UPDATES

കായികം

പാക്കിസ്താനെ അനായാസം കീഴടക്കി ഓസീസ് സെമിയില്‍

അഴിമുഖം പ്രതിനിധി

പാകിസ്താനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയാണ് സെമിയില്‍ ഓസീസിന്റെ എതിരാളികള്‍. പാകിസ്താനെതിരെ വിജയലക്ഷ്യമായ 213 റണ്‍സ് 33.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ മറികടന്നു. ഷെയിന്‍ വാട്‌സണ്‍(പുറത്താകാതെ 64), മാക്‌സ്വെല്‍(പുറത്താകാതെ 44) സ്മിത്(65) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ ക്ലാര്‍ക്കിനും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പാകിസ്താനുവേണ്ടി വഹാബ് റിയാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.എഹ്‌സാന്‍ ആദിലും സൊഹൈല്‍ ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പൊരുതാനുറുച്ച് തന്നെ പാക് ബോളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ഫീല്‍ഡിംഗിലുണ്ടായ പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. വാട്‌സണെയും മാസ്വെല്ലിനെയും പാക് ഫില്‍ഡര്‍മാര്‍ വിട്ടുകളഞ്ഞു.

നേരത്തെ ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ പാക് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു.പാകിസ്താനെ 200 കടത്തിയത് 41 റണ്‍സ് എടുത്ത ഹാരിസ് സുഹൈലിന്റെയും 34 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും ബാറ്റിംഗ് ആണ്. ഉമര്‍ അക്മല്‍ 20 റണ്‍സിനും സൊഹൈബ് മഖ്‌സൂദ് 20 റണ്‍സിനും ഷാഹിദ് അഫ്രീദി 23 റണ്‍സിനും പുറത്തായി. പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചശേഷമാണ് ഈ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റ് തുലച്ചത്. ഓസ്‌ട്രേലിയ്ക്കായി ഹസല്‍വുഡ് നാല് വിക്കറ്റ് വീഴ്ത്തി. ഹസല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്. മിച്ചല്‍ സ്റ്റാര്‍ക്കിന് 2 വിക്കറ്റ് ലഭിച്ചു. ഇതോടെ ഷമിയെ മറികടന്ന് ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ സ്റ്റാര്‍ക്ക് വീണ്ടും മുന്നില്‍ വന്നു. സ്റ്റാര്‍ക്കിന് ഇപ്പോള്‍ 18 വിക്കറ്റായി. ഷമിക്ക് 17 വിക്കറ്റുകളാണുള്ളത്.

ഈ മത്സരത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് പാക് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ഷാഹിദ് അഫ്രീദിയും വിട പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍