UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസ്‌ട്രേലിയയോടും തോറ്റ് പാകിസ്താന്‍ പുറത്ത്

അഴിമുഖം പ്രതിനിധി

വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയശേഷം പാകിസ്താന്‍ ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ കീഴടങ്ങി. ഇതോടെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇനി കളി ഇന്ത്യയും ഓസ്‌ട്രേലിയയുമായി. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ആരു ജയിക്കുമോ അവരാകും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കുക.

ഇന്നു വിജയിച്ചാല്‍ സെമിയില്‍ കടക്കാമെന്ന അതിമോഹമൊന്നും ഇല്ലായിരുന്നെങ്കിലും ഒരു വിജയം വലിയ ആശ്വാസം തന്നെയായിരുന്നു പാകിസ്താന്. ആകെയുള്ളത് ഒരു ജയം മാത്രമാണ്, അതും ബംഗ്ലാദേശിനോട്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ എങ്ങനെയൊരു വിജയം അഫ്രീദിയുടെയേും കൂട്ടരുടെയും മനസിലുണ്ടായിരുന്നു. മറുവശത്ത് ഓസീസും വിജയം കൊതിച്ചു തന്നെയായിരുന്നു ഇറങ്ങിയത്. തോറ്റാല്‍ പിന്നെ ഇന്ത്യയോടുള്ള മത്സരം കടുകട്ടിയാകും. അതുകൊണ്ട് തന്നെ രണ്ടു ടീമുകളും ജീവന്മരണ പോരാട്ടത്തിനാണ് ഗ്രൗണ്ടില്‍ ഇറങ്ങിയതും.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് മൊഹാലിയിലെ പിച്ചിനെ വിശ്വസിച്ചാണ്. ആ പ്രതീക്ഷ തെറ്റിയില്ല. തുടക്കത്തില്‍ ചെറിയ പതര്‍ച്ചയുണ്ടായെങ്കിലും സ്മിത്തും വാട്‌സണും മാക്‌സ്വെല്ലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഓസീസ് സ്‌കോര്‍ 193 ല്‍ എത്തി. സ്മിത്ത് പുറത്താകാതെ 61(43 പന്തില്‍) റണ്‍സ് നേടിയപ്പോള്‍ വാട്‌സണ്‍ അപരാജിതനായി നിന്ന് അടിച്ചെടുത്തത് 21 പന്തില്‍ 44 റണ്‍സായിരുന്നു. ഏഴു ഫോറുകള്‍ അടങ്ങിയതായിരുന്നു സ്മിത്തിന്റെ അര്‍ദ്ധസെഞ്ച്വറി. വാട്‌സണ്‍ നാലു ഫോറും മൂന്നു സിക്‌സും അടിച്ചെടുത്തു. ഇവര്‍ക്കൊപ്പം 18 പന്തില്‍ 30 റണ്‍സ് നേടിയ മാക്‌സവെല്ലും തിളങ്ങി. പാകിസ്താനു വേണ്ടി വഹാബ് റിയാസും ഇമാദ് വസീമും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ ഓപ്പണര്‍ അഹമദ് ഷെഹസാദിനെ ഹസല്‍വുഡ് വളരെ പെട്ടെന്ന് പറഞ്ഞുവിട്ടെങ്കിലും ഷര്‍ജീല്‍ ഖാനും ഖാലിദ് ലത്തീഫും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ തിരിച്ചടിച്ചു. എട്ടു റണ്‍സ് ശരാശരിയില്‍ സ്‌കോര്‍ മുന്നോട്ടു കുതിക്കുമ്പോഴാണ് ഷര്‍ജീലിന്റെ വിക്കറ്റ് ഫുള്‍ക്കനര്‍ പിഴുതത്. പിന്നാലെ എത്തിയ ഉമര്‍ അക്മലും സ്‌കോറിംഗ് വേഗത കുറയ്ക്കാതെ നോക്കി. 32 റണ്‍സ് എടുത്ത നിന്ന ഉമറിനെ സാംപ പിഴുതെറിഞ്ഞതോടെ പാകിസ്താന്റെ താളം തെറ്റാന്‍ തുടങ്ങി. തുടര്‍ന്നെത്തിയത് ക്യാപ്റ്റന്‍ അഫ്രീദി. രണ്ടു കൂറ്റന്‍ സിസ്‌കസുകള്‍ ആ ബാറ്റില്‍ നിന്നും പറന്നപ്പോള്‍ ഗാലറികള്‍ ആര്‍ത്തു വിളിച്ചു. പക്ഷേ ആ ആേേവശത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഏഴു പന്തില്‍ 14 റണ്‍സ് എടുത്ത അഫ്രീദിയെ സാംപയുടെ പന്ത് കബളിപ്പിച്ചു. കീപ്പര്‍ സ്റ്റമ്പ് ഇളക്കുമ്പോള്‍ അഫ്രീദി ക്രീസിന്റെ ഏഴയലത്തുപോലും ഉണ്ടായിരുന്നില്ല.

അഫ്രീദിയുടെ പകരക്കാരനായി എത്തിയത് ഷോയ്ബ് മാലിക്കാണ്. മാലിക്ക്-ലത്തീഫ് സഖ്യം ഓസ്‌ട്രേലിയയുടെ ചങ്കിടിപ്പ് കൂട്ടി. രണ്ടുപേരും അടിച്ചു കളിച്ചപ്പോള്‍ വീണ്ടും വിജയത്തിന്റെ കാറ്റ് പാകിസ്താന് അനുകൂലമായി വീശി. പക്ഷേ ഫുള്‍ക്കനര്‍ ഇപ്പുറത്ത് കൊടുങ്കാറ്റായി. 41 പന്തില്‍ 46 റണ്‍സ് എടുത്തു നിന്ന ലത്തീഫിന്റെ വിക്കറ്റ് ഫുള്‍ക്കനര്‍ തെറിപ്പിക്കുമ്പോള്‍ പാകിസ്താന്റെ മുഖം വാടി. പക്ഷേ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ ഫുള്‍ക്കനര്‍ തയ്യാറിയില്ല. ഇമാദ് വാസിം, സര്‍ഫറാസ് അഹമ്മദ്, വഹാബ് റിയാസ് എന്നിവരുടെ കൂടി വിക്കറ്റ് സ്വന്തമാക്കി തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഫുള്‍ക്കനര്‍. ഇതിനിടയിലും ഷോയ്ബ് മാലിക്കിന്റെ ഒറ്റയാള്‍ പോരാട്ടം തുടരുന്നുണ്ടായിരുന്നു. അതുപക്ഷേ ഒരു വിജയം പിടിച്ചു വാങ്ങാന്‍ മതിയായില്ല. ഒടുവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റിന് 172 എന്ന സ്‌കോറില്‍ പാകിസ്താന്‍ തോല്‍വി സമ്മതിക്കുമ്പോള്‍ 20 പന്തില്‍ പുറത്താകാതെ 40 റണ്‍സുമായി മാലിക് ഒരറ്റത്തുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍