UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വാസ പൊങ്കാല കലങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പൊങ്കാല

Avatar

കെ എ ആന്റണി

ആറ്റുകാലമ്മേ പൊറുക്കണം. ഇന്നത്തെ ആറ്റുകാല്‍ പൊങ്കാല അടുപ്പുകളില്‍ അല്‍പം രാഷ്ട്രീയവും തിളച്ചു മറിഞ്ഞോയെന്ന് തോന്നിപ്പോയതിനാലാണ് ഇവ്വിധത്തില്‍ ഒരു മുന്‍കൂര്‍ ജാമ്യം. ഇതിനെ സിബിഐ ദേശദ്രോഹ കുറ്റ വിഭാഗത്തില്‍പ്പെടുത്തി ശിക്ഷിക്കരുതേയെന്ന് ഒരു എളിയ അഭ്യര്‍ത്ഥന കൂടി മുന്നുരവായി പറഞ്ഞു കൊള്ളട്ടെ.

പൊങ്കാലയും രാഷ്ട്രീയവും കൂട്ടിവായിക്കുന്നത് ഒട്ടും ശരിയല്ലെന്ന് അറിയാമമ്മേ. എന്നാല്‍ ഇത്തവണ ചിലരുടെയൊക്കെ സാന്നിദ്ധ്യം കണ്ടപ്പോള്‍ ചിലതൊക്കെ മണത്തൂവമ്മേ. പണ്ടാര അടുപ്പിനേയും ആ അടുപ്പിന് മുകളില്‍ ഇരിക്കുന്ന മണ്‍കലങ്ങള്‍ക്കുള്ളില്‍ നിന്ന് തിളച്ചു മറിയുന്ന ആ തിളപ്പെന്റമ്മേ. ഈയുള്ളവനേ മാക്ബത്ത് എന്ന ഷേക്‌സ്പിയര്‍ നാടകത്തിലേക്കും ആഭിചാര കര്‍മ്മങ്ങളിലേക്കും തിരിച്ചു വിട്ടു. ഡങ്കന്‍ എന്ന രാജാവിനെ കൊല്ലാന്‍ മൂന്ന് പ്രേതങ്ങള്‍ ചേര്‍ന്ന് ഒരുക്കിയ അടുപ്പായിരുന്നില്ലല്ലോ അമ്മേ നമ്മുടെ പൊങ്കാല അടുപ്പുകള്‍. ശുണ്ഠി പിടിപ്പിക്കാന്‍ വേണ്ടി ചോദിക്കുന്നതല്ല. സിപിഐഎം നേതാവ് വി ശിവന്‍കുട്ടി എംഎല്‍എയുടേയും കോണ്‍ഗ്രസ് നേതാവും ദേവസ്വം മന്ത്രിയുമായ വി എസ് ശിവകുമാറിന്റേയും സാന്നിദ്ധ്യം തന്നെ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നുവമ്മേ.

വിശ്വാസവും രാഷ്ട്രീയവും ചിലരൊക്കെ ഇടകലര്‍ത്തുമ്പോള്‍ അറിയാതെ ചോദിച്ചു പോകുന്ന അവിശ്വാസിയായ ഒരു മകന്റെ കുറ്റസമ്മതമോ അതിനും അപ്പുറം ചോദ്യം ചെയ്യലോ ആയി ഇതിനെ കണക്കാക്കണം.

ഇത് പൊറുതിയുടെ ആവശ്യങ്ങളല്ല. യുക്തിഭദ്രമായ ചില ചിന്തകളില്‍ നിന്ന് ഉദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള നിതാന്ത ജാഗ്രതയുടെ കാത്തിരിപ്പിന്റെ പ്രശ്‌നം കൂടിയാണ്.

അമ്മ പൊറുക്കണം, പൊങ്കാല പണ്ടത്ര കേമത്തരം ഒന്നുമായിരുന്നില്ല. ചാനല്‍ വിപ്ലവം വരുന്നിടം വരെ ആറ്റുകാല്‍ ഭഗവതിയെ ആരെങ്കിലും കണ്ടിരുന്നുവോ ഈയെഴുത്തുകാരനും അറിയില്ല. അതേ ദിനത്തില്‍ തന്നെ മകം പിറന്നാളും നടക്കാറുണ്ട്. കച്ചവട താല്‍പര്യാര്‍ത്ഥം എന്റെ അമ്മേ ഇരുതല പോരാട്ടങ്ങള്‍ ചോറ്റാനിക്കരയില്‍ സ്വാധികള്‍ വന്നപ്പോള്‍ അമ്മയിപ്പോള്‍ കച്ചവടക്കാരുടെ കൂട്ടത്തിലാണോ. ചോറ്റാനിക്കരയില്‍ അങ്ങയുടെ ദിവ്യ തേജസ് ജ്വലിച്ചു നില്‍ക്കേണ്ട ദിനത്തില്‍ തന്നെ എന്തിന് ഒരു ആറ്റുകാല്‍ പൊങ്കാല എന്ന് ചോദിക്കാന്‍ ഈയെഴുത്തുകാരന്‍ പ്രാപ്തനല്ല. തൂണിലും തുരുമ്പിലും എവിടേയും നില്‍ക്കുന്ന പരാശക്തികള്‍ക്ക് എന്തുമാകാമല്ലോ.


ക്ഷേത്രത്തിന് അല്‍പം അകലെ ശാസ്താവിന്റെ കക്ഷത്തില്‍ കിടക്കുന്ന ജഡ്ജ്‌മെന്റ് ലൈനില്‍ നാലുവര്‍ഷം പൊറുത്ത ഒരു പാവം എഴുത്തുകൂലി നടത്തുന്ന ഒരാള്‍ കൂടിയാണ് ഈയുള്ളവന്‍. വിശ്വാസികള്‍ അല്ലെന്ന് പറയുന്നവരും തലയില്‍ മുണ്ടിട്ട് വെടിവഴിപാട് നടത്തുന്നത് നേരില്‍ കാണാന്‍ വിധിക്കപ്പെട്ട ഒരാള്‍. ചിലര്‍ ചില നേരങ്ങളില്‍ ചെങ്കുപ്പായം അഴിച്ചു വയ്ക്കും. അക്കൂട്ടത്തില്‍പ്പെടാത്ത ആളാണ് ഇതെഴുതുന്നത്.

അമ്മേ, അങ്ങയുടെ കൃപാവരനായ ഭര്‍ത്താവിന്റെ കടാക്ഷം കൊണ്ടാണോ ഇല്ലെയോ എന്ന് അറിയില്ല. ഇട്ടാവട്ടത്തില്‍ കിടക്കുന്ന തിരോന്തം നഗരത്തില്‍ ഞാനും ഒരല്‍പം വഴിതെറ്റിപ്പോയി. തമ്പാനൂരില്‍ നിന്നും ശാസ്തമംഗലത്തിലേക്ക് പിടിച്ച ഓട്ടോക്കാരനെ കുറ്റം പറയാനാകില്ലല്ലോ. കനത്ത മഴയും ഇടിയും മിന്നലും. പോകേണ്ടിരുന്നത് ആദ്യം താമസിച്ചിരുന്ന മരുതംകുഴിയിലേക്കാണ്. കൊണ്ടുവിട്ടതാകട്ടെ പൈപ്പിന്‍മൂട്ടിലും. ഓട്ടോ മടങ്ങി. സ്ഥല ബോധമില്ലാതെ ചത്ത ഫോണുമായി നില്‍ക്കുമ്പോള്‍ മുന്നില്‍ കണ്ടത് ശിവശക്ഷേത്രം തന്നെ. ആ പടവില്‍ ഒന്നില്‍ കിടന്ന് ഉറങ്ങുമ്പോള്‍ പാമ്പുകളെ പേടിച്ചില്ല. ശിവനോടുള്ള ബഹുമാനം നിലനിര്‍ത്തി തന്നെ പറയട്ടേ, ഒരുപാമ്പും നന്മയുള്ളവരെ കടിക്കാറില്ല.

പക്ഷേ ഇന്നിപ്പോള്‍ അമ്മേ പൊങ്കാലയിടാന്‍ വന്നവരുടെ രാഷ്ട്രീയ വൈരങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെ തീര്‍പ്പ് കല്‍പ്പിക്കും. തൃശൂലവുമായി താങ്കള്‍ തന്നെയിറങ്ങുമോ. അതോ സാക്ഷാല്‍ പരമന്‍ തന്നെയിറങ്ങണമോ എന്ന് ശങ്കിച്ച വേളയിലാണ് ശിവന്‍കുട്ടിയും ശിവകുമാറും വന്നു നിന്നതെന്നും ഒരു പക്ഷേ അമ്മയേയും നല്ലൊരു തമാശയായി എടുക്കുമല്ലോ.

എങ്കിലും ഇന്ന് വീണ്ടും ഈയെഴുത്തുകാരനെ മാക്ബത്തിലെ ആഭിചാര കര്‍മ്മങ്ങളിലേക്ക് തിരിച്ചു വിട്ടത് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അവരുടെ ഭാര്യമാരുടേയും നിറ സാന്നിദ്ധ്യം കൊണ്ടു തന്നെയാണ്. എന്റെ സഹോദരി കല്‍പന മരിച്ചു പോയി. അതുകൊണ്ട് തന്നെയാകണം സ്ഥിരം പൊങ്കാലക്കാരായ ഒരു കുടുംബത്തിനെ ചാനലില്‍ എവിടെയും കണ്ടില്ല. പതിവ് പോലെ ചിപ്പിയും കിപ്പിയും ഒക്കെ വന്നു. കൂട്ടത്തില്‍ കണ്ടതത്രയും ഗവര്‍ണറുടെ ഭാര്യയേയും മന്ത്രി കെപി മോഹനന്റെ ഭാര്യയേയും ഒക്കെയാണ്. ഏറ്റവും ഒടുവിലാണ് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ നടക്കുന്ന ഒരു രാഷ്ട്രീയ മുഖം കൂടെ കണ്ടത്. അത് മറ്റാരുടേതുമായിരുന്നില്ല. എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടേത് ആയിരുന്നു. എകെ ആന്റണിയുടെ തിരുവനന്തപുരം വീട് സുപരിചിതമാണ്. എംഎം ഹസ്സന്റെ വീടിന് തൊട്ടടുത്തുള്ള എകെ ആന്റണിയുടെ വീട് ഇപ്പോഴും ചാലു ആണോയെന്ന് അറിയില്ല. എങ്കിലും എലിസബത്ത് ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ച് വക്കില്‍ കോട്ട് അണിഞ്ഞതിനുശേഷം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ തന്നെയുണ്ടോയെന്ന് അറിയില്ല. നേരത്തെ കേട്ടത് ക്യാന്‍സര്‍ ബാധിതര്‍ക്കുവേണ്ടി ചിത്രങ്ങള്‍ വരയ്ക്കുന്നു സഹായിക്കുന്നു എന്നാണ്.

എന്നാലും എന്റെ ആറ്റുകാലമ്മേ രാഷ്ട്രീയം തിളച്ചു മറിയുമ്പോള്‍ ഇനിയിപ്പോള്‍ എന്തൊക്കെ തവളക്കുട്ടിക്കളിയാണ് നിങ്ങള്‍ ഈ വട്ടുകത്തിലേക്ക് ഇട്ട് കേരളത്തിനെ ഭ്രാന്ത് പിടിപ്പിക്കാന്‍ പോകുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍