UPDATES

സിനിമ

പുലിമുരുകന്മാര്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ കാണാതെ പോകുന്ന ‘ഗപ്പി’കള്‍

Avatar

പറഞ്ഞു കേട്ടിട്ടുള്ളൊരു കഥ പറയാം,

ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിക്കുന്ന ഒരു പടത്തിന് പാട്ടെഴുതുന്നത് പി. ഭാസ്‌കരന്‍. മാഷ് എഴുതിയ പാട്ട് കുഞ്ചാക്കോ കാണിക്കുന്നു. വായിച്ചു നോക്കിയശേഷം കുഞ്ചാക്കോ തന്റെ കുശിനിക്കാരനെ നീട്ടി വിളിച്ചു. അയാള്‍ ഓടിയെത്തി. പാട്ടെഴുതിയ കടലാസ് അയാള്‍ക്കു നേരെ നീട്ടിയിട്ടു വായിച്ചു നോക്കാന്‍ പറഞ്ഞു കുഞ്ചാക്കോ. ഭാസ്‌കരന്‍ മാഷ് ഇതെല്ലാം കണ്ടു അന്തം വിട്ടിരിക്കുകയാണ്. കുശിനിക്കാരന്‍ വായിച്ചശേഷം കടലാസ് മടക്കി കൊടുത്തു. നിനക്കെന്തു മനസിലായി? കുഞ്ചാക്കോയുടെ ചോദ്യം. ഒന്നും മനസിലായില്ല, ഭവ്യതയോടെ കുശിനിക്കാരന്റെ മറുപടി. അപ്പോള്‍ ഇതൊന്നു മാറ്റിയെഴുതെന്നു മാഷോടായി കുഞ്ചാക്കോ. പൊതുവെ ശാന്തനായ മാഷിനു പക്ഷെ ആ സമയത്ത് കുറച്ചു അരിശം വന്നു. അതാ വാക്കിലും കടന്നു കൂടി; ഒരു കുശിനിക്കാരനാണോ എന്റെ പാട്ടിനെ കുറിച്ച് അഭിപ്രായം പറയേണ്ടത്.

കുഞ്ചാക്കോ മുതലാളി ശാന്തത വിടാതെ പറഞ്ഞു; എന്റെ സിനിമകള്‍ കാണുന്നതും ആസ്വദിക്കുന്നതും കൂടുതലും ഇതുപോലുള്ള കുശിനിക്കാരനും സാധാരണക്കാരുമാണ്. അപ്പോള്‍ അവര്‍ക്കു വേണ്ടതല്ലേ കൊടുക്കേണ്ടത്.

ആ മറുപടിയില്‍ ഭാസ്‌കരന്‍ മാഷിന് എല്ലാം മനസിലായി. പിന്നീട് മലയാളത്തില്‍ ഇത്ര ലളിതസുന്ദരമായി പാട്ടെഴുതിയ മറ്റൊരാളും ഭാസ്‌കരന്‍ മാഷിനെ കടന്ന് ഉണ്ടായിട്ടില്ലെന്നത് സത്യം.

ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളെ കുറിച്ച് പറയാനല്ല, മറ്റൊരു വിഷയത്തിലേക്കു പോകാനാണ് ഈ കഥ ഓര്‍ത്തത്. മേല്‍പറഞ്ഞ സംഭവത്തില്‍ കുഞ്ചാക്കോ പറയുന്നുണ്ട്, തന്റെ സിനിമകള്‍ കാണാന്‍ ഏതുതരം ആളുകളാണ് വരുന്നതെന്ന്. അക്കാലത്തെ സാധാരണ പ്രേക്ഷകര്‍ ഉദയാ എന്ന ബാനര്‍ മാത്രം നോക്കി പടം കാണാന്‍ പോയിരുന്നു. തങ്ങള്‍ക്കു രസിക്കുന്ന പടമായിരിക്കും ഉദയ നിര്‍മിക്കുന്നതെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഇതു തന്നെയായിരുന്നു മറ്റു പ്രൊഡക്ഷന്‍ ബാനറുകളുടെ കാര്യത്തിലും പ്രേക്ഷകനുണ്ടായിരുന്ന വിശ്വാസം. നവോദയുടെ സിനിമ, മെരിലാന്‍ഡിന്റെ സിനിമ, മഞ്ഞിലാസിന്റെ സിനിമ, ജയമാരുതിയുടെ സിനിമ എന്നൊക്കെ കേട്ടാല്‍ അതേതു തരമായിരിക്കുമെന്ന് പ്രേക്ഷകന് അറിയാമായിരുന്നു. സുബ്രഹ്മണ്യം മുതലാളി മെരിലാന്‍ഡിന്റെ ബാനറില്‍ ഇറക്കുന്ന ഭക്തിപ്പടങ്ങളും ടി ഇ വാസുദേവന്‍ ജയമാരുതിയുടെ ബാനറില്‍ ഇറക്കിയ ആക്ഷന്‍ പടങ്ങളും ജനം കാണാന്‍ കേറിയിരുന്നത് അതിലാര് അഭിനയിക്കുന്നൂ എന്നു നോക്കിയായിരുന്നില്ല.

കാലം അവിടെ നിന്നും മാറി. മുതലാളിമാരുടെ പ്രൊഡക്ഷന്‍ കമ്പനികളെക്കാള്‍ ഡിമാന്‍ഡ് സംവിധായകര്‍ക്കു വന്നു. സംവിധായകന്റെ പേരു നോക്കി സിനിമ കാണാന്‍ കേറുന്ന പ്രേക്ഷകരായി മലയാളത്തില്‍ അധികവും. ഐ വി ശശിയുടെ സിനിമ,ഭരതന്റെ, ജോഷിയുടെ, പത്മരാജന്റെ, പ്രിയദര്‍ശന്റെ, കമലിന്റെ, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ അങ്ങനെ എത്രയോ പേര്‍ അവരുടെ പേരുമാത്രം പ്രേക്ഷകനെ തീയേറ്ററില്‍ എത്തിച്ചിരുന്നു. തിരക്കഥാകൃത്തുക്കള്‍ക്കും ഉണ്ടായിരുന്നു ഈ കഴിവ്, എം ടിയുടെ തിരക്കഥയെന്നു കേട്ടാല്‍ പിന്നെ മറ്റെന്ത്? ശ്രീനിവാസന്‍, ലോഹിതദാസ് എന്നിവരാണ് എഴുതുന്നതെങ്കില്‍ ആ സിനിമ കാണുമെന്ന് ഉറപ്പിച്ചിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ് നായകന്മാര്‍ സിനിമ വാഴാന്‍ തുടങ്ങുന്നത്. അതോടെയാണു മമ്മൂട്ടിയുടെ സിനിമ, മോഹന്‍ ലാലിന്റെ സിനിമ എന്നു പറയാന്‍ തുടങ്ങുന്നത്. ആ ശീലം ഇപ്പോഴും തുടരുന്നു. കാരണം, സിനിമ ഇപ്പോള്‍ പൂര്‍ണമായി താരകേന്ദ്രീകൃതമാണ്. ഒരുവിധത്തില്‍ മലയാള സിനിമയുടെ തകര്‍ച്ചയുടെ കാരണവുമതാണ്. ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടായതോടെ അവര്‍ക്കായി സിനിമകള്‍ പടയ്ക്കാന്‍ തുടങ്ങി. താരപ്രഭാവം മാത്രമായി ഒരു സിനിമ ഉണ്ടാകാന്‍ കാരണം. അതിന്റെ തിരിച്ചടി ഏല്‍ക്കേണ്ടി വന്നത് മലയാള സിനിമയ്ക്ക് മൊത്തമായിട്ടാണ്.

ഈയടുത്ത കാലത്തായി, ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. താരങ്ങളുടെ ഭാരമില്ലാത്ത നല്ല കൊച്ചു സിനിമകള്‍ ഉണ്ടാകാന്‍ തുടങ്ങി. നിര്‍ഭാഗ്യമെന്നു പറയട്ടെ, ചെറിയ ബഡ്ജറ്റിലിറങ്ങുന്ന, രണ്ടാംനിര നായകരെന്നു വിളിക്കപ്പെടുന്നവര്‍(കഴിവിന്റെ കാര്യത്തില്‍ ഒന്നാം നിരയിലുള്ളവരാണെങ്കിലും) അഭിനയിക്കുന്ന, അനുഭവപരിചയത്തിന്റെ നീണ്ടകഥപറയാനില്ലാത്ത സംവിധായകരൊരുക്കുന്ന, എഴുത്തു മഹിമ പറയാനില്ലാത്തവര്‍ രചിക്കുന്ന അത്തരം സിനിമകള്‍ മികച്ചതായിട്ടും നമ്മുടെ തീയേറ്റുകളില്‍ അവയ്ക്കു കിട്ടുന്നത് തണുത്ത പ്രതികരണം. കണ്ടവര്‍ നല്ലതു പറഞ്ഞു. പക്ഷേ കാണാത്തവരായിരുന്നു കൂടുതലെന്നതിനാല്‍ അവ സൂപ്പര്‍ ഹിറ്റായില്ല, ബ്ലോക് ബസ്റ്ററുകളായില്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തില്ല. ആത്മാര്‍പ്പണത്തോടെ ചെയ്ത തൊഴിലിന് ഈ സിനിമകളില്‍ പ്രവര്‍ത്തിച്ചവരോട് നല്ലൊരു വാക്ക് പറയാന്‍ പോലും അധികം പേരുണ്ടായില്ല. പിന്നീട്, ഇതേ സിനിമകള്‍ കാശുമുടക്കാതെ, അല്ലെങ്കില്‍ തന്റെ സൗകര്യത്തിനനുസരിച്ച് കാണാന്‍ കഴിയുമ്പോള്‍, ഗംഭീര സിനിമയെന്നും മസ്റ്റ് വാച്ചിംഗ് മൂവിയെന്നുമൊക്കെ പറയുന്നവരുടെ എണ്ണം ഞെട്ടിക്കും. ഈ പറയുന്നവര്‍ ആ സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടിരുന്നെങ്കിലോ? അതിലെ അഭിനേതാക്കള്‍ക്ക്, സാങ്കേതിക പ്രവര്‍ത്തകര്‍ക്ക്, നിര്‍മാതാവിന് അത്രമേല്‍ സന്തോഷം പകരുമായിരുന്നു.

ഇപ്പോള്‍ ഇതെക്കുറിച്ചെല്ലാം പറയാന്‍ കാരണം യുവനടന്‍ ടോവിനോ തോമസിന്റെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ്. 

ഗപ്പി എന്ന സിനിമയുടെ ഡിവിഡി ഇറങ്ങിയതിനു ശേഷം ദിവസേന നൂറ് കണക്കിന് മെസ്സേജുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത് .വളരെ നല്ല സിനിമയാണെന്നും തിയേറ്ററില്‍ പോയി ഈ സിനിമ കാണാഞ്ഞതില്‍ ഖേദിക്കന്നു എന്നും പല മെസ്സേജുകളിലും കണ്ടപ്പോള്‍ എന്തുകൊണ്ടോ സന്തോഷത്തേക്കാള്‍ വേദന ആണ് തോന്നിയത്.

ഈ പറയുന്നവരൊക്കെ അന്ന് ഞങ്ങളെ വിശ്വസിച്ച് തിയേറ്ററില്‍ പോയി തന്നെ സിനിമ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. കേരളത്തില്‍ സൂപ്പര്‍ ഹിറ്റല്ല എന്ന കാരണത്താല്‍ കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തും ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ല! ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നതുമല്ല.

ആ നടന്റെ വേദന ഇവിടെ എത്രയോപേര്‍ ഇതിനു മുമ്പ് അനുഭവിച്ചിട്ടുണ്ടാകണം, ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും, അതിനിയും തുടരുകയും ചെയ്യും. കാരണം, ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടുന്ന പ്രേക്ഷക സമൂഹം അത്രപെട്ടെന്നു മാറുമെന്നു തോന്നുന്നില്ല.

ടോവിനോ ആഗ്രഹിക്കുന്നത് ഇനിയെങ്കിലും നല്ല സിനിമകള്‍ പ്രേക്ഷകരാല്‍ തഴയപ്പെടരുതെന്നാണ്. അതേ, പ്രേക്ഷകരാണ് എല്ലാ സിനിമയുടെയും വിധാതാക്കള്‍. കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ടു പോയി കൊന്നതും നീയേ എന്നു പറയുന്നതുപോലെ, വലിയ വായില്‍ പലതും പറയുമെങ്കിലും എത്ര യുവതാരങ്ങളുടെ സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ ഇവിടെ പ്രേക്ഷകന്‍ തയ്യാറാകുന്നുണ്ട്? നമ്മള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന താരങ്ങളുടെതല്ലാതെ. മെഗാതാരങ്ങളുടേതായി വരുന്ന, വെറും തട്ടുപൊളിപ്പന്‍ സിനിമകള്‍ ഒന്നാം ദിവസം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തതിന്റെയും പുതിയ ചരിത്രമെഴുതിന്റെയും വീമ്പിളക്കങ്ങളും തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയായില്‍ കാണാം. താരങ്ങളോടുള്ള ഭ്രാന്തമായ ആരാധാന മാത്രമാണ് ഇതിനു പിന്നില്‍. പക്ഷേ ഈ ഭ്രാന്ത് ഗുണം ചെയ്യുന്നവരാണ് ആ സിനിമയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവര്‍. നിര്‍മാതാവിന് ലാഭവും കിട്ടും.

ഇപ്പോഴും നമ്മുടെ വിചാരം ഒരു നല്ല സിനിമ എന്നാല്‍, സൂപ്പര്‍ താരം, ബിഗ്ബഡ്ജറ്റ് എന്നീ ഘടകങ്ങള്‍ മാത്രമാണെന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഇറങ്ങുന്ന സിനിമ എന്ന ഒറ്റ പ്രചരണത്തിന്റെ പുറത്താണ് നമ്മളിപ്പോള്‍ പുലിമുരുകന്‍ എന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ആ സിനിമയുടെ പ്രമേയമോ മറ്റൊന്നുമോ നമുക്കറിയില്ല. അതൊക്കെ രഹസ്യമാണെന്നു പറഞ്ഞേക്കാം. പക്ഷേ വെറും ഉപരിപ്ലവമായ ചില വിചാരങ്ങള്‍ക്കപ്പുറം മറ്റെന്ത് പ്രത്യേകതയാണ് അത്തരമൊരു സിനിമയ്ക്കുള്ളതെന്നു വ്യക്തമല്ല. ഒരു സിനിമയും പരാജയപ്പെടരുതെന്നാണ് ആഗ്രഹം. ഈ പറഞ്ഞ സിനിമ ഒരു പരാജയമാണെങ്കില്‍ കൂടി തീയേറ്ററില്‍ ഹിറ്റാകുമെന്ന് ഉറപ്പിക്കാം. നിര്‍മാതാവ് ചെലവാക്കിയെന്നു പറയുന്ന കോടികള്‍ അയാള്‍ക്ക് തിരിച്ചു കിട്ടും. 

മലയാളികള്‍ തന്നെയാണല്ലോ ഈ സിനിമകള്‍ കാണാന്‍ കേറുന്നത്, അല്ലാതെ, തമിഴനോ തെലുങ്കനോ ബംഗാളിയോ ഒന്നുമല്ലല്ലോ. മലയാള സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരായിട്ടുള്ളത് മലയാളികള്‍ മാത്രമാണ്. ബോളിവുഡിനോ, കോളിവുഡിനോ ഇപ്പോള്‍ ടോളിവുഡിനോ ആ ഭാഷാ ഇന്‍ഡസ്ട്രിക്കു പുറത്തു നിന്നും കിട്ടുന്ന തരത്തിലുള്ള സ്വീകാര്യത മലയാള സിനിമയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല. നമ്മുടെ സിനിമകള്‍ വിജയിക്കണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം. എന്നാല്‍ ആ പിന്തുണ ഇവിടെ ഉണ്ടാകുന്നില്ല എന്നു തന്നെയാണ് ടോവിനോയെ പോലുള്ളവര്‍ പങ്കുവയ്ക്കുന്ന വേദന. പുലിമുരുകന്‍ ഒരു മികച്ച പടമായിരിക്കുമെന്ന് തീര്‍ച്ചടപ്പെടുത്തുന്നവര്‍ക്ക് എന്തുകൊണ്ട് ആ ദീര്‍ഘദര്‍ശനം ഗപ്പിപോലുള്ള ഒരു സിനിമയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. ലോഹവും കസബയും ഒപ്പവുമൊക്കെ കളക്ഷന്‍ ചരിത്രമാക്കാന്‍ സഹായിച്ചവരില്‍ പകുതിപേര്‍ വിചാരിച്ചിരുന്നെങ്കില്‍ ഗപ്പിപോലുള്ള സിനിമകള്‍ തീയേറ്റര്‍ വിജയമാകുമായിരുന്നു. പ്രേക്ഷകരെക്കാള്‍ നിരൂപകരും വിമര്‍ശകരും എന്തിനേറെ ചലച്ചിത്ര നിരീക്ഷകര്‍ വരെ എണ്ണത്തില്‍ കൂടുതലുള്ള ഒരു നാട്ടില്‍ പോലും സൂപ്പര്‍ താരങ്ങളുടേതല്ലാത്തൊരു ചിത്രം വിലയിരുത്തപ്പെടണമെങ്കില്‍ ടോറന്റില്‍ വരികയോ ഡിവിഡി ഇറങ്ങുകയോ വേണമെന്നാണെങ്കില്‍, അതില്‍പരം എന്തു മൂല്യചുതിയാണ് മലയാളസിനിമയ്ക്ക് സംഭവിക്കാന്‍.

ഗപ്പി പോലുള്ള സിനിമകള്‍ കാണാതെ പുലിമുരുകന്‍ ഗണത്തില്‍പ്പെട്ട സിനിമകള്‍ക്കായി നാം കാത്തിരിക്കുമ്പോള്‍ പരാജയപ്പെടുന്നത് ഒരു സിനിമ വ്യവസായമാണ്. സിനിമ എന്നാല്‍ ബഡ്ജറ്റിന്റെ വലിപ്പം നോക്കിയോ താരത്തിന്റെ ആരാധകബലം നോക്കിയോ മാത്രം വിജയിക്കേണ്ടതല്ല. പണമെറിഞ്ഞു മാര്‍ക്കറ്റിംഗ് നടത്താന്‍ കഴിവില്ലാത്ത നിര്‍മാതാക്കളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാത്ത അഭിനേതാക്കളുടെയും സിനിമകള്‍ കൈയില്‍ വരുമ്പോള്‍ കാണാം എന്ന മനോഭാവം മാറണം. അവയില്‍ ഗപ്പി പോലുള്ള മനോഹര സിനിമകളും കാണും. സിനിമ ഒരു വ്യവസായം കൂടിയാണ്. വൈകി കിട്ടുന്ന നല്ലവാക്ക്, ചില നഷ്ടങ്ങള്‍ക്ക് പകരമാകില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍