ മരം ഇങ്ങനെ നില്‍ക്കില്ല. ഇത് വീഴും; ഇന്നല്ലെങ്കില്‍ നാളെ. തീര്‍ച്ച.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍