UPDATES

മോന്‍സി മാത്യു

കാഴ്ചപ്പാട്

മോന്‍സി മാത്യു

വിദേശം

ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട് #‎illridewithyou‬

അങ്ങനെ മണിക്കൂറുകള്‍ നീണ്ട ആ ഭീകര നാടകം അവസാനിച്ചു. സിഡ്നിയില്‍ രണ്ടു നിഷ്കളങ്ക ജീവനുകള്‍ പൊലിഞ്ഞു. സമാധാന പ്രേമികളായ ഒരു ജനത ഭയത്തോടെയും, അവിശ്വാസത്തോടെയും പക്ഷെ ധീരതയോടെയും ആ ഭീകരാക്രമണം അതിജീവിച്ചു. ഭീകരവാദം  ഭയാനകമാണ്. അതെവിടെ ആണെങ്കിലും. അത് നേരിട്ട് അനുഭവിക്കേണ്ടി വന്നവര്‍ക്കും, നഷ്ടങ്ങള്‍ നേരിടേണ്ടി വന്ന കുടുംബങ്ങള്‍ക്കും അനുശോചനങ്ങള്‍.

മിക്ക ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും, ഏറ്റവും അധികം ബാധിക്കപ്പെടുന്ന ഒരു കൂട്ടരാണ് സാധാരണ മുസ്ലിങ്ങള്‍. വെറുപ്പും ഭയവും കലര്‍ന്ന നോട്ടങ്ങളും കമന്റുകളും ചിലപ്പോള്‍ കൈയേറ്റം വരെയും അവര്‍ക്ക് നേരിടേണ്ടി വരുന്നു.എന്തിന്? മുസ്ലിം വിശ്വാസിയായി എന്ന കുറ്റത്തിനോ? ആ സാഹചര്യത്തില്‍ ആണ് ഓസ്ട്രേലിയയിലെ #‎illridewithyou എന്ന പ്രചാരണത്തിന്‍റെ പ്രസക്തി. (http://www.abc.net.au/news/2014-12-15/illridewithyou-hashtag-takes-off-following-siege/5969102)

 

അത് തുടങ്ങിയത് ഇങ്ങനെയാണ്. ഈ ഭീകരാക്രമണം നടക്കുന്ന സമയത്ത് ട്രെയിന്‍ യാത്രയിലായിരുന്ന Rachael Jacobs എന്ന ഓസ്ട്രേലിയക്കാരി ട്രെയിനില്‍ അടുത്തിരുന്ന മുസ്ലിം സ്ത്രീ ഹിജാബ് ഊരി മാറ്റുന്നത് കണ്ടു. സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം റേച്ചല്‍ അവരുടെ പിന്നാലെ ഓടി എത്തി പറഞ്ഞു – “അത് തിരിച്ചിടൂ, ഞാന്‍ നിങ്ങളുടെ ഒപ്പം നടക്കാം”. അവര്‍ കരഞ്ഞു, റേച്ചലിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഒറ്റയ്ക്ക് നടന്നു. റേച്ചല്‍ ഈ സംഭവം അവരുടെ ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അത് കണ്ട Tessa Kum എന്ന സ്ത്രീ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതി – “മതപരമായ വസ്ത്രം അണിഞ്ഞു ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭയക്കുന്നെങ്കില്‍ പറയൂ, ഞാന്‍ നിങ്ങളുടെ കൂടെ യാത്ര ചെയ്യാം  #‎illridewithyou‬. അതിശയകരമായ പ്രതികരണങ്ങളാണ് പിന്നെ ഉണ്ടായത്. അങ്ങനെ ട്വിറ്ററിലെ #‎illridewithyou എന്ന പ്രചരണം തുടങ്ങി.അത് അത്ഭുതാവഹമായി വളര്‍ന്നു.

 

 

എനിക്ക് അപ്പോള്‍ ഓര്‍മ വന്നത് കുറെ നാളുകള്‍ക്കു മുന്‍പ് നമ്മുടെ ഇന്ത്യയില്‍ ഒരു ഭീകരാക്രമണം കഴിഞ്ഞ നാളുകളില്‍ എന്‍റെ ഭര്‍ത്താവു പറഞ്ഞ ഒരു സംഭവം ആണ്. ഓഫീസില്‍ ഒരു മീറ്റിംഗിനു വേണ്ടി റൂം അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു മീറ്റിംഗ് റൂമില്‍ നിസ്കരിക്കുന്ന രണ്ടു മനുഷ്യരെ കണ്ടു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു ‘നമുക്ക് ദൂരെ പോവാം, ബോംബുണ്ടെങ്കിലോ’. “അത് കേട്ട്  എല്ലാവരും ചിരിച്ചു. പക്ഷെ എനിക്ക് എന്‍റെ മുസ്ലിം സുഹൃത്തുക്കളെ ഓര്‍മ വന്നു, വിഷമം തോന്നി” എന്നു പറഞ്ഞ ഭര്‍ത്താവിന്‍റെ ആ വിഷമം എനിക്കും മനസിലാവും. ഒറ്റ നോട്ടത്തില്‍ നിര്‍ദോഷം എന്ന് തോന്നാവുന്ന ഒരു തമാശ. പക്ഷെ എത്ര വലിയ ഒരു hatred  agenda ആണ് അത് പ്രചരിപ്പിക്കുന്നതെന്നു ഇത്തരം തമാശകള്‍ പറയുന്നതിനു മുന്‍പ് നമ്മള്‍ ഒന്ന് ആലോചിക്കുന്നത് നന്നാവും.

ഓസ്ട്രേലിയക്കാരുടെ ഈ പ്രവര്‍ത്തി എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. ഞാന്‍ അത് പലപ്പോഴും അനുഭവിച്ചിട്ടുള്ളതാണ്, മറ്റുള്ളവരോടുള്ള പരിഗണനയില്‍, നമ്മളെക്കാളൊക്കെ എത്ര മുന്നിലാണ് അവര്‍ എന്ന്. ഉദാഹരണത്തിന് ഓരോ പാര്‍ടിയിലും ഞങ്ങളുടെ തവിട്ടു തൊലി കണ്ടു ഞങ്ങള്‍ മുസ്ലിം അല്ലെങ്കില്‍ ഹിന്ദു ആയേക്കാം എന്ന് വിചാരിച്ചു ‘അത് ബീഫ് ആണ്’, ‘അത് പോര്‍ക്ക്‌ ആണ്’ എന്ന് മുന്നറിയിപ്പ് തരുന്ന ഓസീസ്. അവര്‍ക്കത്‌ ചെയ്യേണ്ട ആവശ്യമില്ല. മറ്റു മതങ്ങളോടും സംസ്കാരങ്ങളോടും ഉള്ള  അവരുടെ ബഹുമാനവും, മറ്റു മനുഷ്യരോടുള്ള കരുതലും സ്നേഹവും ഒക്കെ ആണ് അത് പ്രകടമാക്കുന്നത്. നമുക്ക് കണ്ടു പഠിക്കാവുന്ന കുറെ നന്മകള്‍. 

 

 

അതെ സമയം, നമ്മുടെ ആര്‍ഷ ഭാരതത്തില്‍ ക്രിസ്മസ് എന്ന ഒരു ഉത്സവം ഇല്ലാതാക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഒരു അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍ വായിച്ചത് ഓര്‍മ വരുന്നു – ‘ഇന്ത്യക്കാര്‍ മറ്റെവിടെ പോയാലും ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും, അവര്‍ അവിടെ ന്യൂനപക്ഷം ആയതു കൊണ്ട്. അമേരിക്ക അവരെ നന്നായി ട്രീറ്റ്‌ ചെയ്യണം എന്ന് അവര്‍ ആവശ്യപ്പെടുന്നു, പക്ഷെ ഇതേ ആള്‍ക്കാര്‍ അവരുടെ സ്വന്തം നാട്ടില്‍ ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നു, കാരണം അവിടെ അവര്‍ ഭൂരിപക്ഷമാണല്ലോ’. അതേ, #‎illridewithyou‬ എന്ന സ്നേഹ പ്രചാരണത്തില്‍ നിന്ന് നമുക്ക് ഒരുപാടു പഠിക്കാനുണ്ട്. എന്നെങ്കിലും, നാമും ഇവരെ പോലെ വളരും എന്ന് പ്രതീക്ഷിക്കുന്നു, മതങ്ങള്‍ക്കും, ജാതികള്‍ക്കും, തൊലിയുടെ നിറത്തിനും അപ്പുറത്തെ മനുഷ്യസ്നേഹം മനസിലാക്കും എന്ന് പ്രത്യാശിക്കുന്നു.

മോന്‍സി മാത്യു

മോന്‍സി മാത്യു

ഫെമിനിസ്റ്റ്, ഓസ്‌ട്രേലിയയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍