UPDATES

പ്രവാസം

കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന്‍ ഓസ്‌ട്രേലിയ

Avatar

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയയില്‍ വിസ നിയമങ്ങളില്‍ വീണ്ടും ഇളവ് വരുത്തിയത് കുടിയേറ്റക്കാര്‍ക്ക് പുതിയ സാധ്യതകള്‍ നല്‍കുന്നു. കഴിഞ്ഞ നവംബറില്‍ കുടുംബ വിസകള്‍ക്ക് വരുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഓസ്‌ട്രേലിയന്‍ സെനറ്റ് തീരുമാനിച്ചതാണ് നിര്‍ണായകമായിരിക്കുന്നത്. 2014 ജൂണിലാണ് കുടുംബ വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് തിരുത്തിയ സെനറ്റ് തീരുമാനപ്രകാരം ഇനി മുതല്‍ നാലുതരം വിസകള്‍ക്ക് കൂടി അനുമതി ലഭിക്കും.

പുതിയ ഇളവുകള്‍ പ്രകാരം പ്രായമായ അശ്രിതരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ ഇനി സാധിക്കും. ഇത് കൂടാതെ മൂന്നുതരം വിസകള്‍ക്ക് കൂടി അനുമതി നല്‍കാനാണ് സെനറ്റ് തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള ബന്ധുക്കള്‍, പ്രായമായ മാതാപിതാക്കള്‍ തുടങ്ങിയവരെ കൂടാതെ ശുശ്രൂഷകരെയും കൊണ്ടുപോകാനുള്ള അനുമതി സെനറ്റിന്റെ ഇടപെടല്‍ മൂലം ലഭിക്കും.

ഇത്തരം വിസകള്‍ വഴി ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കോ സ്ഥിരതാമസ വിസയുള്ളവര്‍ക്കോ തങ്ങളുടെ ബന്ധുക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. 1958 ലെ കുടിയേറ്റ നിയമത്തില്‍ ഇത്തരം വിസകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇത് മരവിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കുടുംബ വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വാദം. പുതിയ നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ചിലവുള്ള കോണ്‍ട്രിബ്യൂട്ടറി ഫാമിലി വിസകള്‍ക്ക് അപേക്ഷിക്കേണ്ടി വരുമായിരുന്നു. കോണ്‍ട്രിബ്യൂട്ടറി ഫാമിലി വിസ നിയമപ്രകാരം തങ്ങളുടെ ഒരു കുട്ടി ഓസ്‌ട്രേലിയന്‍ പൗരനോ അല്ലെങ്കില്‍ പെര്‍മനെന്റ് റസിഡന്‍സിയുള്ളയാളോ അതുമല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ താമസിക്കുന്ന ന്യൂസിലാന്‍ഡ് പൗരനോ ആണെങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ സാധിക്കും. പക്ഷെ ഇതിന്റെ ചിലവ് 47,000 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 25 ലക്ഷം രൂപ) ആണ്.

എന്നാല്‍ കുടുംബ വിസ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. വിസകളുടെ എണ്ണം കുറയ്ക്കുന്നത് ഇമിഗ്രേഷന്‍ വകുപ്പിന്റെ ജോലിഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് സെനറ്ററായ മിഖായേലിയ കാഷ് ചൂണ്ടിക്കാട്ടുന്നു. ചില കുടുംബ വിസകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 25 വര്‍ഷം വരെ നീളുമെന്നതിനാല്‍ പലരും ഇതിന് അപേക്ഷിക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ ചിലവേറിയ കുടുംബ വിസകള്‍ക്ക് അപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗം പ്രവാസികള്‍ക്ക് ഇല്ലാതെ വരുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിക്കുമെന്നതാണ് മറ്റൊരു വാദം. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ കുടുംബ സംഗമങ്ങള്‍ സമ്പന്നരുടെ മാത്രം ആര്‍ഭാടമായി മാറുമെന്ന് സിഡ്‌നി സര്‍വകലാശാലയിലെ നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏതായാലും സംവാദങ്ങളുടെ അവസാനം നാല് തരം കുടുംബ വിസകളുടെ നിയന്ത്രണം എടുത്ത് മാറ്റണമെന്ന് സെനറ്റര്‍ സാറ ഹാന്‍സണ്‍-യംങിന്റെ പ്രമേയം അംഗീകരിക്കാന്‍ സെനറ്റ് തീരുമാനിക്കുകയായിരുന്നു.
പുതിയ ഇളവുകള്‍ വഴി തങ്ങളുടെ ബന്ധുക്കളെ ഓസ്‌ട്രേലിയിയലേക്ക് കൊണ്ടുപോകാന്‍ സാധിക്കും എന്ന സന്തോഷത്തിലാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍. മലയാളിയുടെ പുതിയ പ്രവാസ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയില്‍ വരുത്തിയിട്ടുള്ള പുതിയ വിസ ഇളവുകള്‍ കൂടുതല്‍ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍