UPDATES

സിനിമ

പോള്‍ കോക്സ്; തിരയൊഴിഞ്ഞത് സ്വതന്ത്ര സിനിമകളുടെ ഓസ്ട്രേലിയന്‍ മുഖം

Avatar

അഴിമുഖം പ്രതിനിധി

സ്വതന്ത്ര സിനിമകളുടെ പിതാവ് എന്ന് ഓസ്ട്രേലിയന്‍ സിനിമാസ്വാദകര്‍ വിശേഷിപ്പിക്കുന്ന പ്രശസ്ത സംവിധായകന്‍ പോള്‍ കോക്സ് തിരയൊഴിഞ്ഞു. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, ഡോക്യുമെന്ററി സംവിധായകന്‍, ഫീച്ചര്‍ സിനിമ സംവിധായകന്‍ എന്നീ നിലകളില്‍ അതതു മേഖലകളില്‍ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു പോള്‍ കോക്സ്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും 11 ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പതിനേഴാമത് കേരള അന്താരാഷ്‌ട്ര സിനിമ ഫെസ്റ്റിവലില്‍ ജൂറി ചെയര്‍മാന്‍ പോള്‍ കോക്സ് ആയിരുന്നു. ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും കോക്സ് ജൂറി അംഗമായും അല്ലാതെയും പങ്കെടുത്തിട്ടുണ്ട്. 

നാല്പതുവര്‍ഷത്തോളം സിനിമ ലോകത്ത് നിറഞ്ഞുനിന്ന് ഇന്നലെ ആക്ഷനും കട്ടും ഫിലിം ഫെസ്റ്റിവലുകളുമില്ലാത്ത ലോകത്തേക്ക് പോള്‍ കോക്സ് നടന്നുപോയി. 

കൊക്സിനെപ്പറ്റി പറയുമ്പോള്‍ നടന്നുപോയി എന്നുതന്നെ പറയണം. കാരണം കോക്സ് ജീവിച്ചതും കോക്സ് സിനിമയിലൂടെ പകര്‍ത്തിയതും സാധാരണയില്‍ സാധാരണ മനുഷ്യരെപ്പറ്റിയായിരുന്നു. അമാനുഷികതയുടെ അസ്കിത പോള്‍ കൊക്സിന്റെ ഒരു സിനിമയിലും ഉണ്ടായിരുന്നിട്ടേയില്ല. ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം ‘ഫോഴ്സ് ഓഫ് ഡെസ്റ്റിനി’ അടക്കം ജീവിതങ്ങളുടെ ഇടവഴികളിലൂടെ ക്യാമറയുമായി സഞ്ചരിച്ച അനുഭവമായിരുന്നു പോള്‍ കോക്സ് ചിത്രങ്ങള്‍. 2015ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അവയവമാറ്റം കാത്തുകിടക്കുന്ന ഒരു ക്യാന്‍സര്‍ രോഗി പ്രണയം തേടിപ്പോകുന്ന കഥയാണ്‌. ഈ സിനിമ കേരളത്തിലാണ് ഷൂട്ട്‌ ചെയ്തത്. തിരുവനന്തപുരത്ത് ഷൂട്ട്‌ ചെയ്ത സിനിമയില്‍ കേരളത്തിന്‍റെ തനത് കലകളും പ്രകൃതിമനോഹാരിതയും കോക്സ് പകര്‍ത്തി. പട്ടണം റഷീദ് ആയിരുന്നു സിനിമയ്ക്ക് ചമയം ഒരുക്കിയത്. മലയാളിയായ ബേബി മാത്യു സോമതീരമാണ് ഈ ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാള്‍. 2009ല്‍ പോള്‍ കോക്സും ഒന്‍പത് മണിക്കൂറോളം നീണ്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.

ഫോഴ്സ് ഓഫ് ഡെസ്റ്റിനി

1972ല്‍ പുറത്തിറങ്ങിയ ‘ജേര്‍ണി’ എന്ന സിനിമയാണ് കൊക്സിന്റെ ആദ്യത്തെ സിനിമ. ഏകാന്തതയെപ്പറ്റിയും ഒറ്റപ്പെടലിനെപ്പറ്റിയും സ്നേഹാന്വേഷണ യാത്രകളുമായിരുന്നു പോള്‍ കൊക്സിന്റെ സിനിമകള്‍. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകള്‍ സജീവമാകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മധ്യവയസ്കനായ ഒരാള്‍ സ്നേഹാന്വേഷണത്തിനായി ഒരു ഡേറ്റിംഗ് ഏജന്‍സിയെ സമീപിക്കുന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട് കോക്സ്.

1984ല്‍ പുറത്തിറങ്ങിയ ‘മൈ ഫസ്റ്റ് വൈഫ്’- കൊക്സിന്റെ വിവാഹജീവിതവും അതിന്‍റെ തകര്‍ച്ചയും പശ്ചാത്തലമാക്കി നിര്‍മിച്ച സിനിമയാണ്. ഇതേ ചിത്രം കൊക്സിന് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു.

2000ല്‍ ഇറങ്ങിയ സിനിമ ‘ഇന്നസെന്‍സ്’- ഇരുപതോളം അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടി. ടൊറന്റോ ഫെസ്റ്റിവലില്‍ അടക്കം പുരസ്കാരങ്ങള്‍ നേടിയ സിനിമ വലിയ ശ്രദ്ധയാണ് നേടിയത്. ഒരിക്കല്‍ പരസ്പരം പ്രണയിച്ചിരുന്ന രണ്ടുപേര്‍ ദശകങ്ങള്‍ക്ക് ശേഷം ആകസ്മികമായി വീണ്ടും കണ്ടുമുട്ടുന്നതും വീണ്ടും പ്രണയം ആരംഭിക്കുന്നതുമാണ് ഈ സിനിമ. ഇതേ സിനിമയുടെ പകര്‍പ്പാണ് മലയാളത്തില്‍ പുറത്തിറങ്ങിയ ബ്ലെസ്സിയുടെ ‘പ്രണയം’ എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് പോള്‍ കോക്സ് കേരളത്തില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ “അതെയോ? എന്നിട്ട് ആ സിനിമ നന്നായോ’? എന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ട് പോള്‍ കോക്സ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ ലളിതവും സൗമ്യവുമായിരുന്നു പോള്‍ കോക്സ് എന്ന വ്യക്തിയും.


മാന്‍ ഓഫ് ഫ്ലവേര്‍സ്

ഇന്നും വായനക്കാര്‍ക്കും ആസ്വാദകര്‍ക്കും അതിശയമായ വാന്‍ ഗോഗിന്റെ ജീവിതം തിരശീലയിലേക്ക് ഡോക്യുമെന്ററിയായി പകര്‍ത്തിയെടുത്ത് പോള്‍ കൊക്സാണ്. ‘വിന്‍സെന്റ്: ദ ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് വിന്‍സന്‍റ് വാന്‍ഗോഗ്’ എന്ന ഡോക്യുമെന്ററി വലിയ പ്രേക്ഷകശ്രദ്ധ നേടി.

മറ്റു സിനിമാക്കാര്‍ നടന്ന വഴികളിലൂടെ ഒന്നിലൂടെയും കോക്സ് നടന്നില്ല. പുതിയ വഴികള്‍ തേടിപ്പിടിച്ച് ക്യാമറയുമായി നടന്നുനീങ്ങുകയും സിനിമയിലൂടെ ആ വഴികളെല്ലാം പ്രേക്ഷകര്‍ക്കും കാണിച്ചുകൊടുക്കുകയുമായിരുന്നു പോള്‍ കോക്സ്. സ്റ്റീരിയോടൈപ്പ് സിനിമകള്‍ കണ്ടുശീലിച്ച പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് പോള്‍ കൊക്സിന്റെ സിനിമകള്‍ വൈവിധ്യങ്ങളുടെ വിരുന്നൊരുക്കി. ലളിതമായ ആഖ്യാനശൈലി സ്വീകരിച്ചപ്പോള്‍ ആര്‍ക്കും ഇപ്പോഴും നടന്നുകയറാവുന്ന ഇടങ്ങളായി കോക്സ് സിനിമകള്‍ മാറി. അമാനുഷികം എന്തെന്ന് ഒരിക്കലും കോക്സ് അന്വേഷിച്ചുപോയിട്ടില്ല. സാധാരണക്കാരുടെ സാധാരണ ജീവിതം അസാധാരണവും വ്യത്യസ്തവും എന്നാല്‍ ലാളിത്യം നിറഞ്ഞതുമായ ദൃശ്യഭാഷയിലൂടെ കോക്സ് സിനിമയിലേക്ക് ആവാഹിച്ചു.

ഇന്ത്യക്കും കേരളത്തിനും പോള്‍ കോക്സ് അപരിചതനല്ല. പോള്‍ കൊക്സിന് തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ ഫെസ്റ്റിവലുകളിലും കോക്സ് പങ്കെടുത്തിട്ടുണ്ട്.

കോക്സ് എന്ന മനുഷ്യന്‍ മരിച്ചുപോയി. കോക്സ് എന്ന സംവിധായകനും നടനും എഴുത്തുകാരനും ഇവിടെത്തന്നെ ജീവിക്കും. തന്‍റെ സിനിമകളിലൂടെ പോള്‍ കോക്സ് തിരിച്ചു വന്നുകൊണ്ടേയിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍