UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഓഡി ക്യു 7; കോട്ടയ്ക്കലില്‍ സുഖ ചികിത്സ കഴിഞ്ഞ കൊമ്പന്‍

ഇന്ത്യന്‍ റോഡുകളിലെ തലയെടുപ്പുള്ള കൊമ്പനാനയാണ് ഓഡി ക്യൂ 7. ആരും വഴിമാറിപ്പോകുന്ന ഗാംഭീര്യം; തലയെടുപ്പ്. വമ്പന്‍ വ്യവസായികളും സിനിമാതാരങ്ങളും ഈ തലയെടുപ്പിന്റെ ആരാധകരാണ്. സെലിബ്രിറ്റികളുടെ കാര്‍പോര്‍ച്ചില്‍ നെഞ്ചുവിരിച്ചു കിടക്കാനുള്ള ആഢ്യത്വവും ക്യു7-നുണ്ട്. പത്തുവര്‍ഷമായി ക്യു7-ന്റെ അശ്വമേധം തുടങ്ങിയിട്ട്. വില്പനയില്‍ ഇതുവരെ തെല്ലും മാന്ദ്യം സംഭവിച്ചിട്ടുമില്ല. എങ്കിലും കാലികമായ മാറ്റം ആവശ്യമാണല്ലോ. അതുകൊണ്ട് ഓഡി, ഈയിടെ ക്യു7-നെയൊന്ന് അടിമുടി അഴിച്ചു പണിതു. രൂപഭാവങ്ങളും ആഡംബരങ്ങളുമെല്ലാം പുത്തന്‍പുതുതാക്കി. ലോകമെമ്പാടുമുള്ള ഓഡി പ്രേമികള്‍ കാത്തിരുന്ന ആ പുതിയ ക്യു7 ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍, ‘കൊള്ളാമല്ലോ’ എന്നു തോന്നിപ്പിച്ച ക്യു7-നെയൊന്ന് അടുത്ത് പരിചയപ്പെടാം. എന്നിട്ട് പുതിയ ക്യു7-നെക്കുറിച്ചുള്ള ഓഡിയുടെ അവകാശവാദങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കാം.

കാഴ്ച

ആന എന്നും ആന തന്നെയാണ്. ആ തലയെടുപ്പിന് ഒരു കുറവുമില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓഡി, ക്യു7-ന്റെ വലിപ്പം അല്പമൊന്നു കുറച്ച് ‘കോംപാക്ട്’ ആക്കിയിട്ടുണ്ട്. നീളം 37 മി.മീറ്ററും വീതി 15. മി.മീറ്റും, ഉയരം മൂന്ന് മി.മീറ്ററുമാണ് കുറച്ചത്. തന്നെയുമല്ല, അരങ്ങൊഴിഞ്ഞ ക്യു7-ന്റേതുപോലെ തടിയന്‍ രൂപമല്ല പുതിയതിന്. തള്ളി നിന്നിരുന്ന ശരീരഭാഗങ്ങള്‍ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ സുഖചികിത്സ കഴിഞ്ഞപോലെയൊന്ന് ഒതുങ്ങി. തടിച്ച ബോഡിലൈനുകള്‍ ഭംഗിയുള്ള, ഒതുക്കമുള്ള ലൈനുകള്‍ക്ക് വഴിമാറി. ഒരു കായിക താരത്തിന്റെ മെയ്യൊതുക്കമാണ് പുതിയ ക്യു7-ന്.

ബമ്പറിലേക്കും കടന്ന്, സ്‌കഫ് പ്ലേറ്റ് വരെയെത്തി നില്‍ക്കുന്ന വലിയ ഗ്രില്ലാണ് പുതിയ മോഡലില്‍. ബോണറ്റിന്റെ ഉയര്‍ന്ന രൂപം അല്പം ‘ഫ്ലാറ്റ്’ ആക്കി മാറ്റി. മട്രിക്‌സ് എല്‍ ഇ ഡി ഹെഡ്‌ലാമ്പുകള്‍ വളരെ ഷാര്‍പ്പും ഭംഗിയുള്ളതുമാണ്. ബമ്പറിന്റെ കയറ്റിറക്കങ്ങള്‍ രസകരമാണ്.

വീല്‍ ആര്‍ച്ചും ഒതുക്കിയിട്ടുണ്ട്. ബെല്‍റ്റ്‌ലൈന്‍ തടിച്ചതാണ്. പിന്‍വീല്‍ ആര്‍ച്ചുവരെ നീളുന്നുമുണ്ട്. റൂഫ് ലൈന് അല്പം ചെരിവ് കൂടിയിട്ടുണ്ടെന്നു തോന്നുന്നു.

പിന്‍ഭാഗത്തിന്റേയും ‘വലിപ്പം’കുറച്ചിട്ടുണ്ട്. ഒരു ഹാച്ച്ബാക്കിന്റെ പിന്‍ഭാഗം പോലെ സൗമ്യമായി മാറി, ഇപ്പോള്‍ ക്യു7-ന്റെ പിന്‍ഭാഗം. മനോഹരമായ എല്‍ ഇ ഡി ടെയ്ല്‍ ലാമ്പും ചെരിഞ്ഞിറങ്ങുന്ന പിന്‍വിന്‍ഡ് ഷീല്‍ഡും ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും ബൂട്ട്‌ലിഡിലെ ചെത്തിയെടുത്ത ലൈനുകളും ഇരട്ട എക്‌സ്‌ഹോസ്റ്റും സുന്ദരം.

പഴയ ക്യു 7-ന്റെ ‘വലിപ്പ’മാണ് നിങ്ങളെ ആകര്‍ഷിച്ചതെങ്കില്‍ പുതിയ ക്യു7-ന്റെ രൂപം നിങ്ങളെ അത്രയൊന്നും ആകര്‍ഷിക്കില്ല. പക്ഷെ യുവത്വവും പ്രസരിപ്പും ചുറുചുറുക്കുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പുതിയ ക്യു7 നിങ്ങള്‍ക്കുള്ളതാണ്.

ഉള്ളില്‍

ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെപുതിയ എം എല്‍ ഇ 2 പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വാഹനമാണ് ക്യു7. അങ്ങനെ 71 കി. ഗ്രാം കുറച്ചിട്ടുണ്ടത്രെ. പക്ഷെ ഇത്തരം കുറവുകളൊന്നും ഉള്ളില്‍ കടക്കുമ്പോള്‍ അനുഭവപ്പെടില്ല. പഴയ ക്യു7 നെക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയതിന്റെ ഇന്റീരിയറിന്റെ ഭംഗി എന്ന് ആരും തലകലുക്കി സമ്മതിക്കും. ഡാഷ്‌ബോര്‍ഡിന്റെ ലേഔട്ട് ഗംഭീരം. കറുപ്പും സ്റ്റീലും തടിയുടെ ഫിനിഷും ചേര്‍ന്ന് മായിക ലോകമാണ് ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളും. ക്ലൈമറ്റ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള പലതും ടച്ച് സെന്‍സിറ്റീവാണ്. നിര്‍മ്മാണനിലവാരം ഒന്നാന്തരം. നിരവധി സ്വിച്ചുകളൊന്നും കാണാനില്ല. റേഡിയോ, മീഡിയ, നാവിഗേഷന്‍, ടെലിഫോണ്‍ എന്നിവയുടെ സ്വിച്ചുകളാണ് പ്രധാനം. നാവിഗേഷന്‍ ടച്ച്പാഡില്‍ ക്രമീകരിക്കാം. എല്ലാ സെറ്റിങ്ങുകളുടെയും വിവരങ്ങള്‍ 7 ഇഞ്ച് സ്‌ക്രീനില്‍ കാണാം. ‘വെര്‍ച്വല്‍ കോക്പിറ്റ്’ എന്ന് ഓഡി വിളിക്കുന്ന ഈ സംവിധാനത്തിന്റെ ക്ലാരിറ്റിയും എടുത്തുപറയണം.


ഡാഷ് ബോര്‍ഡ് അല്പം താഴ്ന്നിരിക്കുന്നതു കൊണ്ട് വിസിബിലിറ്റി കൂടുതലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍ വളരെ സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഫ്‌ളോര്‍ അല്പം താഴ്ന്നിട്ടാണ്. അതുകൊണ്ട് ഉള്ളില്‍ കയറാന്‍ കൂടുതല്‍ എളുപ്പം. പിന്‍സീറ്റുകാര്‍ക്കും ഇഷ്ടം പോലെ ലെഗ്‌ സ്‌പേസുണ്ട്. ടൂ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും പിന്‍സീറ്റുകള്‍ക്കുണ്ട്. പിന്‍സീറ്റും അല്പം പിന്നിലേക്ക് ചാരാം. സെന്‍ട്രല്‍ ടണലിന് ഉയരമുള്ളതിനാല്‍ രണ്ടാംനിരയില്‍ നടുവില്‍ ഇരിക്കുന്നയാള്‍ക്ക് യാത്ര സുഖപ്രദമാകില്ല.എന്നാല്‍ മൂന്നാംനിരയില്‍ ലെഗ്‌ സ്‌പേസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല രണ്ടാംനിരസീറ്റ് ഈസിയായി മടക്കി മൂന്നാം നിരയില്‍ പ്രവേശിക്കുകയുമാവാം.

മുന്‍മോഡലിലേതു പോലെയല്ല, ലംബമായാണ് സ്‌പെയര്‍ വീല്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മൂന്നാംരണ്ടാം നിര സീറ്റുകള്‍ ഫ്ലാറ്റായി മടക്കി ഇഷ്ടം പോലെ ലഗേജ് സ്‌പേസ് കണ്ടെത്താം.

എഞ്ചിന്‍

പഴയ മോഡലിന്റെ 3 ലിറ്റര്‍ വി6 എഞ്ചിനില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത്. 241-ല്‍ നിന്ന് 245 ബി എച്ച് പി യായി എഞ്ചിന്‍ പവര്‍ മാറി. ടോര്‍ക്ക് 56 കിഗ്രാം മീറ്ററില്‍ നിന്ന് 61 കിഗ്രാം മീറ്ററുമായി. പവറിലും ടോര്‍ക്കിലുമുണ്ടായ ഈ വര്‍ദ്ധനവും ഭാരത്തിലുണ്ടായ കുറവും മൂലം പുതിയ ക്യു7 ചാട്ടുളി പോലെ പായുന്നു. നൂറുകിലോമീറ്റര്‍ വേഗതയെടുക്കാന്‍ 6.95 സെക്കന്റ് മതി.

പഴയ മോഡലിലെ 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ക്വാഡ്രോ ഓണ്‍വീല്‍ ഡ്രൈവ് സിസ്റ്റവും പുതിയ ക്യു7 നിലുമുണ്ട്. ക്യു7ന്റെ ഡ്രൈവിലും യുവത്വം തുളുമ്പുന്നുണ്ട്. സ്റ്റിയറിങ്ങിന്റെയും സസ്‌പെന്‍ഷന്റെയും ഫീഡ്ബാക്ക് അനുസരിച്ച് എഞ്ചിന്‍ ഗിയര്‍ബോക്‌സ് റെസ്‌പോണ്‍സ് വര്‍ദ്ധിക്കുന്നു. ഡൈനാമിക് ഡ്രൈവ് മോഡില്‍ ഓടിക്കുമ്പോള്‍ ഒരു വമ്പന്‍ എസ് യു വി യെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നും.

360 ഡിഗ്രി ക്യാമറയുണ്ട് ക്യു7ന്റെ എക്സ്റ്റീരിയറില്‍. തിരക്കുള്ള ട്രാഫിക്കിലും മറ്റും ഇത് ഗുണം ചെയ്യും. എയര്‍ സസ്‌പെന്‍ഷന് ആറുതരം സെറ്റിങ്ങുകളുമുണ്ട്. ഇത് ഓടിക്കുന്ന പ്രതലത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

ഓഫ് റോഡ് അവസ്ഥകളില്‍ ക്വാഡ്രോ സിസ്റ്റം ടോര്‍ക്കിനെ 40:60 ആയി മുന്നിലേക്കും പിന്നിലേക്കും പകത്തു നല്‍കുന്നു. കൂടാതെ സസ്‌പെന്‍ഷന്‍ 60 മി.മീ ഉയര്‍ത്തി 235 മി.മീ ആക്കുകയുമാവാം. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ഡിസന്റ് കണ്‍ട്രോള്‍ എന്നിവയും കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിതത്വത്തിന്റെ ലാളനയും ക്യു7 നല്‍കുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍