UPDATES

സയന്‍സ്/ടെക്നോളജി

ഇനി ‘ഓഗ്മെന്റഡ് റിയാലിറ്റി’യിൽ ജീവിച്ചാലോ?

യഥാര്‍ത്ഥമാണെന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടുതന്നെ സങ്കല്‍പ്പികമായ ചില ഘടകങ്ങളും യഥാര്‍ത്ഥ പരിസരവും തമ്മില്‍ സംയോജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്

ടിവി സ്‌ക്രീനില്‍ മനോഹരമായ ഒരു താഴ്‌വരയുടെ ദൃശ്യം കാണിക്കുകയാണ്. വെളുവെളുത്ത മഞ്ഞുമലകള്‍. ഇടയ്ക്കിടെ തെളിയുന്ന പച്ചപ്പ്. താഴ്‌വരയില്‍ മഞ്ഞില്‍ക്കുളിച്ച് പൂക്കള്‍. ഇങ്ങനെയൊരു ദൃശ്യം കാണുമ്പോള്‍ ഇപ്പോള്‍ അവിടെയായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാവില്ല. ഇനി അങ്ങനെ ചിന്തിക്കുക മാത്രമല്ല, വിചാരിക്കുന്ന നിമിഷം ഉടന്‍ നിങ്ങള്‍ക്ക് ചുറ്റും മഞ്ഞുമലകള്‍ ഉയര്‍ന്നു വരും. അടുത്ത നിമിഷം വേണമെങ്കില്‍ സഹാറ മരുഭൂമിയില്‍ ചെല്ലാം. ചൂടില്‍ ഉരുകാം. മണല്‍ക്കാറ്റില്‍ അടഞ്ഞുപോവുന്ന കണ്ണുകള്‍ രണ്ടു കൈകൊണ്ടും പൊത്തി നില്‍ക്കാം. എങ്ങനെയെന്നല്ലേ? ഇവിടെയാണ് പുതിയ സാങ്കേതിക വിദ്യയായ ഓഗ്മെന്റഡ് റിയാലിറ്റി (augmented reality) യുടെ സാദ്ധ്യതകള്‍ പരീക്ഷിക്കപ്പെടുന്നത്. ഉല്‍പ്പന്നമോ എന്തെങ്കിലും പ്രവൃത്തിയോ എന്തുമാവട്ടെ, യഥാര്‍ത്ഥമാണെന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടുതന്നെ  സങ്കല്‍പ്പികമായ ചില ഘടകങ്ങളും യഥാര്‍ത്ഥ പരിസരവും തമ്മില്‍ സംയോജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഒരു ക്ലയന്റിനു മുന്നില്‍ നമ്മുടെ പ്രോജക്റ്റിനെ കുറിച്ചോ ഉല്‍പ്പന്നത്തെ കുറിച്ചോ പ്രസന്റേഷന്‍ നടത്തേണ്ടി വരുമ്പോള്‍ എല്ലാം എങ്ങനെ എത്ര കൂടുതല്‍ മനോഹരമാക്കാന്‍ സാധിക്കും എന്നാണു നമ്മള്‍ ചിന്തിക്കുക. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് പ്രധാനമായും ഓഗ്മെന്റഡ് റിയാലിറ്റി കടന്നു വരുന്നത്. ചുമ്മാ പ്രസന്റ് ചെയ്യുക മാത്രമല്ല, എല്ലാത്തരം വിനോദോപാധികളോടും കൂടി എത്ര മനോഹരമാക്കാമോ അത്രയും മനോഹരമാക്കിയാണ് ഇതില്‍ എല്ലാം പ്രദര്‍ശിപ്പിക്കപ്പെടുക.

1990-ല്‍ ടോം കോഡെല്‍ ആണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ കമ്പനിയായ ബോയിംഗിലെ ഗവേഷകനായിരുന്നു അദ്ദേഹം. അവിടെയുള്ള ടെക്നീഷ്യന്മാര്‍ ശിരസ്സില്‍ ധരിച്ചിരുന്ന ഒരു തരം ഡിജിറ്റല്‍ ഡിസ്പ്ലേ യൂണിറ്റിനായിരുന്നു അദ്ദേഹം ഈ പേര് നല്‍കിയത്. എയര്‍ക്രാഫ്റ്റിന്റെ ഇലക്ട്രിക്കല്‍ വയറിംഗ് സംബന്ധിയായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു അത്. റിയല്‍ ടൈമില്‍ യഥാര്‍ത്ഥത്തിലുള്ള ഒരു പരിസരത്തിലേയ്ക്ക് ഒരു കൂട്ടം ചിത്രങ്ങളോ വീഡിയോകളോ ഗ്രാഫിക്സോ എല്ലാം ഒന്നിന് മുകളില്‍ ഒന്നായി കൂട്ടിച്ചേര്‍ത്തു വയ്ക്കുക. ഇതാണ് ഓഗ്മെന്റഡ് റിയാലിറ്റിയില്‍ പൊതുവായി ചെയ്യുന്നത്.


ഓഗ്മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും ഒന്നാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. വിര്‍ച്വല്‍ റിയാലിറ്റിയില്‍ യഥാര്‍ത്ഥമായ കാര്യങ്ങള്‍ക്ക് പകരം അങ്ങനെയല്ലാത്ത ഒന്ന് തോന്നിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലാവട്ടെ റിയാലിറ്റി തന്നെയാണ് അതിന്റെ പ്ലാറ്റ്ഫോം. കൂടുതല്‍ സ്വകാര്യതയുള്ള കാര്യങ്ങള്‍ക്കാണ് ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിക്കപ്പെടുന്നത്. പ്രത്യേക ഹാര്‍ഡ്‌വെയറുകള്‍ ആവശ്യമില്ല.

കണ്ണുതുറന്ന് സങ്കല്‍പ്പക്കാഴ്ചകള്‍ കാണാം

പ്രോസസ്സര്‍, ഡിസ്പ്ലേ യൂനിറ്റ്, ഇന്‍പുട്ട് ഉപകരണങ്ങളും സെന്‍സറുകളും എന്നിവയാണ് പ്രധാനമായും ഇതിന്റെ ഭാഗങ്ങള്‍. കയ്യിലൊതുങ്ങുന്ന ഒരു മൊബൈല്‍ ഡിവൈസ് മാത്രം മതി ഇതിന്. ആപ്പ് സ്റ്റോറുകളില്‍ നിരവധി ugmented reality apps ലഭ്യമാണ്. ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ (HMD), ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ഐഗ്ലാസുകള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുന്നവയാണ്.

ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ (HMD)

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ തലയില്‍ ധരിക്കാവുന്ന ഒന്നാണ് Head-mounted display. ഹെല്‍മെറ്റ് പോലെ തോന്നിക്കുന്ന ഇതിന്റെ ഡിസ്പ്ലേ കണ്ണിനു നേരെ മുന്‍പിലായിരിക്കും. തലയുടെ ചലനത്തിനനുസരിച്ച് ഇതില്‍ ഇമേജുകളും വീഡിയോകളും ക്രമീകരിക്കാം. uSens, Gestigon പോലെയുള്ള കമ്പനികളുടേത് ആളുകളുടെ ആംഗ്യങ്ങള്‍ വരെ തിരിച്ചറിഞ്ഞുള്ള പ്രതികരണം നല്‍കുന്ന ഡിവൈസുകളാണ്

ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD)

തലമുഴുവന്‍ മൂടി നില്‍ക്കാത്ത തരം ഡിസ്പ്ലേകള്‍ ആണ് ഹെഡ് അപ് ഡിസ്പ്ലേ (Head-up Display-HUD). കണ്ണിനു നേരെ മുന്നില്‍ മാത്രം ഡിസ്പ്ലേ പാനല്‍ കാണും. വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും മറ്റും കാണുന്നതോടൊപ്പം തന്നെ ശരിക്കുമുള്ള പരിസരത്തിന്റെ കുറച്ചു ഭാഗം കൂടി ഇതില്‍ കാണാം.

ഐഗ്ലാസ്

കാണാന്‍ ഏകദേശം സാധാരണ ഐഗ്ലാസുകള്‍ പോലെതന്നെയുള്ള ഒന്നാണ് ഈ യൂണിറ്റും. പുറമേ നിന്നുള്ള കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ഒരു ക്യാമറ ഇതിലുണ്ട്. അതിനു ശേഷം ഈ ഗ്ലാസിന്റെ ഡിസ്പ്ലേയില്‍ അവ കാണിക്കുന്നു.

ഇനി ഓഗ്മെന്റഡ് റിയാലിറ്റി ഊണിലും ഉറക്കത്തിലും

വിവിധ മേഖലകളില്‍ ഫലപ്രദമായി ഉപയോഗിക്കാനാവുന്ന സാങ്കേതികത്വമാണ് ഇത്. നിത്യ ജീവിതത്തില്‍ ഇതിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നു. ഈയിടെയായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ തങ്ങളുടെ ബിസിനസ് ആപ്പുകളില്‍ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 2012 മുതല്‍ വിനോദരംഗവും മൊബൈല്‍ ഗെയിമിംഗ് മേഖലയും കൂടുതല്‍ മികച്ച അനുഭവങ്ങള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗപ്പെടുത്തിയിരുന്നു. ഈ സാങ്കേതികത ഉപയോഗിക്കുന്ന ചില പ്രധാന മേഖലകള്‍ പരിചയപ്പെടാം .

പുസ്തകങ്ങള്‍ക്കൊപ്പം കാണാം മനോഹരകാഴ്ചകള്‍

നക്ഷത്രവിന്യാസങ്ങള്‍ പോലെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ ഓഗ്മെന്റഡ് റിയാലിറ്റി-യിലൂടെ എളുപ്പം കഴിയും. ശരീരശാസ്ത്രവും മാപ്പുകളും മറ്റും എളുപ്പത്തില്‍ മനസിലാക്കാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ സാധിക്കും

എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുക?

മാര്‍ക്കറ്റിംഗ് മേഖലയില്‍ വിപുലമായ തോതിലാണ് ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിക്കുന്നത്. പ്രശസ്ത കമ്പനികള്‍ എല്ലാം തന്നെ ഇപ്പോള്‍ ഇവ ഉപയോഗിച്ച് തുടങ്ങി. ഉദാഹരണത്തിന് ചില ഡിവൈസുകള്‍ ഉപയോഗിച്ച് ഏതെങ്കിലും ഒരു പ്രോഡക്റ്റ് സ്‌കാന്‍ ചെയ്താല്‍ അതിന്റെ പ്രവര്‍ത്തന രീതിയും വീഡിയോകളും മറ്റു വിവരങ്ങളും ഉപഭോക്താവിന് നല്‍കുന്ന രീതി ഇപ്പോള്‍ പല ബ്രാന്‍ഡുകളും ചെയ്തു വരുന്നുണ്ട് .

പണിതീരും മുന്നേ വീടു കാണാന്‍

പണി തീര്‍ന്നു കഴിഞ്ഞാല്‍ ബില്‍ഡിംഗ് എങ്ങനെ ഉണ്ടായിരിക്കും എന്ന് കാണിക്കാന്‍ ആര്‍ക്കിടെക്റ്റുകള്‍ക്ക് ഏറ്റവും പറ്റിയ മാര്‍ഗമാണ് ഇത്. യഥാര്‍ത്ഥ പരിസരത്തില്‍ തന്നെ സാങ്കല്‍പ്പികമായ ഒരു കെട്ടിടം പണിതു കാണിച്ചു കൊടുക്കുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കും. ഭൂമികുലുക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ ഇത്തരം കെട്ടിടങ്ങള്‍ എങ്ങനെ അതിജീവിക്കും എന്നൊക്കെ ചിത്രീകരിച്ചു കാണിക്കാന്‍ ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകളിലൂടെ സാധിക്കും

വീടിനടുത്തൊരു പോക്കിമോന്‍!

2016-ലെ ഏറ്റവും പോപ്പുലറായ ഗെയിമായിരുന്നു പോക്കിമോന്‍ ഗോ. ഉപയോഗിക്കുന്നവരുടെ പരിസരത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കുന്ന പോക്കിമോനെ കണ്ടു പിടിക്കുന്ന ഈ ഗെയിം രസകരമായിരുന്നു. ജി.പി.എസ് വഴി ആളുകളുടെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ഒളിച്ചിരിക്കുന്ന പോക്കിമോനെ കണ്ടെത്താന്‍ പറയും. യഥാര്‍ത്ഥ ജീവിത പരിസരങ്ങളില്‍ ഒരു അനിമേഷന്‍ കഥാപാത്രം ഒളിച്ചിരിക്കുക! ഓഗ്മെന്റഡ് റിയാലിറ്റിയുടെ ഏറ്റവും മനോഹരമായ ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു അത്. ഗെയിമിംഗില്‍ ഇതിനു അനന്തമായ സാദ്ധ്യതകള്‍ ആണ് ഉള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍